വയോജന ക്ഷേമത്തിനായി സാമൂഹ്യനീതിവകുപ്പ് ആവിഷ്‌ക്കരിച്ച സാമൂഹ്യ സുരക്ഷ മിഷന്റെ വയോമിത്രം പദ്ധതിയ്ക്ക് 23,00,10,000 രൂപ ധനകാര്യ വകുപ്പില്‍ നിന്ന് അനുമതി ആയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 65 വയസിന് മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യ ചികിത്സ, സൗജന്യ മരുന്ന്, കൗണ്‍സിലിംഗ്, പാലിയേറ്റീവ് കെയര്‍, ഹെല്‍പ്പ് ഡെസ്‌ക് എന്നീ സേവനങ്ങള്‍ നല്‍കി ആരോഗ്യ സുരക്ഷ നല്‍കുന്ന പദ്ധതിയാണിത്.
ഈ കോവിഡ് കാലത്ത് വയോജനങ്ങള്‍ക്ക് പ്രത്യേകമായി കരുതല്‍ നല്‍കിക്കൊണ്ട് മരുന്ന് വിതരണം, കൗണ്‍സിലിംഗ്, കോള്‍ സെന്റര്‍ സേവനം, ആന്റിജന്‍ ടെസ്റ്റുകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തും വയോമിത്രം പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 49 നഗരസഭാ പ്രദേശത്തും വിവിധ പഞ്ചായത്തുകളിലും പദ്ധതി ആരംഭിച്ചു. ഇപ്പോള്‍ 94 വയോമിത്രം യൂണിറ്റുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.
മുഴുവന്‍ നഗരപ്രദേശങ്ങളിലും നടപ്പിലാക്കി വരുന്ന വയോമിത്രം പദ്ധതി പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചു വരുന്നു. സൗജന്യ ചികിത്സക്ക് പുറമെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാനസിക ഉല്ലാസം പ്രധാനം ചെയ്യാനുളള പരിപാടികള്‍, വിവിധ ദിനാചരണങ്ങള്‍, സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയവയും വയോമിത്രം വഴി നടപ്പിലാക്കുന്നു. ജനകീയ പങ്കാളിത്തത്തോടുകൂടി വയോമിത്രത്തെ നഗര പ്രദേശങ്ങളിലെ മുതിര്‍ന്ന പൗരന്‍മാരുടെ കൂട്ടായ്മയായി വളര്‍ത്താനുളള ശ്രമങ്ങള്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ നടത്തി വരുന്നു.
സംസ്ഥാനത്തെ വയോജന സൗഹൃദമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വയോജനങ്ങള്‍ക്കായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിയ വയോമിത്രം പരിപാടികള്‍ക്ക് 2017ല്‍ ദേശിയ വയോശ്രേഷ്ഠ സമ്മാന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. സായംപ്രഭ, വയോമിത്രം തുടങ്ങിയ പദ്ധതികള്‍ വഴി വയോജനങ്ങള്‍ക്ക് വളരെയധികം പ്രയോജനമാണ് ലഭിക്കുന്നത്.
No comments:
Post a Comment