Friday, February 4, 2011

സ്പെക്ട്രം: കുരുക്ക് മുറുക്കിയത് കോടതി ഇടപെടലില്‍

രാജ സിബിഐ കസ്റഡിയില്‍

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ബുധനാഴ്ച അറസ്റിലായ മുന്‍ ടെലികോം മന്ത്രി എ രാജയെ അഞ്ചു ദിവസത്തെ സിബിഐ കസ്റഡിയില്‍ വിടാന്‍ പ്രത്യേക സിബിഐ കോടതി ഉത്തരവായി. അറസ്റിലായ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹൂരിയയെയും രാജയുടെ പേഴ്സണല്‍ സെക്രട്ടറി ആര്‍ കെ ചന്ദോലിയയെയും കസ്റഡിയില്‍ വിടാന്‍ ജഡ്ജി ഒ പി സെയ്നി ഉത്തരവിട്ടു.

യുണിടെക്, സ്വാന്‍ എന്നീ ടെലികോം കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് മന്ത്രി അനധികൃതമായി ഇടപെട്ടതിലൂടെ കേന്ദ്ര സര്‍ക്കാരിന് 22,000 കോടിരൂപയുടെ നഷ്ടം വരുത്തിയെന്നു പറഞ്ഞ സിബിഐ അദ്ദേഹത്തെ കൂടുതല്‍ ചോദ്യംചെയ്യാന്‍ വിട്ടുതരണമെന്നും ആവശ്യപ്പെട്ടു. 2009 ഒക്ടോബറില്‍ കേസെടുത്തതിനുശേഷം ആദ്യമായാണ് രാജയ്ക്ക് സ്പെക്ട്രം അഴിമതിയില്‍ പങ്കുണ്ടെന്ന് സിബിഐ പറയുന്നത്. കേന്ദ്ര വിജിലന്‍സ് കമീഷന്‍ സ്പെക്ട്രം വില്‍പ്പനയില്‍ 22,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, സിഎജി റിപ്പോര്‍ട്ടില്‍ 1.76 ലക്ഷം കോടിയാണ് നഷ്ടം. നേരത്തെ സിബിഐ ആസ്ഥാനത്ത് രാജയെ ചോദ്യംചെയ്തെങ്കിലും പൂര്‍ണമായി സഹകരിച്ചില്ലെന്ന് സിബിഐ അഭിഭാഷകന്‍ അഖിലേഷ് കോടതിയെ അറിയിച്ചു.

മന്ത്രി മാത്രമാണ് അഴിമതിക്ക് ഉത്തരവാദിയെന്ന സിബിഐ സമീപനത്തെ രാജയുടെ അഭിഭാഷകന്‍ രമേഷ് ഗുപ്ത ചോദ്യംചെയ്തു. കേന്ദ്ര മന്ത്രിസഭയുടെയും ബന്ധപ്പെട്ട സമിതികളുടെയും അംഗീകാരത്തോടെയാണ് രാജ സ്പെക്ട്രം ലൈസന്‍സ് നല്‍കിയതെന്നും അദ്ദേഹം വാദിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഇന്ത്യാ ഗേറ്റിനടുത്തുള്ള പട്യാല ഹൌസിലെ സിബിഐ കോടതിയില്‍ രാജയെയും മറ്റുള്ളവരെയും ഹാജരാക്കിയത്. രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയതിനുശേഷമാണ് രാജയെ കോടതിയിലെത്തിച്ചത്. ബന്ധുക്കളോടും അഭിഭാഷകനോടും പത്തു മിനിറ്റ് സംസാരിക്കാന്‍ രാജയെ കോടതി അനുവദിച്ചു. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് പത്തിനു മുമ്പ് സുപ്രീംകോടതിയില്‍ സിബിഐ സമര്‍പ്പിക്കണം. അതിന്റെ ഭാഗമായാണ് രാജയെ അറസ്റുചെയ്തതും കസ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടതും.

പാളിയത് കേസ് അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം ലൈസന്‍സ് വിതരണത്തില്‍ രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയ മുന്‍ ടെലികോം മന്ത്രി രാജയെ അറസ്റ്റ്ചെയ്തതില്‍ യുപിഎ സര്‍ക്കാരിന് അഭിമാനിക്കാന്‍ വകയില്ല. അഴിമതിക്കെതിരെയുള്ള നടപടിയായി അവകാശപ്പെടാനാകില്ല. തുടക്കംമുതല്‍ സ്പെക്ട്രം അഴിമതി തേച്ച് മാച്ച് കളയാന്‍ ശ്രമിച്ചത് സര്‍ക്കാര്‍തന്നെയായിരുന്നു.

