Monday, October 11, 2010

പള്ളിക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം

ആര്‍എസ്എസുകാര്‍ പള്ളിക്ക് കല്ലെറിഞ്ഞു; ഉസ്താദിനെ മര്‍ദിച്ചു

മാരാരിക്കുളം: മണ്ണഞ്ചേരിയിലെ റോഡുമുക്കിനുസമീപം ആര്‍എസ്എസ് സംഘം മുസ്ളിംപള്ളിക്ക് കല്ലെറിഞ്ഞു. ഉസ്താദിനെ ആക്രമിക്കുകയും ചെയ്തു. പരിക്കേറ്റ പല്ലന പാനൂര്‍ സ്വദേശി ഉസ്താദ് മുഹമ്മദ് നവാസിനെ (35) ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിന്റെ അനുമതിയില്ലാതെ റൂട്ട്മാര്‍ച്ച് നടത്തിയാണ് ഇരുപത്തഞ്ചോളം പേരടങ്ങുന്ന സംഘം ഒരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തിയത്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വന്‍പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പുചെയ്യുന്നു. ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം.

പള്ളിയുടെ ഗെയ്റ്റില്‍ അടിച്ച് ബഹളമുണ്ടാക്കുന്നതുകേട്ട് ഇറങ്ങിവന്ന ഉസ്താദിനെ ആര്‍എസ്എസ് സംഘം ഭീഷണിപ്പെടുത്തി. സംഘാംഗങ്ങളില്‍ ചിലര്‍ വടികൊണ്ട് അടിച്ചു. അടിയേറ്റ ഉസ്താദ് മദ്രസയിലേക്ക് ഓടിക്കയറി. അക്രമികള്‍ പിന്നാലെയെത്തി മര്‍ദിച്ചെന്ന് ഉസ്താദ് പൊലീസിനോടു പറഞ്ഞു. തുടര്‍ന്ന്, പള്ളിയുടെ രണ്ട് വലിയ ജനാലച്ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. ശബ്ദംകേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. സംഭവം നടക്കുമ്പോള്‍ പതിനഞ്ചോളം കുട്ടികള്‍ മദ്രസയിലുണ്ടായിരുന്നു. നിരവധി കേസുകളില്‍ പ്രതികളായ വിഷാലുപറമ്പില്‍ പ്രവീണ്‍, അമ്പനാകുളങ്ങരവെളി ബിറ്റു, പൊന്നാട് സ്വദേശി പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് മണ്ണഞ്ചേരി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. പ്രകടനവും സര്‍വകക്ഷി സമ്മേളനവും നടത്തി. വൈകിട്ട് കലക്ടറേറ്റില്‍ സമാധാന യോഗവും നടന്നു. പള്ളിക്കുനേരെയുള്ള ആക്രമണം അത്യന്തം ഹീനവും നിന്ദ്യവുമാണെന്ന് മന്ത്രി തോമസ് ഐസക്ക് പ്രസ്താവനയില്‍ പറഞ്ഞു.

മുസ്ളിംപള്ളി ആക്രമണം ആസൂത്രിതം


ആലപ്പുഴ: മണ്ണഞ്ചേരിയിലെ റോഡുമുക്കിനുസമീപം മുസ്ളിംപള്ളി ആക്രമിക്കുകയും ഉസ്താദിനെ മര്‍ദിക്കുകയും ചെയ്തത് ആസൂത്രിതം. ഞായറാഴ്ച രാവിലെ ആര്‍എസ്എസിന്റെ റൂട്ട്മാര്‍ച്ച് റിഹേഴ്സലിനിടെയാണ് ആര്‍എസ്എസ് സംഘം ആക്രമണം നടത്തിയത്. വര്‍ഗീയസംഘര്‍ഷം സൃഷ്ടിച്ച് സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസിന്റെ നീക്കത്തിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നു. എല്‍ഡിഎഫ് നേതാക്കളുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടല്‍മൂലം സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നു. പള്ളി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രകടനങ്ങളും യോഗങ്ങളും നടന്നു. തിങ്കളാഴ്ചയും പ്രകടനങ്ങള്‍ ഉണ്ടാകും.

