Friday, February 4, 2011

സ്മാര്‍ട്ടായി കേരളം

സ്മാര്‍ട്ട്സിറ്റി യാഥാര്‍ഥ്യമാകുന്നു. ഇതിനുള്ള ധാരണയില്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരും ടീകോം അധികൃതരും ഒപ്പുവച്ചു. തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരവുമായി. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ സന്ദര്‍ഭമാണിത്. ഭാവികേരളത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്താന്‍ പോരുന്നതും ചരിത്രപരമായ പ്രാധാന്യമുള്ളതുമാണ് ഈ നടപടികള്‍. വികസനോന്മുഖമായി കേരളത്തിന്റെ മുഖച്ഛായ മാറ്റിമറിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ രചനാത്മകമായി നടത്തുന്ന ഇടപെടലുകള്‍ക്ക് മകുടം ചാര്‍ത്തുന്നതായി ഈ തീരുമാനം. സ്മാര്‍ട്ട്സിറ്റി നടപ്പാകുന്നതോടെ വിവരസാങ്കേതികവിദ്യയുടെ രംഗത്ത് അത്യുജ്വലമായ കുതിച്ചുചാട്ടമാകും കേരളം നടത്തുക. ഇത് സാധ്യമാകുന്നതാവട്ടെ, കേരളത്തിന്റെ അടിസ്ഥാന താല്‍പ്പര്യങ്ങളില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാത്ത വിധത്തിലാണെന്നത് സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെട്ട വിജയത്തിന് മാറ്റുകൂട്ടുന്നു.

പ്രത്യേക സാമ്പത്തികമേഖലയ്ക്കുള്ളിലെ സ്വതന്ത്രാവകാശമുള്ള ഭൂമിക്കുമേല്‍ വില്‍പ്പനാവകാശം അനുവദിച്ചിട്ടില്ല. എറണാകുളത്തും സമീപജില്ലകളിലും മറ്റ് ഐടി സ്ഥാപനങ്ങള്‍ വരരുത് എന്ന നിലയ്ക്കുള്ള വിലക്കില്ല. ഇവ രണ്ടുമാണ് സംസ്ഥാന താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചതുമായി ബന്ധപ്പെട്ട ശ്രദ്ധേയ കാര്യങ്ങള്‍. ധാരണ ഈ നിലയ്ക്കായതുകൊണ്ടുതന്നെ സ്മാര്‍ട്ട്സിറ്റിയുടെ പേരില്‍ ഭൂക്രയവിക്രയ ഇടപാടുകള്‍ക്ക് പഴുതില്ല. അതുപോലെ, എറണാകുളം ജില്ലയിലും സമീപപ്രദേശങ്ങളിലുമൊക്കെ ഐടി രംഗത്ത് ആവേശകരമായ മത്സരങ്ങള്‍ ഉണ്ടാകുന്നതിനും വിവരസാങ്കേതികവിദ്യയുടെ വലിയൊരു തുടര്‍ ശൃംഖലതന്നെ സ്ഥാപിതമാകുന്നതിനുമുള്ള സാധ്യതയുടെ വാതില്‍ അടയുന്നില്ല.

