Friday, February 4, 2011

കെയ്റോ യുദ്ധഭൂമി

മുബാറക് വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരെ സര്‍ക്കാര്‍അനുകൂലികള്‍ കഴിഞ്ഞ പുലര്‍ച്ചെ നടത്തിയ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതോടെ ഈജിപ്തിലെ സ്ഥിതി കൂടുതല്‍ വഷളായി. മുബാറക്കിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന പുതിയ ആവശ്യം ജനങ്ങളുയര്‍ത്തി. മുബാറക്കിന്റെ കൂലിപ്പട ഇറങ്ങിയതോടെ സൈന്യം പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന മുബാറക്കിന്റെ വാഗ്ദാനം പ്രക്ഷോഭനേതാവ് മുഹമ്മദ് എല്‍ബറാദേയിയും മുസ്ളിം ബ്രദര്‍ഹുഡും തള്ളി. മുബാറക് സ്ഥാനമൊഴിയുകയാണ് ചെയ്യേണ്ടതെന്ന് അവര്‍ ആവര്‍ത്തിച്ചു. അക്രമസംഭവത്തില്‍ ഈജിപ്ത് പ്രധാനമന്ത്രി അഹമ്മദ് ഷഫീഖ് ഖേദം പ്രകടിപ്പിച്ചു. ഗുരുതരമായ വീഴ്ച സര്‍ക്കാരിന് സംഭവിച്ചതായും ഇതേപ്പറ്റി അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ അനുകൂലികളുടെ പെരുമാറ്റത്തില്‍ സൈന്യം ക്ഷമകെട്ടിരിക്കുകയാണെന്നും അവര്‍ ഇനിയും ആക്രമണം നടത്തിയാല്‍ സൈന്യം തിരിച്ചടിക്കുമെന്നും സൈനികജനറലിനെ ഉദ്ധരിച്ച് ബിബിസി ലേഖകന്‍ ജോണ്‍ ലീന്‍ റിപ്പോര്‍ട്ട് ചെയ്തു. ഫലത്തില്‍ ഈജിപ്തില്‍ സൈന്യം ഇതേവരെ പ്രക്ഷോഭകാരികള്‍ക്കൊപ്പമാണ്. പൊലീസ് മുബാറക്കിനൊപ്പവും. തലസ്ഥാനത്ത് വ്യാഴാഴ്ച സന്ധ്യയോടെ പ്രക്ഷോഭകരും മുബാറക് അനുകൂലികളും വീണ്ടും ഏറ്റുമുട്ടി. വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണമുണ്ടായി. സൈന്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് രക്ഷാകവചം തീര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ അലക്സാഡ്രിയയിലും ഭരണവ്യവസ്ഥ താറുമാറായി. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും മുബാറക്കിനെ കൈവിട്ടു. ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍, ജര്‍മനി, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഈജിപ്തില്‍ രാഷ്ട്രീയമാറ്റം ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടു. 30 വര്‍ഷമായി പിന്തുടര്‍ന്നുവന്ന നയത്തില്‍നിന്നു വ്യതിചലിച്ച് അമേരിക്ക, മുബാറക് പുറത്തുപോകേണ്ടിവരുമെന്ന് വ്യക്തമാക്കി. പ്രസിഡന്റ് ബറാക് ഒബാമ തന്നെ ഇക്കാര്യം പ്രഖ്യാപിച്ചു.

എന്നാല്‍, മുബാറക്കിനെ ഒഴിവാക്കിയാലും ഈജിപ്തില്‍ തങ്ങള്‍ക്ക് അനുകൂലഭരണം നിലനിര്‍ത്താന്‍ അമേരിക്ക കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്. അമേരിക്കന്‍ വിദേശവകുപ്പും പെന്റഗണും സിഐഎയും വൈറ്റ്ഹൌസും തിരക്കിട്ട നീക്കം നടത്തുന്നു. ഈജിപ്തില്‍ കുതന്ത്രമാണ് അമേരിക്ക പയറ്റുന്നതെന്ന് ക്യൂബന്‍ നേതാവ് ഫിദെല്‍ കാസ്ട്രോയും ഇറാന്‍ വിദേശമന്ത്രാലയവും ചൂണ്ടിക്കാട്ടി.

