Saturday, January 9, 2021

‘സ്വാതന്ത്ര്യ’ പ്രതിമയുടെ തലകുനിപ്പിച്ച ട്രംപ്‌

ആധുനിക കാലത്ത്‌ ഒട്ടേറെ സ്വതന്ത്ര‐ പരമാധികാര   രാജ്യങ്ങളിൽ  അട്ടിമറി നടത്തിയ ചോരപ്പാടുണ്ട്‌  അമേരിക്കയ്‌ക്ക്‌.  അവിടങ്ങളിൽ പലതിലെയും ജനപ്രിയരായ ഭരണാധികാരികളെ വധിക്കലും അസംഖ്യം പുരോഗമന പ്രസ്ഥാനങ്ങളെ തകർക്കലും പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ‐ സാമ്പത്തിക  ഉപരോധങ്ങളും ഭൂഗോളം  കീഴടക്കാനുള്ള അതിവിപുലമായ ഗൂഢപദ്ധതികളുടെ ഭാഗമായിരുന്നു. അതിന്റെ ഉപകരണങ്ങളാണ്‌ സിഐഎയും എഫ്‌ബിഐയും. ഇറാഖിലും  ഇറാനിലും  ഗ്വാട്ടിമാലയിലും  ചിലിയിലും മറ്റും ഇടങ്കോലിടൽ വരുത്തിവച്ച കെടുതികൾ സംഹാരാത്മകങ്ങളായിരുന്നു.

ലോകപൊലീസ്‌ ചമയുന്ന ആ രാജ്യം ‘സ്വാതന്ത്ര്യ’ പ്രതിമ മുൻനിർത്തി പ്രതിവിപ്ലവങ്ങൾ ഇറക്കുമതി ചെയ്യുന്നതിലും മുന്നിലാണ്‌. വിയത്‌നാമും പഴയ സോവിയറ്റ്‌ യൂണിയനും ക്യൂബയും ഉത്തര കൊറിയയും വെനസ്വേലയും മറ്റും അതിന്റെ ഉദാഹരണങ്ങൾ. കൊറോണാ വ്യാപനത്തിനു ശേഷമുള്ള സഞ്ചാര നിയന്ത്രണം കാരണം സ്വന്തം രാജ്യത്തിലേക്കുതന്നെ അധിനിവേശം നടത്തുകയാണിപ്പോൾ. ആ അർഥത്തിൽ ഡോണൾഡ് ട്രംപിന്റെ ആശീർവാദത്തോടെ  അനുയായികൾ കഴിഞ്ഞ ദിവസം പാർലമെന്റിലേക്ക്‌ ഇരച്ചുകയറി നടത്തിയ അട്ടിമറി നീക്കം അവസാനത്തേതാകാൻ ഇടയില്ല. കറുത്ത വംശജർക്കെതിരെ വേട്ടപ്പട്ടികളെപ്പോലെ ചാടിവീണ്‌ മരണം ഉറപ്പാക്കാറുള്ള  ക്യുഅനോൻ, പ്രൗഡ്‌ ബോയ്‌സ്‌  തുടങ്ങിയ  തീവ്രവാദി സംഘടനകളും  ഇപ്പോഴത്തെ അതിക്രമത്തിൽ ഭാഗഭാക്കായെന്നത്‌ ഭയാനകമാണ്‌.