2007ലാണ് സ്പെക്ട്രം ലൈസന്‍സിന് അപേക്ഷ ക്ഷണിക്കുന്നത്. അന്നുമുതല്‍ ഇതുസംബന്ധിച്ച് അഴിമതി വിവാദങ്ങളും ഉയര്‍ന്നിരുന്നു. സ്പെക്ട്രം വിതരണത്തില്‍ 60000 കോടിയുടെ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് ആദ്യമായി കത്തെഴുതുന്നത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയാണ്. ഇക്കാര്യം ഉന്നയിച്ച് മൂന്നുതവണ പ്രധാനമന്ത്രിക്ക് കത്തെഴുതി. 2008 ഫെബ്രുവരി 29, 2008 നവംബര്‍ 18, 2010 മെയ് 31 തീയതികളിലായിരുന്നു കത്തെഴുതിയത്. ഒന്നിനോടുപോലും പ്രധാനമന്ത്രി പ്രതികരിച്ചില്ല. അവസാനം നല്‍കിയ കത്തില്‍ പുതിയ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ 1,24,000 കോടിയും സിഡിഎംഎ ഓപ്പറേറ്റര്‍മാര്‍ക്ക് 'ക്രോസ് ഓവര്‍ ലൈസന്‍സ്' നല്‍കിയ തില്‍ 36,000 കോടി രൂപയും നഷ്ടമായി. നിശ്ചയിച്ചതിലും അധികം സ്പെക്ട്രം അനധികൃതമായി അനുവദിച്ചതിലൂടെ 1,90,000 കോടി രൂപയാണ് മൊത്തം നഷ്ടമുണ്ടായതെന്നാണ് സിപിഐ എം ചൂണ്ടിക്കാട്ടിയത്. സിഎജിയുടെ റിപ്പോര്‍ട്ട് പറയുന്നത് 1,76,379 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ്.

ലൈസന്‍സ് അനുവദിക്കുന്നതിലെ ക്രമക്കേടുകളെക്കുറിച്ച് പ്രധാനമന്ത്രിക്കുതന്നെ അറിയാമായിരുന്നുവെന്ന് അദ്ദേഹവും രാജയും തമ്മിലുള്ള കത്തിടപാടുകള്‍ വ്യക്തമാക്കുന്നു. 2007 നവംബര്‍ രണ്ടിനാണ് പ്രധാനമന്ത്രി മന്ത്രി എ രാജയ്ക്ക് ആദ്യകത്തെഴുതുന്നത്. തീരുമാനം കൈക്കൊള്ളുന്നതിന് രണ്ടാഴ്ച മുമ്പുവരെ പ്രധാനമന്ത്രിയുടെ കത്തിടപാട് തുടര്‍ന്നു. എന്നാല്‍, അഴിമതി തടയാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. പിന്നീട് സര്‍ക്കാര്‍ ശ്രമിച്ചതാകട്ടെ അഴിമതി മൂടിവയ്ക്കാനായിരുന്നു. അനധികൃതമായി ഒന്നും നടന്നില്ലെന്നു വരുത്താനാണ് പ്രധാനമന്ത്രി തുടര്‍ച്ചയായി ശ്രമിച്ചത്. എന്‍ഡിഎ സര്‍ക്കാരിന്റെ നയം തുടരുകയായിരുന്നുവെന്ന വാദമാണ് പ്രധാനമന്ത്രി ഉയര്‍ത്തിയത്. സിപിഐ എമ്മും മറ്റും പാര്‍ലമെന്റില്‍ ഈ വിഷയം ആവര്‍ത്തിച്ചപ്പോഴാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പേരറിയാത്തവര്‍ക്കെതിരെ എടുത്ത അപ്രധാന കേസായിരുന്നു അത്. ഒച്ചിഴയുന്ന വേഗത്തിലായിരുന്നു കേസ് അന്വേഷണം. 2008 ല്‍ തന്നെ നീര റാഡിയയുടെ ടേപ്പ് സിബിഐക്ക് ലഭിച്ചിരുന്നു. മന്ത്രിക്കും മറ്റുമെതിരെ കേസെടുക്കാനുള്ള വ്യക്തമായ തെളിവുകള്‍ ടേപ്പിലുണ്ടായിരുന്നു. ടേപ്പ് പുറത്തായതിനുശേഷം മാത്രമാണ് അന്വേഷണം ഈ വഴിക്ക് നീങ്ങിയത്. സിഎജി റിപ്പോര്‍ട്ടും സുപ്രീംകോടതിയുടെ ഇടപെടലും പ്രതിപക്ഷത്തിന്റെ പാര്‍ലമെന്റ് തടസ്സപ്പെടുത്തലും മാധ്യമ വാര്‍ത്തകളും ചെലുത്തിയ സമ്മര്‍ദത്തിന്റെ ഫലമായാണ് സിബിഐ ഉറക്കം വിട്ടുണര്‍ന്നത്.
(വി ബി പരമേശ്വരന്‍)