ഇതിനിടെ, ഈജിപ്തില്‍ അറസ്റിലായ നാല് ഇസ്രയേല്‍മാധ്യമപ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്ന് ഇസ്രയേല്‍ വിദേശമന്ത്രാലയം ആവശ്യപ്പെട്ടു. ഇസ്രയേല്‍ ചാനല്‍ രണ്ടിന്റെ മൂന്നു പ്രവര്‍ത്തകരെയും നസറേത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അറബ് വെബ്സൈറ്റിന്റെ റിപ്പോര്‍ട്ടറെയുമാണ് തടവിലാക്കിയിരിക്കുന്നത്. കെയ്റോയില്‍ അറസ്റിലായ ബെല്‍ജിയം പത്രപ്രവര്‍ത്തകനെ മോചിപ്പിക്കണമെന്ന് ബെല്‍ജിയം വിദേശമന്ത്രി സ്റ്റീഫന്‍ വനേക്കരെയും ആവശ്യപ്പെട്ടു.

തഹ്രിര്‍ ചത്വരത്തില്‍ പ്രകടനം നടത്തിയ പ്രക്ഷോഭകരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുബാറക് അനുകൂലികള്‍ ആക്രമിച്ചത്. വെടിയേറ്റ് മൂന്നുപേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. മറ്റു നാലുപേര്‍ ആശുപത്രിയില്‍ മരിച്ചു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തോടെ മുബാറക് സ്ഥാനമൊഴിയണമെന്ന ആവശ്യത്തിനപ്പുറത്തേക്ക് പ്രക്ഷോഭകാരികള്‍ കടന്നു. മുബാറക്കിന്റെ കൂലിപ്പടയും മഫ്തിപൊലീസുമാണ് ആക്രമണം നടത്തിയതെന്നും മുബാറക്കിനെതിരെ കൊലക്കേസ് എടുക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍അനുകൂലികളായി പ്രകടനം നടത്തിയവരില്‍നിന്ന് പൊലീസിന്റെ തിരിച്ചറിയല്‍ കാര്‍ഡുള്ള 120ല്‍പ്പരം ആളുകളെ പിടികൂടിയതായി ജനങ്ങള്‍ പറഞ്ഞു.

മുബാറക്കിന് 7000 കോടി ഡോളര്‍ സമ്പാദ്യം

ഈജിപ്ത് പ്രസിഡന്റ് ഹൊസ്നി മുബാറകിനും കുടുംബാംഗങ്ങള്‍ക്കുമായി 4000 മുതല്‍7000 കോടി അമേരിക്കന്‍ ഡോളര്‍വരെ സമ്പാദ്യമുണ്ടാകുമെന്ന് കണക്ക്. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരിക്കെ സൈനിക കരാറുകളിലൂടെയാണ് മുബാറക് പണം സമ്പാദിച്ചത്. പ്രസിഡന്റായശേഷം ബന്ധുക്കളുടെ പേരിലേക്ക് മാറ്റുകയായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നരുടെ സമ്പാദ്യത്തോളം വരുമിതെന്ന് പ്രിന്‍സ്ടണിലെ രാഷ്ട്രതന്ത്ര പ്രൊഫസര്‍ അമാനി ജമാല്‍ പറഞ്ഞു. സര്‍ക്കാര്‍-സൈനിക സംവിധാനം സ്വന്തം സ്വത്ത് വര്‍ധിപ്പിക്കാനാണ് മുബാറക് ഉപയോഗിച്ചതെന്നും ഈജിപ്തിനു പുറത്തെ ബാങ്കുകളിലാണിതെന്നും പറയുന്നു.

ദേശാഭിമാനി 040211

3 comments:

