Saturday, January 16, 2021

വിദ്യാഭ്യാസം ഉന്നതമാകും ; ആറിന കർമപദ്ധതി; 30 മികവിന്റെ കേന്ദ്രം

പൊതുവിദ്യാഭ്യാസത്തിലെ കുതിപ്പ്‌ ഉന്നതവിദ്യാഭ്യാസരംഗത്തേക്കും തുടരാൻ ആറിന കർമപദ്ധതി. സർവകലാശാലകൾക്കുള്ളിൽ 30 മികവിന്റെ കേന്ദ്രം, ഉന്നതവിദ്യാഭ്യാസ മേഖലയിൽ 3-5 ലക്ഷം പേർക്കുകൂടി പഠനസൗകര്യങ്ങൾ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ 1000 അധ്യാപക  നിയമനം, 500‌ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്. മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് പ്രതിമാസം ലക്ഷംരൂപവരെ, സർവകലാശാല പശ്ചാത്തലസൗകര്യ വികസനത്തിന് 2000 കോടി രൂപയുടെ കിഫ്ബി ധനസഹായം, അഫിലിയേറ്റഡ് കോളേജുകൾക്ക് 1000 കോടി രൂപയുടെ ധനസഹായം എന്നിവയാണ്‌ ബജറ്റിൽ അവതരിപ്പിച്ച ആറിന കർമപദ്ധതി.

30 മികവിന്റെ കേന്ദ്രം

സർവകലാശാലയ്‌ക്കുള്ളിൽ, 30 ഓട്ടോണമസ് ഇന്റർ യൂണിവേഴ്സിറ്റി സെന്ററും സ്കൂളുകളുമാണ്‌ മികവിന്റെ കേന്ദ്രങ്ങളായി സ്ഥാപിക്കുക.  ഇതിന്‌   പ്രത്യേക ധനസഹായം 100 കോടി രൂപ വകയിരുത്തി. പശ്ചാത്തല സൗകര്യസൃഷ്ടിക്ക്‌ കിഫ്ബിയിൽനിന്ന് 500 കോടിയും അനുവദിച്ചു. വിദഗ്ധരെ സെർച്ച് കമ്മിറ്റിവഴി ദേശീയതലത്തിൽനിന്ന് തെരഞ്ഞെടുത്തായിരിക്കും നിയമനം. 

എം ജി കെ  മേനോൻ, ഇ സി ജി സുദർശനൻ, ഇ കെ അയ്യങ്കാർ, ബി സി ശേഖർ,  ജി എൻ  രാമചന്ദ്രൻ, അന്നാമാണി, പി കെ  മേനോൻ, ആർ എസ് കൃഷ്ണൻ, പി ആർ  പിഷാരടി, ഇ കെ ജാനകിയമ്മാൾ, കെ ആ  രാമനാഥൻ, ഗോപിനാഥ് കർത്ത, എം കെ. വൈനു ബാപ്പു തുടങ്ങിയവരുടെ പേരിലാകും  ഇവ.

500  ഫെലോഷിപ്പുകൾ

പ്രതിമാസം 50000 രൂപമുതൽ ഒരു ലക്ഷം രൂപവരെ ഫെലോഷിപ്പുള്ള 500 നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്‌ അനുവദിക്കും.  ലബോറട്ടറികളും മറ്റു സൗകര്യങ്ങളുമൊരുക്കാൻ 50000 രൂപവരെ  നൽകും. രണ്ടുവർഷത്തേക്കാകും ഫെലോഷിപ്.

20,000 പേർക്ക് അധിക പഠനസൗകര്യം

പുതിയ കോഴ്സുകൾ, ഗവേഷണ സൗകര്യങ്ങൾ എന്നിവയിലൂടെ കോളേജുകളിൽ 10 ശതമാനം സീറ്റ് വർധന. ഉച്ചകഴിഞ്ഞ് അധിക ബാച്ചുകളിലൂടെയും  പഠനസൗകര്യമൊരുക്കും. സർവകലാശാലകളിൽ  ഒഴിഞ്ഞുകിടക്കുന്ന 886 തസ്‌തിക ഉടൻ നികത്തും. പുറമേ 150 തസ്തികയെങ്കിലും പുതുതായി അനുവദിക്കും.

സർവകലാശാലകൾക്ക്‌ 125 കോടി വീതം; നവീകരണത്തിന്‌ 2000 കോടി

കിഫ്ബിസഹായത്തോടെ സർവകലാശാലകളുടെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കും.  മേജർ സർവകലാശാലകൾക്ക് പരമാവധി 125 കോടി രൂപ വീതവും മറ്റുള്ളവയ്ക്ക് 75 കോടി രൂപ വീതവും അനുവദിക്കും. കേരള സാങ്കേതിക സർവകലാശാല, മെഡിക്കൽ സർവകലാശാല, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി എന്നിവയ്‌ക്ക്‌ ആസ്ഥാന മന്ദിരം പണിയാൻ പ്രത്യേകം പണം അനുവദിക്കും. 

പ്രഖ്യാപനങ്ങൾ

● അഫിലിയേറ്റഡ്‌ കോളേജുകൾക്ക്‌ 1000 കോടി

● കോളേജ്‌ ക്ലാസ്‌ മുറികൾ ഡിജിറ്റലാക്കാൻ 150 കോടി

● ഡിജിറ്റൽ സർവകലാശാലയ്‌ക്ക്‌ 24 കോടി

● ആരോഗ്യ സർവകലാശാല സ്കൂൾ ഓഫ് എപ്പിഡൊമോളജിക്കൽ സ്റ്റഡീസ്‌‌ ഡോ. പൽപ്പുവിന്റെ പേരിൽ

● കോളേജുകളുടെ പശ്‌ചാത്തല വികസനത്തിന്‌  ‌ 56 കോടി  

● റൂസ വഴി കോളേജുകൾക്ക്‌   144 കോടി

● നാക് അക്രെഡിറ്റേഷൻ സൗകര്യമൊരുക്കാൻ  28 കോടി  

● ആലുവ യൂ സി കോളേജിൽ പി ജിയുടെയും പി കെ വിയുടെയും സ്മാരകമായി പുതിയ ലൈബ്രറി മന്ദിരത്തിന്‌  5 കോടി

● കണ്ണൂർ യൂണിവേഴ്സിറ്റി രജതജൂബിലി വർഷത്തിലെ പ്രത്യേക സ്കീമുകൾക്ക് 20 കോടി രൂപ  

● ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്‌ 131 കോടി

● ഐഎച്ച് ആർഡിക്ക്‌ 20 കോടി രൂപ

● സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന് 19 കോടി  

● ഉന്നതവിദ്യാഭ്യാസ കൗൺസിലിന്  ആസ്ഥാന മന്ദിരത്തിന്‌  5 ‌ കോടി

No comments:

Post a Comment