Tuesday, January 5, 2021

വാക്സിന്‍ വില്‍പ്പനയുടെ താല്‍പ്പര്യങ്ങള്‍

കോവിഡിനുള്ള വാക്‌സിന്‍  അവസാന ട്രയലും കഴിഞ്ഞ്   ഇന്ത്യയിലും പ്രയോഗിച്ചു തുടങ്ങുകയാണ്. ആസ്ട്രാ സെനേക്കയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍ കോവിഷീല്‍ഡ് എന്ന പേരില്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയാണ്.

ലോകത്ത് 150 ഇനം വാക്‌സിനുകളാണത്രെ, ക്യാന്‍ഡിഡേറ്റുകളായി പരീക്ഷ പാസാകാന്‍ കാത്തിരിക്കുന്നത് . അതില്‍ 44 എണ്ണം ക്ലിനിക്കല്‍ ട്രയലിലാണ്; 11 എണ്ണം അവസാന ഘട്ടപരീക്ഷണത്തിലുമാണ് എന്നാണ് ലോകാരോഗ്യ സംഘടന (2019 )ഡിസംബറില്‍ അറിയിച്ചത്.

ആസ്ട്രാ സെനേക്ക, ഫൈസര്‍, മൊഡേണ, ഇനോ വിയോ, മെര്‍ക്ക്, റോഷ്  അങ്ങനെയങ്ങനെ വിവിധ കമ്പനിപ്പേരുകളാണ് ഇപ്പോള്‍ വാക്‌സിന്‍ കണ്ടുപിടിത്തത്തിന്റെ കാര്യത്തില്‍ കേള്‍ക്കുന്നത്.

സാല്‍ക്കും സാബിനും

എന്നാല്‍ പോളിയോ വാക്‌സിന്റെ കാര്യമെടുത്തു നോക്കൂ. കമ്പനിനാമങ്ങളല്ല, വ്യക്തികളുടെ പേരാണ്, ശാസ്ത്രജ്ഞരുടെ പേരാണ് വാക്‌സിനുമായി ബന്ധപ്പെട്ട് ഉപയോഗിക്കപ്പെടുന്നത്. ഇപ്പോള്‍ കമ്പനികള്‍ തമ്മിലുള്ള നിയമത്തര്‍ക്കങ്ങളും കോടതി നടപടികളുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കില്‍, 1960 കളില്‍ സാല്‍ക്കും സാല്‍വിനുമായിരുന്നു ചര്‍ച്ചാ വിഷയം. രണ്ട് ശാസ്ത്രജ്ഞരുടെ വ്യത്യസ്ത രീതികളെക്കുറിച്ചുള്ള ചര്‍ച്ച. അതും ലോകം ഞെട്ടിവിറച്ചുകൊണ്ടിരുന്ന പോളിയോയുടെ കാര്യത്തില്‍. അരനൂറ്റാണ്ട് കഴിയുമ്പോള്‍ വിജ്ഞാനശാഖകളത്രയും സ്വകാര്യ കുത്തക കമ്പനികളുടെ നീരാളിപ്പിടിത്തത്തില്‍ അമരുന്നതിന്റെ വ്യക്തമായ ചിത്രമാണ്  തെളിഞ്ഞു വരുന്നത്.

ഇന്നത്തെ വാക്‌സിന്‍ വിതരണത്തെപ്പോലെ തന്നെ ലോകം ഉറ്റുനോക്കിയ ഒന്നായിരുന്നു 1954 ലെ പോളിയോ വാക്‌സിന്‍ ഫീല്‍ഡ്‌ടെസ്റ്റ്. 10 വയസ്സില്‍ താഴെയുള്ള 20 ലക്ഷം കുട്ടികളിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പരീക്ഷണം നടന്നത്. ഒരു വര്‍ഷമെടുത്തു ഫലപ്രഖ്യാപനത്തിന്. ജോനാസ് സാല്‍ക്ക് വികസിപ്പിച്ച വാക്‌സിനായിരുന്നു അത്. 39-ാം വയസ്സില്‍ പോളിയോ പിടിപെട്ട  പ്രസിഡന്റ് റൂസ് വെല്‍റ്റ് തന്നെ നേരിട്ടിടപെട്ട് ആരംഭിച്ച  നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്‍ഫന്റൈല്‍ പരാലിസിസില്‍ നിന്ന് അദ്ദേഹത്തിന് എല്ലാ സഹായവും കിട്ടുകയും ചെയ്തു.

