Thursday, May 27, 2010

അഷ്നയുടെ കണ്ണീരും കോണ്‍ഗ്രസും തമ്മിലെന്ത്?

കേരളമനസ്സിന്റെ കണ്ണീരായിരുന്നു അഷ്നയെന്ന പെകുട്ടി. എല്ലാ ശാരീരികാവശതകളോടും പടപൊരുതി അഷ്ന എസ്എസ്എല്‍സിക്ക് ഉയര്‍ന്ന വിജയം നേടിയിരിക്കുന്നു. ഈ വിജയാഹ്ളാദങ്ങള്‍ക്കിടെ അച്ഛനോടൊപ്പം അഷ്ന, എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെകാണാന്‍ കാസര്‍കോട്ടെത്തി. 'മാര്‍ക്സിസ്റ്റ് അക്രമ'ത്തിനെതിരെ തനിക്ക് കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് അഷ്നയെ തോളില്‍ തട്ടി രാഹുല്‍ഗാന്ധി ആശ്വസിപ്പിച്ചു.

2000 സെപ്തംബര്‍ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിവസമാണ് അന്ന് അഞ്ചരവയസ്സുകാരിയായിരുന്ന അഷ്നയുടെ കാല്‍പാദം ആര്‍എസ്എസ് നടത്തിയ ബോംബാക്രമണത്തില്‍ അറ്റുചിതറിപ്പോയത്. അഷ്നയുടെ അനുജന്‍ മൂന്നരവയസ്സുകാരന്‍ ആനന്ദിന്റെ ശരീരത്തില്‍ ബോംബുചീളുകള്‍ തുളച്ചുകയറി. അഷ്നയുടെ അമ്മ ശാന്തയുടെ രണ്ടുകാലിനും പരിക്കേറ്റു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന അഷ്നയുടെ വലിയമ്മ ഈ ആഘാതത്തില്‍ ബോധരഹിതയായി. അഷ്നയെ തലശേരി സഹകരണാശുപത്രിയിലും തുടര്‍ന്ന് എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലും ചികിത്സിച്ചു.

കണ്ണൂര്‍ ജില്ലയിലെ പാട്യം പഞ്ചായത്തിലെ 8, 10 വാര്‍ഡുകളുടെ ബൂത്തുകള്‍ പ്രവര്‍ത്തിച്ച പൂവത്തൂര്‍ ന്യൂ എല്‍പി സ്കൂളിന്റെ പരിസരത്താണ് ആര്‍എസ്എസ് അഴിഞ്ഞാടിയത്. കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടായിരുന്ന ഈ പ്രദേശത്ത് കോണ്‍ഗ്രസ് വോട്ടര്‍മാരെ ഭയപ്പെടുത്തി കീഴ്പ്പെടുത്തി പോളിങ് സ്റ്റേഷന്‍ കൈയേറി വോട്ട് കുത്തിയിടുകയായിരുന്നു. ഈ സംഭവകഥയില്‍ പൊയ്ക്കാലില്‍ സഞ്ചരിക്കേണ്ടിവന്ന കഥാപാത്രമായ അഷ്നയെ കണ്ടപ്പോഴാണ് മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരെ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന രാഹുലിന്റെ തിരുമൊഴി. ആ സംഭവങ്ങളുടെ സത്യാവസ്ഥ രാഹുലിനെ ബോധ്യപ്പെടുത്തിയിരിക്കില്ല. അദ്ദേഹം പറഞ്ഞതിലെന്താശ്ചര്യം. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ.

അഷ്ന വധശ്രമക്കേസിലെ പ്രതിയായ ആര്‍എസ് എസ് ശാഖാ മുഖ്യശിക്ഷക് കാഞ്ഞാന്‍ പ്രദീപനും കരുവിന്റെവിടെ ദിലീഷും അഷ്നയുടെ വീടിന്റെ വിളിപ്പാടകലെയുള്ള അത്യറ ഭഗവതി കാവില്‍ ബോംബ് നിര്‍മാണത്തിനിടയിലുണ്ടായ സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലും സിപിഐ എമ്മിനെ നേരിടാന്‍ ആര്‍എസ്എസ് നിര്‍മിക്കുന്ന ബോംബുകളും അക്രമകാരികളെയും കയറ്റുമതി ചെയ്യുന്നതിവിടെനിന്നാണ്. എന്നിട്ടും മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരെ എന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് രാഹുല്‍ പറഞ്ഞതിന്റെ പൊരുളെന്ത്?