വിജയദശമിദിനത്തില്‍ ആര്‍എസ്എസ് സംഘടിപ്പിക്കുന്ന റൂട്ടുമാര്‍ച്ചിന്റെ റിഹേഴ്സലാണ് ഞായറാഴ്ച നടത്തിയത്. കണക്കൂര്‍ ക്ഷേത്രത്തിനുസമീപം രാവിലെ 25 ഓളംപേര്‍ ശാഖ നടത്തിയതിനുശേഷമാണ് റൂട്ടുമാര്‍ച്ച് നടത്തിയത്. സാധാരണ ഇവര്‍ വടക്കോട്ട് കാവുങ്കല്‍ ക്ഷേത്രത്തിനുസമീപത്തേക്കാണ് റൂട്ടുമാര്‍ച്ച് നടത്താറുള്ളത്. എന്നാല്‍ ഞായറാഴ്ച തെക്കോട്ട് റൂട്ടുമാര്‍ച്ച് നടത്തി പള്ളിക്കുമുന്നിലൂടെ ഏതാനുംവാരവരെ ചെന്ന് മടങ്ങുമ്പോഴാണ് പള്ളിക്കുനേരെ കല്ലേറ് നടത്തിയത്. വിവരമറിഞ്ഞ് ഉടനെ സ്ഥലത്തെത്തിയ എല്‍ഡിഎഫ് നേതാക്കളും പൊലീസും വിശ്വാസികളെ അനുനയിപ്പിച്ചു. അക്രമികളെ പിടികൂടാന്‍ പൊലീസ് ഊര്‍ജിതശ്രമം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരായ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജില്ലാ പൊലീസ് സൂപ്രണ്ട് എ അക്ബറിന്റെ നേതൃത്വത്തില്‍ പൊലീസ് ജാഗ്രതയോടെ പ്രധാന കേന്ദ്രങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. എ എ ഷുക്കൂര്‍ എംഎല്‍എ, കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് കെ വി മേഘനാഥന്‍, എസ്എന്‍ഡിപി യൂണിയന്‍ താലൂക്ക് പ്രസിഡന്റ് കലവൂര്‍ എന്‍ ഗോപിനാഥ്, സെക്രട്ടറി കെ എന്‍ പ്രേമാനന്ദന്‍ തുടങ്ങിയവര്‍ പള്ളി സന്ദര്‍ശിച്ചു. റോഡുമുക്കിനുസമീപം വൈകിട്ട് സര്‍വകക്ഷിസമ്മേളനം ചേര്‍ന്നു. എ എ ഷുക്കൂര്‍ എംഎല്‍എ, ആര്‍ നാസര്‍, ടി ജെ ആഞ്ചലോസ്, കലവൂര്‍ എന്‍ ഗോപിനാഥ്, സി രാമചന്ദ്രന്‍, യഹിയ, ആര്‍ റിയാസ്, ഫാ. ടെജി പുതുവീട്ടിക്കളം, പി രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. എ എം ഹനീഫ് അധ്യക്ഷനായി.

പള്ളി ആക്രമണം വ്യാപകപ്രതിഷേധം


ആലപ്പുഴ: മണ്ണഞ്ചേരി റോഡുമുക്കിന് സമീപം മുസ്ളിംപള്ളി ആക്രമിക്കുകയും ഉസ്താദിനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി അപലപിച്ചു. വര്‍ഗീയലഹളകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കിരാതമായ ഇത്തരം പ്രവര്‍ത്തനങ്ങളെ അപലപിക്കാനും സമാധാനത്തോടും സൌഹാര്‍ദ്ദത്തോടും പ്രശ്നങ്ങളെ സമീപിക്കാനും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ജനങ്ങളോട് ആഹ്വാനംചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് പ്രകടനങ്ങള്‍ നടത്താന്‍ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ പി കെ ചന്ദ്രാനന്ദന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, സിപിഐ ജില്ലാ സെക്രട്ടറി എ ശിവരാജന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ അഡ്വ. ബി രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