  1. മുബാറക് വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരെ സര്‍ക്കാര്‍അനുകൂലികള്‍ കഴിഞ്ഞ പുലര്‍ച്ചെ നടത്തിയ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതോടെ ഈജിപ്തിലെ സ്ഥിതി കൂടുതല്‍ വഷളായി. മുബാറക്കിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന പുതിയ ആവശ്യം ജനങ്ങളുയര്‍ത്തി. മുബാറക്കിന്റെ കൂലിപ്പട ഇറങ്ങിയതോടെ സൈന്യം പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന മുബാറക്കിന്റെ വാഗ്ദാനം പ്രക്ഷോഭനേതാവ് മുഹമ്മദ് എല്‍ബറാദേയിയും മുസ്ളിം ബ്രദര്‍ഹുഡും തള്ളി. മുബാറക് സ്ഥാനമൊഴിയുകയാണ് ചെയ്യേണ്ടതെന്ന് അവര്‍ ആവര്‍ത്തിച്ചു. അക്രമസംഭവത്തില്‍ ഈജിപ്ത് പ്രധാനമന്ത്രി അഹമ്മദ് ഷഫീഖ് ഖേദം പ്രകടിപ്പിച്ചു. ഗുരുതരമായ വീഴ്ച സര്‍ക്കാരിന് സംഭവിച്ചതായും ഇതേപ്പറ്റി അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete
  2. അറബ് രാജ്യങ്ങളില്‍ ജനകീയപ്രക്ഷോഭം പൊട്ടിപുറപ്പെടുമെന്ന് മുന്‍കൂട്ടി സൂചന നല്‍കാതിരുന്നതിന് സിഐഎയെ വൈറ്റ് ഹൌസും അമേരിക്കന്‍ കോണ്‍ഗ്രസും പഴിക്കുന്നു. ദേശീയ രഹസ്യാന്വേഷണ ഡയറക്ടര്‍ ജെയിംസ് ക്ളാപ്പറെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇക്കാര്യത്തിലുള്ള നിരാശ അറിയിച്ചു. സെനറ്റിന്റെ രഹസ്യാന്വേഷണസമിതി സിഐഎ ഉദ്യോഗസ്ഥ സ്റ്റെഫാനീ ഒ'സള്ളിവനില്‍നിന്ന് ഇക്കാര്യത്തില്‍ വിശദീകരണം തേടി. ടുണീഷ്യയില്‍ ഏകാധിപതി ബിന്‍ അലിയുടെ പലായനത്തിന് ഇടവരുത്തിയ വിപ്ളവവും ഈജിപ്തില്‍ മുബാറക്ഭരണകൂടത്തിനെതിരെ അലയടിക്കുന്ന പ്രക്ഷോഭവും അമേരിക്കന്‍ഭരണാധികാരികളില്‍ സൃഷ്ടിച്ച വേവലാതിയുടെ പ്രതിഫലനമാണിത്. ലോകമെങ്ങും നടക്കുന്ന ചലനങ്ങള്‍ ചാരന്മാര്‍ വഴി അറിയുന്ന സിഐഎയ്ക്ക് അറബ്നാടുകളില്‍ പുകഞ്ഞിരുന്ന അസ്വസ്ഥത തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ജനകീയവിപ്ളവങ്ങളെ മുളയില്‍തന്നെ നുള്ളാന്‍ ശ്രമിക്കുന്ന അമേരിക്കയ്ക്ക് സിഐഎയുടെ പരാജയം കനത്ത ആഘാതമായി. അറബ്നാടുകളിലെ അമേരിക്കന്‍ നയതന്ത്രജ്ഞരും ഇക്കാര്യത്തില്‍ വിമര്‍ശം നേരിടുന്നുണ്ട്. അതത് രാജ്യങ്ങളിലെ അവസ്ഥ തിരിച്ചറിയാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. അതേസമയം, അല്‍ ഖായ്ദവിരുദ്ധ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ മറ്റ് കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സിഐഎയ്ക്ക് കഴിയുന്നില്ലെന്ന് സിഐഎ വക്താക്കള്‍ പറയുന്നു.

    ReplyDelete
  3. ഈജിപ്തില്‍ ശേഷിക്കുന്ന 3600ല്‍പരം ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് സ്ഥാനപതികാര്യാലയം. കെയ്റോയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ജനുവരി 28 മുതല്‍ രാപകല്‍ കട്രോള്‍ റൂം പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു. പ്രശ്നബാധിതമായ ഈജിപ്തില്‍ കുടുങ്ങിയ വിനോദസഞ്ചാരികള്‍ ഉള്‍പ്പടെയുള്ള ആയിരത്തോളം ഇന്ത്യക്കാരെ ജനുവരി 31 മുതല്‍ ഫെബ്രുവരി രണ്ടുവരെ മൂന്ന് പ്രത്യേകവിമാനത്തിലായി മുംബൈയില്‍ എത്തിച്ചിരുന്നു

    ReplyDelete