സാല്‍ക്കിന്റെ ചോദ്യം

സാല്‍ക്കിന്റെ ടെക്‌നിക്കല്ല ശരി എന്നു പറഞ്ഞാണ്, ആയുഷ്‌കാല രോഗപ്രതിരോധം ഉറപ്പാക്കാനുള്ള ഒരു പുതിയ വാക്‌സിന്‍ ആല്‍ബര്‍ട്ട് സാബിന്‍ അവതരിപ്പിച്ചത്. സാല്‍ക്കിനെ അമേരിക്കയും സാബിനെ യുഎസ്എസ്ആറും പിന്തുണച്ചു.

സാബിന്റെ വാക്‌സിന്‍ 1961 ല്‍ അമേരിക്ക അംഗീകരിച്ചു. സാല്‍ക്കിന്റെതിലും ചെലവ് കുറവായിരുന്നു സാബിന്റെത്. പക്ഷേ ഏറെക്കഴിയും മുമ്പ് അമേരിക്ക  സാല്‍ക്ക് വാക്‌സിനിലേക്ക് തന്നെ തിരിയുകയായിരുന്നു.

സാല്‍ക്കിനോട് ആരാണ് വാക്‌സിന്റെ ഉടമ എന്ന നേര്‍ച്ചോദ്യത്തിന്  അദ്ദേഹം നല്‍കിയ മറുപടി ' അതോ, അത് ജനങ്ങളാണ് എന്ന് ഞാന്‍ പറയും. ഇതിന് പേറ്റന്റില്ല. നിങ്ങള്‍ക്ക് സൂര്യനെ പേറ്റന്റ് ചെയ്യാനാകുമോ?'എന്നായിരുന്നു.

കമ്പനികള്‍ തമ്മില്‍ത്തമ്മില്‍ പേറ്റന്റുകളുടെ പേരില്‍ വേട്ടനായ്ക്കളെപ്പോലെ പരസ്പരം കടിപിടികൂടി വൈറസ് വികസനത്തിന് തടസ്സങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍  വൈറസ് പ്രതിരോധത്തിലെ ആദ്യ പഥികരുടെ നിലപാടുകള്‍ ഓര്‍ക്കേണ്ടതുണ്ട്.

ശ്മശാനത്തിലും ലാഭക്കണക്ക് കൂട്ടുന്നവര്‍

15 ലക്ഷം മനുഷ്യരെ കൊന്നു തള്ളിയ ഒരു രോഗത്തില്‍നിന്ന് മനുഷ്യവംശത്തെ രക്ഷിക്കാനുള്ള മഹായത്‌നത്തില്‍ ഏര്‍പ്പെടുമ്പോള്‍, അവിടെ ലാഭതാല്‍പ്പര്യത്തിന് സ്ഥാനമുണ്ടാകരുത് എന്നാണ് ലോകം ഇന്നാവശ്യപ്പെടുന്നത്. അതിനു കണക്കായി അന്താരാഷ്ട്ര കരാറുകളില്‍ ഭേദഗതി വരുത്തണം എന്ന ആവശ്യം ശക്തമായി ഉയരാന്‍ തുടങ്ങി. ഇക്കഴിഞ്ഞ ഡിസംബര്‍ 10 ന് ചേര്‍ന്ന ലോക വ്യാപാര സംഘടനയുടെ ട്രിപ്‌സ് (ട്രെയ്ഡ്‌റിലേറ്റഡ് ആസ്പക്ട്‌സ് ഓഫ് ഇന്റലക്ച്വല്‍  പ്രോപ്പര്‍ട്ടി റൈറ്റ്‌സ്) കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യയും പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും കെനിയയും ഈസ്വാത്തിനിയും (പഴയ സ്വാസിലാന്‍ഡ്) മൊസാമ്പിക്കും ബൊളീവിയയും ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടു. കോവിഡ് 19 നുള്ള  പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി ബൗദ്ധിക സ്വത്തവകാശക്കരാറിലെ ചില വ്യവസ്ഥകള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കണം എന്നായിരുന്നു ആവശ്യം.