ആരാധനാലയത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ മുജാഹിദ് സംയുക്ത ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും പ്രതികാരനടപടികള്‍ വെടിഞ്ഞ് തികഞ്ഞ ആത്മസംയമനം പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ഗാന്ധിയന്‍ ദര്‍ശനവേദി ചെയര്‍മാന്‍ ബേബി പാറക്കാടന്‍ അഭ്യര്‍ഥിച്ചു. ആക്രമണം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് വടക്കേ മഹല്ല് ഷംഷീറേ തൌഹദീദ്ദ് അസോസിയേഷന്‍ പ്രസിഡന്റ് എ എം കോയയും സെക്രട്ടറി മുഹമ്മദ് ജലാലും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ആക്രമണത്തില്‍ ഡിവൈഎഫ്ഐ ശക്തമായി പ്രതിഷേധിച്ചു. ആരാധനാലയത്തിനും വിശ്വാസികള്‍ക്കുംനേരെ നടത്തിയ ആക്രമണം തെരഞ്ഞെടുപ്പുവേളയില്‍ കേരളമാകെ വര്‍ഗീയകലാപം സൃഷ്ടിക്കുന്നതിനും അതുവഴി കേരളത്തിലെ സ്വൈര്യ അന്തരീക്ഷം തകര്‍ക്കുന്നതിനും ആസൂത്രിതമായി നടത്തിയിട്ടുള്ളതാണ്. മതനിരപേക്ഷ കേരളത്തെ തകര്‍ക്കാനുള്ള വര്‍ഗീയശക്തികളുടെ ഇത്തരം ഫാസിസ്റ്റ് രീതികളെ എന്തുവിലകൊടുത്തും നേരിടുമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി വിനോദും ജില്ലാ ആക്ടിങ് സെക്രട്ടറി ബി അബിന്‍ഷായും സംഭവസ്ഥലം സന്ദര്‍ശിച്ചതിനുശേഷം പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി എ ശിവരാജന്‍ ആവശ്യപ്പെട്ടു. നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢനീക്കത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ആര്‍എസ്എസ് ആക്രമണത്തില്‍ എഐടിയുസി സംസ്ഥാന സെക്രട്ടറി ടി ജെ ആഞ്ചലോസ് പ്രതിഷേധിച്ചു. സിപിഐ ജില്ലാ സെക്രട്ടറി എ ശിവരാജന്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ ആലപ്പുഴ മണ്ഡലം ആക്ടിങ് സെക്രട്ടറി ഡി ഹര്‍ഷകുമാര്‍, എ എം ഹനീഫ്, ലോക്കല്‍ സെക്രട്ടറി അജയകുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ആക്രമണത്തില്‍ കെ സി വേണുഗോപാല്‍ എംപി അപലപിച്ചു. ഒരു പ്രകോപനവുമില്ലാതെ പള്ളിക്കുനേരെ നടന്ന ആക്രമണത്തില്‍ മതപണ്ഡിതന് പരിക്കേറ്റത് നിസാരമായി കാണാനാവില്ലെന്നും കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വേണുഗോപാല്‍ അമേരിക്കയില്‍നിന്നും ടെലിഫോണില്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. ആക്രമണം ആസൂത്രിതവും വര്‍ഗീയകലാപം ലക്ഷ്യമാക്കിയുള്ളതാണെന്ന് എന്‍വൈസി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മുജീബ് റഹ്മാനും ജില്ലാ പ്രസിഡന്റ് ദില്‍രാജ് സ്റ്റീഫനും ആരോപിച്ചു.

