Monday, October 11, 2010

പോയതൊരു വാക്ക്... കിട്ടിയത് ലോട്ടറി

ലോട്ടറിയുടെ മറവില്‍ നാലു വോട്ട് കിട്ടാന്‍ കോണ്‍ഗ്രസ് നാടാകെ പരക്കംപായുമ്പോള്‍ ഇവിടെയൊരാള്‍ക്ക് വന്നുകയറിയ ലോട്ടറിയില്‍ ബംബര്‍പ്രൈസടിച്ചു. കോഴിക്കോട്ട് കെ മുരളീധരനാണ് ലോട്ടറിയുടെ ബംബര്‍ നറുക്ക് വീണത്. കോരിച്ചൊരിഞ്ഞ ശാപവാക്കുകള്‍ പുഷ്പവൃഷ്ടിയായത് പെട്ടെന്നായിരുന്നു. യുഡി എഫിന്റെ സീറ്റുവിഭജനത്തിലാണ് ഏവരെയും അത്ഭുതപ്പെടുത്തി മുരളി ബംബര്‍ വിജയിയായത്. ഒരു സീറ്റും കിട്ടില്ലെന്ന് കരുതി 'വെര്‍തേ......യിങ്ങനെ' വീട്ടിലിരിക്കുമ്പോഴാണ് ഡിസിസി പ്രസിഡന്റും കൂട്ടരും ചെന്ന് ടിയാനെ തെരഞ്ഞെടുപ്പു പ്രചാരണ ഗോദയിലേക്ക് ക്ഷണിച്ചത്. പത്തുവോട്ടെങ്കില്‍ പത്ത്, അതിങ്ങുപോരട്ടേയെന്നു കരുതിയാണ് ഗൃഹസന്ദര്‍ശനമെന്നാണ് ഡിസിസി മുഖ്യന്‍ ഇതിനു നല്‍കിയ വിശദീകരണം.

എന്നാല്‍ 'ഇങ്ങോട്ടു വന്നുകേറിയ' സ്ഥിതിക്ക് പോയാലൊരു വാക്ക്, കിട്ടിയാലൊരു ആന! എന്ന ആ പഴേ..... സിദ്ധാന്തത്തിന്റെ പ്രായോഗികത പരിശോധിക്കാനാണ് മുരളി തുനിഞ്ഞത്. ചില അവകാശങ്ങള്‍, പിന്നെ ചില കണക്കുകള്‍... ഇതൊക്കെ നിരത്തി. ആലോചിച്ച് പറയാമെന്നായി 'മുഖ്യന്‍'. തിരിച്ച് 'ലാവണ'ത്തിലെത്തിയപ്പോള്‍ "വേലിയില്‍ കിടന്ന പാമ്പിനെയെടുത്ത് എവിടെയോ വെച്ചതുകൊണ്ടല്ലേ'' എന്ന മട്ടിലുള്ള കുറ്റപ്പെടുത്തലായി ചുറ്റും. ഒടുവില്‍, 'എന്തെങ്കിലും കൊടുത്ത് ശല്യമൊഴിവാക്കെടേ..യ്' എന്ന് മേലാവില്‍നിന്നൊരുത്തരവും. അതാ നറുക്ക് വീണു. 'ഒരേയൊരു' സീറ്റ്....!!! എ മുതല്‍ ഇസെഡ് വരെ ഒരു കക്ഷിക്കും വേണ്ടാതെ കിടന്ന രാമനാട്ടുകര. 'കിട്ടിയതായി' എന്ന് നെടുവീര്‍പ്പിടുമ്പോഴാണ് മണിയൂരിലെ മുരളി ഭക്തന്‍ വഴി ഭാഗ്യദേവത വീണ്ടും മുരളിക്കായി അവതരിച്ചത്.