കോവിഡ് 19 നല്ലാത്ത മറ്റൊരു കാര്യത്തിനും ഈ ഇളവ് വേണ്ടെന്നും അവര്‍ വ്യക്തമാക്കി. ലോക ജനസംഖ്യയുടെ 14 ശതമാനം മാത്രം വരുന്ന സമ്പന്ന രാജ്യങ്ങളുടെ ഉടമസ്ഥതയിലാണ് ലോകത്തെ ഉപയോഗ സാധ്യതയുള്ള വാക്‌സിനുകളുടെ 53 ശതമാനവും എന്നു മാത്രമല്ല, ചില രാജ്യങ്ങള്‍ ആളൊന്നിന് 9 ഡോസുകള്‍ കരസ്ഥമാക്കാന്‍ ഏര്‍പ്പാടുണ്ടാക്കിയിടത്ത് 70 വികസ്വര - ദരിദ്ര രാജ്യങ്ങളില്‍ പത്തിലൊരാള്‍ക്കേ 2021 അവസാനത്തോടെ വാക്‌സിന്‍ കിട്ടൂ. ഇക്കാര്യമാണ് ലോക വ്യാപാര സംഘടനാ വേദിയില്‍ വികസ്വര - ദരിദ്ര രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. മാത്രവുമല്ല, സാങ്കേതിക വിദ്യയും ബൗദ്ധിക സ്വത്തവകാശവും പരസ്പരം പങ്കുവയ്ക്കുക എന്ന ആശയത്തെത്തന്നെ മരുന്നു കമ്പനികള്‍ പരസ്യമായി എതിര്‍ത്ത കാര്യവും ചര്‍ച്ചാ വിഷയമായി.

ഡബ്ല്യു ടി ഓയില്‍ അമേരിക്കയോടൊപ്പം വികസ്വര - ദരിദ്ര രാജ്യങ്ങളുടെ നിലപാടിനെ എതിര്‍ത്തു കൊണ്ട്  അതിശക്തമായി നിലയുറപ്പിച്ചത്  ക്യാനഡയും സ്വിറ്റ്‌സര്‍ലാന്‍ഡും യൂറോപ്യന്‍യൂണിയനും ജപ്പാനുമാണ്.

വാക്‌സിന്‍ ദേശീയത എന്ന ഒരു പുതിയ തരം തെറ്റിദ്ധരിപ്പിക്കപ്പെട്ട ദേശ സ്‌നേഹം വളര്‍ന്നു വരുന്നുണ്ട്.

പീപ്പിള്‍സ് വാക്‌സിന്‍ അലയന്‍സ് ഓര്‍മിപ്പിക്കുന്നത്, 67 ദരിദ്ര രാജ്യങ്ങളിലെ പത്തില്‍ ഒമ്പത് പേര്‍ക്കും 2021 ല്‍ കോവിഡിനുള്ള പ്രതിരോധ കുത്തിവയ്പ്പ് കിട്ടാന്‍ പോകുന്നില്ല എന്ന കാര്യമാണ്. എന്തെങ്കിലും മാറ്റങ്ങള്‍ നാടകീയമായി ഉണ്ടായില്ലെങ്കില്‍, ലോകത്തെങ്ങുമുള്ള ശതകോടികള്‍ക്കാണ് വരും വര്‍ഷങ്ങളില്‍ ഫലപ്രദമായ വാക്‌സിനുകള്‍ കിട്ടാതെ പോവുക എന്ന് ഓക്‌സ്ഫാമിന്റെ ആരോഗ്യനയ മാനേജര്‍ (health policy manager) അന്നാ മരിയോറ്റ് പറയുന്നു.

ഇരപിടിയന്മാരുടെ സഖ്യവും വേട്ടനായ്ക്കളുടെ കടിപിടിയും

സൂര്യന്‍ ആരുടെ പേറ്റന്റവകാശമാണെന്ന പഴയ ചോദ്യത്തിന് പകരം ഇന്നത്തെ ആലോചന ആരാന്റെ ബൗദ്ധിക സ്വത്തവകാശം എങ്ങനെ അവനവന്റെതാക്കി മാറ്റാം എന്നതാണ്. മനുഷ്യ ജീവന്‍ വച്ചുള്ള പകിടകളിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് വന്‍കിട മരുന്നു കമ്പനികള്‍ തന്നെയാണ്. വാക്‌സിന്‍ ആദ്യമായി വികസിപ്പിച്ച ജര്‍മന്‍ കമ്പനി ക്യുവര്‍ വാക്കിനെ അമേരിക്കയിലേക്ക് പറിച്ചുനടാന്‍ ട്രംപ് നടത്തിയ നീക്കം നാട്ടില്‍ പാട്ടായതാണ്.

