Saturday, October 9, 2010

യു ഡി എഫിന്റെ അവിശുദ്ധ ബാന്ധവം

'കള്ളന്‍, കള്ളന്‍' എന്നു വിളിച്ചുകൂവി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്ന കള്ളന്റെ തന്ത്രമാണ് തിരഞ്ഞെടുപ്പു കാലത്ത് കേരളത്തില്‍ കോണ്‍ഗ്രസും യു ഡി എഫും പയറ്റാറുള്ളത്. ബി ജെ പി ഉള്‍പ്പെടെ എല്ലാ വര്‍ഗീയ പാര്‍ട്ടികളുമായും കൂട്ടുകെട്ടുണ്ടാക്കുമ്പോള്‍ ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാന്‍ ഇടതുജനാധിപത്യ മുന്നണി ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന പ്രചാരണം അഴിച്ചുവിടുന്നത് ഈ തന്ത്രത്തിന്റെ ഭാഗമാണ്.

കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും പ്രചാരണത്തിന്റെ ആയുസ്സ് ഏതാനും ദിവസം മാത്രമാണെന്ന്, നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി. കോണ്‍ഗ്രസിനും യു ഡി എഫിനും ബി ജെ പിക്കും നിരവധി വാര്‍ഡുകളില്‍ പൊതു സ്ഥാനാര്‍ഥികളാണുള്ളത്. ഇത് ഏതെങ്കിലും ഒരു ജില്ലയില്‍ പരിമിതപ്പെടുന്നില്ല. ബി ജെ പിയും ലീഗും കോണ്‍ഗ്രസും ഒന്നിച്ചുനിന്ന കാസര്‍ഗോട്ടെ പുത്തിഗ പഞ്ചായത്തിന്റെ മാതൃക ഇത്തവണ കൂടുതല്‍ വ്യാപകമാക്കുന്നത്, കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും സംസ്ഥാന നേതൃത്വങ്ങള്‍ എടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ്. കാസര്‍ഗോഡിനു പുറമെ, പാലക്കാട്, തൃശൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളിലെല്ലാം നിരവധി വാര്‍ഡുകളില്‍ ബി ജെ പിയും യു ഡി എഫും യോജിച്ചാണ് മത്സരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷനില്‍ നാലിലൊന്ന് വാര്‍ഡുകളില്‍ മാത്രമാണ് ഇത്തവണ ബി ജെ പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുളളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആയിരത്തിലധികം വോട്ടു നേടിയ വാര്‍ഡുകളില്‍ പോലും ഇത്തവണ ബി ജെ പി മത്സരരംഗത്തില്ല. കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ബി ജെ പി പിന്‍വാങ്ങിയതിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും വാര്‍ത്തകളുണ്ട്. ബി ജെ പിയുടെ പതിവ് വോട്ടു കച്ചവടം ഈ തിരഞ്ഞെടുപ്പിലും അരങ്ങേറുകയാണ്.

തൃശൂര്‍ ജില്ലയില്‍ ചില പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിനു വേണ്ടി ബി ജെ പി സ്ഥാനാര്‍ഥികളെ പിന്‍വലിച്ചപ്പോള്‍ മറ്റു ചില പഞ്ചായത്തുകളില്‍ ബി ജെ പിക്കു വേണ്ടി കോണ്‍ഗ്രസ് കളമൊഴിഞ്ഞുകൊടുത്തു. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് കോണ്‍ഗ്രസ്-ബി ജെ പി സഖ്യത്തിന്റെ ഏറ്റവും നല്ല തെളിവാണ്. ഒരു വാര്‍ഡില്‍ മാത്രമാണ് ബി ജെ പി സ്ഥാനാര്‍ഥിയുള്ളത്. മറ്റ് വാര്‍ഡുകളില്‍ കോണ്‍ഗ്രസിനു പിന്തുണ നല്‍കുന്നു. ബി ജെ പി മത്സരിക്കുന്ന ഏഴാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയില്ല. നെന്മണിക്കര പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ആര്‍ എസ് എസ് കാര്യവാഹകാണ് ബി ജെ പിയുടെ സ്ഥാനാര്‍ഥി. ഇവിടെയും കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം എടവിലങ്ങ് പഞ്ചായത്തില്‍ യു ഡി എഫ്-ബി ജെ പി കൂട്ടുകെട്ടായിരുന്നു ഭരണം നടത്തിയത്. എടവിലങ്ങ് മോഡല്‍ ഇത്തവണ ജില്ലയില്‍ വ്യാപകമാക്കാനാണ് കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും തീരുമാനം.

പാലക്കാട് ജില്ലയില്‍ പുതുശ്ശേരി, കണ്ണാടി തുടങ്ങിയ പഞ്ചായത്തുകളില്‍ എല്‍ ഡി എഫിനെതിരെ പൊതു സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസും ബി ജെ പിയും രംഗത്തിറക്കിയിരിക്കുന്നത്.

