'കൊയ്തുമെതിച്ചിട്ട നെല്ല് എറ്റെടുക്കാനാളില്ലാതെ പാടത്ത് കിടക്കുമ്പോള്‍ മേലേ കറുത്തിരുണ്ട് പെയ്യാനൊരുങ്ങുന്ന മാനം നോക്കി തലയില്‍ കൈവച്ച് കരഞ്ഞിട്ടുണ്ട് ഞങ്ങള്‍. അത് മുമ്പ്. ഇപ്പോള്‍ സര്‍ക്കാര്‍ നെല്ലിന്റെ താങ്ങ് വില 13 രൂപയാക്കി. സപ്ളൈകോ വഴി നെല്ലും സംഭരിക്കുന്നു. മില്ലുകാര്‍ വന്ന് നെല്ല് ഏറ്റെടുത്താല്‍ ഒരു രൂപകുറയാതെ പണം ഞങ്ങളുടെ ബാങ്കില്‍വരും.'
എളവള്ളി കുണ്ടുപാടത്തെ കര്‍ഷകരായ ജോസഫും ദിനേശനും കുമാരനുമെല്ലാം ഇങ്ങനെ പറയുമ്പോള്‍ എല്ലുമുറിയെ പണിയെടുത്ത് പൊന്ന് വിളയിച്ചവരുടെ ഉള്ളംനിറഞ്ഞ സന്തോഷമാണ് തെളിയുന്നത്.
തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ സീസണില്‍മാത്രം സപ്ളൈകോ 2600 ക്വിന്റല്‍ നെല്ല് സംഭരിക്കുകയും ഈ സീസണില്‍ രണ്ട്കോടിയോളം രൂപ കര്‍ഷകര്‍ക്ക് സര്‍വീസ് ബാങ്കുകള്‍ വഴി നല്‍കുകയും ചെയ്തുവെന്നത് കര്‍ഷകരുടെ സന്തോഷത്തിന്റെ ഉള്ളറ. കടംമൂലം കര്‍ഷക ആത്മഹത്യ നിത്യമെന്നോണം നടന്നിരുന്നപ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. ഇനിയൊരു കര്‍ഷക ആത്മഹത്യ കേരളം കേള്‍ക്കുകയില്ലെന്ന സര്‍ക്കാരിന്റെ ഉറച്ച നിലപാടാണ് കര്‍ഷകര്‍ക്ക് തുണയായത്. വെറും ഏഴു രൂപയായിരുന്ന നെല്ലിന്റെ താങ്ങ് വിലയാണ് അഞ്ചുകൊല്ലംകൊണ്ട് 13 രൂപയാക്കി ഉയര്‍ത്തിയത്.
നെല്ലിന് വിലയില്ലാതായപ്പോള്‍ വിയര്‍പ്പൊഴുക്കി വിളയിച്ച പാടം തീയിടുന്നതിനുവരെ ഗതികെട്ട കര്‍ഷകര്‍ മുതിര്‍ന്നിരുന്നു. സ്വകാര്യമില്ലുകാര്‍ കിലോയ്ക്ക് അഞ്ചോ ആറോ രൂപ നല്‍കി ഏറ്റെടുത്തിരുന്ന നെല്ല് മതിപ്പ്വില നല്‍കി സര്‍ക്കാര്‍ ഏറ്റെടുത്തതോടെ കര്‍ഷകരുടെ ജീവിതം നിറപ്പച്ചയാര്‍ന്നു. ഇതോടെ സ്വകാര്യ മില്ലുകാരോട് വിലപേശല്‍ നടത്താനും കര്‍ഷകര്‍ക്കായി. പേരിനുമാത്രം നിലവിലുണ്ടായിരുന്ന പാഡിമാര്‍ക്കറ്റിങ് ഓഫീസുകള്‍ ശക്തമാക്കിയും കണിമംഗലത്ത് പുതിയ പാഡി പേമെന്റ് ഓഫീസ് തുടങ്ങിയുമാണ് നെല്ല് സംഭരണത്തിന് ജില്ലയില്‍ വഴിയൊരുക്കിയത്. കൃഷിഭവന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ നെല്ല് പാടത്തെത്തി സപ്ളൈകോ ചുമതലപ്പെടുത്തിയ മില്ലുകാര്‍ ഏറ്റെടുക്കും. തുടര്‍ന്ന് പാഡി ഓഫീസ് പണം കര്‍ഷകരുടെ സര്‍വീസ് അക്കൌണ്ടില്‍ നല്‍കും. 20 മില്ലുകളെയാണ് നെല്ല് ഏറ്റെടുക്കാന്‍ ജില്ലയില്‍ ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ ജോസഫ് ജോഷി വര്‍ഗീസ് പറഞ്ഞു.