മരുന്നു കമ്പനികള്‍ തമ്മില്‍ത്തമ്മില്‍ കാലുവാരിയും നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടും ചില്ലറ തടസ്സങ്ങളല്ല വാക്‌സിന്‍ വികസനത്തില്‍ വരുത്തി വയ്ക്കുന്നത്. കനേഡിയന്‍ കമ്പനിയായ ആര്‍ബട്ടസ്സിന്റെ എംആര്‍എന്‍എ വാക്‌സിനുള്ള അവകാശം തള്ളിക്കളയണം എന്നാവശ്യപ്പെട്ട് മൊഡേണ 2019 ആദ്യം അമേരിക്കയില്‍ ഒരു കേസ് കൊടുത്തു. ജൂലൈ 23 ന് യുഎസ് പേറ്റന്റ് ട്രയല്‍ ആന്‍ഡ് അപ്പീല്‍ ബോര്‍ഡ്  ആര്‍ബട്ടസ്സിന്റെ അവകാശമല്ല, മൊഡേണയുടെ കേസാണ് തള്ളിയത്.  എംആര്‍എന്‍എ 1273 ആണ് മൊഡേണയുടെ മരുന്ന്. അതും ആര്‍ബട്ടസ്സിന്റെ വാക്‌സിനുമായി ബന്ധമൊന്നുമില്ല എന്നാണ് കമ്പനി പറഞ്ഞതെങ്കിലും കോടതി സത്യം കണ്ടെത്തി.  അറിഞ്ഞു കൊണ്ട് ആരാന്റെ മുതല്‍ സ്വന്തമാക്കാനുള്ള ശ്രമമായിരുന്നു അത് എന്നര്‍ഥം. ഏറ്റവുമൊടുക്കം,  അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (FDA) അടിയന്തര അംഗീകാരം നേടിയിരിക്കുകയാണ് മൊഡേണയുടെ എംആര്‍എന്‍എ 1273.

ഇനോവിയോ തോറ്റ കഥ

മറ്റു വാക്‌സിനുകളില്‍നിന്ന് വ്യത്യസ്തമായി,  സാധാരണ ഊഷ്മാവില്‍ സൂക്ഷിച്ചുവയ്ക്കാനാകുന്ന  ഒന്നാണ് ഇനോവിയോ ഫാര്‍മസ്യൂട്ടിക്കല്‍സ് വികസിപ്പിച്ചെടുത്ത ന്യൂക്ലിക് ആസിഡ് അടിസ്ഥാനമാക്കിയുള്ള ഇനോ4800 എന്ന വാക്‌സിന്‍.  2020 അവസാനത്തോടെ 10 ലക്ഷം ഡോസും 2021 ഓടെ 10 കോടി ഡോസും ഉല്‍പ്പാദിപ്പിക്കുമെന്നായിരുന്നു കമ്പനിയുടെ വീമ്പ്. യുഎസ് ഡിഫന്‍സ് ഇത് കേട്ട് 7 കോടി 10 ലക്ഷം ഡോളറാണത്രെ ഇനോവിയോക്ക് ധനസഹായമായി നല്‍കിയത്.

ഈ ഇനോവിയോക്ക് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ മണിക്കൂറുകള്‍ മതി. പക്ഷേ മറ്റ് വാക്‌സിന്‍ കമ്പനികളെപ്പോലെത്തന്നെ  മരുന്ന് ഉല്‍പ്പാദിപ്പിക്കാനായി പുറംകരാര്‍ കൊടുക്കലാണ് ഇവരുടെയും പണി.

2020 ജൂണ്‍ 25 ന് പെന്‍സില്‍വാനിയയിലെ കോടതി ഇനാേവിയോക്ക് എതിരായി ഒരു വിധി പ്രസ്താവിച്ചു.