ആകെ 246 ഏക്കറാണ് പദ്ധതിക്ക് ആവശ്യം. ഇതില്‍ 136 ഏക്കര്‍ നേരത്തെ കൊടുത്തിരുന്നു. ഇനി 110 ഏക്കര്‍ കൊടുക്കണം. ഇത് പ്രത്യേക സാമ്പത്തികമേഖലയ്ക്കു പുറത്താകണമെന്നും വില്‍പ്പന സ്വാതന്ത്ര്യം പോലുമുള്ളതും സ്വതന്ത്രമായി കൈകാര്യം ചെയ്യാവുന്നതാകണമെന്നും ഒരു നിര്‍ദേശം മുമ്പ് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, 246 ഏക്കറും പ്രത്യേക സാമ്പത്തികമേഖലയിലാണെന്നും, അത് ക്രിയവിക്രയം ചെയ്യാനനുവദിക്കുന്ന തരത്തിലുള്ള സ്വതന്ത്രാവകാശത്തോടെ കൈമാറാനാവില്ലെന്നുമുള്ള നിലപാടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കൈക്കാണ്ടത്. സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കാനുള്ള നിലപാടായിരുന്നു അത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ആ നിലപാട് മുന്‍നിര്‍ത്തി സര്‍ക്കാരിനെ വികസനവിമുഖമെന്ന് ആക്ഷേപിച്ചവരുണ്ട്. സര്‍ക്കാരിന്റെ നിലപാടും താല്‍പ്പര്യമില്ലായ്മയും പദ്ധതി നഷ്ടപ്പെടുത്തുന്നുവെന്ന് വിമര്‍ശിച്ചവരുണ്ട്. അവരുടെ വിമര്‍ശങ്ങളുടെയും ആക്ഷേപങ്ങളുടെയും മുനയൊടിക്കുന്ന തരത്തിലാണ് ഇപ്പോള്‍ ധാരണയുറപ്പിച്ചിട്ടുള്ളത്. ഇക്കൂട്ടരുടെ വിമര്‍ശം ഭയന്ന് നീണ്ട ചര്‍ച്ചകള്‍ ഒഴിവാക്കി ധൃതിപിടിച്ച് തുടക്കത്തില്‍തന്നെ കരാര്‍ ഒപ്പിട്ടിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതിയെന്ന് ആലോചിക്കണം. കേരളത്തിന്റെ മര്‍മപ്രധാനമായ ഭാഗത്ത് ഭൂമി അന്യാധീനപ്പെടുന്നതിന് അത് ഇടവരുത്തുമായിരുന്നു. അതുണ്ടാകാതെ കാക്കുകയാണ് കേരളത്തിലെ സര്‍ക്കാര്‍ ചെയ്തത്.

ഇതിനൊപ്പം മറ്റൊന്നുകൂടിയുണ്ട്. കോഴിക്കോടുമുതല്‍ ആലപ്പുഴവരെയുള്ള സമീപജില്ലകളിലെവിടെയും സ്മാര്‍ട്ട്സിറ്റിയോട് മത്സരിക്കുന്ന തരത്തിലുള്ള ഐടി സ്ഥാപനങ്ങള്‍ വന്നുകൂടാ എന്ന നിര്‍ദേശമാണത്. കൊച്ചിയിലെ പ്രശസ്തമായ ഇന്‍ഫോപാര്‍ക്ക് തന്നെയും കൈവിട്ടുകളയണം എന്നതായിരുന്നു അത്. പ്രാരംഭഘട്ടത്തില്‍ നീണ്ട ചര്‍ച്ചകള്‍ ഒഴിവാക്കി കരാര്‍ ഒപ്പിടാന്‍ ധൃതി കാട്ടിയിരുന്നുവെങ്കില്‍ കോഴിക്കോടുമുതല്‍ ആലപ്പുഴവരെയുള്ള ജില്ലകള്‍ ഐടിരഹിത മരുപ്രദേശമാക്കി മാറ്റേണ്ടിവരുമായിരുന്നു. ആഭിജാതമായ ഇന്‍ഫോപാര്‍ക്ക് വിട്ടുകളയേണ്ടിവരുമായിരുന്നു. ഇത്തരം ആപത്തുകളൊന്നുമില്ലാതെ ഇന്ന് കരാര്‍ ഉറപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.

