Sunday, October 10, 2010

നൊബേല്‍ സമ്മാനത്തിനുണ്ടാവുന്ന അവമതിപ്പ്

നൊബേല്‍ സമ്മാനം അഭിമാനകരമായ അംഗീകാരവും നിഷ്പക്ഷപൂര്‍ണമായ വിധിയെഴുത്തും ആയി കരുതപ്പെട്ടിരുന്നവരുടെ ധാരണ തിരുത്തുന്നതാണ് സമീപകാലത്തെ വിധിനിര്‍ണയങ്ങള്‍. ഏതൊരു പുരസ്‌കാരവും അര്‍ഹിക്കുന്നവര്‍ക്കെല്ലാം ലഭിക്കണമെന്നില്ല. അര്‍ഹതയുള്ളവരില്‍ ചിലരില്‍ മാത്രമേ അത് എത്തിച്ചേരുന്നുള്ളൂ എന്നത് ശരിതന്നെ. പക്ഷേ ലോകമാകെ ശ്രദ്ധിക്കുന്ന ഒരു പുരസ്‌കാരം നിഗൂഢമായ ലക്ഷ്യങ്ങളോടെയും സ്ഥാപിത രാഷ്ട്രീയ താല്‍പര്യങ്ങളോടെയും ചില നയങ്ങളോടുള്ള അഭിമുഖ്യം കൊണ്ടും നിശ്ചയിക്കപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നത് ആ പുരസ്‌കാരത്തിന്റെ വിലയിടിക്കും. ഇക്കഴിഞ്ഞ വര്‍ഷം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കിയത് അമേരിക്കന്‍ പ്രസിഡണ്ട് ബാരക്ക് ഒബാമയ്ക്കാണ്. ഒബാമ പോലും ആ വിധി നിര്‍ണയത്തില്‍ അദ്ഭുതപ്പെട്ടിട്ടുണ്ടാവും. ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട് മാസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹം നൊബേല്‍ സമ്മാനിതനായത്. ലോകസമാധാനം ശക്തിപ്പെടുത്തുന്നതിനായുള്ള ഒരു  പ്രവര്‍ത്തനത്തിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നില്ല. ചില പ്രസ്താവനകള്‍ നടത്തി എന്നതൊഴിച്ചാല്‍ സമാധാനത്തിനുവേണ്ടി കാര്യമായ ഒരു പ്രവൃത്തിയിലും ഒബാമ പങ്കുചേര്‍ന്നിരുന്നില്ലെന്ന് മാത്രമല്ല, അമേരിക്കയുടെ അധിനിവേശ - അതിക്രമ നയങ്ങളില്‍ കാര്യമായ ഒരു മാറ്റവും വരുത്താന്‍ അദ്ദേഹം തയ്യാറായതുമില്ല. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ കൊടും ക്രൂരതകളെ തള്ളിപ്പറയാന്‍പോലും ഒബാമ ഒരുക്കമായിരുന്നില്ല. ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന പ്രഖ്യാപനം നൊബേല്‍ പുരസ്‌കാരം ലഭിച്ചതിനുശേഷവും ഭാഗികമായി മാത്രം നടപ്പാക്കുകയും അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികവ്യൂഹത്തെ ശക്തിപ്പെടുത്തുകയുമാണ് ഒബാമ ചെയ്തത്. ഇറാനെ ഭീഷണിപ്പെടുത്തുന്നതിലും ഇസ്രായേലിന് പിന്തുണകൊടുക്കുന്നതിലും ഒബാമ ഒട്ടും പുറകിലല്ലതാനും. ലോക സമാധാനത്തിന് സംഭാവന നല്‍കുന്നില്ലെന്നു മാത്രമല്ല, വെല്ലുവിളിയാവുക കൂടി ചെയ്യുന്ന വ്യക്തിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തപ്പോള്‍ സമ്മാനത്തിന്റെ ലക്ഷ്യം എന്താണോ അത് ഹനിക്കപ്പെടുകയായിരുന്നു.

ഈ വര്‍ഷം സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് ചൈനക്കാരനായ ലിയു സിയാബോവെയെയാണ്. സാമ്രാജ്യത്വ രാജ്യങ്ങളും പല മാധ്യമങ്ങളും ഈ വാര്‍ത്ത ആര്‍ഭാടപൂര്‍വം കൊണ്ടാടി. 2009 ഡിസംബര്‍ 29 ന് ചൈനീസ് കോടതി 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ച് ജയിലില്‍ കഴിയുന്ന വ്യക്തിയാണ് ലിയു. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ മേലുള്ള കുറ്റം. കോടതിയില്‍ നടന്ന നിയമയുദ്ധത്തിനുശേഷം കുറ്റക്കാരനാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹം തടവിലായത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെ അട്ടിമറിക്കുവാന്‍ കുത്സിത പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും അവയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു എന്നതാണ് ലിയുവിന്റെ പേരിലുള്ള കുറ്റം. 'ചാര്‍ട്ടര്‍ 08' പ്രഖ്യാപനത്തിന്റെ മുഖ്യ സ്രഷ്ടാക്കളില്‍ ഒരാളായ ലിയു ചൈനീസ് ഭരണകൂടത്തെ അട്ടിമറിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തിരുന്നു.

