കര്‍ഷക ജനതയുടെ ജീവിതസ്വപ്നം തല്ലിക്കെടുത്തിയ ഭരണാധികാരികള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പും താക്കീതുമായ ജനമുന്നേറ്റം. കേരള സമരചരിത്രത്തിലെ ഐതിഹാസിക ഏടായിമാറിയ അമരാവതി സമരം കര്‍ഷകര്‍ക്ക് എക്കാലവും അഭിമാനം നല്‍കുന്ന അടയാളം കൂടിയാണ്. കര്‍ഷകജനതയെ പ്രത്യേകിച്ച് മലയോര കര്‍ഷകരെ ഭൂമിയുടെ അവകാശികളാക്കാനായുള്ള സഹന സമരത്തിന് നേതൃത്വം നല്‍കാന്‍ പാവങ്ങളുടെ പടത്തലവന്‍ എ കെ ജി തന്നെ രംഗത്തെത്തിയത് അവിസ്മരണീയ മുഹൂര്‍ത്തമായി. എന്നന്നേക്കും നഷ്ടപ്പെട്ടുപോയെന്നു കരുതിയ ജീവിതം തിരിച്ചുനല്‍കാന്‍ സ്വന്തം ആരോഗ്യം മറന്ന് സമര തീച്ചൂളയില്‍ നിലകൊണ്ട എകെജിയെയും കര്‍ഷകനേതാക്കളെയും ഒരിക്കല്‍കൂടി മലയോര ജനത സ്മരിക്കുകയാണ്. അമരാവതി സമരത്തിന്റെ 50-ാം വാര്‍ഷികം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജില്ല ആചരിക്കുമ്പോള്‍ കര്‍ഷക പോരാട്ടങ്ങളുടെ പ്രസക്തി കാലത്തിനതീതമായി നിലകൊള്ളുന്നു.
പകരം സംവിധാനമോ സംരക്ഷണമോ പരിരക്ഷയോ ഇല്ലാതെ അയ്യപ്പന്‍കോവില്‍ മേഖലയിലെ 1700ലധികം കുടുംബങ്ങളെയാണ് 1961ല്‍ ഇടുക്കി പദ്ധതിയുടെ പേരില്‍ കുടിയിറക്കി കെഎസ്ആര്‍ടിസി ബസില്‍ കുമളിക്കടുത്ത് അമരാവതിയിലെ ചെളിക്കുണ്ടില്‍ കൊണ്ടുതള്ളിയത്. അടിമത്ത കാലഘട്ടത്തില്‍പോലും ചെയ്യാത്ത ഈ കൊടുംക്രൂരത കാട്ടിയത് കോണ്‍ഗ്രസ് സര്‍ക്കാരും. നാടിന്റെയാകെ വികാരം ഉള്‍ക്കൊണ്ട് ഭരിച്ച ജനകീയ സര്‍ക്കാരിനെ വിമോചനസമരങ്ങളിലൂടെ അട്ടിമറിച്ച ശക്തികള്‍ അധികാരത്തിലെത്തിയപ്പോള്‍ ചെയ്ത ഈ മനുഷ്യത്വരഹിത കുടിയിറക്കിന് ചരിത്രസത്യത്തില്‍ ന്യായീകരണമില്ല.