തങ്ങളുടെ പാടത്ത് 20 കര്‍ഷകരില്‍ 18പേരും സപ്ളൈകോയ്ക്കാണ് നെല്ല് കൊടുക്കുന്നതെന്ന് കുണ്ടുപാടത്തെ കര്‍ഷകന്‍ പുലിക്കോട്ടില്‍ ജോസഫ് പറഞ്ഞു. സര്‍ക്കാര്‍ നെല്ലേറ്റെടുത്താല്‍ കാശ് തരില്ലെന്ന് സ്വകാര്യ മില്ലുകാര്‍ വ്യാജവാര്‍ത്ത പരത്തുന്നുണ്ട്. അതൊന്നും നാട്ടില്‍ ഏശിയില്ല. ആദ്യവര്‍ഷം പണമെത്താന്‍ അല്‍പ്പം വൈകിയെങ്കിലും ഇപ്പോള്‍ 20 ദിവസത്തിനകം പണം ലഭിക്കുന്നു. ഈ സര്‍ക്കാര്‍ നെല്ലുവില ഇനിയും ഉയര്‍ത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. കോണ്‍ഗ്രസ് അനുഭാവിയാണെങ്കിലും കൃഷിയില്‍ രാഷ്ട്രീയം കലര്‍ത്താറില്ലെന്നും കൃഷിക്ക് ഇത്രമാത്രം സൌകര്യം വേറൊരു സര്‍ക്കാരും തന്നിട്ടില്ലെന്നും ജോസഫ് പറഞ്ഞു.
ഇരുനൂറോളം കര്‍ഷകര്‍ ഓരോ കൃഷിഭവനിലുമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. താലൂക്കടിസ്ഥാനത്തില്‍ മുകുന്ദപുരം(455. 54 ക്വിന്റല്‍),ചാവക്കാട് (238.83 ക്വിന്റല്‍), തൃശൂര്‍ (182.71 ക്വിന്റല്‍), തലപ്പിള്ളി (1719.72 ക്വിന്റല്‍) എന്നിങ്ങനെയാണ് ഈ സീസണില്‍ നെല്ല് ഏറ്റെടുത്തത്. കൊടുങ്ങല്ലൂരില്‍ വിളവെടുപ്പ് കഴിഞ്ഞ് ഏറ്റെടുക്കും. പാടം സംരക്ഷിച്ച് കൂടുതല്‍ വിളവെടുത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ശ്രമങ്ങളാണ് കര്‍ഷകര്‍ക്ക് താങ്ങായത്. വിത്തും വളവും വെള്ളവും വൈദ്യുതിയും സബ്സിഡി നല്‍കി സര്‍ക്കാരും കൃഷി ഉദ്യോഗസ്ഥരും കര്‍ഷകര്‍ക്കൊപ്പം നിന്നപ്പോള്‍ തരിശുഭൂമിയിലും പൊന്നുവിളയിച്ചവരെ നെല്ല് ഏറ്റെടുത്തും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു.