1989 ല്‍ നടന്ന ടിയാനന്‍മെന്‍ സ്‌ക്വയര്‍ കലാപത്തിന്റെ മുഖ്യ ഉപദേശകനുമായിരുന്നു ഇദ്ദേഹം. കലാപത്തിനിറങ്ങി പുറപ്പെട്ട നൂറുകണക്കിന് വിദ്യാര്‍ഥികള്‍ മൃത്യുവിന് ഇരയായി. പക്ഷേ ഉപദേശകനായിരുന്ന ലിയു സുരക്ഷിതനായിരുന്നു.  ഒരു രാജ്യത്ത് കലാപം സൃഷ്ടിക്കുവാനും ഭരണകൂടത്തെ അട്ടിമറിക്കുവാനും ശ്രമിക്കുകയും അതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്ന ഒരാളെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുന്നത് വിചിത്രമാണ്. ഇത് നൊബേല്‍ സമ്മാനത്തിന്റെ മാനദണ്ഡങ്ങളെയാകെ അപഹസിക്കുന്നതുമാണ്.

സമാധാനത്തിനുള്ള നൊബേല്‍ നിര്‍ണയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങള്‍ ഇവയാണ്: ദേശീയ ഐക്യത്തിനായി ആ വ്യക്തി നല്‍കുന്ന സംഭാവന, രാജ്യാന്തര സൗഹൃദത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, ആയുധ രഹിത ലോകത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, സമാധാന സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും സമാധാന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുക. ഇതൊന്നും ലിയുവിന്റെ കാര്യത്തില്‍ പ്രസക്തമല്ല. ദേശീയ ഐക്യം തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയ വ്യക്തി കൂടിയാണ് ലിയു. എന്നിട്ടും മനുഷ്യാവകാശ പോരാളി എന്ന മുദ്ര ചാര്‍ത്തി നൊബേല്‍ ലിയുവിന് സമ്മാനിക്കുകയാണ്.

ഇത് കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം ശക്തിപ്പെടുത്താനുള്ള ഉപാധിയായി നൊബേല്‍ പുരസ്‌കാരത്തെ മാറ്റുന്നതിന്റെ ഭാഗമാണ്. ചൈന ലോകത്ത് അതിവേഗം വളരുന്ന രാഷ്ട്രമാണ്. അമേരിക്കയെ അതിശയിപ്പിക്കുന്ന സാമ്പത്തിക ശക്തിയായി ചൈന വളരുന്നതില്‍ അമേരിക്കയുള്‍പ്പെടെയുള്ള സാമ്രാജ്യത്വ ശക്തികള്‍ക്ക് ഭീതിയുണ്ട്. അതുകൊണ്ട് ചൈനാവിരുദ്ധ വികാരവും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും ശക്തിപ്പെടുത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.

ലിയുവിന്റെ വിചാരണവേളയില്‍ തന്നെ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. നൊബേല്‍ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ അത് പരസ്യമായി ആവര്‍ത്തിച്ചിരിക്കുന്നു. ഒരു രാജ്യത്തിന്റെ ആഭ്യന്തര നീതിന്യായ വ്യവസ്ഥയ്ക്കു നേരെയുള്ള കടന്നുകയറ്റമാണത്. അമേരിക്കയില്‍ അട്ടിമറി ശ്രമം നടത്തിയ ഒരാളിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനിച്ചാല്‍ - അങ്ങനെ ഒരിക്കലും സംഭവിക്കില്ലെങ്കിലും - എന്തായിരിക്കും അമേരിക്കയുടെ പ്രതികരണം? അമേരിക്കന്‍ കോടതിയില്‍ വിചാരണ നേരിടുന്ന ഒരാളെ, കോടതി ശിക്ഷിച്ച ഒരാളെ വിട്ടയയ്ക്കണമെന്ന് മറ്റൊരു രാഷ്ട്രം ആവശ്യപ്പെട്ടാല്‍ എന്തായിരിക്കും പ്രതികരണം? മ്യാന്‍മാറില്‍ ആങ്്-സാന്‍-സൂക്കി ഇന്നും വീട്ടുതടങ്കലിലാണ്. അവരുടെ പൗരാവാകാശങ്ങള്‍ നിരന്തരം നിഷേധിക്കപ്പെടുന്നു. അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍ മൗനത്തിന്റെ വല്‍മീകത്തില്‍ അകപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്? നിക്ഷിപ്തവും സങ്കുചിതവുമായ രാഷ്ട്രീയ താല്‍പര്യങ്ങളാണ് നൊബേല്‍ സമിതിയെയും അമേരിക്കയെയും നയിക്കുന്നതെന്ന് വ്യക്തം.