 വി ജി എക്‌സ് ഐ (VGXI) എന്ന  മരുന്നുല്‍പ്പാദനക്കമ്പനിക്കെതിരെ ഇനോവിയോ  കൊടുത്ത കേസായിരുന്നു അത്. കൊറിയന്‍ കമ്പനിയായ ജീന്‍ വണ്‍ ലൈഫ് സയന്‍സസിന്റെ ഉടമസ്ഥതയിലുള്ള ആ സ്ഥാപനം അതിന്റെ വാക്‌സിന്‍ നിര്‍മാണത്തിനുള്ള ബൗദ്ധിക സ്വത്തവകാശം മറ്റു കമ്പനികള്‍ക്ക് വിട്ടുകൊടുക്കണം എന്നതാണ് ആവശ്യം. അവരുടെ നിര്‍മാണ പ്രക്രിയ മറ്റ് കമ്പനികളുടെതിനേക്കാള്‍ മികവുറ്റതാണ്, അത് മറ്റുള്ളവര്‍ക്ക് കൂടി നല്‍കാന്‍ വിജി എക്‌സ് ഐ തയാറായാല്‍ മാനവരാശിയെ മഹാവ്യാധിയില്‍നിന്ന്  കരകയറ്റാനാകും എന്ന മട്ടിലായിരുന്നു വാദം. കമ്പനി അതിന് കൂട്ടാക്കാത്തതിന് കാരണം, അതിന്റെ മാതൃകമ്പനിയായ ജീന്‍ വണ്‍ ഇതേ തരത്തിലുള്ള മറ്റൊരു വാക്‌സിന്‍, കൊറോണ 19, സ്ഥാനാര്‍ഥി മരുന്നാക്കി അധികൃതര്‍ക്ക് സമര്‍പ്പിച്ചതുകൊണ്ടാണ് എന്നും ഇനോവിയോ ആരോപിച്ചു. ആ കേസിലാണ്  വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെ ഇനോവിയോ തോറ്റമ്പിയത്. വി ജി എക്‌സ് ഐ (VGXI) തിരിച്ചടിക്കാന്‍ തന്നെ തീരുമാനിച്ചു.

ജൂലൈ 7ന് അവര്‍ ഇനോവിയോയെയും അവരുടെ മറ്റൊരു മരുന്നുല്‍പ്പാദനക്കമ്പനിയായ ഒളോഗി ബയോ സര്‍വീസസിനെയും കോടതി കയറ്റി. തങ്ങളുടെ ബൗദ്ധിക സ്വത്തവകാശം കൈക്കലാക്കി മറ്റ് കമ്പനികള്‍ വഴി ലാഭം കുന്നുകൂട്ടാനാണ് ഇനോവിയോയുടെ ശ്രമം എന്നാണ് അവര്‍ വാദിച്ചത്.

വാക്‌സിന്‍ വികസിപ്പിച്ചെടുത്ത അത്ര എളുപ്പമല്ല അത് ഉല്‍പ്പാദിപ്പിച്ചെടുക്കാന്‍. വി ജി എക്‌സ് ഐ, ഒളോഗി തുടങ്ങിയ മരുന്നുല്‍പ്പാദനക്കമ്പനികളുടെ ബയോ റിയാക്ടറുകളില്‍ വച്ചാണ് അത്  നടക്കുക.  10 കോടി ഡോസ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ചെടുക്കാന്‍ 15 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ബയോ റിയാക്ടറുകള്‍ വേണമെന്നിരിക്കെ, വി ജിഎക്‌സ് ഐയുടെ  ബയോ റിയാക്ടര്‍ ശേഷി വെറും 400 ലിറ്റര്‍ മാത്രമാണ്.

ഇതിനിടയ്ക്ക് ജോണ്‍സണ്‍ ആന്‍ഡ്  ജോണ്‍സണ്‍ മറ്റൊരവകാശവാദവുമായി രംഗത്തെത്തി. തങ്ങളുടെ വാക്‌സിന്റെ  30 കോടി ഡോസുണ്ടാക്കാന്‍ 2000 ലിറ്റര്‍ ബയോ റിയാക്ടര്‍ മതി, അത് തങ്ങളുടെ ഉടമസ്ഥതയില്‍ത്തന്നെ ഉണ്ടുതാനും. അങ്ങനെയാണെങ്കില്‍,  ഇനോവിയോ അമേരിക്കന്‍ ജനതയ്ക്കാകെ ( 32.5 കോടി) വേണ്ട മരുന്ന് വികസിപ്പിക്കുന്ന നേരം കൊണ്ട് ജോണ്‍സണ്‍ ആന്‍ഡ്  ജോണ്‍സണ്‍ ലോകത്തെ മുഴുവനാളുകള്‍ക്കും (840 കോടി) വേണ്ട മരുന്നുണ്ടാക്കും എന്നര്‍ഥം. ഇങ്ങനെ ഇരപിടിയന്മാര്‍ തമ്മില്‍ത്തമ്മില്‍ തര്‍ക്കം മൂത്ത് പരസ്പരം കുത്തിച്ചാകുന്നിടത്തോളമെത്തി കാര്യങ്ങള്‍.