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനെപ്പറ്റി കേരളയുവത്വത്തെ ബോധ്യപ്പെടുത്താനാണ് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. അദ്ദേഹമിവിടെ എത്തുന്നതിന് അഞ്ചുദിവസംമുമ്പാണ് നന്തന്‍കോട് ആന്റണി ഫ്രാന്‍സിസ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുറവന്‍കോണം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെ ആര്‍ വിജയന്‍ ചവുട്ടിക്കൊന്നത്. മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളേജിലെ സ്റ്റുഡന്റ് എഡിറ്ററും കെഎസ് യു പ്രവര്‍ത്തകനുമായ നടുവനാട്ടെ ബഷീറിനെ കോളേജ് ക്യാന്റീന്‍ പരിസരത്തുനിന്ന് വിറക് കൊള്ളികൊണ്ട് എറിഞ്ഞുകൊന്നത് കെ എസ് യു നേതാക്കളാണെന്ന് രാഹുല്‍ അറിയാനിടയില്ല. ആലപ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗ വേദിയിലെ അടി സദസ്സിലേക്കിറങ്ങിയതും ശോഭന ജോര്‍ജിന്റെ വസ്ത്രമുരിഞ്ഞതും കോണ്‍ഗ്രസ് ജാഥയെ സ്വീകരിക്കാന്‍ ചെന്നവര്‍ കളിയിക്കാവിളയില്‍ തമ്മില്‍ നടത്തിയ അക്രമപ്പേക്കൂത്തുകളും രാഹുല്‍ഗാന്ധിക്ക് ഓര്‍മയില്‍ ഉണ്ടായിരിക്കുകയില്ല.

താഴെത്തട്ടില്‍ പ്രവര്‍ത്തിക്കാതെ നോമിനേഷനിലൂടെ പൊടുന്നനെ നേതാവാകുന്ന പാരച്യൂട്ട് സമ്പ്രദായം യൂത്ത് കോണ്‍ഗ്രസില്‍ അവസാനിപ്പിക്കുമെന്ന് രാഹുല്‍ ദൃഢപ്രതിജ്ഞയെടുത്തിരിക്കുകയാണ്. കെഎസ്യു സംഘടനാതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ പ്രസിഡന്റും തൊട്ടടുത്ത സ്ഥാനത്തെത്തുന്നയാള്‍ വൈസ്പ്രസിഡന്റും മൂന്നാമത്തെയാള്‍ ജനറല്‍ സെക്രട്ടറി എന്നിങ്ങനെയായിരുന്നു തെരഞ്ഞെടുപ്പ് രീതി. ഇതിനിടയിലും ഗ്രൂപ്പ് കളിയുടെ ചക്രം തിരിച്ചവര്‍ അന്യ ഗ്രൂപ്പുകാരനെ അരിഞ്ഞുവീഴ്ത്തിയത് കേരളീയര്‍ മുഴുവന്‍ കണ്ടതാണ്. കെഎസ്യു തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ ഗ്രൂപ്പ് വിവാദത്തില്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സോണിയ ഗാന്ധിയുടെ സാന്നിധ്യത്തില്‍ എ കെ ആന്റണി ശക്തമായി വിമര്‍ശിക്കുകയുണ്ടായി. കോണ്‍ഗ്രസിന്റെ നില ഇപ്പോഴും കേരളത്തില്‍ ഭദ്രമല്ലെന്ന് ആന്റണി അവരെ ഓര്‍മപ്പെടുത്തിയത് കരുതി കാല്‍വെട്ടും തൊഴുത്തില്‍കുത്തും കോണ്‍ഗ്രസില്‍ അവസാനിപ്പിക്കണമെന്ന ആഗ്രഹം കൊണ്ടാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
കാല്‍നൂറ്റാണ്ടിനുശേഷം യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാനസമ്മേളനത്തിന് കേരളം സാക്ഷ്യംവഹിച്ചു. ഈ സമ്മേളനം ഗൌരവതരമായ ചില ചോദ്യങ്ങളുയര്‍ത്തി. കുറേക്കാലമായി പാര്‍ടി സ്ഥാനമാനങ്ങളും ജനപ്രതിനിധിപട്ടങ്ങളും ഒന്നിച്ച് വഹിക്കുന്നവര്‍ ഇനി പാര്‍ടിയില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും എംഎല്‍എ സ്ഥാനവും എംപി സ്ഥാനവും ചത്താലേ ഒഴിയൂ എന്ന പ്രവണത അവസാനിപ്പിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. തറവാട് ഭാഗംവയ്ക്കുമ്പോള്‍ ചെമ്പും ഉരുളിയും കഴിച്ച് കിണ്ടിയും കോളാമ്പിയും ബാക്കിയുള്ളവര്‍ക്ക് കൊടുക്കാറുണ്ട്. യൂത്ത് കോണ്‍ഗ്രസിന് അതുപോലും കിട്ടിയില്ലെന്നും ഇതിനിയും തുടരാനനുവദിക്കില്ലെന്നും ചര്‍ച്ച നടന്നതായി വാര്‍ത്ത വന്നു. കോണ്‍ഗ്രസ് പാര്‍ടിയിലേക്ക് ആര്‍ക്കും വരാമെന്നും എന്നാല്‍ മറ്റുപാര്‍ടികള്‍ വിസര്‍ജിക്കുന്നവര്‍ ഓടിക്കയറുമ്പോള്‍ പാര്‍ടിയിലും പാര്‍ലമെന്ററി രംഗത്തും പട്ടുംവളയും കൊടുക്കുന്ന ശൈലി അംഗീകരിക്കാനാകില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഓരോ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനുള്ള പുറപ്പാടിലാണ്. ഈ പോരാട്ടത്തില്‍ ആര് വിജയിക്കുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. കളികാണാന്‍ കാത്തുനിന്നത്രയും നേരം ഇനി ബാക്കിയില്ല.