മലയോരകര്‍ഷകര്‍ക്ക് പട്ടയവിതരണത്തിന് നടപടിയായി
മലയോരകര്‍ഷകര്‍ക്ക് പട്ടയവിതരണത്തിന് നടപടിയായി. തൃശൂര്‍ ജില്ലയിലെ ആയിരക്കണക്കിനു മലയോര കര്‍ഷകര്‍ക്ക് ഇതു വഴി കൈവശഭൂമിക്ക് പട്ടയം ലഭിക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു വാഗ്ദാനംകൂടി ഇതോടെ പ്രാവര്‍ത്തികമാകുകയാണ്. 1977 ജനുവരി ഒന്നിനു മുമ്പ് വനഭൂമി കൈവശംവച്ച് പട്ടയത്തിന് അര്‍ഹതയുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ തൃശൂര്‍ ചെമ്പൂക്കാവിലെ വനഭൂമി സ്പെഷ്യല്‍ തഹസില്‍ദാറുടെ ഓഫീസില്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
1996ലെ നായനാര്‍ സര്‍ക്കാരാണ് മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടി തുടങ്ങിയത്. എന്നാല്‍, വനഭൂമിക്ക് പട്ടയം നല്‍കുന്നതിനെതിരെ ഒരു പരിസ്ഥിതി സംഘടന സുപ്രീംകോടതിയില്‍ കേസ് കൊടുത്തതിനാല്‍ നടപടി പൂര്‍ത്തിയാക്കാനായില്ല. പിന്നീടു വന്ന യുഡിഎഫ് സര്‍ക്കാര്‍ കേസ് നടത്താനും താല്‍പ്പര്യം കാട്ടിയില്ല. 'സുപ്രീംകോടതി വിധിക്കു വിധേയം' എന്നു രേഖപ്പെടുത്തി ഉപാധിപട്ടയം ഒരു വിഭാഗം കര്‍ഷകര്‍ക്കു വിതരണം ചെയ്യുകയായിരുന്നു. ഈ പട്ടയം ഉപയോഗിച്ച് ബാങ്ക് വായ്പയെടുക്കാനോ ക്രയവിക്രയത്തിനോ സാധിക്കാതായപ്പോള്‍ കര്‍ഷകര്‍തന്നെ ഉപാധിപട്ടയത്തിനെതിരെ പ്രതിഷേധമുയര്‍ത്തി. അര്‍ഹതപ്പെട്ട മുഴുവന്‍ മലയോരകര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു.
2006ല്‍ വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം സുപ്രീം കോടതിയില്‍ കേസ് നടത്താന്‍ പ്രത്യേക താല്‍പ്പര്യമെടുത്തു. 2009 മാര്‍ച്ചില്‍ സര്‍ക്കാരിന് അനുകൂലവിധി വന്നു. വിധിയുടെ അടിസ്ഥാനത്തില്‍ ഉപാധിരഹിത പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ താല്‍പ്പര്യം എടുക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇക്കാര്യം നേരത്തേ 'ദേശാഭിമാനി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. കര്‍ഷകസംഘം സമരം ശക്തമാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് വേഗത്തില്‍ പട്ടയം നല്‍കാന്‍ കലക്ടര്‍ ഉത്തരവായത്. ഒല്ലൂര്‍, കൊടകര, ചാലക്കുടി, ചേലക്കര, വടക്കാഞ്ചേരി, തൃശൂര്‍ മണ്ഡലങ്ങളിലെ ആയിരക്കണക്കിന് മലയോരകര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും
ദേശാഭിമാനി 050211
തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ സീസണില്‍മാത്രം സപ്ളൈകോ 2600 ക്വിന്റല്‍ നെല്ല് സംഭരിക്കുകയും ഈ സീസണില്‍ രണ്ട്കോടിയോളം രൂപ കര്‍ഷകര്‍ക്ക് സര്‍വീസ് ബാങ്കുകള്‍ വഴി നല്‍കുകയും ചെയ്തുവെന്നത് കര്‍ഷകരുടെ സന്തോഷത്തിന്റെ ഉള്ളറ. കടംമൂലം കര്‍ഷക ആത്മഹത്യ നിത്യമെന്നോണം നടന്നിരുന്നപ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. ഇനിയൊരു കര്‍ഷക ആത്മഹത്യ കേരളം കേള്‍ക്കുകയില്ലെന്ന സര്‍ക്കാരിന്റെ ഉറച്ച നിലപാടാണ് കര്‍ഷകര്‍ക്ക് തുണയായത്. വെറും ഏഴു രൂപയായിരുന്ന നെല്ലിന്റെ താങ്ങ് വിലയാണ് അഞ്ചുകൊല്ലംകൊണ്ട് 13 രൂപയാക്കി ഉയര്‍ത്തിയത്
ReplyDelete