Monday, October 11, 2010

കര്‍ണാടകത്തിലെ അധഃപതനം

അധികാരം വെട്ടിപ്പിടിക്കാനും നിലനിര്‍ത്താനും രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാനും ഒരുതരത്തിലുള്ള മര്യാദയും കാണിക്കാത്തത് ബൂര്‍ഷ്വാ പാര്‍ടികളുടെ പൊതുസ്വഭാവമാണ്. ഇന്ന് രാജ്യം ഭരിക്കുന്ന മന്‍മോഹന്‍സിങ് ഗവമെന്റിന് പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമില്ല. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സഖ്യത്തിന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായെങ്കിലും ഭൂരിപക്ഷം കിട്ടിയില്ല. നിരവധി പാര്‍ടികളുടെ പിന്തുണ അവര്‍ സംഘടിപ്പിച്ചു. പാര്‍ലമെന്റില്‍ നടപടികള്‍ നടത്തിക്കൊണ്ടുപോകുന്നതിന് യുപിഎയ്ക്കു പുറത്തുള്ള പാര്‍ടികളുടെ പിന്തുണ ആവശ്യമാണെന്ന് കോണ്‍ഗ്രസ് കണ്ടിരിക്കുന്നു. പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ പിന്തുണയ്ക്കായി എസ്പി, ആര്‍ജെഡി, ബിഎസ്പി, ജനതാദള്‍ എസ് എന്നീ പാര്‍ടികളെ സമീപിക്കേണ്ടിവന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകാതെ വരികയും അമേരിക്കയുടെയും മറ്റു വിദേശ മൂലധനശക്തികളുടെയും താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നിയമനിര്‍മാണങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ കോണ്‍ഗ്രസിനെ വേട്ടയാടിയത് ലോക്സഭയില്‍ വളരെ നേരിയ മുന്‍കൈ മാത്രമേയുള്ളൂവെന്ന യാഥാര്‍ഥ്യമാണ്. കുതികാല്‍വെട്ടുകളിലൂടെയും കൊടുക്കല്‍വാങ്ങല്‍ കരാറുകളിലൂടെയും ചില കോണ്‍ഗ്രസിതര പാര്‍ടികളെ സ്വന്തം പക്ഷത്താക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ഇന്ത്യാചരിത്രത്തിലെ ഏറ്റവും കെട്ട കുതിരക്കച്ചവടങ്ങള്‍ നടന്നത് നരസിംഹറാവുവിന്റെയും മന്‍മോഹന്‍സിങ്ങിന്റെയും കാലത്താണ്. പണം കൊടുത്തും മോഹനവാഗ്ദാനങ്ങള്‍ നല്‍കിയും എംപിമാരെ പാട്ടിലാക്കിയാണ് ഇരുവരും ജനവിധിയെ മറികടന്നത്.

ബിജെപിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ജനാധിപത്യം എന്നത് അവര്‍ക്ക് അധികാരം നേടാനുള്ള കാപട്യപൂര്‍ണമായ പ്രയോഗം മാത്രമാണ്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലുണ്ടായ പരാജയം ബിജെപിയെയും സംഘപരിവാര്‍ ശക്തികളെയാകെയും കടുത്ത അനിശ്ചിതത്വത്തിലാണ് വീഴ്ത്തിയത്. അവര്‍ക്ക് സഖ്യശക്തികളെ ബലപ്പെടുത്തി നിലനിര്‍ത്താനാകുന്നില്ല. ആസാമിലെ എജിപി ബിജെപിയില്‍നിന്ന് അകന്നുനില്‍ക്കുന്നു. മറ്റൊരു സഖ്യശക്തിയായ ജനതാദള്‍ യു വുമായുള്ള സഖ്യത്തില്‍ വിള്ളല്‍ വീണിരിക്കുന്നു. കര്‍ണാടകത്തില്‍ ബിജെപിയുടെ പരമ്പരാഗത അടിത്തറതന്നെ ഇളക്കുംവിധം ആ പാര്‍ടിക്കകത്ത് ഭിന്നത വളര്‍ന്നിരിക്കയാണ്. മുഖ്യമന്ത്രി യെദ്യൂരപ്പയെ താഴെയിറക്കുന്നതിന് വിമത എംഎല്‍എമാര്‍ സംഘംചേര്‍ന്നിരിക്കുന്നു. അവരെ അനുനയിപ്പിക്കാന്‍ അനേക കോടികള്‍ വാരിയെറിയുന്നു. വിമതഭാഗത്തുനില്‍ക്കുന്ന എംഎല്‍എമാര്‍ക്ക് ബിജെപി 140 കോടിയോളം രൂപ വാഗ്ദാനം ചെയ്തെന്നാണ് മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ബാലചന്ദ്ര ജാര്‍ക്കോളി വെളിപ്പെടുത്തിയത്. പണം വാങ്ങുന്നത് പിടിക്കപ്പെട്ട് ദേശീയ പ്രസിഡന്റ് നാണംകെട്ട് പുറത്തുപോയ അനുഭവമുള്ള പാര്‍ടിയാണ് ബിജെപി. ആ പാര്‍ടി രാഷ്ട്രീയത്തില്‍ എത്രതന്നെ താരംതാഴാനും മടിക്കില്ല.