എല്ലാവരും സുരക്ഷിതരാകുംവരെ ആരും സുരക്ഷിതരല്ല

ഇങ്ങനെ വലിയ കമ്പനികള്‍ പരസ്പരം കൊന്നു തിന്നാനായുന്നതിനിടയില്‍ വികസിത സമ്പന്ന രാജ്യങ്ങള്‍ മരുന്നു കമ്പനികളെ സ്വാധീനിച്ച് പരമാവധി വാക്‌സിനുകള്‍ സ്വന്തമാക്കാനുള്ള തിടുക്കത്തിലാണ്. ഫൈസറിന്റെ വാക്‌സിന്‍ ഉല്‍പ്പാദനത്തിന്റെ 82 ശതമാനവും മൊഡേണയുടെതിന്റെ 78 ശതമാനവും ധനികരാഷ്ട്രങ്ങള്‍ക്ക് വിറ്റു കഴിഞ്ഞതായി ഗ്ലോബല്‍ജസ്റ്റിസ് നൗ ഓര്‍മിപ്പിക്കുന്നു. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ക്യാനഡ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ ജനസംഖ്യയില്‍ പാതിയെയും 2021 അവസാനത്തോടെ വാക്‌സിനേറ്റ് ചെയ്യിക്കുമത്രെ!

കോവിഡ് വാക്‌സിന്‍ ഫലപ്രദമായി കുറ്റമറ്റ രീതിയില്‍ ജനതകള്‍ക്കാകെ എത്തിക്കേണ്ടതിന്റെ പ്രാധാന്യം ഡബ്ള്യു എച്ച് ഓ ആവര്‍ത്തിച്ചു പറയുന്നുണ്ട്. എല്ലാവരും സുരക്ഷിതരാകുന്നതു വരെ ആരും സുരക്ഷിതരല്ല എന്നതാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. അതിന് ഏറ്റവും കാര്യക്ഷമമായ രീതിയില്‍ മരുന്നു കമ്പനികള്‍ക്കും ലോക രാഷ്ട്രങ്ങള്‍ക്കും ഇടയ്ക്ക് നടുനിലക്കാരനായി നില്‍ക്കാനാണ് കൊവാക്‌സ് എന്ന ഒരു സംവിധാനത്തിന് ലോകാരോഗ്യ സംഘടന രൂപം കൊടുത്തത്.

'കോവിഡ് മഹാമാരിക്ക് അറുതി വരുത്താനും സാമ്പത്തിക വീണ്ടെടുപ്പ് ത്വരിതപ്പെടുത്താനും ഉള്ള എളുപ്പവഴി എല്ലാ രാജ്യത്തുമുള്ള കുറേയാളുകളെ വാക്‌സിനേറ്റ് ചെയ്തു എന്ന് ഉറപ്പാക്കുകയാണ്, കുറേ രാജ്യത്തെ എല്ലാ ആളുകളെയും ചെയ്യുന്നതല്ല. ഇക്കാര്യം  നേടുന്നതിന് കൊവാക്‌സ് സംവിധാനം നമ്മെ സഹായിക്കും. വാക്‌സിനുകള്‍ക്ക് വേണ്ടിയുള്ള ഓട്ടപ്പന്തയം ഒരു മത്സരമല്ല, സഹകരണമാണ് എന്ന കാര്യം ഉറപ്പാക്കും' എന്നാണ് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞത്. സുരക്ഷിതവും ഫലപ്രദവുമായ അംഗീകൃത വാക്‌സിനുകള്‍ സംഭരിക്കുകയും ലോകത്താകെ വിതരണം നടത്തുകയും ചെയ്യുക എന്നതാണ് അതിന്റെ ലക്ഷ്യം. വാക്‌സിന്‍ ദേശീയതയെ മറികടക്കാന്‍ ഇങ്ങനെയൊരു സംവിധാനം വേണമെന്ന് കാര്യബോധമുള്ളവരാകെ നേരത്തെ പറഞ്ഞതാണ്.

