Tuesday, January 5, 2021

ബിജെപി പ്രവര്‍ത്തകന്‍ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി; സ്വര്‍ണക്കടത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി > തിരുവന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ നാലാംപ്രതിയും ബിജെപി പ്രവര്‍ത്തകനുമായ സന്ദീപ് നായര്‍ കുറ്റപത്രത്തില്‍ മാപ്പുസാക്ഷിയാണ്. കേസില്‍ മുഖ്യകണ്ണിയായാണ് സന്ദീപിനെ ഉള്‍പ്പെടുത്തിയിരുന്നത്. സ്വപ്ന സുരേഷ്, സരിത്ത്, കെ ടി റമീസ് എന്നിവരുള്‍പ്പെടെയുള്ള 20 പ്രതികള്‍ക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണ ഏജന്‍സികള്‍ പലവട്ടം ചോദ്യംചെയ്ത മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെകുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല.

കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സി രാധാകൃഷ്ണപിള്ളയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സരിത്തിന്റെയും സ്വപ്നയുടെയും അറസ്റ്റ് നടന്ന് ആറുമാസം തികയാനിരിക്കെയാണിത്. ഇതിലൂടെ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാം. നേരത്തെ എന്‍ഐഎ പ്രതിചേര്‍ത്ത 12 പ്രതികള്‍ ജാമ്യംനേടിയിരുന്നു. കഴിഞ്ഞ ജൂലൈ 11നാണ് പ്രധാനപ്രതികളായ സ്വപ്നയെയും സന്ദീപ് നായരെയും ബംഗളൂരുവില്‍നിന്ന് എന്‍ഐഎ അറസ്റ്റ്ചെയ്തത്.

കേസില്‍ യുഎപിഎ നിയമത്തിലെ 16,17,18, 20 വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഭീകരവാദ പ്രവര്‍ത്തനത്തിനായി ഫണ്ട് ശേഖരിച്ചെന്നും പറയുന്നു. ബഹറിന്‍, സൗദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്നും സ്വര്‍ണം കടത്താന്‍ പരിപാടിയുണ്ടായിരുന്നതായും പറയുന്നു.

പ്രാരംഭഘട്ടത്തിലെ കുറ്റപത്രമാണിത്. മറ്റു പ്രതികള്‍ പിടിയിലാകുമ്പോള്‍ കൂടുതല്‍ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കും.

കേസില്‍ മുപ്പതിലേറെ  പ്രതികളാണുള്ളത്. 21 പേര്‍  പിടിയിലായി. ഏഴുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുണ്ട്. എട്ടുപേര്‍ വിദേശത്ത് ഉള്‍പ്പെടെ ഒളിവിലാണ്. ഇതില്‍ പ്രധാനപ്രതി ഫൈസല്‍ ഫരീദും ഉള്‍പ്പെടും. വിദേശത്തായിരുന്ന പ്രതികളില്‍ മൂവാറ്റുപുഴ സ്വദേശി റബിന്‍സിനെ മാത്രമാണ് നാട്ടിലെത്തിച്ച് അറസ്റ്റുചെയ്തത്.

No comments:

Post a Comment