കര്‍ണാടകത്തിലെ സര്‍ക്കാരിനെ സംരക്ഷിച്ചുനിര്‍ത്താന്‍ ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്കരി സര്‍വവിധ സന്നാഹങ്ങളുമായി രംഗത്തിറങ്ങിയതിലും വിമതരെ പണംകൊണ്ട് മൂടുന്നതിലും അത്ഭുതത്തിനവകാശമില്ല. നാടകീയമായാണ് കാര്യങ്ങള്‍ മുന്നേറുന്നത്. അപ്രതീക്ഷിതമായ കൂടുമാറ്റങ്ങള്‍. ആട്ടിന്‍പറ്റത്തെപ്പോലെ എംഎല്‍എമാരെ രഹസ്യകേന്ദ്രങ്ങളിലേക്ക് തെളിച്ചുകൊണ്ടുപോകുന്നതും ഒളിച്ചുപാര്‍പ്പിക്കുന്നതും മോശം കാര്യമായി ആര്‍ക്കും തോന്നുന്നില്ല. കഴിഞ്ഞദിവസം വിമത എംഎല്‍എമാരിലെ പ്രമുഖര്‍ ഔദ്യോഗികപക്ഷത്തേക്കും ഔദ്യോഗികപക്ഷത്തെ രണ്ടുപേര്‍ വിമതപക്ഷത്തേക്കും കൂറുമാറി. 13 എംഎല്‍എമാര്‍ ജെഡിഎസ് നേതാവ് സമീര്‍ അഹമ്മദിനൊപ്പം ഗോവയില്‍നിന്ന് രഹസ്യകേന്ദ്രത്തിലേക്കു മുങ്ങി.

കലങ്ങിയ വെള്ളത്തില്‍ മീന്‍പിടിക്കാന്‍ കോണ്‍ഗ്രസ് രംഗത്തുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ യെദ്യൂരപ്പയുടെ രാജിയാണ് ഉചിതമെന്ന് ആര്‍എസ്എസ് നേതൃത്വം നിര്‍ദേശിച്ചതായി വാര്‍ത്തവന്നു. കോണ്‍ഗ്രസിലെ 13 എംഎല്‍എമാര്‍ പുണെയിലെ ഒളിത്താവളത്തിലാണ്. ഔദ്യോഗികപക്ഷ ബിജെപി എംഎല്‍എമാര്‍ ബംഗളൂരുവിലെ റിസോര്‍ട്ടില്‍.

തിങ്കളാഴ്ച നിയമസഭയില്‍ വോട്ടെടുപ്പ് നടക്കും. അതിനിടെ എന്തുസംഭവിച്ചാലും വോട്ടെടുപ്പില്‍ ആരുതന്നെ ജയിച്ചാലും കര്‍ണാടകത്തില്‍നിന്നുള്ളത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും പരിഹാസ്യമായ അവസ്ഥയുടെ സൂചനകളാണ്. വന്‍ ബിസിനസുകാരും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം കടുപ്പപ്പെടുന്നതിന്റെ തെളിവാണത്. ഐപിഎല്‍, ടെലികോം അഴിമതി എന്നിവയില്‍ കോണ്‍ഗ്രസിന്റെ വികൃതമുഖമാണ് തെളിഞ്ഞതെങ്കില്‍ കര്‍ണാടകത്തില്‍ ബെല്ലാരി സഹോദരന്മാരില്‍ കണ്ടതുപോലുള്ള ബിസിനസ്-രാഷ്ട്രീയ മാഫിയാ ബന്ധം ബിജെപിയുടെ പൊയ്മുഖമാണ് വലിച്ചുകീറുന്നത്. വന്‍കിട പണക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ വര്‍ധിച്ചുവരുന്ന സ്വാധീനവും ഗവമെന്റിന്റെ ഉന്നതതലത്തിലുള്ളവരിലും ഭരണവര്‍ഗ പാര്‍ടികളിലും തഴച്ചുവളരുന്ന അഴിമതിയുമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം.

കര്‍ണാടകത്തിലേത് ഒറ്റപ്പെട്ട സംഭവമല്ല. കോണ്‍ഗ്രസും ബിജെപിയും പ്രതിനിധാനംചെയ്യുന്ന ജീര്‍ണമായ ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ അനിവാര്യമായ പതനമാണ്. കേരളത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഈ രണ്ടുപാര്‍ടികളും പ്രകടമായ ഭീകരബന്ധമുള്ള ശക്തികളും ഐക്യപ്പെടുന്നതും ഇതിന്റെ മറ്റൊരു തലമാണ്. ഇവര്‍ക്ക് താഴാന്‍ പരിധിയില്ല. പാതാളവും കടന്ന് താഴേക്ക് പതിച്ചാലും ലജജയുമില്ല-എല്ലാറ്റിനെയും അതിജീവിക്കുന്നതാണ് പണവും പദവിയുമെന്ന് അവര്‍ കരുതുന്നു.

ദേശാഭിമാനി മുഖപ്രസംഗം 111010

1 comment:

  1. കര്‍ണാടകത്തിലേത് ഒറ്റപ്പെട്ട സംഭവമല്ല. കോണ്‍ഗ്രസും ബിജെപിയും പ്രതിനിധാനംചെയ്യുന്ന ജീര്‍ണമായ ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ അനിവാര്യമായ പതനമാണ്. കേരളത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഈ രണ്ടുപാര്‍ടികളും പ്രകടമായ ഭീകരബന്ധമുള്ള ശക്തികളും ഐക്യപ്പെടുന്നതും ഇതിന്റെ മറ്റൊരു തലമാണ്. ഇവര്‍ക്ക് താഴാന്‍ പരിധിയില്ല. പാതാളവും കടന്ന് താഴേക്ക് പതിച്ചാലും ലജജയുമില്ല-എല്ലാറ്റിനെയും അതിജീവിക്കുന്നതാണ് പണവും പദവിയുമെന്ന് അവര്‍ കരുതുന്നു.

    ReplyDelete