കുരുക്ക് മുറുക്കിയത് കോടതി ഇടപെടലില്‍

ന്യൂഡല്‍ഹി: രാജ്യത്തിന് 1.76 ലക്ഷം കോടിരൂപയുടെ നഷ്ടം വരുത്തിയ സ്പെക്ട്രം ഇടപാടില്‍ മുന്‍ കേന്ദ്രമന്ത്രി എ രാജയുടെ അറസ്റിന് വഴിതെളിച്ചത് സുപ്രീംകോടതിയുടെ ഇടപെടലും. കേസ് അട്ടിമറിക്കാന്‍ തുടക്കംമുതല്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചെങ്കിലും പല ഘട്ടത്തിലും കോടതി നടത്തിയ ഇടപെടല്‍ അന്വേഷണത്തെ മുന്നോട്ടുനയിച്ചു. സിബിഐ 2009ല്‍ കേസ് ഏറ്റെടുത്തെങ്കിലും അന്വേഷണം ഇഴയുകയായിരുന്നു. സിഎജി വെളിപ്പെടുത്തലും റാഡിയ ടേപ്പുമാണ് കേസിന് വഴിത്തിരിവായത്. സ്പെക്ട്രം ഇടപാടുകള്‍ അട്ടിമറിക്കാനാണ് സിബിഐയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നതെന്നുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തി. രാജയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതി മുമ്പാകെ വന്നു. ജസ്റിസുമാരായ ജി എസ് സിങ്വിയും എ കെ ഗാംഗുലിയുമടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. വന്‍ അഴിമതി ബോധ്യമായിട്ടും നടപടിയെടുക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും നിശിതമായി വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ കോടതിയില്‍നിന്നുണ്ടായി. കേസിലെ അന്വേഷണപുരോഗതി അറിയിക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടു.

കോടതിയുടെ പരസ്യമായ വിമര്‍ശങ്ങള്‍ പ്രതിപക്ഷ പാര്‍ടികള്‍ പാര്‍ലമെന്റില്‍ ആയുധമാക്കിയതോടെ സര്‍ക്കാര്‍ വെട്ടിലായി. രാജയുടെ രാജിയിലേക്കുവരെ കാര്യങ്ങള്‍ എത്തി. കേസില്‍ സിബിഐ ഇതുവരെ നടത്തിയ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നിലവില്‍ കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ രാജയെ ചോദ്യംചെയ്യാനും ഒടുവില്‍ അറസ്റുചെയ്യാനും സിബിഐ നിര്‍ബന്ധിതമാവുകയായിരുന്നു. സ്പെക്ട്രം ഇടപാടില്‍ സര്‍ക്കാരിന് നഷ്ടമൊന്നും വന്നിട്ടില്ലെന്നും സിഎജിക്ക് തെറ്റുപറ്റിയതാണെന്നുമുള്ള പുതിയ വാദവുമായി ടെലികോംമന്ത്രി കപില്‍ സിബല്‍ രംഗത്തുവന്നപ്പോഴും കോടതി ഇടപെട്ടു. സിബലിന്റെ പരാമര്‍ശങ്ങള്‍ അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

ദേശാഭിമാനി 040211

2 comments:

  1. 2ജി സ്പെക്ട്രം ലൈസന്‍സ് വിതരണത്തില്‍ രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയ മുന്‍ ടെലികോം മന്ത്രി രാജയെ അറസ്റ്റ്ചെയ്തതില്‍ യുപിഎ സര്‍ക്കാരിന് അഭിമാനിക്കാന്‍ വകയില്ല. അഴിമതിക്കെതിരെയുള്ള നടപടിയായി അവകാശപ്പെടാനാകില്ല. തുടക്കംമുതല്‍ സ്പെക്ട്രം അഴിമതി തേച്ച് മാച്ച് കളയാന്‍ ശ്രമിച്ചത് സര്‍ക്കാര്‍തന്നെയായിരുന്നു

    ReplyDelete
  2. നമ്മടെ മന്മോഹന്‍ സര്‍ക്കാരിന്റെ ഒരു “ഇച്ഛാ”ശക്തിയേയ്! :))

    ReplyDelete