'മുരളിയേട്ടനെ' തഴയുന്ന കോണ്‍ഗ്രസിന് ഒരു 'ചൊട്ട്'കൊടുക്കാന്‍ വേളംപഞ്ചായത്ത് ഡിവിഷനില്‍ റിബലിനെ രംഗത്തിറക്കി. മണിയൂര്‍ നിവാസികള്‍ക്ക് സുപരിചിതയായ കാക്കോറ കമല. മുരളീവിഭാഗത്തിന് പ്രിയങ്കരി, പക്ഷെ കോണ്‍ഗ്രസ് നേതൃത്വത്തിന് അനഭിമത. കോണ്‍ഗ്രസിന്റെ ഒരൊറ്റവേദിയില്‍പോലും ഇവര്‍ കാല്കുത്തിയിട്ടില്ലെന്നാണ് ഔദ്യോഗികപക്ഷം. സ്വതന്ത്രസ്ഥാനാര്‍ഥിയായ കമലയെ ഇവര്‍ രഹസ്യമായി പരിഹസിച്ചു. അവസരം ലഭിച്ചാല്‍ കമല 'ഉന്നത'ങ്ങളിലെത്തുന്നത് കാണിച്ചുതരാമെന്നായിരുന്നു ഇതിന് മുരളീഭക്തരുടെ മറുപടി. കുന്നുമ്മല്‍ ബ്ളോക്ക് അംഗവും പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ബാലാമണിയെയാണ് വേളത്തേക്ക് കരുതിവച്ചത്. പത്രങ്ങളിലൂടെ ഇത് വാര്‍ത്തയാകുകയും ചെയ്തു. എന്നാല്‍ മുരളിയുടെ ഭാഗ്യം 'കലി'യായി വേളത്തെ ചുറ്റിപ്പറ്റി നടന്നു. ഒക്ടോബര്‍ നാലിനകം നാമനിര്‍ദേശപത്രിക നല്‍കണമെന്ന നിര്‍ദേശം കലിബാധയെ തുടര്‍ന്ന് ആരും ബാലാമണിയെ അറിയിച്ചില്ല. (മകളുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് അനുരഞ്ജന ചര്‍ച്ചയിലായതിനാല്‍ നിര്‍ദേശം നല്‍കാന്‍ ഡിസിസി പ്രസിഡന്റ് മറന്നതാണെന്നും എതിരാളിപക്ഷം. പാവം അബു! കലി ബാധിച്ചാല്‍ മൊബൈല്‍ഫോണ്‍പോലും സ്വിച്ച്ഓഫ് ചെയ്ത് അലഞ്ഞുനടക്കുമെന്ന കാര്യം ഇവരുണ്ടോ മനസ്സിലാക്കുന്നു.) വേളം പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 29നാണ്. പത്രിക സമര്‍പ്പണത്തിന് 11 വരെ സമയമുണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷന് ഇത് ബാധകവുമായിരുന്നില്ല.

എന്നാലിതൊന്നും പാവം ബാലാമണി അറിഞ്ഞില്ല. (എല്ലാം കലിയുടെ കളി!) പത്രികാ സമര്‍പ്പണത്തിന്റെ സമയം കഴിഞ്ഞപ്പോഴാണ് നേതൃത്വത്തിന് സദ്ബുദ്ധി ഉദിച്ചത്. മൊബൈല്‍ഫോണുകള്‍ നിര്‍ത്താതെ ചിലച്ചു. കാറുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. കിം ഫലം...? ചതിച്ചതാണെന്നു ചിലര്‍, അമളി പറ്റിയതാണെന്ന് മറ്റുചിലര്‍.... 'എ'ക്കാരുടെ കളിയാണെന്ന് ഇനിയുമൊരു കൂട്ടര്‍. കുറ്റപ്പെടുത്തലുകള്‍ തീര്‍ന്നപ്പോള്‍ പ്രതിവിധിക്കായി അന്വേഷണം. കമലതന്നെ അഭയമെന്ന് ചിലര്‍. വിവരമറിഞ്ഞ മണിയൂരിലെ കോണ്‍ഗ്രസുകാര്‍ ഞെട്ടി. തങ്ങള്‍ കുറ്റപ്പെടുത്തിയ റിബല്‍ നേതാക്കളോടൊപ്പം 'കൈ'പിടിച്ചു വരികയോ? തങ്ങളുടെ ഖദ(ബ)റില്‍ ചവിട്ടിയേ അവര്‍ പടി കടക്കൂ എന്ന് പലരും ഡിസിസിയെ അറിയിച്ചു. ഭാഗ്യദേവതയുടെ ശക്തി മണിയൂരുകാര്‍ അറിയാനിരുന്നതേയുള്ളു. എതിര്‍പ്പിന്റെ മലകള്‍ ഐസ് ക്യൂബുകളായി ഉരുകിയൊഴുകി. മണിയൂര്‍ക്കാരുടെ കാക്കോറ കമല ഔദ്യോഗിക സ്ഥാനാര്‍ഥിയായി. ഇന്ദിരാഗാന്ധിയുടെ ചിഹ്നംതന്നെ കമലക്കും അനുവദിച്ചു.