കരാറിന് കാലതാമസം വന്നുവെന്ന് ആക്ഷേപിക്കുന്നവര്‍ സത്യത്തില്‍ ചെയ്യുന്നത് ഭൂമി അന്യാധീനപ്പെടുന്നതിനും ഇതര ഐടി സ്ഥാപനങ്ങള്‍ വരുന്നത് തടയുന്നതിനുമുള്ള വാദത്തിനുവേണ്ടി നിലയുറപ്പിക്കുകയാണ്. അത്തരമൊരു നിലപാടിലായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍. ആ നിലപാട് തിരുത്തിക്കൊണ്ടാണ് ഇന്ന് കരാര്‍ ഒപ്പിട്ടിട്ടുള്ളത്. ഇതാണ് അഭിമാനകരം. പ്രത്യേക സാമ്പത്തികമേഖലയ്ക്കു പുറത്ത് പന്ത്രണ്ട് ശതമാനം ഭൂമി വില്‍പ്പനാവകാശത്തോടെ വേണമെന്ന് ടീകോമിന് ശാഠ്യമില്ലെന്നാണ് ഒടുവില്‍ തെളിഞ്ഞത്. മറ്റ് ഐടി സ്ഥാപനങ്ങള്‍ പാടില്ലെന്ന് അവര്‍ നിര്‍ബന്ധിക്കുന്നില്ലെന്നും തെളിഞ്ഞു. അപ്പോള്‍പ്പിന്നെ മറിച്ചുള്ള ഒരു നിലപാട് കൈക്കൊള്ളുകയും ആ നിലപാടില്‍ നിന്നുകൊണ്ടുതന്നെ ധാരണയുറപ്പിക്കാന്‍ പോരുംവിധം അനാവശ്യ ധൃതി കാട്ടണമെന്ന് പറയുകയും ചെയ്തതെന്തിനാണ്? ഉമ്മന്‍ചാണ്ടിയും യുഡിഎഫും ആ ചോദ്യത്തിനാണ് മറുപടി പറയേണ്ടത്.

കേരളം ഇതോടെ ഒരു ഐടി വസന്തത്തിലേക്ക് കടക്കുകയാണെന്നു പറയാം. ഐടി വ്യവസായത്തിന് ഇന്ത്യയില്‍ ഏറ്റവും യോജിച്ച നാട് കേരളമാണെന്നാണ് ദേശാന്തരതലത്തില്‍ നടന്നിട്ടുള്ള പഠനങ്ങള്‍പോലും വെളിവാക്കിയിട്ടുള്ളത്. ഇന്‍ഫോപാര്‍ക്കിനെ കൈവിടാതെതന്നെ സ്മാര്‍ട്ട്സിറ്റി യാഥാര്‍ഥ്യമാകുന്നു. തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിനുപുറമെ ടെക്നോസിറ്റി വികസിച്ചുവരുന്നു. ഒരേസമയം പതിനയ്യായിരംപേരെവരെ പ്രൊഫഷണലായി പരിശീലിപ്പിക്കാന്‍ തക്കവിധത്തിലുള്ള സംവിധാനം ടിസിഎസ് അവിടെ ഒരുക്കുന്നു. ആയിരം കോടി രൂപ അതിനായി അവര്‍ ചെലവഴിക്കുന്നു. വിപ്രോ, ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ച് വികസനസംരംഭങ്ങള്‍ ആവിഷ്കരിക്കുന്നു.കുണ്ടറ, ചേര്‍ത്തല, അമ്പലപ്പുഴ, കൊരട്ടി, എരമം എന്നിങ്ങനെ കേരളത്തിന്റെ പല പ്രാദേശിക മേഖലകളിലായി അനവധി ഐടി പാര്‍ക്കുകള്‍ ഉദിച്ചുയരുന്നു. എറണാകുളത്ത് പതിനായിരവും തിരുവനന്തപുരത്ത് ഇരുപതിനായിരത്തിലധികവുംപേര്‍ ഐടി രംഗത്ത് പ്രവൃത്തിയെടുക്കുന്നു. കൊച്ചിയിലെ സെയില്‍ മേഖല വിവരസാങ്കേതികവിദ്യാകേന്ദ്രങ്ങള്‍ക്ക് ആസ്ഥാനമാകുന്നു. ഇങ്ങനെ ഗ്രാമാന്തരങ്ങളിലേക്കുപോലും ഐടി കേന്ദ്രങ്ങളെ എത്തിച്ചതിനുപുറമെയാണ് ഇപ്പോള്‍ സ്മാര്‍ട്ട്സിറ്റി എന്ന കേരളത്തിന്റെ സ്വപ്നപദ്ധതികൂടി യാഥാര്‍ഥ്യമാക്കുന്നത്.