മതസൌഹാര്‍ദം തകര്‍ക്കാന്‍ ശ്രമം: ഐസക്

ആലപ്പുഴ: വടക്കനാര്യാട് റോഡുമുക്ക് മസ്ജിദുസ്സഈദ് പള്ളിക്കും ഉസ്താദ് മുഹമ്മദ് നവാസിനുമെതിരെ നടന്ന ആര്‍എസ്എസ് ആക്രമണം അത്യന്തം ഹീനവും നിന്ദ്യവുമായ പ്രവൃത്തിയാണെന്ന് ധനമന്ത്രി തോമസ് ഐസക് പ്രസ്താവനയില്‍ പറഞ്ഞു. മതസൌഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍ ഇത്തരം നികൃഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. പഥസഞ്ചലനത്തിന് പരിശീലനം നടത്തിക്കൊണ്ടിരുന്ന ഒരു സംഘം പ്രകോപനം ഒന്നുമില്ലാതെ മദ്രസ അധ്യാപകനെ ആക്രമിക്കുകയും പള്ളിയുടെ ജനല്‍ചില്ലുകള്‍ എറിഞ്ഞുതകര്‍ക്കുകയുമായിരുന്നു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന മതസൌഹാര്‍ദവും സമാധാനന്തരീക്ഷവും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം സംഭവത്തിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമാധനകാംക്ഷികളായ മനുഷ്യസ്നേഹികള്‍ സഹിഷ്ണുത കൈവെടിയരുത്. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പ്രകോപനം സൃഷ്ടിച്ച് സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കാന്‍ സാഹചര്യം ഒരുക്കരുത്. ദൌര്‍ഭാഗ്യകരമായ സംഭവത്തിന്റെ മറവില്‍ വര്‍ഗീയമായ മുതലെടുപ്പിനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

പള്ളി ആക്രമണം ജി സുധാകരന്‍ അപലപിച്ചു

ആലപ്പുഴ: മണ്ണഞ്ചേരി റോഡുമുക്ക് മസ്ജിദുസ്സഈദ് മുസ്ളിംപള്ളിയില്‍ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ സഹകരണ മന്ത്രി ജി സുധാകരന്‍ ശക്തമായി അപലപിച്ചു. അക്രമത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹ്യവിരുദ്ധരെ കണ്ടെത്തി കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ടിനോട് മന്ത്രി നേരിട്ട് ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് മന്ത്രി കത്ത് നല്‍കി. തെരഞ്ഞെടുപ്പുകാലത്ത് മതസൌഹാര്‍ദ്ദം തകര്‍ത്ത് ബോധപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള സാമൂഹ്യവിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകരാകണമെന്ന് മന്ത്രി ജി സുധാകരന്‍ അഭ്യര്‍ഥിച്ചു. സമൂഹത്തിന്റെ ഐക്യം തകര്‍ക്കാനുള്ള അക്രമികളുടെ ശ്രമങ്ങളെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടാന്‍ സജീവമായി പ്രവര്‍ത്തനരംഗത്തിറങ്ങാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരോട് മന്ത്രി ജി സുധാകരന്‍ ആഹ്വാനം ചെയ്തു.

ദേശാഭിമാനി വാര്‍ത്ത 111010

1 comment:

  1. വടക്കനാര്യാട് റോഡുമുക്ക് മസ്ജിദുസ്സഈദ് പള്ളിക്കും ഉസ്താദ് മുഹമ്മദ് നവാസിനുമെതിരെ നടന്ന ആര്‍എസ്എസ് ആക്രമണം അത്യന്തം ഹീനവും നിന്ദ്യവുമായ പ്രവൃത്തിയാണെന്ന് ധനമന്ത്രി തോമസ് ഐസക് പ്രസ്താവനയില്‍ പറഞ്ഞു. മതസൌഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍ ഇത്തരം നികൃഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. പഥസഞ്ചലനത്തിന് പരിശീലനം നടത്തിക്കൊണ്ടിരുന്ന ഒരു സംഘം പ്രകോപനം ഒന്നുമില്ലാതെ മദ്രസ അധ്യാപകനെ ആക്രമിക്കുകയും പള്ളിയുടെ ജനല്‍ചില്ലുകള്‍ എറിഞ്ഞുതകര്‍ക്കുകയുമായിരുന്നു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന മതസൌഹാര്‍ദവും സമാധാനന്തരീക്ഷവും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം സംഭവത്തിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    ReplyDelete