അധികാരത്തിനുവേണ്ടി എന്തും ചെയ്യുമെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ ഫാ. വടക്കന്‍ എ കെ ജിയുടെ സമരത്തിന് പിന്തുണയുമായി രംഗത്തുവന്നു. വസ്തുതകളും ന്യായാന്യായവും തിരിച്ചറിഞ്ഞപ്പോള്‍ കര്‍ഷകരുടെ അവകാശം നേടിയെടുക്കാന്‍ എകെജിയോടൊത്ത് സമരഭൂവില്‍ നിലകൊള്ളുകയായിരുന്നു. പാവങ്ങളെ പിറന്ന മണ്ണില്‍നിന്നും കുടിയിറക്കി നരകയാതനകളിലേക്ക് എറിഞ്ഞ ഈ ഭരണാധികാരികള്‍ക്കുവേണ്ടിയായിരുന്നോ വിമോചനസമരം സംഘടിപ്പിച്ചതെന്ന പശ്ചാത്താപവും ഫാ. വടക്കന്‍ മറച്ചുവച്ചില്ല. പാവങ്ങളുടെ മോചനത്തിനായി പ്രവര്‍ത്തിച്ച യേശുദേവനോടാണ് ഫാ. വടക്കന്‍ എകെജിയെ ഉപമിച്ചത്. കൂടാതെ വിമോചന സമരം നടത്തി അധികാരത്തിലേറ്റിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കൊടുംക്രൂരതയെ കടുത്ത ഭാഷയിലാണ് അപലപിച്ചത്. കര്‍ഷകജനതയ്ക്ക് സംരക്ഷണനും അവകാശവും നല്‍കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ നിരാലംബരെ പെരുവഴിയിലേക്ക് വലിച്ചെറിഞ്ഞത് മനുഷ്യത്വത്തിന് നിരക്കാത്തതാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. എകെജിയും ഞാനും കമ്യൂണിസ്റ്റുകാരും വിരുദ്ധരും ഒന്നുചേര്‍ന്ന് കുടിയിറക്കിനെ നേരിടുമെന്ന ഫാ. വടക്കന്റെ പ്രഖ്യാപനം കോണ്‍ഗ്രസ് നേതാക്കളെയും മതമേലധ്യക്ഷന്‍മാരെയും ചൊടിപ്പിച്ചു.
കര്‍ഷകരെ കുടിയിറക്കില്ലെന്ന് പ്രചാരണം നടത്തി വീമ്പിളക്കിയ പി ടി ചാക്കോയും കൂട്ടരും ഒടുവില്‍ ഇളിഭ്യരായി. ഒടുവില്‍ കര്‍ഷകരോഷം ഭയന്ന് നേതാക്കള്‍ അവരുടെ കണ്ണില്‍പ്പെടാതെ കുറെക്കാലം കഴിച്ചുകൂട്ടി. നിങ്ങളെ കുടിയിറക്കണമെങ്കില്‍ മച്ചിപ്പശു പ്രസവിക്കണമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ഷകരില്‍നിന്നും കുടിയിറക്കിനെതിരെ പിരിവും എടുത്തിരുന്നു. എന്നാല്‍ പട്ടം താണുപിള്ള സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ നടപടിയുമായി നീങ്ങുകയായിരുന്നു. കുടിയൊഴിപ്പിക്കല്‍ നടപടി സുഗമമാക്കാന്‍ ഒരു പൊലീസ് സ്റ്റേഷനും മജിസ്ട്രേറ്റ് കോടതിയും അയ്യപ്പന്‍കോവിലില്‍ സ്ഥാപിച്ചിരുന്നു. സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന്കണ്ട പ്രാദേശിക നേതൃത്വവും ഒഴിഞ്ഞുമാറി. ജനമാകെ വഞ്ചകനേതാക്കള്‍ക്കെതിരെ തിരിഞ്ഞു. ജാതി-മത-രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് കുടിയിറക്കെന്ന കാടത്തത്തെ ഒറ്റക്കെട്ടായി നേരിട്ട സംഭവ പരമ്പരകള്‍ക്കാണ് പിന്നീട് സാക്ഷ്യം വഹിച്ചത്. കുടിയേറ്റത്തിന്റെയും കുടിയിരുത്തലിന്റെയും ചരിത്രമുറങ്ങുന്ന ഇടുക്കിയില്‍ അയ്യപ്പന്‍കോവില്‍ അമരാവതി സമരം കര്‍ഷകര്‍ക്കാകെ ആവേശവും ദിശാബോധവും നല്‍കി. എകെജിയുടെ നേതൃത്വം കൂടിയായപ്പോള്‍ അവകാശലബ്ധിയെന്ന അസുലഭ മുഹൂര്‍ത്തവും.
(കെ ടി രാജീവ്)
ദേശാഭിമാനി 310511

ReplyDelete