കലി ഒഴിഞ്ഞ് നേര്‍ബുദ്ധിതെളിഞ്ഞ കെ സി അബു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു- 'മുരളിയെ ആരും അവഗണിച്ചിട്ടില്ല. രണ്ടു സീറ്റുവീതം ഞങ്ങള്‍ സന്തോഷപൂര്‍വം അവര്‍ക്കുനല്‍കി.' വിവരമറിഞ്ഞ മുരളി പൂജാമുറിയില്‍ ഒരുമണിക്കൂര്‍ ചെലവിട്ടു എന്നാണ് വിശ്വാസികളുടെ പക്ഷം. 'കലി' ഒഴിയാന്‍ നളന്‍ ഒരു മന്ത്രം ചൊല്ലിയതായാണ് കഥ. മുരളിക്ക് ആ മന്ത്രം ആര് ഉപദേശിച്ചു? ഇത് കണ്ടെത്തണമെന്ന് ചെന്നിത്തലയില്‍നിന്ന് ഡിസിസിയിലേക്ക് ആരോ വിളിച്ചുചോദിച്ചതായി അറിയുന്നു. ഒരുകാര്യം വിദുഷിക്കറിയാം, ഫോണ്‍ വന്നു എന്നു പറഞ്ഞ അന്നുതന്നെയാണ് ഡിസിസി നേതാക്കള്‍ക്കൊപ്പം മുരളി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണ്ണികുളം പഞ്ചായത്തിലേക്ക് പോയത്. ശേഷം അങ്കത്തട്ടില്‍ കാണാമല്ലോ.

ദേശാഭിമാനി 11102010

1 comment:

  1. ലോട്ടറിയുടെ മറവില്‍ നാലു വോട്ട് കിട്ടാന്‍ കോണ്‍ഗ്രസ് നാടാകെ പരക്കംപായുമ്പോള്‍ ഇവിടെയൊരാള്‍ക്ക് വന്നുകയറിയ ലോട്ടറിയില്‍ ബംബര്‍പ്രൈസടിച്ചു. കോഴിക്കോട്ട് കെ മുരളീധരനാണ് ലോട്ടറിയുടെ ബംബര്‍ നറുക്ക് വീണത്. കോരിച്ചൊരിഞ്ഞ ശാപവാക്കുകള്‍ പുഷ്പവൃഷ്ടിയായത് പെട്ടെന്നായിരുന്നു. യുഡി എഫിന്റെ സീറ്റുവിഭജനത്തിലാണ് ഏവരെയും അത്ഭുതപ്പെടുത്തി മുരളി ബംബര്‍ വിജയിയായത്. ഒരു സീറ്റും കിട്ടില്ലെന്ന് കരുതി 'വെര്‍തേ......യിങ്ങനെ' വീട്ടിലിരിക്കുമ്പോഴാണ് ഡിസിസി പ്രസിഡന്റും കൂട്ടരും ചെന്ന് ടിയാനെ തെരഞ്ഞെടുപ്പു പ്രചാരണ ഗോദയിലേക്ക് ക്ഷണിച്ചത്. പത്തുവോട്ടെങ്കില്‍ പത്ത്, അതിങ്ങുപോരട്ടേയെന്നു കരുതിയാണ് ഗൃഹസന്ദര്‍ശനമെന്നാണ് ഡിസിസി മുഖ്യന്‍ ഇതിനു നല്‍കിയ വിശദീകരണം.

    ReplyDelete