രാഹുല്‍ മടങ്ങിപ്പോകുന്ന പോക്കിലാണ് സിപിഐ എം കാലഹരണപ്പെട്ട പാര്‍ടിയാണെന്ന് പ്രവചിച്ചത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഭൂതകാലത്തിലും വെറും ആശയത്തിലും മാത്രം കുടുങ്ങിക്കിടക്കുകയാണെന്ന് പറഞ്ഞുവച്ചു. സാമ്രാജ്യത്വ വിരുദ്ധപോരാട്ടങ്ങളിലൂടെ വളര്‍ന്ന പ്രസ്ഥാനമാണ് സിപിഐഎം. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴടങ്ങുന്ന രാഹുല്‍ഗാന്ധിയുടെയും വിയര്‍പ്പിന്റെ വിലയ്ക്ക് കേരളീയരുടെ അഭിമാനം വിറ്റുതുലച്ച ശശി തരൂരിന്റെയും കോണ്‍ഗ്രസ് പാര്‍ടിയെ നയിക്കുന്നത് സോണിയ ഗാന്ധിയാണ്. അവര്‍ നയിക്കുന്ന പാര്‍ടിക്ക് മേധാവിത്വമുള്ള ഇന്ത്യന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം ശതകോടീശ്വരന്മാര്‍ തീരുമാനിച്ചാല്‍ കീഴടക്കാന്‍ കഴിയുന്നതല്ല ഇന്ത്യയിലെ സിപിഐ എം. ഹര്‍ത്താല്‍ നടത്തിയാല്‍ വിലക്കയറ്റം തടയാനാകുമോ എന്ന ചോദ്യമുയര്‍ത്തി ലേഖനമെഴുതിയാല്‍ തകര്‍ക്കാനാകുന്നതല്ല സിപിഐ എമ്മിന്റെ പോരാട്ടവീറ്. കടല്‍വെള്ളം കുറുക്കിയാല്‍ സ്വാതന്ത്ര്യം കിട്ടുമോ എന്ന് ഗാന്ധിജിയോട് ചിലര്‍ ചോദിച്ചിരുന്നു. അത്തരമൊരു വഷളന്‍ചോദ്യം മാത്രമാണത്. ഹര്‍ത്താല്‍ നടത്തിയാല്‍ വിലകുറയുമോ എന്ന ഉമ്മന്‍ചാണ്ടിയുടെ പ്രതികരണത്തിന് സമാനമാണ് സിപിഐ എം കാലഹരണപ്പെട്ട പാര്‍ടിയാണെന്ന രാഹുലിന്റെ നിരീക്ഷണമെന്ന് കോണ്‍ഗ്രസുകാര്‍ക്ക് പോലും അറിയാം.

എം സുരേന്ദ്രന്‍ ദേശാഭിമാനി 26052010

രാഹുല്‍ പറഞ്ഞതും പറയാ‍ത്തതും
രാഹുല്‍ജി വന്നു രാഹുല്‍ജി പോയി

1 comment:

  1. കേരളമനസ്സിന്റെ കണ്ണീരായിരുന്നു അഷ്നയെന്ന പെകുട്ടി. എല്ലാ ശാരീരികാവശതകളോടും പടപൊരുതി അഷ്ന എസ്എസ്എല്‍സിക്ക് ഉയര്‍ന്ന വിജയം നേടിയിരിക്കുന്നു. ഈ വിജയാഹ്ളാദങ്ങള്‍ക്കിടെ അച്ഛനോടൊപ്പം അഷ്ന, എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെകാണാന്‍ കാസര്‍കോട്ടെത്തി. 'മാര്‍ക്സിസ്റ്റ് അക്രമ'ത്തിനെതിരെ തനിക്ക് കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് അഷ്നയെ തോളില്‍ തട്ടി രാഹുല്‍ഗാന്ധി ആശ്വസിപ്പിച്ചു.

    2000 സെപ്തംബര്‍ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിവസമാണ് അന്ന് അഞ്ചരവയസ്സുകാരിയായിരുന്ന അഷ്നയുടെ കാല്‍പാദം ആര്‍എസ്എസ് നടത്തിയ ബോംബാക്രമണത്തില്‍ അറ്റുചിതറിപ്പോയത്. അഷ്നയുടെ അനുജന്‍ മൂന്നരവയസ്സുകാരന്‍ ആനന്ദിന്റെ ശരീരത്തില്‍ ബോംബുചീളുകള്‍ തുളച്ചുകയറി. അഷ്നയുടെ അമ്മ ശാന്തയുടെ രണ്ടുകാലിനും പരിക്കേറ്റു.

    ReplyDelete