ദയാരഹിതമായ മൂലധന താല്‍പ്പര്യം

പക്ഷേ ഇത്തരം പരിശ്രമങ്ങളെ അങ്ങേയറ്റം അസഹിഷ്ണുതയോടെ അവഹേളിച്ചു വിടുകയാണ് വന്‍കിട കുത്തകക്കമ്പനികളുടെ തലവന്മാര്‍. കോവിഡ് 19 ടെക്‌നോളജി ആക്‌സസ് പൂള്‍ ഉന്നംവയ്ക്കുന്നത്, ആരോഗ്യമേഖലയിലെ സാങ്കേതിക വിദ്യയെ സംബന്ധിച്ചുള്ള വിവരവും വിജ്ഞാനവും ബൗദ്ധിക സ്വത്തും പരസ്പരം കൈമാറുകയാണ്. അതേക്കുറിച്ചുള്ള പ്രഖ്യാപനം വന്ന ഉടനെ ഫൈസര്‍ കമ്പനിയുടെ സിഇഒ ആല്‍ബെര്‍ട്ട് ബൗര്‍ള പറഞ്ഞത് 'അതൊരു അസംബന്ധമാണെന്നാണ് ഞാന്‍ കരുതുന്നത്, അത് അപകടകരവുമാണ്' എന്നാണ്. സമാനമാണ് ആസ്ട്രാ സെനേക്കയുടെ സി ഇ ഓ സോറിയോട്ടിന്റെ പ്രതികരണവും . മഹാമാരിയുടെ കാലത്ത് പതിനായിരങ്ങള്‍ ചത്തടിയുമ്പോഴും അങ്ങനെയൊരു നിലപാടെടുക്കുന്നത് എന്തുകൊണ്ട് എന്നല്ലേ?. ഇക്കഴിഞ്ഞ ഏപ്രിലിനും ആഗസ്തിനും ഇടയ്ക്ക് (എന്നു വച്ചാല്‍ കൊറോണ മുടിയഴിച്ചിട്ട് തുള്ളുന്ന കാലത്ത് ) സോറിയോട്ടിന്റെ പേരിലുള്ള ആസ്ട്രാ സെനേക്കാ ഓഹരി വിലയിലുണ്ടായ വര്‍ധനവ് 15 ദശലക്ഷം ഡോളറാണ്.

ഫൈസറിന്റെ സിഇഒ ബൗര്‍ളയാകട്ടെ, പുതിയ വാക്‌സിന്‍ ഫലപ്രദമാണെന്ന് പ്രഖ്യാപിച്ച ഉടനെ കമ്പനി ഷെയറുകള്‍ക്ക് വില കൂടിയതോടെ തന്റെ പേരിലുള്ള 1,30,000 ഫൈസര്‍ ഓഹരികള്‍  വിറ്റത് വഴി ഉണ്ടാക്കിയ നേട്ടം 5 ദശലക്ഷത്തിനും 6 ദശലക്ഷത്തിനും ഇടയ്ക്ക് ഡോളറാണ്.

ദയാരഹിതമായ മൂലധന താല്‍പ്പര്യം നല്ല ലാഭം കിട്ടിയാല്‍ അതിന്റെ ഉടമയെത്തന്നെ തൂക്കിലേറ്റും എന്ന മാര്‍ക്‌സിന്റെ ഉദ്ധരണി ഓര്‍മിപ്പിക്കുന്നതാണ് മരുന്നു കുത്തകകളുടെ പെരുമാറ്റം.  പുതിയ തിരിച്ചറിവുകളാണ് അതുവഴി മനുഷ്യരാശിക്ക് കിട്ടിക്കൊണ്ടിരിക്കുന്നതും. മുതലാളിത്ത വ്യവസ്ഥ അത്യന്തം മനുഷ്യവിരുദ്ധവും വിനാശകരവും ആണ് എന്നുതന്നെയാണ് കൊറോണയും തെളിയിച്ചു കാട്ടുന്നത്. സോഷ്യലിസം അല്ലെങ്കില്‍ കാടത്തം എന്ന പറച്ചിലിന്റെ സാംഗത്യം തന്നെയാണ് വെളിപ്പെട്ടു വരുന്നത്.

എ കെ രമേഷ് 

No comments:

Post a Comment