പൗരമുന്നണി എന്ന ഓമനപേരിലാണ് കോണ്‍ഗ്രസും ബി ജെ പിയും മത്സരിക്കുന്നത്. ബി ജെ പിയുമായുള്ള അവിശുദ്ധസഖ്യത്തിന് ഇതുവഴി മറയിടാനാവുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തന്ത്രം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള തിരഞ്ഞെടുപ്പ് കൂട്ടുകെട്ട് കേരളത്തിലെ ജനങ്ങള്‍ക്ക് ഒട്ടും പുതുമയുള്ളതല്ല. കുപ്രസിദ്ധമായ വടകര-ബേപ്പൂര്‍ മോഡലുകള്‍ ഒന്നിലേറെ തവണ അവര്‍ പരീക്ഷിച്ചതാണ്. നിയമസഭയിലേയ്ക്കും പാര്‍ലമെന്റിലേയ്ക്കും നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം പല മണ്ഡലങ്ങളിലും യു ഡി എഫിന് അനുകൂലമായി വോട്ടു മറിച്ച് ബി ജെ പി നേതാക്കന്‍മാര്‍ പരസ്യമായി സമ്മതിച്ച കാര്യമാണ്. ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും വോട്ടു മറിപ്പിനെ ചൊല്ലി ബി ജെ പിയില്‍ കലഹം നടക്കും. അന്വേഷണ കമ്മിഷനുകളെ നിയോഗിക്കും. അടുത്ത തിരഞ്ഞെടുപ്പുവരെ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരില്ല. വോട്ടു മറിപ്പിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ മാത്രമല്ല, സാമ്പത്തിക പരിഗണനകളുമുണ്ടെന്നതും ഒരു രഹസ്യമല്ല. വന്‍തുകയുടെ ഇടപാടാണിത്.

കോണ്‍ഗ്രസിനെയും ബി ജെ പിയെയും അടുപ്പിക്കുന്ന രാഷ്ട്രീയം എല്ലാവര്‍ക്കുമറിയാം. രണ്ടു പാര്‍ട്ടികളും മുഖ്യ ശത്രുവായി കാണുന്നത് ഇടതുജനാധിപത്യമുന്നണിയെയാണ്. ശത്രുവിന്റെ ശത്രു മിത്രം എന്ന സിദ്ധാന്തം തിരഞ്ഞെടുപ്പു ഘട്ടത്തില്‍ പരസ്യമായി പ്രഖ്യാപിക്കാന്‍ ബി ജെ പി നേതാക്കന്‍മാര്‍ മടിക്കാറുമില്ല.

ഇടതുജനാധിപത്യമുന്നണിയെ എതിര്‍ക്കാന്‍ ബി ജെ പിയുടെ മാത്രമല്ല തീവ്രവര്‍ഗീയകക്ഷിയായ എസ് ഡി പി ഐയുടെ സഹായവും കോണ്‍ഗ്രസ് തേടുന്നുണ്ട്. എല്ലാ വര്‍ഗീയ-സാമുദായിക ശക്തികളെയും കൂട്ടുപിടിക്കുക പ്രഖ്യാപിത നയമായി അംഗീകരിച്ച കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നും മറിച്ചൊരു നിലപാട് പ്രതീക്ഷിക്കാനാവില്ല. പരാജയഭീതിയാണ് തിരഞ്ഞെടുപ്പില്‍ വര്‍ഗീയശക്തികളുമായി കൂട്ടുചേരാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്. അവിശുദ്ധ സഖ്യങ്ങളുടെ അപകടം തിരിച്ചറിയുന്ന ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെയും യു ഡി എഫിനെയും പാഠം പഠിപ്പിക്കും.

ജനയുഗം മുഖപ്രസംഗം 09102010

1 comment:

  1. കള്ളന്‍, കള്ളന്‍' എന്നു വിളിച്ചുകൂവി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്ന കള്ളന്റെ തന്ത്രമാണ് തിരഞ്ഞെടുപ്പു കാലത്ത് കേരളത്തില്‍ കോണ്‍ഗ്രസും യു ഡി എഫും പയറ്റാറുള്ളത്. ബി ജെ പി ഉള്‍പ്പെടെ എല്ലാ വര്‍ഗീയ പാര്‍ട്ടികളുമായും കൂട്ടുകെട്ടുണ്ടാക്കുമ്പോള്‍ ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാന്‍ ഇടതുജനാധിപത്യ മുന്നണി ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന പ്രചാരണം അഴിച്ചുവിടുന്നത് ഈ തന്ത്രത്തിന്റെ ഭാഗമാണ്.

    ReplyDelete