Saturday, January 16, 2021

വൈജ്ഞാനിക വ്യവസായത്തിന്‌ കരുതൽ; കെ ഫോണിന്‌ 166 കോടി

കേരളത്തെ വൈജ്ഞാനിക സമൂഹമായി ഉയർത്തുന്നതിനൊപ്പം ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്കും ബജറ്റിൽ മുന്തിയ പരിഗണന. ബയോ ടെക്നോളജി വ്യവസായ യൂണിറ്റുകളുടെയും ബന്ധപ്പെട്ട ആർ ആൻഡ് ഡി സ്ഥാപനങ്ങളുടെയും വളർച്ചയ്ക്ക് തോന്നയ്ക്കലിലെ 260 ഏക്കർ വിസ്തൃതിയുള്ള ലൈഫ് സയൻസ് പാർക്ക് നിർണായക പങ്കുവഹിക്കും. 70 ഏക്കർ സംരംഭകർ ഏറ്റെടുത്തു. 136 കോടിയുടെ ബയോ ഇൻക്യുബേഷൻ സെന്റർ നിർമാണത്തിലാണ്. ഇതിനായി 24 കോടി രൂപ വകയിരുത്തി. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കെഎസ്ഐഡിസിയും ചേർന്ന് ലൈഫ് സയൻസ് പാർക്കിൽ സ്ഥാപിക്കുന്ന മെഡിക്കൽ ഡിവൈസസ് പാർക്കിന്‌  24 കോടി വകയിരുത്തി.

■ കിഫ്ബിയിൽനിന്ന് 150 കോടി രൂപയുടെ സഹായത്തോടെ കെഎസ്ഡിപിയുടെ  ക്യാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക്.

■ കൊച്ചിയിലെ പെട്രോ കെമിക്കൽ പാർക്ക് മൂന്ന്‌ വർഷത്തിനുള്ളിൽ പൂർത്തിയാകും. ഇവിടെ ബൾക്ക് ഡ്രഗുകൾ ഉൽപ്പാദിപ്പിക്കാൻ ഒരു ഫാർമ പാർക്കുകൂടി സ്ഥാപിക്കും.

■ കെഎസ്ഐഡിസിയുടെ പാലക്കാട്ടെ എൻജിനിയറിങ്‌ ഇൻഡസ്ട്രിയൽ പാർക്കിന്‌ അഞ്ച്‌ കോടി

■ കിൻഫ്രാ ഫിലിം വീഡിയോ പാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന് ഏഴ്‌ കോടി

■ കൊച്ചിയിലെ  ഹൈടെക് പാർക്കിലെ സൗകര്യങ്ങൾ വർധിപ്പിക്കും.

■ വിവിധ കെൽട്രോൺ സ്ഥാപനങ്ങൾക്കായി 25 കോടി

കെ ഫോണിന്‌ 166 കോടി

കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റാൻ വിപുലമായ പദ്ധതികൾ. ഇതിൽ നിർണായക പങ്കുള്ള കെ- ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക്‌ 166 കോടി രൂപ വകയിരുത്തി. കേരളത്തിന്റെ അഭിമാനപദ്ധതിയായ കെ ഫോണിന്റെ  നെറ്റ്‌വർക്ക് ഓപ്പറേറ്റിങ്‌ സെന്റർ,  ജില്ലാ പോപ്പുകൾ, ഇവയുമായി ബന്ധപ്പെട്ട 600 ഓഫീസ്‌ എന്നിവ ഉൾപ്പെടുന്ന ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാകും. ജൂലൈയോടെ  പദ്ധതി പൂർത്തിയാകും.  ഇ ഗവേണൻസിന്‌ 125 കോടി രൂപ വകയിരുത്തി.

വൈജ്ഞാനിക സമ്പദ്ഘടനയുള്ള സംസ്ഥാനമെന്ന അഭിമാനപദ്ധതിയും ബജറ്റ്‌ വിഭാവനംചെയ്യുന്നു. ഇതിന്‌ എല്ലാവർക്കും ആധുനിക സാങ്കേതികവിദ്യകൾ കരഗതമാകണം. ഇതിനുള്ള നിർണായക കാൽവയ്‌പാണ്‌ സ്കൂളിലെ ഡിജിറ്റലൈസേഷൻ. അടുത്തഘട്ടമായി എല്ലാ വീടുകളിലും ഒരു ലാപ്ടോപ്  എങ്കിലും ഉറപ്പുവരുത്തും. മുഖ്യമന്ത്രിയുടെ ആദ്യ 100 ദിന പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച ലാപ്ടോപ് വിതരണപദ്ധതി കൂടുതൽ വിപുലവും ഉദാരവുമാക്കും.

പിന്നോക്ക വിഭാഗത്തിന്‌ പകുതി വിലയ്‌ക്ക്‌ ലാപ്‌ടോപ്‌

പട്ടികവിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ, അന്ത്യോദയ വീടുകൾ എന്നീ വിഭാഗങ്ങളിലെ കുട്ടികൾക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്.  മറ്റു ബിപിഎൽ വിഭാഗങ്ങൾക്ക് 25 ശതമാനം സബ്സിഡി.  സബ്സിഡി കഴിച്ചിട്ടുള്ള തുക മൂന്നു വർഷംകൊണ്ട് കെഎസ്എഫ്ഇ മൈക്രോ ചിട്ടി വഴി തിരിച്ചടയ്‌ക്കാം.

കുടുംബശ്രീ വഴി കെഎസ്എഫ്ഇ മൈക്രോ ചിട്ടിയിൽ ചേരുന്നവർക്കെല്ലാം ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലാപ്ടോപ് .

കെ ഫോൺ വരുന്നതോടെ ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്. 30000 സർക്കാർ സ്ഥാപനം അതിവേഗ ഇൻട്രാനെറ്റ് സംവിധാനം വഴി ബന്ധിപ്പിക്കും.  10 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെ സ്പീഡിൽ ഇന്റർനെറ്റ് ലഭ്യമാകും.

കേരളത്തിൽ ഇന്റർനെറ്റ് ഹൈവേ ആരുടെയും കുത്തകയാകില്ല.  സർവീസ് പ്രൊവൈഡർമാർക്ക്‌ തുല്യഅവസരം.

ഇന്റർനെറ്റിന്റെ ഗുണനിലവാരം ഉയരും. മെച്ചപ്പെട്ട സേവനം കുറഞ്ഞ നിരക്കിൽ ലഭിക്കും.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയവയുടെ വളർച്ചയ്ക്ക് സഹായിക്കും.ചെറുകിട മേഖലയടക്കം കേരളത്തിലെ വ്യവസായ വാണിജ്യ ടൂറിസം സംരംഭങ്ങൾക്ക് ഇ -കൊമേഴ്സും മറ്റു ഡിജിറ്റൽ സേവനങ്ങളും ലഭ്യമാക്കും.

No comments:

Post a Comment