ഇതിന്റെ കാര്യക്ഷമമായ പുരോഗതിക്കു വേണ്ട അനുബന്ധസൌകര്യങ്ങള്‍കൂടി ഒരുക്കിക്കൊടുക്കുന്നുണ്ട് സര്‍ക്കാര്‍. വാതകാധിഷ്ഠിത വൈദ്യുതിനിലയങ്ങള്‍ സ്ഥാപിക്കുക, റോഡുകള്‍ നിര്‍മിക്കുക തുടങ്ങി ആ അനുബന്ധമേഖലകളിലെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. സുതാര്യമായ ഇടപെടല്‍, സംസ്ഥാന വികസനത്തിനുള്ള പ്രതിബദ്ധത, അഴിമതിയില്ലാത്ത കരാറുകള്‍, വ്യക്തമായ രാഷ്ട്രീയ ഇച്ഛാശക്തി, പ്രവര്‍ത്തനത്തിലെ ആത്മാര്‍ഥത എന്നിവകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെയും കേരളത്തെയാകെത്തന്നെയും മതിപ്പോടെ കണ്ടുകൊണ്ടാണ് ടീകോം അധികൃതര്‍ മടങ്ങിപ്പോകുന്നത്. മാസ്റര്‍പ്ളാന്‍ തയ്യാറാക്കി മാര്‍ച്ചില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്. കേരളം, വിവരസാങ്കേതികതയുടെ മഹാരഥ്യയിലൂടെ നീങ്ങുകയാണ്. ഈ വഴിക്കുതന്നെ ലോകത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമാകും നമ്മുടെ നാട് വരുംവര്‍ഷങ്ങളില്‍ എന്നത് തര്‍ക്കമറ്റ കാര്യമാണ്. അഭിമാനകരമായ ഈ വിജയത്തിന് വഴിതുറക്കുന്നതില്‍ സഹകരിച്ച ഏവരും അഭിനന്ദനമര്‍ഹിക്കുന്നു.

ദേശാ‍ഭിമാനി മുഖപ്രസംഗം 040211

2 comments:

  1. സ്മാര്‍ട്ട്സിറ്റി യാഥാര്‍ഥ്യമാകുന്നു. ഇതിനുള്ള ധാരണയില്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരും ടീകോം അധികൃതരും ഒപ്പുവച്ചു. തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരവുമായി. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ സന്ദര്‍ഭമാണിത്. ഭാവികേരളത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്താന്‍ പോരുന്നതും ചരിത്രപരമായ പ്രാധാന്യമുള്ളതുമാണ് ഈ നടപടികള്‍. വികസനോന്മുഖമായി കേരളത്തിന്റെ മുഖച്ഛായ മാറ്റിമറിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ രചനാത്മകമായി നടത്തുന്ന ഇടപെടലുകള്‍ക്ക് മകുടം ചാര്‍ത്തുന്നതായി ഈ തീരുമാനം. സ്മാര്‍ട്ട്സിറ്റി നടപ്പാകുന്നതോടെ വിവരസാങ്കേതികവിദ്യയുടെ രംഗത്ത് അത്യുജ്വലമായ കുതിച്ചുചാട്ടമാകും കേരളം നടത്തുക. ഇത് സാധ്യമാകുന്നതാവട്ടെ, കേരളത്തിന്റെ അടിസ്ഥാന താല്‍പ്പര്യങ്ങളില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാത്ത വിധത്തിലാണെന്നത് സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെട്ട വിജയത്തിന് മാറ്റുകൂട്ടുന്നു.

    ReplyDelete
  2. സ്മാര്‍ട്ട്സിറ്റി യാഥാര്‍ഥ്യമാകുന്നു. .. ഇലക്ഷനുമുന്ന് കല്ലിടും അത് കഴിയുമ്പോള്‍ നോക്കുകൂലി തല്ലു തുടങ്ങും...:)

    ReplyDelete