ഏവരും ഉറ്റുനോക്കിയതും മാധ്യമങ്ങളുടെ സവിശേഷ ശ്രദ്ധനേടിയതുമായ  2020 നവംബർ മൂന്നിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിച്ച ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ അധികാരത്തിൽ എത്തുന്നത് തടയുന്നതിനുള്ള അവസാനശ്രമമെന്ന നിലയിലായിരുന്നു  അഴിഞ്ഞാട്ടം. ഫലം പ്രഖ്യാപിക്കപ്പെട്ടിട്ടും സിംഹാസനം  വിട്ടൊഴിയാൻ ട്രംപ്‌ തയ്യാറല്ലെന്ന സൂചനയായിരുന്നു ആദ്യം. അതിന്‌ ഏതു വഴിവിട്ട മാർഗവും സ്വീകരിക്കാൻ  മടിക്കില്ലെന്നും തുടർച്ചയായി തെളിയിച്ചു. കോവിഡും ലോക്‌‌ഡൗണും  അതേത്തുടർന്നുണ്ടായ ഭയാശങ്കകളും   വിഭാഗീയമായ ചാലുകളിലേക്ക്‌  ഗതിമാറ്റി സ്ഥാനത്ത്‌ തുടരാൻ ആവതും ശ്രമിക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കാനും തന്ത്രം പയറ്റി. നാല് ലക്ഷത്തിലധികം  മനുഷ്യ ജീവനാണ്‌ അമേരിക്കയിൽ കോവിഡ് കവർന്നത്‌. 

ബൈഡന്റെ ജയത്തിന്‌  സംയുക്ത സമ്മേളനം  അംഗീകാരം നൽകാൻ ചേർന്ന  സമയത്താണ്‌ പാർലമെന്റ് മന്ദിരത്തിലേക്ക് തീവ്രവലതുപക്ഷത്തിന്റെ ആക്രമണം ഉണ്ടായതെന്നതും ഗൗരവതരമാണ്‌. അനുകരണീയമായ ധാർമികതയും ഉന്നത ജനാധിപത്യ മൂല്യങ്ങളും വിപുലമായ സാഹോദര്യവും  കൊടിക്കൂറയാക്കിയ  രാജ്യമാണ് അമേരിക്കയെന്ന അവകാശവാദം പൊള്ളയാണെന്ന്‌ ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുകയാണ്‌. അധികാര സോപാനത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ വെമ്പൽകൊള്ളുന്ന ട്രംപ്‌,  ശിങ്കിടികളെ ഊർജംനൽകി വൈകാരികമായി ഇളക്കിവിട്ടതിനെതിരെ  അന്താരാഷ്ട്ര സമൂഹവും സംഘടനകളും നേതാക്കളും  ശക്തമായ ഭാഷയിൽ അപലപിച്ചു. സഖ്യരാഷ്ട്രങ്ങളും  കൈയൊഴിഞ്ഞതോടെ വീണ്ടും നാണംകെട്ടു. ബ്രിട്ടീഷ്‌, ഫ്രഞ്ച്‌, ക്യാനഡ, ഇറാൻ ഭരണത്തലവന്മാർക്കു പുറമേ ഐക്യരാഷ്ട്ര സഭാ ജനറൽ സെക്രട്ടറി അന്തോണിേയാ ഗുട്ടെറസും ചൈനീസ്‌ വിദേശകാര്യ മന്ത്രാലയ വക്താവും  ട്രംപിനെ തുറന്നുകാട്ടാൻ തയ്യാറായെന്നതും നിസ്സാരമല്ല.

മൂലധനതാൽപ്പര്യങ്ങൾ എല്ലാ മനുഷ്യ ചലനങ്ങളും നിയന്ത്രിക്കുന്ന  ലോകത്തിലെ ഏറ്റവും വലിയ മുതലാളിത്ത രാജ്യമാണ് അമേരിക്ക.  പക്ഷേ,  ഏവരും മാതൃകയാക്കേണ്ട  ജനാധിപത്യ പറുദീസയെന്നാണ്‌  സ്വയം വിശേഷണം. തെരഞ്ഞെടുപ്പുകളിൽ ബഹുരാഷ്ട്ര ഭീമന്മാരുടെ കിഴിയിൽനിന്ന്‌ സംഭാവനയായി സ്വീകരിക്കുന്ന  പണക്കൂമ്പാരമിറക്കി പ്രചാരണത്തിനിറങ്ങുന്നവരാണ്‌ അവിടെ  വിജയരഥമേറാറുള്ളത്. ജനങ്ങൾക്കും ജനായത്തത്തിനുമല്ല, മുടക്കുന്ന ശതകോടി ഡോളറുകൾക്കാണ്‌  അമേരിക്കൻ  തെരഞ്ഞെടുപ്പുകളിൽ പ്രാധാന്യം.  അത് വ്യക്തമായി തെളിയിക്കപ്പെട്ട വർഷമായിരുന്നു ട്രംപ്‌ ജയിച്ച 2016.  ‘മഹത്തായ ജനാധിപത്യം’   സംരക്ഷിക്കാനാണെന്ന വ്യാഖ്യാനം നൽകി പാർലമെന്റ്‌ ആക്രമണത്തെ ന്യായീകരിക്കാനും  ആ അഭിനവ ഹിറ്റ്‌ലർ മുന്നോട്ടുവന്നു. അപ്പോഴും  മുഖ്യപ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർടിയുടെ പ്രതികരണം ആശാവഹമായിരുന്നില്ല.

അമേരിക്കയിലെ പുതിയ സംഭവവികാസങ്ങളോട്‌ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൈക്കൊണ്ട സമീപനം ചിരിക്ക്‌ വകനൽകുന്നതാണ്‌. ‘‘ നടന്നത്‌ സങ്കടകരമാണ്‌. അക്രമത്തിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ അനുവദിക്കരുത്‌. സുഗമമായ അധികാരക്കൈമാറ്റം തുടർന്നേ തീരൂ’’വെന്ന  വാക്കുകൾ സ്വന്തം നെഞ്ചിലേക്ക്‌ തിരിഞ്ഞു കുത്തുന്നതായി. അമേരിക്കൻ പാർലമെന്റിനു  നേരെയുണ്ടായ  കടന്നാക്രമണത്തിൽ ഇന്ത്യൻ ദേശീയ പതാകകൂടി  പ്രത്യക്ഷപ്പെട്ടതിൽ നമുക്ക്‌ ലജ്ജ തോന്നേണ്ടതാണ്‌. സംഘപരിവാർ സംഘടനകൾ ട്രംപിന്റെ ഏറ്റവും അടുത്ത ബന്ധുക്കളും  പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറ്റമിത്രവുമാണ്‌. ട്രംപ്‌ മോഡിക്ക്‌ അമേരിക്കയിൽ നൽകിയ സ്വീകരണവും മോഡി അഹമ്മദാബാദിലും മറ്റും ഒരുക്കിയ ‘നമസ്‌തേ ട്രംപ് പരിപാടി’യും അതിന്റെ സാക്ഷ്യങ്ങൾ.    ട്രംപിന്റെ പേരിൽ ക്ഷേത്രം  സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ്‌ വിജയത്തിനായി കാവിപ്പട  പ്രാർഥനയും പൂജയും ഒരുക്കിയതും ദൈവിക പരിവേഷത്തോടെയായിരുന്നു.  ട്രംപിനെ പിന്തുണച്ച്‌  സാമൂഹ്യമാധ്യമങ്ങളിൽ വിപുലമായ  പ്രചാരണങ്ങളുമുണ്ടായി. ജനാധിപത്യത്തെ പുറംകാൽകൊണ്ട്‌ തൊഴിക്കുന്ന  ഒരേ പ്രവണതയുടെ രണ്ടു മുഖമാണ്‌ ഇരുവരും.

തീവ്രവലതുപക്ഷത്തെയും കൃത്രിമ ദേശീയതയെയും  പേശീബല രാഷ്ട്രീയത്തെയും തുറന്നു കാട്ടാതെ  ജനാധിപത്യം സംരക്ഷിക്കാനാകില്ലെന്നാണ്‌ അമേരിക്കയും ഇന്ത്യയും  മുന്നോട്ടുവയ്‌ക്കുന്ന പാഠം.

deshabhimani editorial 090120

No comments:

Post a Comment