Saturday, January 16, 2021

ആധുനിക കേരളത്തിന്റെ ബജറ്റ് - ആർ രാംകുമാർ എഴുതുന്നു

കേരളത്തിന്റെ 2021--‐ 22 സാമ്പത്തികവർഷത്തെ ബജറ്റ് തുടക്കത്തിൽത്തന്നെ രണ്ട് പ്രധാന പരാമർശം അർഹിക്കുന്നു. ഒന്ന്, കഴിഞ്ഞ നാലരവർഷത്തെ എൽഡിഎഫ്‌ മുന്നണിയുടെ ഭരണമികവ് നൽകിയ ആത്മവിശ്വാസം ബജറ്റിലുടനീളം കാണാം. രണ്ട്, കടുത്ത പ്രതിസന്ധികൾക്കിടയിലും കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു മികച്ച പരിപ്രേക്ഷ്യവും അത് നടപ്പിൽ വരുത്തുന്നതിനുള്ള പ്രായോഗികതയിലൂന്നിയ ഒരു രീതിശാസ്ത്രവും ബജറ്റിൽ വിവരിച്ചിട്ടുണ്ട്.

ഈ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത് ഒരു പ്രത്യേക ആഗോള- ദേശീയ സാഹചര്യത്തിലായിരുന്നു. ഒന്നാമതായി, മോഡി സർക്കാരിന്റെ അരാജകഭരണവും യുക്തിരഹിത നയങ്ങളുംമൂലം രാജ്യം മുഴുവനും പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യം കേരളത്തെയും ഉലച്ചിരിക്കുന്നതായാണ് സാമ്പത്തിക റിവ്യൂ കണക്കുകൾ കാണിക്കുന്നത്.

ദേശീയതലത്തിലെ സാമ്പത്തികവളർച്ച വലിയ തോതിൽ ഇടിയാൻ ആരംഭിച്ചിരുന്നു. പക്ഷേ, അതിനൊപ്പം കേന്ദ്രനികുതി വരുമാനം ഇടിഞ്ഞതുകൊണ്ട് സംസ്ഥാനത്തിന് ധന കമീഷൻ വഴിയുള്ള കേന്ദ്രധനസഹായവും കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരത്തുക പൂർണമായി നൽകുന്നതിന് കേന്ദ്രസർക്കാർ ഇപ്പോഴും തയ്യാറായിട്ടില്ല.

രണ്ടാമതായി, മഹാമാരി എല്ലാ സർക്കാരിന്റെയും ബജറ്റുകളുടെ പ്രവചനങ്ങളെയും അനുമാനങ്ങളെയും തകർത്തുകൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക സമ്പദ്ഘടനകളും ഇന്ന് വരുമാനത്തിന് മുകളിൽ ചെലവുകൾ വർധിപ്പിക്കാൻ നിർബന്ധിതരായിട്ടുണ്ട്. അതിന്റെ ഭാഗമായി ബജറ്റ് കമ്മികളും പൊതു കടങ്ങളും ഉയർന്നിട്ടുണ്ട്.

മൂന്നാമതായി, നവകേരളത്തിന്റെ നിർമിതിയിലേക്കുള്ള ഏത് ആസൂത്രണപരിപാടിയും മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾക്കും പരിമിതികൾക്കും വിധേയമായി മാത്രമേ നമുക്ക് നടപ്പിൽ വരുത്താൻ സാധിക്കുകയുള്ളൂ. ഇതോടൊപ്പംതന്നെ സാമൂഹ്യരംഗത്തെ നേട്ടങ്ങളെ സംരക്ഷിക്കുകയും ആധുനികവൽക്കരിക്കുകയും വേണം.

എന്നാൽ, ഈ അനിശ്ചിതത്വങ്ങൾക്കിടയിലും സർക്കാരിന്റെ സമ്പദ്ഘടനയിൽ ഇടപെടാനുള്ള സാധ്യതകളെ മെച്ചപ്പെടുത്തിയിട്ടുള്ള ചില ഘടകങ്ങളുമുണ്ട്. ഒന്ന്, മെച്ചപ്പെട്ട സാമ്പത്തിക മാനേജ്മെന്റ്‌. വലിയ തോതിൽ കേരളത്തിന്റെ ധനകമ്മിയും റവന്യൂ കമ്മിയും, അതുപോലെ സംസ്ഥാന വരുമാനത്തിന്റെ ശതമാനമായി നോക്കുന്ന പൊതു കടഭാരവും വർധിപ്പിച്ചിട്ടാണ് ഉമ്മൻ ചാണ്ടി സർക്കാർ ഒഴിഞ്ഞുപോയത്. കഴിഞ്ഞ നാലുവർഷത്തിൽ കേരളത്തിന്റെ ധനകമ്മിയും റവന്യൂ കമ്മിയും കുറച്ചുകൊണ്ട്, ഭാവിയിലെ സാമ്പത്തിക വിഷമഘട്ടത്തിൽ ഇടപെടാനുള്ള സർക്കാരിന്റെ കഴിവിനെയും ഇടത്തിനെയും മെച്ചപ്പെടുത്താൻ ഈ സർക്കാരിന് കഴിഞ്ഞു. രണ്ട്, വരുമാനം കുറഞ്ഞുനിൽക്കുന്ന അവസരത്തിലും മൂലധനച്ചെലവുകൾ വർധിപ്പിക്കാനായി ബജറ്റിന് പുറത്തുള്ള വിഭവസമാഹരണ സാധ്യതകളെ നൂതനമായ രീതിയിൽ കണ്ടെത്താനും വിനിയോഗിക്കാനുമുള്ള ശ്രമങ്ങൾ സർക്കാർ നടത്തി.

ഈ സാഹചര്യത്തിലാണ് നമ്മൾ 2021-–-22 വർഷത്തെ ബജറ്റിനെ പരിശോധിക്കുന്നത്. റവന്യൂ കമ്മി 2.94 ശതമാനമായി ഉയർന്നു. ധനകമ്മി 4.25 ശതമാനമായി ഉയർന്നു. എന്നാൽ, പെട്ടെന്നുതന്നെ ധനദൃഡീകരണത്തിന്റെ പാതയിലേക്ക്‌ തിരിച്ചുവരണം എന്ന് ബജറ്റ് അടിവരയിട്ട് പറയുന്നു. എന്നാൽ മാത്രമേ ബജറ്റിന് പുറത്ത് നടത്തിക്കൊണ്ടിരിക്കുന്ന മൂലധന നിക്ഷേപ പ്രവർത്തനങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ കഴിയൂ. അതിനാൽ, 2021-–-22ലെ ധനകമ്മി 3.5 ശതമാനമായും പിന്നീട് മൂന്ന്‌ ശതമാനം തന്നെയായും കുറയ്‌ക്കാൻ കഴിയണം എന്നാണ്‌ ബജറ്റ് ലക്ഷ്യമിടുന്നത്.

അതേസമയം, കേരളത്തിന്റെ ഭാവി വികസനപ്രക്രിയയെ ആധുനികമായ രീതിയിൽ നിർവചിക്കാനും അതിന് വിഭവങ്ങൾ കണ്ടെത്താനുമുള്ള ശ്രമവും ബജറ്റിൽ കാണാം. ഇതിൽ അഞ്ച് പ്രധാന വിഷയംമാത്രം എടുക്കാം. ആദ്യമായി, സാമൂഹ്യമേഖല. കേരളത്തിലെ സാമൂഹ്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. കോവിഡ്‌ പ്രതിരോധത്തിൽ മികച്ച പങ്കുവഹിച്ച തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അധികമായി അനുവദിച്ചിരിക്കുന്നു. എല്ലാ ക്ഷേമ പെൻഷനും 1600 രൂപയായി ഉയർത്തി. തൊഴിലുറപ്പ് തൊഴിലാളികൾക്ക്‌ ക്ഷേമനിധി സ്ഥാപിക്കും. ദാരിദ്ര്യം സമ്പൂർണമായി നിർമാർജനം ചെയ്യും. അങ്ങനെ ഓരോ കുടുംബത്തിനും 15 ലക്ഷം രൂപവീതം കണ്ട് അഞ്ചു വർഷംകൊണ്ട് 6000--7000 കോടി രൂപയായിരിക്കും വിവിധ സ്കീമുകൾ വഴി ചെലവഴിക്കപ്പെടുക.

രണ്ടാമതായി, കാർഷികസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് രാജ്യത്തിനുതന്നെ മാതൃകയായി കേരളം മാറുകയാണ്. തറവില സമ്പ്രദായംതന്നെ നിർത്തലാക്കാൻ മോഡി സർക്കാർ ഒരുമ്പെടുമ്പോൾ, കേരളത്തിൽ റബറിന്റെ തറവില 150 രൂപയിൽനിന്ന് 170 രൂപയായി ഉയർത്തിയിരിക്കുന്നു. നെല്ലിന്റെ സംഭരണവില കിലോക്ക് 27 രൂപയിൽനിന്ന് 28 രൂപയായി ഉയർത്തിയിരിക്കുന്നു (കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നത് കിലോക്ക് 18 രൂപമാത്രം). നാളികേരത്തിന്റെ സംഭരണവില 27 രൂപയിൽനിന്ന്‌ 32 രൂപയായി ഉയർത്തിയിരിക്കുന്നു.

മൂന്നാമതായി, അഭ്യസ്തവിദ്യർക്ക് തൊഴിൽ എന്ന മുദ്രാവാക്യമുയർത്തി പ്രധാന പരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നു. മൂന്ന്‌ ലക്ഷം ഇത്തരം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 20000 പേർക്ക് തൊഴിൽ ലഭിക്കുന്ന 2500 സ്റ്റാർട്ടപ് ഈ വർഷം ആരംഭിക്കും. വർക്ക് നിയർ ഹോം എന്ന സങ്കൽപ്പമനുസരിച്ച് ഒരു സ്കീം പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനൊപ്പം വർക്ക് ഫ്രം ഹോം സാധ്യതകൾ വർധിപ്പിക്കും. ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക്‌ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ഏകീകരിച്ച് ലഭ്യമാക്കും. നൈപുണ്യവികസനത്തിന് പ്രത്യേക ശ്രദ്ധ നൽകും. അഞ്ച്‌ ലക്ഷം തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതികളും ബജറ്റിലുണ്ട്.

നാലാമതായി, കേരളത്തിനെ ഒരു ഡിജിറ്റൽ സമ്പദ്ഘടനയായി പരിവർത്തനം ചെയ്യണം. ഇതിനായി വിജ്ഞാന ഉൽപ്പാദന രംഗവും വ്യവസായ രംഗവും തമ്മിൽ മെച്ചപ്പെട്ട രീതിയിൽ കൈകോർക്കാൻ കഴിയണം. പുതിയ തലമുറയിലെ തൊഴിൽസേനയെ വളർത്തിയെടുക്കുന്നതിനുവേണ്ടിയുള്ള ഇത്തരം ഒരു പദ്ധതി ഒരു ഫ്ലാഗ്ഷിപ് നയമായിത്തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ചാമതായി, ഈ വിജ്ഞാനവളർച്ചയ്‌ക്ക് ഉന്നത വിദ്യാഭ്യാസമേഖലയുടെ മികവുകൂട്ടൽ അത്യന്താപേക്ഷിതമാണ്. സ്‌കൂൾ രംഗത്ത്‌ നമ്മൾ കൈവരിച്ച നേട്ടങ്ങൾ ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കുക എന്ന പ്രധാന ലക്ഷ്യം ബജറ്റ് മുമ്പോട്ടുവയ്‌ക്കുന്നു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ എൻറോൾമെന്റ് റേഷ്യോ ഇപ്പോഴത്തെ 37 ശതമാനത്തിൽനിന്ന് 75 ശതമാനമായെങ്കിലും ഉയർത്തണം. ഇതിനായി പത്ത്‌ ശതമാനം സീറ്റ് വർധന, പുതിയ കോഴ്സുകൾ എന്നിവ വഴി 20000 പേർക്ക് അധിക പഠനസൗകര്യം ഒരുക്കും. ഗവേഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. അങ്ങനെ വലിയ മാറ്റംതന്നെ കോളേജ് വിദ്യാഭ്യാസ രംഗത്തുണ്ടാകും എന്ന് തീർച്ചയായും പ്രതീക്ഷിക്കാവുന്നതാണ്.

ഏതാണ്ട് 50000 കോടി രൂപ മുതൽമുടക്കുവരുന്ന മൂന്ന്‌ വ്യവസായ ഇടനാഴിയുടെ നിർമാണം ഈ വർഷം ആരംഭിക്കും എന്നതാണ് ഒരു പ്രധാന പ്രഖ്യാപനം. ഈസ് ഓഫ് ഡൂയിങ് ബിസിനസ് മെച്ചപ്പെടുത്താൻ പരിശ്രമങ്ങൾ ഉണ്ടാകും. വ്യവസായ പാർക്കുകളിൽ ഭൂമിയുടെ നികുതി 10 ശതമാനത്തിൽനിന്ന് അഞ്ച്‌ ശതമാനമായി കുറച്ചു. ടൂറിസം രംഗത്തിനായി പ്രത്യേകം ശ്രദ്ധയുണ്ടാകും.

അഞ്ചുവർഷത്തെ ഭരണമികവ് തുടർഭരണത്തിലേക്കു നയിക്കും എന്ന ആത്മവിശ്വാസം പൊതുജനങ്ങൾക്കിടയിൽ വളരുന്ന ഈ സാഹചര്യത്തിൽ അടുത്ത കേരളവികസനഘട്ടത്തിലേക്കുള്ള - അടുത്ത അഞ്ചുവർഷത്തെ നയപരിപാടികൾ എങ്ങനെയാകണം എന്ന് കുറിച്ചിടുന്ന - ഒരു രേഖയായി ബജറ്റിനെ വായിക്കാം എന്നതിൽ സംശയമില്ല.

ആർ രാംകുമാർ 

No comments:

Post a Comment