കോഴിക്കോട്: ഐസ്ക്രീം കേസില്‍ മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് മറുപടി പറയാനാവാതെ യുഡിഎഫ് ജില്ലാ നേതാക്കള്‍. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി നയിക്കുന്ന കേരള മോചനയാത്രയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വിയര്‍ത്തത്.
ജാഥയെ ഐസ്ക്രീം വിവാദം ബാധിക്കുമോ എന്ന ചോദ്യത്തിന് വിവാദം ലീഗ് അണികളില്‍ ആവേശം പരത്തിയിട്ടുണ്ടെന്നായിരുന്നു ബീരാന്‍കുട്ടിയുടെ മറുപടി. റൌഫ് പരമ നാറിയാണെന്നായിരുന്നു മുസ്ളിംലീഗ് ജില്ലാ സെക്രട്ടറി എം സി മായിന്‍ഹാജിയുടെ പക്ഷം. അത്തരത്തിലൊരാളെ കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ കൊണ്ടുനടന്നത് എന്തിനാണെന്ന ചോദ്യത്തിന് ആരും കൊണ്ടുനടന്നില്ലെന്നായിരുന്നു മറുപടി. റൌഫിന് വഴിവിട്ട് സഹായം ചെയ്തതതായി കുഞ്ഞാലിക്കുട്ടി സമ്മതിച്ചത് ചൂണ്ടിക്കാണിച്ചപ്പോള്‍ അതൊക്കെ പത്രക്കാര്‍ വളച്ചൊടിച്ചതാണെന്നായി. മുനീറിനെതിരെ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന ചോദ്യത്തിന് അദ്ദേഹം എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു മറുപടി.
റൌഫ് പറഞ്ഞ കാര്യങ്ങളില്‍നിന്നും പിന്നോട്ട് പോയിട്ടുണ്ടെന്നായിരുന്നു യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി കെ കെ ബാവയുടെ വാദം. ഏത് കാര്യത്തിലാണ് അതെന്ന് വ്യക്തമാക്കണമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പല കാര്യത്തിലുമെന്ന് മറുപടി നല്‍കി അദ്ദേഹം ഒഴിഞ്ഞുമാറി. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് വിവാദമെന്നായിരുന്നു ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെ ആരോപണം. പെണ്‍വാണിഭക്കാരെ വിലങ്ങുവെച്ച് നടത്തുമെന്നു പറഞ്ഞ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് നാലര വര്‍ഷക്കാലം കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ കേസെടുക്കാന്‍പോലും സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഇപ്പോള്‍ കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. റൌഫ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എന്തുകൊണ്ടാണ് യുഡിഎഫ് നേതൃത്വം മറുപടി പറയാത്തതെന്ന ചോദ്യത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ് നേതാക്കള്‍ തടിതപ്പി.
കുഞ്ഞാലിക്കുട്ടിയെ വെള്ളപൂശാന്‍ മോചനയാത്ര ഇന്ന് മലപ്പുറത്ത്
മലപ്പുറം: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാഭക്കേസില്‍ നാണംകെട്ട മുസ്ളിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ വെളളപൂശാന്‍ യുഡിഎഫ് മോചനയാത്ര ശനിയാഴ്ച മലപ്പുറത്ത്. രണ്ടുതവണ മാറ്റിവച്ച യാത്രയാണ് ശനിയാഴ്ച ജില്ലയില്‍ പ്രവേശിക്കുന്നത്. പുല്ലുമേട് ദുരന്തത്തെത്തുടര്‍ന്നാണ് ആദ്യം മാറ്റിയത്. പിന്നീട്, ജനുവരി 30ന് നടത്താനിരുന്ന ജാഥ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ റൌഫിന്റെയും ഇന്ത്യാവിഷന്റെയും വെളിപ്പെടുത്തലിനെ തുടര്‍ന്ന് നാണക്കേട് കാരണം വീണ്ടും മാറ്റി.
റൌഫിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നയുടന്‍ ചേര്‍ന്ന യുഡിഎഫിന്റെ അടിയന്തര ജില്ലാ യോഗമാണ് സ്വീകരണ പരിപാടി മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. പാര്‍ടിയുടെ തലവന്‍ പെണ്ണുകേസില്‍ കുടുങ്ങിനില്‍ക്കുമ്പോള്‍ സ്വീകരണപരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്ന് ലീഗ് പ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. ചാനലില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ത്തന്നെ മോചനയാത്രയുടെ പ്രചാരണപരിപാടികളും നിര്‍ത്തിവച്ചു. മുസ്ളിംലീഗ് നേതാക്കളും അണികളും പിന്‍വലിഞ്ഞപ്പോള്‍ സ്വീകരണപരിപാടി അവതാളത്തിലാകുമെന്ന ഭയത്തോടെ യുഡിഎഫ് നേതൃത്വം യാത്ര മാറ്റി. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ക്ക് മോചനയാത്രയില്‍ മറുപടി നല്‍കുമെന്ന് ജില്ലയിലെ പ്രമുഖ മുസ്ളിംലീഗ് നേതാവ് അറിയിച്ചു. കുഞ്ഞാലിക്കുട്ടിയടക്കം ലീഗ് നേതാക്കളെല്ലാം സ്വീകരണകേന്ദ്രങ്ങളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെ 10ന് ഇടിമുഴിക്കലില്‍ നിന്നാണ് പര്യടനം തുടങ്ങുക.
മോചനയാത്രക്ക് ആന്റണി വന്നില്ല; കഴക്കൂട്ടത്ത് സോഷ്യലിസ്റ് ജനത ബഹിഷ്കരിച്ചു
ഐസ്ക്രീം പാര്‍ലര്‍ കേസും കുഞ്ഞാലിക്കുട്ടിയും സൃഷ്ടിച്ച പ്രതിസന്ധിയില്‍ മുങ്ങി യുഡിഎഫ് മോചനയാത്രയ്ക്ക് തിരുവനന്തപുരം ജില്ലയില്‍ നിറംമങ്ങിയ സമാപനം. പുതിയ വെളിപ്പെടുത്തലുകള്‍ ഒന്നൊന്നായി പുറത്തുവരുന്നതിന്റെ ആശങ്കയും യുഡിഎഫിന്റെ തകര്‍ച്ചയും യാത്രയിലുടനീളം പ്രകടമായി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന മോചനയാത്രയിലുടനീളം കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കാനായിരുന്നു നേതാക്കള്‍ ഏറെയും സമയമെടുത്തത്.
നെയ്യാറ്റിന്‍കരയില്‍ ജില്ലയിലെ സമാപന സമ്മേളനം കേന്ദ്രമന്ത്രി എ കെ ആന്റണി ഉദ്ഘാടനംചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അദ്ദേഹം എത്തിയില്ല. പരിപാടിയില്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ്, കെ സി വേണുഗോപാല്‍ എന്നിവരും പരിപാടിക്കെത്തിയില്ല. ഐസ്ക്രീം പാര്‍ലര്‍ കേസ് വീണ്ടും വിവാദമായതിന്റെ പശ്ചാത്തലത്തില്‍ കുഞ്ഞാലിക്കുട്ടിയും എത്തിയില്ല.
വെള്ളിയാഴ്ച കഴക്കൂട്ടത്തുനിന്നാണ് യാത്ര ആരംഭിച്ചത്. കഴക്കൂട്ടത്ത് യാത്ര വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ് ജനത (ഡെമോക്രാറ്റിക്) ബഹിഷ്കരിച്ചു. യാത്രയ്ക്ക് സ്വീകരണം നല്‍കാനായി സോഷ്യലിസ്റ് ജനത പ്രവര്‍ത്തകര്‍ ഒരുക്കിയ കൊടി തോരണങ്ങളും ബാനറുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചതാണ് പ്രകോപനം. സ്വീകരണസ്ഥലത്ത് ഉയര്‍ത്തിയ സോഷ്യലിസ്റ് ജനതയുടെ പാര്‍ടിപതാകയും കോണ്‍ഗ്രസുകാര്‍ നശിപ്പിച്ചു. സംഭവം മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സോഷ്യലിസ്റ് ജനത അറിയിച്ചു. യാത്രയോടനുബന്ധിച്ച് ഗാന്ധിപാര്‍ക്കില്‍ നടന്ന യോഗത്തില്‍ കെ എം മാണി, ടി എം ജേക്കബ്, എം വി രാഘവന്‍ എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി 050211
ഐസ്ക്രീം കേസില്‍ മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് മറുപടി പറയാനാവാതെ യുഡിഎഫ് ജില്ലാ നേതാക്കള്‍. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി നയിക്കുന്ന കേരള മോചനയാത്രയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വിയര്‍ത്തത്.
ReplyDelete