നൊബേല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയ ആല്‍ഫേഡ് നൊബേലിന്റെ സങ്കല്‍പങ്ങളെയും ആശയങ്ങളെയും ലക്ഷ്യങ്ങളെയും ചവിട്ടിമെതിച്ചുകൊണ്ടാണ് ഇപ്പോഴത്തെ നൊബേല്‍ സമിതികള്‍ പ്രവര്‍ത്തിക്കുന്നത് എന്നത് ദുഃഖകരം തന്നെ.

janayugom editorial 101010

4 comments:

  1. നൊബേല്‍ സമ്മാനം അഭിമാനകരമായ അംഗീകാരവും നിഷ്പക്ഷപൂര്‍ണമായ വിധിയെഴുത്തും ആയി കരുതപ്പെട്ടിരുന്നവരുടെ ധാരണ തിരുത്തുന്നതാണ് സമീപകാലത്തെ വിധിനിര്‍ണയങ്ങള്‍. ഏതൊരു പുരസ്‌കാരവും അര്‍ഹിക്കുന്നവര്‍ക്കെല്ലാം ലഭിക്കണമെന്നില്ല. അര്‍ഹതയുള്ളവരില്‍ ചിലരില്‍ മാത്രമേ അത് എത്തിച്ചേരുന്നുള്ളൂ എന്നത് ശരിതന്നെ. പക്ഷേ ലോകമാകെ ശ്രദ്ധിക്കുന്ന ഒരു പുരസ്‌കാരം നിഗൂഢമായ ലക്ഷ്യങ്ങളോടെയും സ്ഥാപിത രാഷ്ട്രീയ താല്‍പര്യങ്ങളോടെയും ചില നയങ്ങളോടുള്ള അഭിമുഖ്യം കൊണ്ടും നിശ്ചയിക്കപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നത് ആ പുരസ്‌കാരത്തിന്റെ വിലയിടിക്കും. ഇക്കഴിഞ്ഞ വര്‍ഷം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കിയത് അമേരിക്കന്‍ പ്രസിഡണ്ട് ബാരക്ക് ഒബാമയ്ക്കാണ്. ഒബാമ പോലും ആ വിധി നിര്‍ണയത്തില്‍ അദ്ഭുതപ്പെട്ടിട്ടുണ്ടാവും. ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട് മാസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹം നൊബേല്‍ സമ്മാനിതനായത്. ലോകസമാധാനം ശക്തിപ്പെടുത്തുന്നതിനായുള്ള ഒരു പ്രവര്‍ത്തനത്തിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നില്ല. ചില പ്രസ്താവനകള്‍ നടത്തി എന്നതൊഴിച്ചാല്‍ സമാധാനത്തിനുവേണ്ടി കാര്യമായ ഒരു പ്രവൃത്തിയിലും ഒബാമ പങ്കുചേര്‍ന്നിരുന്നില്ലെന്ന് മാത്രമല്ല, അമേരിക്കയുടെ അധിനിവേശ - അതിക്രമ നയങ്ങളില്‍ കാര്യമായ ഒരു മാറ്റവും വരുത്താന്‍ അദ്ദേഹം തയ്യാറായതുമില്ല

    ReplyDelete
  2. എന്തെല്ലാം തരത്തിലാണ് love jihad പ്രവര്‍ത്തിക്കുന്നത്?

    ReplyDelete
  3. "കോടതിയില്‍ നടന്ന നിയമയുദ്ധത്തിനുശേഷം കുറ്റക്കാരനാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹം തടവിലായത്."
    ഭയങ്കരം തന്നെ..!!

    ReplyDelete
  4. അമേരിക്കയില്‍ അട്ടിമറി ശ്രമം നടത്തിയ ഒരാളിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനിച്ചാല്‍ - അങ്ങനെ ഒരിക്കലും സംഭവിക്കില്ലെങ്കിലും - എന്തായിരിക്കും അമേരിക്കയുടെ പ്രതികരണം? അമേരിക്കന്‍ കോടതിയില്‍ വിചാരണ നേരിടുന്ന ഒരാളെ, കോടതി ശിക്ഷിച്ച ഒരാളെ വിട്ടയയ്ക്കണമെന്ന് മറ്റൊരു രാഷ്ട്രം ആവശ്യപ്പെട്ടാല്‍ എന്തായിരിക്കും പ്രതികരണം?

    ReplyDelete