Monday, January 4, 2021

വിടരാനിരിക്കുന്ന കഥയും കവിതയും പാട്ടും അനാഥം

അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. കോവിഡ്‌ ബാധിച്ച്‌ തിരുവനന്തപുരം കിംസ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 55 വയസായിരുന്നു. കായംകുളത്ത്‌ കുടുംബവീട്ടിൽ ഞായറാഴ്‌ച രാവിലെ കുഴഞ്ഞുവീണതിനെത്തുടർന്ന്‌ മാവേലിക്കരയിലെ വിഎസ്‌എം ആശുപത്രിയിലും പിന്നീട്‌ കരുനാഗപ്പള്ളി വല്ല്യത്ത്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെയാണ്‌ കിംസിലേക്ക്‌ മാറ്റിയത്‌. ആശുപത്രിയിൽ എത്തുമ്പോൾ അബോധാവസ്ഥയിലായിരുന്നു. രാത്രി 8.10ന്‌ മരിച്ചു. ഹ‌ൃദയാഘാതമാണ്‌ മരണകാരണമെന്ന്‌ ആശുപത്രി അധിക‌ൃതർ അറിയിച്ചു.

കവിതാലാപനത്തിന്റെ ഭംഗിയാലും മൂർച്ചയുള്ള വാക്കുകളാലും മലയാളമനസിൽ ഇടംനേടിയ അനിൽ പനച്ചൂരാൻ 37 സിനിമകൾക്ക്‌ ഗാനം രചിച്ചിട്ടുണ്ട്‌. പി യു അനിൽകുമാർ എന്നാണ് ‌യഥാർഥപേര്‌. 

കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20നാണ്‌ ജനിച്ചത്‌. പരേതനായ ഉദയഭാനുവിന്റെയും -ദ്രൗപതിയുടെയും മകനാണ്. നങ്യാർകുളങ്ങര ടികെഎം കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കൽ കാകതീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായിരുന്നു. ഭാര്യ: മായ. മക്കൾ: അരുൾ, മൈത്രേയി. സഹോദരങ്ങൾ‌ക്ഷ അനിത(സൗദി), അജിത(ബംഗളൂരു) എന്നിവർ.

വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കിൽ, കണ്ണീർക്കനലുകൾ തുടങ്ങിയ പ്രധാന കവിതകളാണ്‌. ജനപ്രിയ കവിതകളാണ്‌ സൃഷ്‌ടികളിലേറെയും. 

അറബിക്കഥ, കഥ പറയുമ്പോൾ, മാടമ്പി, ലൗഡ്‌ സ്‌പീക്കർ, പാസഞ്ചർ, ബോഡി ഗാർഡ്, അർജുനൻ സാക്ഷി, മാണിക്യക്കല്ല്, സീനിയേഴ്സ് തുടങ്ങീ സിനിമകളിലായി 140 ഗാനങ്ങള്‍ എഴുതി. ഏഷ്യാനെറ്റ്‌ ഫിലിം ഫെയർ അവാർഡ്, കണ്ണൂർ കവിമണ്ഡലത്തിന്റെ പി ഭാസ്‌കരൻ സ്മാരക സുവർണമുദ്രാ പുരസ്‌കാരം എന്നിവ നേടി‌.

വിടരാനിരിക്കുന്ന കഥയും കവിതയും പാട്ടും അനാഥം

കായംകുളം > സമകാലിക വിഷയങ്ങളും കോർത്തിണക്കി ആലാപനശൈലികൊണ്ട്‌ ഹ‌ൃദയം കവർന്ന കവി. വിടരാനിരിക്കുന്ന തിരക്കഥയും കവിതയും പാട്ടും തെരുവിൽ അനാഥമാക്കി അനിൽ പനച്ചൂരാൻ വിടവാങ്ങി.

ക്യാമ്പസ് ജീവിതത്തിൽ 19-ാം വയസിൽ  പ്രസിദ്ധീകരിച്ച  ആദ്യ കവിതാസമാഹാരം "സ്‌പന്ദനങ്ങൾ’ മൂന്നുരൂപയ്‌ക്ക്‌ വിറ്റ്‌ വിശപ്പകറ്റി. ‘വലയിൽ വീണ കിളികൾ’ ആദ്യകവിതയാണ്. പഠനകാലത്താണ്‌ കായംകുളം പട്ടണത്തിലെ  മനോനില തെറ്റിയ രണ്ടുസ്‌ത്രീകൾ "അമ്മയും മകളും’ കടത്തിണ്ണയിൽ അഭയം തേടി അലഞ്ഞുനടന്നിരുന്നു.  ഇവരുടെ ജീവിതമാണ് " രണ്ടു പേക്കോലങ്ങൾ’ കവിത. "മകൾക്ക്‌’ എന്ന സിനിമയിൽ അദേഹത്തിന്റെ "അനാഥൻ’ സംവിധായകൻ ജയരാജ് ബാലചന്ദ്രൻ ചുള്ളിക്കാടിനെകൊണ്ട് പാടിച്ചു. തുടർന്നാണ്‌ 

ലാൽജോസിന്റെ അറബിക്കഥയിൽ ‘ചോരവീണ മണ്ണിൽനിന്ന്’‌ പാടി അഭിനയിച്ചത്‌. എം മോഹനന്റെ മാണക്ക്യക്കല്ല്‌ എന്നിസിനിമയിലും അഭിനയിച്ചതോടെ തിരിഞ്ഞുനോക്കാനാകാവാത്തവിധം  പാട്ടെഴുത്തിലേക്ക്‌ കടന്നത്‌. നിരവധി സിനിമകൾക്ക് പാട്ടെഴുതിക്കൊണ്ടിരിക്കെയാണ്‌ പനച്ചൂരാൻ വിടവാങ്ങിയത്‌. കൂടാതെ തിരക്കഥ, നോവൽ, കുട്ടികൾക്കുള്ള സിനിമ എന്നിവയുടെ രചനയിലുമായിരുന്നു.

2014ലെ കേരള സർക്കാർ  മിനിസ്‌ക്രീൻ അവാർഡ് ജൂറി ചെയർമാനായിരുന്നു. നിലവിൽ വൈലോപ്പിള്ളി സംസ്‌ക‌ൃതിഭവൻ വൈസ്ചെയർമാനും സാഹിത്യ അക്കാദമി അംഗവുമാണ്‌. യേശുദാസ് തെരഞ്ഞെടുത്ത 10 യുഗ്‌മഗാനങ്ങളിൽ ഒരെണ്ണം അനിലിന്റെതാണ്. "ചിറകാർന്ന മൗനവും ചിരിയിലൊതുങ്ങി’ അന്ധനായ മുഹമ്മദ് യൂസഫ് സംഗീതം നൽകിയ പാട്ടാണിത്.  ബഹ്‌റൈൻ മലയാളി അവാർഡ് അടക്കം  നിരവധി പ്രവാസി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌.

ജി ഹരികുമാർ 

പനച്ചൂരാന്റെ മരണം സാംസ്‌കാരിക- സിനിമാ മേഖലയ്ക്ക് വലിയ നഷ്ടം: മുഖ്യമന്ത്രി

തിരുവനന്തപുരം> കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ  നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.  അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്ന്,  കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങള്‍ മലയാളി മനസ്സില്‍ എന്നും തങ്ങി നില്‍ക്കും.

 അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്‌കാരിക-  സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment