Friday, January 15, 2021

സംസ്ഥാന ബജറ്റില്‍ ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകള്‍ക്ക് മികച്ച നേട്ടം

തിരുവനന്തപുരം > സംസ്ഥാന ബജറ്റില്‍ ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശു വികസന വകുപ്പുകള്‍ക്ക് മികച്ച നേട്ടമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കേരള പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഇത്തവണത്തെ ബജറ്റ്.

കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ബാക്കി നില്‍ക്കുന്ന 221 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും മെഡിക്കല്‍ കോളേജുകളില്‍ കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള തസ്തികകള്‍ ഉറപ്പു വരുത്തുന്നതിനും മറ്റ് ആശുപത്രികളില്‍ കിഫ്ബി വഴി സൃഷ്ടിച്ച പുതിയ സൗകര്യങ്ങളുടെ പൂര്‍ണ വിനിയോഗത്തിനാവശ്യവുമായ 4000 തസ്തികകള്‍ ആരോഗ്യ വകുപ്പില്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചത് സന്തോഷകരമാണെന്നും മന്ത്രി വ്യക്തമാക്കി.

പൊതുജനാരോഗ്യം

· 2021-22ല്‍ ആരോഗ്യ മേഖലയിലെ പദ്ധതി ബജറ്റ് 2341 കോടി രൂപയാണ്. ദേശീയ ആരോഗ്യ മിഷനില്‍ നിന്നുള്ള 811 കോടി രൂപ ഉള്‍പ്പടെ.

· കേരളത്തില്‍ കോവിഡ് ചികിത്സ പൂര്‍ണമായും സൗജന്യമായി നല്‍കിയതു പോലെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പും സൗജന്യമായി നല്‍കും.

· ആശ വര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ 1000 രൂപയുടെ വര്‍ദ്ധനവ് വരുത്തി

· സംസ്ഥാനത്തി ബാക്കി നില്‍ക്കുന്ന 221 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. ഇവിടങ്ങളില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും

· അഷ്വറന്‍സ് സംവിധാനത്തിലേക്ക് മാറിയ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി മുഖാന്തരമുള്ള 5 ലക്ഷം രൂപവരെയുള്ള കിടത്തി ചികിത്സാ ആനുകൂല്യം തുടര്‍ന്നും നടപ്പിലാക്കും. അര്‍ഹരായ ചെറിയൊരു ശതമാനം കുടുംബങ്ങള്‍ ഡാറ്റാ ബെയ്‌സില്‍ ഉള്‍പ്പെടാതെ പോയിട്ടുള്ളവരെ ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തുന്നതാണ്.

· കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കള്‍ അല്ലാത്ത അര്‍ഹരായ കുടുംബങ്ങള്‍ക്കുവേണ്ടി കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴി തുടര്‍ന്നുംനടപ്പിലാക്കുന്നതാണ്.

· റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂറില്‍ സൗജന്യമായി ചികിത്സ നല്‍കുന്നതിനുള്ള പദ്ധതി സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴി തുടരുന്നതാണ്.

· ഇ-ഹെല്‍ത്തിനെ ആരോഗ്യ വകുപ്പിന്റെ മുഴുവന്‍ ഐറ്റി അധിഷ്ഠിത സേവനങ്ങളും ലഭ്യമാക്കുന്ന ഏജന്‍സിയായി ഉയര്‍ത്തും. ഇഹെല്‍ത്തിനും ഇഗവേണന്‍സിനുമായി 25 കോടി രൂപ അനുവദിക്കുന്നു.

· കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി മെഡിക്കല്‍ കോളേജ്, ജില്ലാതാലൂക്ക് ആശുപത്രികള്‍ അതിവേഗത്തില്‍ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. 3122 കോടി രൂപ കിഫ്ബിയില്‍ നിന്ന് ഇതിനായി അനുവദിച്ചു കഴിഞ്ഞു.

· ചേര്‍ത്തല താലൂക്ക് ആശുപത്രി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതാണ്.

· 2021-22ല്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് 420 കോടി രൂപയും ദന്തല്‍ കോളേജുകള്‍ക്ക് 20 കോടി രൂപയും അനുവദിക്കും.

· പുതിയ മെഡിക്കല്‍ കോളേജുകളായ കോന്നി, ഇടുക്കി, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ കൂടുതല്‍ സ്‌പെഷ്യാലിറ്റി സര്‍വ്വീസുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരെയും നിയോഗിക്കുന്നതാണ്. ആരോഗ്യ വകുപ്പിന് അനുവദിച്ചിട്ടുള്ള 4000 തസ്തികകളില്‍ പ്രഥമ മുന്‍ഗണന മെഡിക്കല്‍ കോളേജുകള്‍ക്കായിരിക്കും.

· വയനാടുകാരുടെ ദീര്‍ഘകാല അഭിലാഷമായ മെഡിക്കല്‍ കോളേജ് 2021-22ല്‍ യാഥാര്‍ത്ഥ്യമാകും. കിഫ്ബിയില്‍ നിന്ന് 300 കോടി രൂപ അനുവദിച്ചു.

· പുതിയ മെഡിക്കല്‍ കോളേജിന്റെ ഭാഗമായി സിക്കിള്‍സെല്‍ തുടങ്ങിയ ജനിതക രോഗങ്ങളെ പഠിക്കുന്നതിനുവേണ്ടി ഹീമോ ഗ്ലോബിനോപ്പതി റിസര്‍ച്ച് & കെയര്‍ സെന്റര്‍ സ്ഥാപിക്കുന്നതാണ്.

· ഇടുക്കി മെഡിക്കല്‍ കോളേജിന്റെ കെട്ടിട നിര്‍മ്മാണം കിഫ്ബി ഫണ്ടുപയോഗിച്ച് പൂര്‍ത്തീകരിക്കും. ആവശ്യമായ ജീവനക്കാരെ നിയമിക്കും.

· പാരിപ്പള്ളി, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ നേഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കുന്നതാണ്.

· നേഴ്‌സിംഗ് പാസ്സായവര്‍ക്ക് വിദേശഭാഷാ നൈപുണിയിലടക്കം ഫിനിഷിംഗ് കോഴ്‌സുകള്‍ വിപുലപ്പെടുത്തും. വിദേശ ആശുപത്രികളുമായി ഇക്കാര്യത്തില്‍ സഹകരിക്കും.

· കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന് ആസ്ഥാന മന്ദിരം പണിയുന്നതിന് കിഫ്ബിയില്‍ നിന്നും പണമനുവദിക്കും.

· കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന് സ്വന്തമായി ഡിപ്പാര്‍ട്ട്‌മെന്റുകളും ഗവേഷണവും നടത്തുന്ന ഒരു സര്‍വ്വകലാശാലയായി വികസിപ്പിക്കും. ഇവിടെ ആദ്യം സ്ഥാപിക്കുന്ന സ്‌കൂള്‍ ഓഫ് എപ്പിഡൊമോളജിക്കല്‍ സ്റ്റഡീസ് ഡോ. പല്‍പ്പുവിന്റെ പേരിലായിരിക്കും അറിയപ്പെടുക.

· തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിനെ കാമ്പസ് മെഡിക്കല്‍ കോളേജായി രൂപാന്തരപ്പെടുത്തും.

· റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന് 71 കോടി രൂപ അനുവദിക്കുന്നു. ഇതില്‍ 30 കോടി രൂപ പ്രാരംഭ ഘട്ടത്തില്‍ തന്നെ ക്യാന്‍സര്‍ രോഗം കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനാണ്.

· മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 25 കോടി രൂപ അനുവദിക്കുന്നു.

· കൊച്ചി ക്യാന്‍സര്‍ സെന്റര്‍ 2021-22ല്‍ പൂര്‍ത്തിയാകും.

· ആയൂര്‍വ്വേദ മേഖലയ്ക്ക് 78 കോടി രൂപ അനുവദിക്കുന്നു. ഇതില്‍ 30 കോടി രൂപ ആശുപത്രികളുടെ നവീകരണത്തിനാണ്. കിഫ്ബി സഹായത്തോടെയുള്ള 69 കോടി രൂപയുടെ കണ്ണൂരിലെ ആയൂര്‍വ്വേദ ആശുപത്രിഗവേഷണ കേന്ദ്രം, 38 കോടി രൂപയുടെ തൃപ്പുണ്ണിത്തുറ ആയൂര്‍വ്വേദ റിസര്‍ച്ച് സെന്റര്‍ എന്നിവ 2021-22ല്‍ ഉദ്ഘാടനം ചെയ്യും.

· ആയൂര്‍വ്വേദ കോളേജുകള്‍ക്ക് 43 കോടി രൂപ അനുവദിക്കുന്നു.

· കോട്ടയ്ക്കല്‍ ആയൂര്‍വ്വേദ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സൊസൈറ്റിക്ക് 5 കോടി രൂപ അനുവദിക്കുന്നു.

· ഹോമിയോപ്പതി മേഖലയ്ക്ക് 32 കോടി രൂപ അനുവദിക്കുന്നു. ഇതില്‍ 8 കോടി രൂപ ഹോമിയോ കോളേജുകള്‍ക്കാണ്.

· കേരള സ്‌റ്റേറ്റ് ഹോമിയോപ്പതി കോഓപ്പറേറ്റീവിന്റെ പുതിയ ഫാക്ടറി കെട്ടിടം പൂര്‍ത്തിയായി. അത് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുവേണ്ടി 10 കോടി രൂപ അനുവദിക്കും.

വനിത ശിശുവികസന വകുപ്പ്

സ്ത്രീ സൗഹൃദം

· സ്ത്രീകളുടെ ഉന്നമനത്തിനായി ബജറ്റ് വിഹിതത്തിന്റെ 19.54 ശതമാനമാണ് വകയിരുത്തിയത്. 2017-18ല്‍ ഇത് 11.5 ശതമാനമായിരുന്നു.

· കേന്ദ്രാവിഷ്‌കൃതമടക്കം 901 കോടി രൂപയാണ് സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിന്റെ അടങ്കല്‍. ഇതില്‍ 607 കോടി രൂപയും അങ്കണവാടികള്‍ക്കാണ്.

· തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് 11 കോടി രൂപ വകയിരുത്തുന്നു.

· തെരഞ്ഞെടുക്കപ്പെട്ട അങ്കണവാടികളില്‍ പ്രത്യേക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുവേണ്ടി സൗകര്യമൊരുക്കും.

· അങ്കണവാടികള്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് സെന്ററുകളായി വികസിപ്പിക്കുന്നതിനു 10 കോടി രൂപ വകയിരുത്തുന്നു.

· അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും പ്രതിമാസ ഓണറേറിയം 10 വര്‍ഷത്തിനു മുകളിലുള്ളവര്‍ക്ക് 1000 രൂപ വീതവും അതില്‍ താഴെയുള്ളവര്‍ക്ക് 500 രൂപ വീതവും വര്‍ദ്ധിപ്പിക്കുന്നു.

· സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലേഴ്‌സിന്റെ ഹോണറേറിയം 24000 രൂപയായി ഉയര്‍ത്തുന്നു. എല്ലാ സ്‌കൂളുകളിലും ഒരു കൗണ്‍സിലറെയെങ്കിലും നിയോഗിക്കാന്‍ ഉദ്ദേശിക്കുന്നു.

· വനിതാ സംരക്ഷണത്തിനും വികസനത്തിനും 208 കോടി രൂപയാണ് അടങ്കലായുള്ളത്.

· ശിശു സംരക്ഷണത്തിനും വികസനത്തിനും 84 കോടി രൂപ വകയിരുത്തുന്നു.

· നിര്‍ഭയ ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ക്കായി 10 കോടി രൂപ വകയിരുത്തുന്നു.

· വനിതാ വികസന കോര്‍പ്പറേഷന് 25 കോടി രൂപ വകയിരുത്തുന്നു.

· ജെന്‍ഡര്‍ പാര്‍ക്കിന് ഐക്യരാഷ്ട്ര സഭയുടെ സഹകരണത്തോടുകൂടി ഒരു പുതിയ മാനം കൈവരിക്കുകയാണ്. സൗത്ത് ഏഷ്യന്‍ മേഖലയിലെ കേന്ദ്രമായി അംഗീകരിച്ചുകൊണ്ടുള്ള ധാരണാപത്രം യുഎന്‍ വിമണുമായി ഒപ്പുവച്ചു. സ്ത്രീകളുടെ ഉല്‍പ്പന്നങ്ങളുടെ അന്താരാഷ്ട്ര വിപണനം ലക്ഷ്യമിട്ടുകൊണ്ട് ഇന്റര്‍നാഷണല്‍ ട്രേഡ് സെന്റര്‍ സ്ഥാപിക്കും. മാസ്റ്റര്‍പ്ലാന്‍ പ്രകാരമുള്ള കെട്ടിടങ്ങള്‍ പണിയുന്നതിന് 25 കോടി രൂപ അനുവദിക്കുകയുണ്ടായി. മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 15 കോടി രൂപ അനുവദിക്കുന്നു.

സാമൂഹ്യനീതി വകുപ്പ്

ഭിന്നശേഷിക്കാര്‍

· ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനും 50 കോടി രൂപയും മാനസികാരോഗ്യ പരിപാടികള്‍ക്ക് 64 കോടി രൂപയും വകയിരുത്തുന്നു.

· അനാമയം സമഗ്ര ഇന്‍ഷ്വറന്‍സ് പ്രോഗ്രാം ആരംഭിക്കും.

· 250 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ക്കൂടി ബഡ്‌സ്‌കൂളുകള്‍ 2021-22ല്‍ ആരംഭിക്കും. ഇപ്പോള്‍ 342 തദ്ദേശഭരണ സ്ഥാപനങ്ങളിലാണ് ബഡ്‌സ്‌കൂളുകള്‍ ഉള്ളത്.

· സ്‌കൂളുകളിലെ മൈല്‍ഡ് മോഡറേറ്റ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി കൂടുതല്‍ കൗണ്‍സിലേഴ്‌സിനെ നിയമിക്കുകയും കൂടുതല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും.

· സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന 290 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ധനസഹായം 60 കോടി രൂപയായി ഉയര്‍ത്തുന്നു. കൂടുതല്‍ സ്‌കൂളുകളെ ഉള്‍ക്കൊള്ളിക്കും.

· രാജ്യത്തെ ആദ്യത്തെ പൂര്‍ണ്ണ ബാരിയര്‍ ഫ്രീ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്തുന്നതിനുള്ള സമയബന്ധിത പരിപാടി തയ്യാറാക്കും.

· സര്‍ക്കാര്‍ ഫണ്ടുകൊണ്ട് പണിയുന്ന എല്ലാ പുതിയ കെട്ടിടങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യം ഉറപ്പുവരുത്തേണ്ടതുണ്ട്.

· തദ്ദേശഭരണ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുയിടങ്ങളും ബാരിയര്‍ ഫ്രീയാക്കുന്നതിനു മുന്‍ഗണന നല്‍കും. ബാരിയര്‍ ഫ്രീ പദ്ധതിക്കു വേണ്ടി 9 കോടി രൂപ നീക്കിവയ്ക്കുന്നു.

· സാമൂഹ്യനീതി, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശഭരണം എന്നീ വകുപ്പുകളിലായി 321 കോടി രൂപയാണ് ഭിന്നശേഷിക്കാര്‍ക്കായി നീക്കിവയ്ക്കുന്നത്.

· ഇതിനുപുറമേ തദ്ദേശഭരണ സ്ഥാപനങ്ങള്‍ 290 കോടി രൂപയെങ്കിലും നീക്കിവയ്ക്കാന്‍ ബാധ്യസ്ഥരാണ്. അങ്ങനെ മൊത്തം 600 കോടിയില്‍പ്പരം രൂപ ഈ മേഖലയില്‍ ഏകോപിതമായും കനിവോടെയും ചെലവഴിക്കാനായാല്‍ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ രൂപാന്തരപ്പെടുത്താന്‍ കഴിയും.

വയോജനങ്ങള്‍

· ജീവിതശൈലി രോഗങ്ങള്‍ക്കും മറ്റും സ്ഥിരമായി മരുന്നു കഴിക്കുന്ന നിരവധിപേര്‍ നമ്മുടെ നാട്ടിലുണ്ട്. പ്രത്യേകിച്ചും വയോജനങ്ങള്‍. ഇവര്‍ക്ക് മരുന്ന് വീട്ടിലെത്തിച്ചു നല്‍കുന്നതിനായി കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കും. കമ്പോള വിലയേക്കാള്‍ താഴ്ന്ന നിരക്കില്‍ കാരുണ്യ ഫാര്‍മസികളില്‍ നിന്നും മരുന്ന് വീട്ടില്‍ എത്തിച്ചു നല്‍കുന്ന ഈ പദ്ധതിയില്‍ വയോജനങ്ങള്‍ക്ക് 1 ശതമാനം അധിക ഇളവും നല്‍കും. രജിസ്റ്റര്‍ ചെയ്യുന്ന ആളുകള്‍ക്ക് കൃത്യമായ പ്രിസ്‌ക്രിപ്ഷന്റെ അടിസ്ഥാനത്തിലുള്ള മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുകയാണ് ചെയ്യുക. കൊവിഡിനൊപ്പം ജീവിക്കുകയെന്ന സാഹചര്യത്തില്‍ കേരളത്തിലെ വയോജനങ്ങള്‍ക്ക് കാരുണ്യ അറ്റ് ഹോം പദ്ധതി വലിയ കൈത്താങ്ങായി മാറും.

· കഴിഞ്ഞ ബജറ്റില്‍ മുന്നോട്ടുവച്ചതാണ് എല്ലാ വാര്‍ഡുകളിലും വയോ ക്ലബ്ബ് എന്ന നിര്‍ദ്ദേശം. എന്നാല്‍ കോവിഡു കാലത്ത് ഇത്തരത്തിലൊരു കൂടിച്ചേരല്‍ കേന്ദ്രം റിവേഴ്‌സ് ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാകുമായിരുന്നു. എന്നാല്‍ 2021-22ല്‍ കോവിഡ് പിന്‍വാങ്ങുന്നതോടെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇതിനുള്ള നടപടി സ്വീകരിക്കും. പുതിയ കെട്ടിടങ്ങള്‍ പണിയേണ്ടതില്ല. നിലവിലുള്ള വായനശാലകളെയും വാടകയ്‌ക്കെടുക്കുന്ന വീടുകളെയും ഇതിനായി ഉപയോഗപ്പെടുത്താം.

· വയോജന അയല്‍ക്കൂട്ടങ്ങള്‍ ഈ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുക. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും 290 കോടി രൂപയെങ്കിലും വയോജനങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നതിന് അവര്‍ ബാധ്യസ്ഥരാണ്. 2021-22ല്‍ 5000 വയോക്ലബ്ബുകള്‍ ആരംഭിക്കുന്നതാണ്.

· വയോമിത്രം, സായംപ്രഭ സ്‌കീമുകള്‍ക്കു 30 കോടി രൂപ വകയിരുത്തുന്നു.

ബജറ്റ് ഇവിടെ വായിക്കാം

No comments:

Post a Comment