Wednesday, October 6, 2010

മൈസൂരുവിലെ ഊരുവിലക്കിനെതിരെ

മൈസൂരു: മൈസൂരു ജില്ലയിലെ സാലിഗ്രാമില്‍ ദളിതരെ ഊരുവിലക്കിയതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം. ജനതാദള്‍ എംഎല്‍എ മഹേഷിന്റെ നേതൃത്വത്തില്‍ മേല്‍ജാതിക്കാര്‍ 350ലേറെ ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് കല്‍പ്പിച്ചിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മാരുതി മാന്‍പടെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പല ദളിതരെയും സ്വന്തം സ്ഥലങ്ങളില്‍പ്പോലും ജോലിചെയ്യാന്‍ അനുവദിക്കുന്നില്ല. മേല്‍ജാതിക്കാരുടെ ഉടമസ്ഥതയിലുള്ള അരിമില്ല്, അച്ചടിസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ നൂറുകണക്കിനു ദളിതരെയാണ് പിരിച്ചുവിട്ടത്. മേല്‍ജാതിക്കാരന്റെ വളര്‍ത്തുമൃഗം ദളിതന്റെ കൃഷിയിടത്തില്‍ കയറിയതിനെച്ചൊല്ലിയുള്ള നിസ്സാര തര്‍ക്കങ്ങളാണ് ഊരുവിലക്കില്‍ എത്തിയത്. സംഭവത്തെത്തുടര്‍ന്ന് ദളിത് യുവാവിന് മര്‍ദനമേറ്റു. ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയതാണ് മേല്‍ജാതിക്കാരുടെ പ്രകോപനത്തിനു കാരണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സവര്‍ണര്‍ക്കുവേണ്ടി രംഗത്തുണ്ടെന്ന് മാരുതി മാന്‍പടെ പറഞ്ഞു.

ഊരുവിലക്കിന് ഇരയായവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണം. സംസ്ഥാനത്തിനു നാണക്കേടുണ്ടാക്കുന്ന സംഭവവികാസങ്ങളില്‍ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നല്‍കും. ബിജെപി അധികാരമേറിയശേഷം കര്‍ണാടകത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ദളിത്പീഡന പരമ്പരതന്നെ അരങ്ങേറുകയാണ്. ചിത്രദുര്‍ഗ, ഗുല്‍ബര്‍ഗ, റായ്ചൂര്‍, കോലാര്‍ എന്നിവടിങ്ങളിലെ ദളിത് പീഡനങ്ങള്‍ക്ക് എതിരെ സിപിഐ എം പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ സിഐടിയു സംസ്ഥാന സെക്രട്ടറി എസ് വരലക്ഷ്മിയും പങ്കെടുത്തു.

1 comment:

  1. മൈസൂരു ജില്ലയിലെ സാലിഗ്രാമില്‍ ദളിതരെ ഊരുവിലക്കിയതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം. ജനതാദള്‍ എംഎല്‍എ മഹേഷിന്റെ നേതൃത്വത്തില്‍ മേല്‍ജാതിക്കാര്‍ 350ലേറെ ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് കല്‍പ്പിച്ചിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മാരുതി മാന്‍പടെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete