അഴിമതിയും വിലക്കയറ്റവും വികസനത്തിന് തടസ്സം: പ്രധാനമന്ത്രി
അഴിമതിയും രൂക്ഷമായ വിലക്കയറ്റവും രാജ്യത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുന്നതായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങ് പറഞ്ഞു. അഴിമതി രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായക്ക് കോട്ടം തട്ടിച്ചെന്നും ചീഫ് സെക്രട്ടറിമാരുടെ യോഗം ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. സദ്ഭരണത്തിന്റെ അടിവേരുകള്‍ തകര്‍ക്കുന്നതാണ് അഴിമതി. സ്വന്തം ജനങ്ങള്‍ക്കുമുമ്പില്‍ സ്വയം അപമാനിതകരാകുകയാണ്ഭരണകര്‍ത്താക്കള്‍. എത്രയും പെട്ടെന്ന് ധീരമായിതന്നെ ഈ ഭീഷണിയെ നേരിടണം.
സാമ്പത്തികവളര്‍ച്ചയ്ക്ക് കടുത്ത ഭീഷണിയാണ് വിലക്കയറ്റം ഉയര്‍ത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പാവങ്ങളെയും ദുര്‍ബല ജനവിഭാഗങ്ങളുമാണ് വിലക്കയറ്റം കൂടുതല്‍ ബാധിക്കുന്നത്.അവശ്യവസ്തുക്കളുടെ കൈമാറ്റം സുഗമമാക്കാനായി ഒക്ടറോയി, മണ്ഡി നികുതി എന്നിവ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ മാന്ത്രികവിദ്യയൊന്നുമില്ലെന്ന് കേന്ദ്രധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി. "പെട്ടെന്നുള്ള പരിഹാരത്തിന് മാന്ത്രികവടിയോ, അലാവുദീന്റെ അത്ഭുതവിളക്കോ സര്‍ക്കാരിന്റെ പക്കലില്ല''- മുഖര്‍ജി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് നടപടി സ്വീകരിച്ചിട്ടുണ്ട്. പാല്‍, പഴവര്‍ഗം, മാംസം, മുട്ട എന്നിവയുടെ വിലയിലുണ്ടായ വര്‍ധനയാണ് പണപ്പെരുപ്പം കുതിക്കാന്‍ കാരണം. പണപ്പെരുപ്പം രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയെ ബാധിക്കുമോ എന്ന് ആശങ്കയുള്ളതായി ധനമന്ത്രിയും പ്രധാനമന്ത്രിയും വ്യത്യസ്ത പ്രസ്താവനകളില്‍ പറഞ്ഞു.
സ്പെക്ട്രം അനുവദിച്ചതില്‍ ക്രമക്കേട്: സിബല്‍
ന്യൂഡല്‍ഹി: സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് നടന്നതായി ടെലികോംമന്ത്രി കപില്‍ സിബല്‍ സമ്മതിച്ചു. 2003ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലംമുതല്‍ സ്പെക്ട്രം അനുവദിച്ചതിലെല്ലാം ക്രമക്കേട് നടന്നതായി ജസ്റിസ് ശിവരാജ് വി പാട്ടീല്‍ കമ്മിറ്റി കണ്ടെത്തിയതായി സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ കണ്ടെത്തലടങ്ങിയ പാട്ടീല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സ്പെക്ട്രം അഴിമതിക്കേസ് അന്വേഷിക്കുന്ന സിബിഐക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. സ്പെക്ട്രം അനുമതിയിലൂടെ രാജ്യത്തിന് ഒരു രൂപപോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് മുന്‍ ടെലികോംമന്ത്രി എ രാജയെ ന്യായീകരിച്ച് സിബല്‍ നേരത്തെ പറഞ്ഞത്. എന്നാല്‍, സ്പെക്ട്രം അനുവദിക്കുന്നതിന് 2003 മുതല്‍ എടുത്ത തീരുമാനമെല്ലാം തെറ്റായിരുന്നെന്ന് രാജയുടെ അറസ്റിനുപിന്നാലെ സിബല്‍ സമ്മതിച്ചു.
ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സ്പെക്ട്രം എന്ന നയം എന്‍ഡിഎയാണ് കൊണ്ടുവന്നത്. അന്നത്തെ മന്ത്രിസഭയുടെ തീരുമാനത്തിന് വിരുദ്ധമായിരുന്നു ഈ തീരുമാനം. 1999ല്‍ സ്വീകരിച്ച രാജ്യത്തിന്റെ ടെലികോംനയത്തില്‍നിന്ന് വ്യതിചലിച്ചായിരുന്നു ഇത്. 2003 മുതല്‍ 2008 വരെ ഒരു ഓപ്പറേറ്ററും സ്പെക്ട്രത്തിന് പണം നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന നയങ്ങളില്‍നിന്ന് താന്‍ വ്യതിചലിച്ചിട്ടില്ലെന്ന് എ രാജ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അതിനാല്‍ എന്‍ഡിഎ നയങ്ങളാണ് തെറ്റെന്നും സിബല്‍ വാദിച്ചു. 2004 വരെ എന്‍ഡിഎ സര്‍ക്കാരും പിന്നീട് 2008 വരെ യുപിഎ സര്‍ക്കാരും ടെലികോം കമ്പനികള്‍ക്ക് സ്പെക്ട്രം അനുവദിച്ച നടപടിക്രമങ്ങളില്‍ ക്രമക്കേടുണ്ടെന്നാണ് പാട്ടീല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്പെക്ട്രത്തിന്റെ വില നിശ്ചയിക്കുന്നതില്‍ ധനമന്ത്രാലയത്തിന്റെയും നിയമമന്ത്രാലയത്തിന്റെയും ഉപദേശം ടെലികോംവകുപ്പ് അവഗണിച്ചെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്പെക്ട്രം അനുവദിക്കുന്നതിനുള്ള നടപടിക്രമം പരിഷ്കരിക്കണമെന്നും പ്രകൃതിവിഭവങ്ങള്‍ അനധികൃതമായി കൈയടക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തണമെന്നും കമ്മിറ്റി ശുപാര്‍ശചെയ്തു.
2ജി അഴിമതിപ്പണം കരുണാനിധിയുടെ കുടുംബത്തിനും
ന്യൂഡല്‍ഹി: രണ്ടാം തലമുറ സ്പെക്ട്രം ലൈസന്‍സ് വിതരണത്തിലെ അഴിമതിയുടെ പങ്ക് കരുണാനിധി കുടുംബത്തിനും. കരുണാനിധിയുടെ ഭാര്യ എം കെ ദയാലുവിനും മകള്‍ കനിമൊഴിക്കും ഓഹരിയുള്ള കലൈഞ്ജര്‍ ടെലിവിഷന് സ്പെക്ട്രം ലൈസന്‍സ് കിട്ടിയ സ്വാന്‍ ടെലികോം കമ്പനി 214 കോടി രൂപ നല്‍കിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഈ പണമിടപാട് സംബന്ധിച്ച് പരിശോധന നടത്തുകയാണ്. സ്പെക്ട്രം അഴിമതിക്കേസില്‍ സിബിഐ അറസ്റ് ചെയ്ത ഡിഎംകെ നേതാവ് എ രാജ ടെലികോം മന്ത്രിയായിരിക്കെയാണ് സ്വാന്‍ ടെലികോമിന് സ്പെക്ട്രം ലൈസന്‍സ് ലഭിച്ചത്. മുംബൈ ആസ്ഥാനമായുള്ള വിനോദ് ഗോയങ്കയുടെയും ഷഹീദ് ബല്‍വയുടെയും ഉടമസ്ഥതയിലുള്ള ഡിബി റിയല്‍റ്റി ഗ്രൂപ്പിന്റെ ടെലികോം കമ്പനിയാണ് സ്വാന്‍ ടെലികോം. ഈ ഡിബി ഗ്രൂപ്പ് 214 കോടി രൂപ തമിഴ്നാട്ടിലെ കലൈഞ്ജര്‍ ടിവിക്ക് കൈമാറിയെന്നാണ് ആരോപണം. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ ഡിബി റിയല്‍റ്റിയുടെ രണ്ട് ഉപസ്ഥാപനങ്ങള്‍ വഴിയാണ് മൂന്ന് ഘട്ടമായി കരുണാനിധിയുടെ പേരിലുള്ള കലൈഞ്ജര്‍ ടിവിക്ക് പണം നല്‍കിയത്. ആദ്യം ഡൈനാമിക്സ് റിയാലിറ്റിയില്‍നിന്ന് കുസേഗാവ് റിയാല്‍റ്റിക്ക് പണം കൈമാറി. ഡിബി റിയാലിറ്റിക്ക് 99 ശതമാനം ഓഹരിയുള്ള കമ്പനിയാണ് ഡൈനാമിക്സ് റിയാലിറ്റി. ഡിബി റിയാലിറ്റി ഉടമകള്‍ക്ക് വ്യക്തിപരമായി ഓഹരികളുള്ള സ്ഥാപനമാണ് കുസേഗാവ് റിയാലിറ്റി. കുസേഗാവ് റിയാലിറ്റി ഈ പണം സൈന്‍ യുഗ് ഫിലിംസ് കമ്പനിക്ക് കൈമാറി. കുസേഗാവ് കമ്പനിക്കുതന്നെ 49 ശതമാനം ഓഹരികളുള്ള കമ്പനിയാണ് സൈന്‍യുഗ് ഫിലിംസ്. അവസാനമായി സൈന്‍യുഗ് ഫിലിംസ് 214.8 കോടി രൂപ കലൈഞ്ജര്‍ ടിവിക്ക് നല്‍കിയത്. വായ്പയായാണ് നല്‍കിയതെന്നാണ് സെന്‍യുഗ് ഫിലിംസ് അവകാശപ്പെടുന്നത്. സ്വാന്‍ ടെലികോം കമ്പനിക്ക് ലൈസന്‍സ് ലഭിച്ചതിന് ശേഷമാണ് ഈ പണം കലൈഞ്ജര്‍ ടിവിക്ക് കൈമാറിയിട്ടുള്ളത്.
1537 കോടി രൂപയ്ക്കാണ് 13 സര്‍ക്കിളുകളുടെ ലൈസന്‍സ് ലഭിച്ചത്. ഇതില്‍ 45 ശതമാനം ഓഹരികളും ഉടന്‍തന്നെ സ്വാന്‍ ടെലികോം യുഎഇയിലെ എറ്റിസലാട്ടിന് 4200 കോടി രൂപയ്ക്ക് വിറ്റു. സ്വാനിനും യുണിടെക്കിനും വഴിവിട്ട് ലൈസന്‍സ് നല്‍കാന്‍ മന്ത്രി എ രാജ ശ്രമിച്ചതായി കഴിഞ്ഞ ദിവസം സിബിഐതന്നെ പ്രത്യേക കോടതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കലൈഞ്ജര്‍ ടിവിയുടെ 27 മുതല്‍ 34 ശതമാനംവരെ ഓഹരിവാങ്ങുകയായിരുന്നു 214 കോടി നല്‍കാനുള്ള കാരണമെന്നാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍, അത്തരമൊരു ഇടപാട് നടന്നിട്ടില്ലെന്നതാണ് വാസ്തവം. കലൈഞ്ജര്‍ ടിവി കരുണാനിധി കുടംബത്തിന്റേതാണ്. 40 ശതമാനം ഓഹരി ദയാലുവിനും 20 ശതമാനം ഓഹരി കനിമൊഴിക്കുമാണ്. 20 ശതമാനം ഓഹരി ടിവി നടത്തിപ്പുകാരനായ ശരദ്കുമാറിനുമാണ്. എന്നാല്‍,ഇത്തരമൊരു ഇടപാടിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് കനിമൊഴി പറഞ്ഞു.
ബംഗാളില്‍ പകുതി സീറ്റ് വനിതകള്‍ക്ക്: ബില്ലിന് അംഗീകാരം
കൊല്‍ക്കത്ത: പഞ്ചായത്തുകളില്‍ 50 ശതമാനം സീറ്റ് വനിതകള്‍ക്ക് സംവരണംചെയ്യുന്ന ബില്ലിന് പശ്ചിമബംഗാള്‍ ഗവര്‍ണറുടെ അനുമതി. കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കുപുറമെ പഞ്ചായത്തുകളില്‍ വനിതകള്‍ക്ക് 50 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന സംസ്ഥാനമായി പശ്ചിമബംഗാള്‍ മാറി. മൊത്തം സീറ്റുകള്‍, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവയിലാണ് 50 ശതമാനം സ്ത്രീകള്‍ക്ക് സംവരണം ചെയ്യുന്നത്. 2013ല്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 50 ശതമാനം സംവരണം നടപ്പാക്കുമെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണമന്ത്രി അനിസുര്‍ റഹ്മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വനിതാശാക്തീകരണത്തിന് കൂടുതല്‍ പ്രാതിനിധ്യം ആവശ്യമാണ്. ഗ്രാമങ്ങളിലെ സ്വയംസഹായസംഘങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ഭരണനിര്‍വഹണസമിതികളില്‍ വേണ്ടത്ര പ്രാതിനിധ്യം വേണമെന്നും അദ്ദേഹം പറഞ്ഞു. പകുതി സീറ്റ് വനിതകള്‍ക്ക് സംവരണം ചെയ്യുന്ന ബില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് നിയമസഭ പാസാക്കിയത്. 1992ലാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ മൂന്നിലൊന്ന് സീറ്റ് വനിതകള്‍ക്ക് സംവരണം ചെയ്ത് ബംഗാളില്‍ നിയമം കൊണ്ടുവന്നത്.
(വി ജയിന്‍)
ഭോപാല്‍ അന്വേഷണം ഇഴഞ്ഞത് രാഷ്ട്രീയ ഇടപെടല്‍ മൂലമെന്ന് മുന്‍ ഡിജിപി
ന്യൂഡല്‍ഹി: സിബിഐ അന്വേഷണവും കോടതിനടപടികളും ഇഴഞ്ഞുനീങ്ങിയത് ഭോപാല്‍ വാതകദുരന്തത്തിന്റെ ഇരകള്‍ക്ക് നീതിനിഷേധിക്കുന്നതിലേക്ക് നയിച്ചെന്ന് മുന്‍ അന്വേഷണോദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. 1994-95 കാലത്ത് ഈ കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഹരിയാന മുന്‍ ഡിജിപി ബി ആര്‍ ലല്ലാണ് സിബിഐക്കെതിരെ രംഗത്തെത്തിയത്. 'ഫ്രീ സിബിഐ- പവര്‍ ഗെയിംസ് ഇന്‍ ഭോപാല്‍ ആന്‍ഡ് അദര്‍ കേസസ്' എന്ന പുസ്തകത്തിലാണ് അദ്ദേഹം സിബിഐക്കെതിരെ ആഞ്ഞടിച്ചത്. ഭോപാല്‍ ഉള്‍പ്പെടെ പ്രമുഖ കേസുകളിലെല്ലാം രാഷ്ട്രീയസമ്മര്‍ദം സിബിഐയുടെ സ്വതന്ത്രപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. വാറന്‍ ആന്‍ഡേഴ്സനെ രക്ഷിച്ചതും ഇത്തരത്തിലുള്ള ഒരു നീക്കത്തിലൂടെയാണ്. മൂന്നുവര്‍ഷത്തോളമാണ് ഈ കേസ് സിബിഐ അന്വേഷിച്ചത്. എന്നാല്‍, ആറുമാസത്തിനപ്പുറം സമയമെടുക്കേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. ഈ മെല്ലെപ്പോക്കാണ് ആന്‍ഡേഴ്സന് രക്ഷപ്പെടാന്‍ പഴുതൊരുക്കിയത്- പുസ്തകത്തില്‍ പറഞ്ഞു.
ക്രൈസ്തവ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്
ബംഗളൂരു: കര്‍ണാടകത്തിലെ ക്രൈസ്തവവേട്ടയുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ശക്തികളെ വെള്ളപൂശുന്ന ജസ്റിസ് സോമശേഖര്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ ക്രൈസ്തവസംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. യഥാര്‍ഥ സത്യങ്ങള്‍ മറച്ചുവച്ച് കള്ളസത്യമാണ് സോമശേഖര്‍ കമീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതെന്ന് ഗ്ളോബല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് ആരോപിച്ചു. 2008 മുതല്‍ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 251 അക്രമസംഭവംറിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും കുറ്റക്കാരെ കണ്ടെത്തുന്നതില്‍ കമീഷന്‍ പരാജയപ്പെട്ടു. കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങാനും ജസ്റിസ് സോമശേഖരയ്ക്കെതിരെ നിയമനടപടിക്ക് അനുമതി നല്‍കണമെന്നും ഗ്ളോബല്‍ കൌസില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഭാരവാഹികള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. മതന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് കര്‍ണാടകത്തില്‍ രണ്ടുതരത്തിലുള്ള പീഡനം അനുഭവിക്കേണ്ടിവരുന്നുണ്ടെന്നും ഇത് തടയാന്‍ നടപടി വേണമെന്നും ജിസിഐസി ഭാരവാഹിയായ ജോസഫ് ഡയസ് പറഞ്ഞു. കായികമായ ആക്രമണത്തേക്കാള്‍ ക്രൂരമായ നടപടിയാണ് കമീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലക്ഷ്മണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: നക്സല്‍ വര്‍ഗീസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുന്‍ ഐജി ലക്ഷ്മണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വിചാരണകോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നതിലെ കാലതാമസവും ആരോഗ്യപ്രശ്നങ്ങളും മുന്‍നിര്‍ത്തി ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയാണ് കോടതി തള്ളിയത്. ഹൈക്കോടതിയില്‍ ലക്ഷ്മണ സമര്‍പ്പിച്ച അപ്പീല്‍ മൂന്നുമാസത്തിനകം പരിഗണിക്കണമെന്ന് ജസ്റിസുമാരായ എച്ച് എസ് ബേദി, സി കെ പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. മൂന്നുമാസത്തിനകം കേസ് പരിഗണിക്കുന്നില്ലെങ്കില്‍ ലക്ഷ്മണയ്ക്ക് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു. നക്സല്‍ വര്‍ഗീസിനെ വെടിവച്ചു കൊന്നുവെന്ന കേസില്‍ പ്രത്യേക സിബിഐ കോടതിയാണ് ലക്ഷ്മണയ്ക്ക് ജീവപര്യന്തം വിധിച്ചത്. സിബിഐ കോടതി വിധിക്കെതിരെ ലക്ഷ്മണ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും കേസ് പരിഗണിച്ചിട്ടില്ല. സംഭവം നടക്കുമ്പോള്‍ ഡിവൈഎസ്പിയായിരുന്ന ലക്ഷ്മണയുടെയും ഡിഐജി പി വിജയന്റെയും നിര്‍ദേശപ്രകാരം കോസ്റബിള്‍ പി രാമചന്ദ്രന്‍നായര്‍ വര്‍ഗീസിനെ വെടിവച്ചു കൊന്നുവെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. ലക്ഷ്മണയ്ക്ക് ജീവപര്യന്തവും പതിനായിരം രൂപ പിഴയുമാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി എസ് വിജയകുമാര്‍ വിധിച്ചത്. പിഴപ്പണം വര്‍ഗീസിന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്ക് നല്‍കാനും കോടതി വിധിച്ചിരുന്നു.
25 പൈസ ഓര്‍മയിലേക്ക്
ഇരുപത്തഞ്ചു പൈസയും അതിനുതാഴെയുള്ള നാണയങ്ങളും കൈയിലുള്ളവര്‍ ശ്രദ്ധിക്കുക. ഈ നാണയങ്ങള്‍ക്ക് ജൂലൈ 30 നു ശേഷം വിലയില്ലാതാവും. റിസര്‍വ് ബാങ്ക് ഈ നാണയങ്ങള്‍ ജൂ 30 മുതല്‍ പിന്‍വലിക്കും. ഈ നാണയങ്ങള്‍ മാറ്റിയെടുക്കാന്‍ ജൂണ്‍ 30 വരെ റിസര്‍വ് ബാങ്ക് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ബാങ്കിന്റെ എല്ലാ ഇഷ്യു ഓഫീസുകളിലും ചെറിയ നാണയ ഡിപ്പോകളുള്ള എല്ലാ ബാങ്കുകളുടെയും ശാഖകളിലും ഇതിന് സൌകര്യമുണ്ടാകും. എസ്ബിഐയും എസ്ബിടിയുമടക്കം 19 ബാങ്കില്‍ ഈ സൌകര്യം ലഭിക്കും. ഈ നാണയങ്ങള്‍ ഉപയോഗിച്ച് നിയമപരമായി വായ്പ വീട്ടാവുന്ന അവസ്ഥ(ലീഗല്‍ ടെന്‍ഡര്‍)പണമിടപാടുകളിലും കണക്കുകളിലും ജൂണ്‍ 30 മുതല്‍ അവസാനിക്കും.
ദേശാഭിമാനി 050211
അഴിമതിയും രൂക്ഷമായ വിലക്കയറ്റവും രാജ്യത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുന്നതായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങ് പറഞ്ഞു. അഴിമതി രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായക്ക് കോട്ടം തട്ടിച്ചെന്നും ചീഫ് സെക്രട്ടറിമാരുടെ യോഗം ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. സദ്ഭരണത്തിന്റെ അടിവേരുകള്‍ തകര്‍ക്കുന്നതാണ് അഴിമതി. സ്വന്തം ജനങ്ങള്‍ക്കുമുമ്പില്‍ സ്വയം അപമാനിതകരാകുകയാണ്ഭരണകര്‍ത്താക്കള്‍. എത്രയും പെട്ടെന്ന് ധീരമായിതന്നെ ഈ ഭീഷണിയെ നേരിടണം.
ReplyDeleteസാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന മുസ്ളിം ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നിരവധി വികസനപദ്ധതി നടപ്പാക്കുന്നതായി മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. മൂര്‍ഷിദാബാദ് ജില്ലയിലെ ബെരംപൂരില്‍ ഇടതുമുന്നണി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു ജനവിഭാഗങ്ങളെ അപേക്ഷിച്ച് മുസ്ളിം ജനവിഭാഗങ്ങള്‍ക്ക് പിന്നോക്കാവസ്ഥയുണ്ട്.വികസനത്തില്‍ മറ്റു ജനവിഭാഗങ്ങള്‍ക്കൊപ്പം മുസ്ളിങ്ങളെയും എത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമം കൂടിയേ തീരൂ. മുസ്ളിം ജനവിഭാഗം കൂടുതലായുള്ള മേഖലകളില്‍ വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ള പദ്ധതികള്‍ക്കായി 500 കോടി രൂപ നീക്കിവച്ചു. ഈ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സംസ്ഥാനത്തെ 71,000 മുസ്ളിം വിദ്യാര്‍ഥികള്‍ക്ക് 9.4 കോടി രൂപ സ്കോളര്‍ഷിപ് നല്‍കി. മുസ്ളിം ജനസംഖ്യ കൂടുതലുള്ള മൂര്‍ഷിദാബാദ് ജില്ലയില്‍ 35,000 സ്വയംസഹായ സംഘങ്ങള്‍ക്ക് 36 കോടി രൂപ നല്‍കി. മദ്രസ വിദ്യാഭ്യാസം നവീകരിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ നല്‍കി. മദ്രസകളില്‍ ആധുനിക വിദ്യാഭ്യാസം നല്‍കുന്നതായും ബുദ്ധദേവ് പറഞ്ഞു.
ReplyDeleteസ്പെക്ട്രം വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് ഉറപ്പു നല്‍കുന്ന പക്ഷം അതേക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഐ എം പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. മുന്‍മന്ത്രി രാജയുടെ അറസ്റും ശിവരാജ് പാട്ടീല്‍ കമീഷന്റെ റിപ്പോര്‍ട്ടും ജെപിസി അന്വേഷണം വേണമെന്നതിന് ശക്തി പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കരഥാപ്പറുടെ 'ഡെവിള്‍സ് അഡ്വക്കറ്റ്' എന്ന ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. ജെപിസി രൂപീകരിക്കാത്തപക്ഷം ബജറ്റ് സമ്മേളനവും തടസ്സപ്പെടുമോ എന്ന് ചോദിച്ചപ്പോള്‍ ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ അതാണ് സത്യമെന്ന് യെച്ചൂരി പറഞ്ഞു. പാര്‍ലമെന്റ് തടസ്സപ്പെടുത്താന്‍ ഇടതുപക്ഷം ആഗ്രഹിക്കുന്നില്ല. ബജറ്റ് സമ്മേളനം സുഗമമായി നടത്തുന്നതിന് ഭരണപക്ഷമാണ് അവസരമൊരുക്കേണ്ടത്. പാര്‍ലമെന്റില്‍ ചര്‍ച്ചയില്ലാതെ തന്നെ ജെപിസി രുപീകരിക്കാവുന്നതാണ്. എന്നാല്‍, ജെപിസി രൂപീകരിക്കുന്നതിനുമുമ്പ് ചര്‍ച്ച വേണമെന്നാണ് ഭരണപക്ഷം ശഠിക്കുന്നതെങ്കില്‍ അതും ആകാം. എന്നാല്‍, അതിനുമുമ്പ് ജെപിസി രൂപീകരിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കണം- യെച്ചൂരി പറഞ്ഞു.
ReplyDelete2ജി സ്പെക്ട്രം അഴിമതി അന്വേഷണത്തോട് ടെലികോം മന്ത്രാലയം സഹകരിച്ചില്ലെന്നും അന്വേഷണം വൈകിപ്പിക്കാനാണ് ശ്രമിച്ചതെന്നും മുന്‍ കേന്ദ്ര വിജിലന്‍സ് കമീഷണര്‍ (സിവിസി) പ്രത്യുഷ് സിന്‍ഹ വെളിപ്പെടുത്തി. സ്പെക്ട്രം അനുവദിക്കുന്നതില്‍ വിജിലന്‍സ് കമീഷന്റെ ഉപദേശം ടെലികോം മന്ത്രാലയം അനുസരിച്ചില്ലെന്നും ലേലത്തിനു പകരം ആദ്യം അപേക്ഷിച്ചവര്‍ക്ക് സ്പെക്ട്രം നല്‍കുകയായിരുന്നെന്നും മുന്‍ സിവിസി മാധ്യമങ്ങളോട് പറഞ്ഞു. നാലുവര്‍ഷത്തെ സേവനത്തിനുശേഷം കഴിഞ്ഞ സെപ്തംബറിലാണ് സിന്‍ഹ വിരമിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കമീഷന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും യഥാസമയം വ്യക്തമായ വിശദീകരണം നല്‍കാന്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് മുന്‍ സിവിസി പറഞ്ഞു. മറ്റ് മാര്‍ഗങ്ങളിലൂടെയാണ് വിവരങ്ങളും രേഖകളും സമാഹരിച്ചത്. സര്‍ക്കാരിന്റെ ടെലികോം നയങ്ങളില്‍ കാര്യമായ വീഴ്ച ഉണ്ടെന്ന്് വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് കമീഷന്‍ തുനിഞ്ഞത്. സ്പെക്ട്രം ലേലം ചെയ്യുകയായിരുന്നു ഉചിതമെന്ന് ആദ്യദിവസം തന്നെ കമീഷന്‍ തിരിച്ചറിഞ്ഞു. ആദ്യം അപേക്ഷിച്ചവര്‍ക്ക് ആദ്യം സ്പെക്ട്രമെന്ന തത്വം തന്നെ നേരാംവണ്ണം പാലിച്ചിരുന്നില്ല. കാര്യങ്ങള്‍ ശരിയായ രീതിയിലല്ല നടന്നതെന്നതില്‍ ഞങ്ങള്‍ക്ക് സംശയമില്ലായിരുന്നു. യോഗ്യതയില്ലാത്ത കമ്പനികള്‍ക്കാണ് സ്പെക്ട്രം അനുവദിച്ചത്. ഇതിനായി ഗൂഢാലോചന നടന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇത് കൂടുതല്‍ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരാനാണ് സിബിഐക്ക് കൈമാറിയത്. 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം സ്പെക്ട്രം അഴിമതിയിലൂടെ ഉണ്ടായെന്ന് സിഎജി റിപ്പോര്‍ട്ട് നല്‍കിയത് വ്യക്തമായ കണക്കുകളുടെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തിലായിരിക്കുമെന്നും മുന്‍ സിവിസി പറഞ്ഞു.
ReplyDeleteസ്പെക്ട്രം കേസുകള്‍ വിചാരണക്കായി പ്രത്യേക കോടതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. മുന്‍മന്ത്രി എ രാജക്കും മറ്റുള്ളവര്‍ക്കുമെതിരെയുള്ള കേസില്‍ ആദ്യകുറ്റപത്രം മാര്‍ച്ച് 31 നകം സമര്‍പ്പിക്കാന്‍ സിബിഐക്ക് കോടതി നിര്‍ദേശം നല്‍കി.
ReplyDelete2ജി സ്പെക്ട്രത്തിന് നിലവിലുള്ളതിന്റെ ആറിരട്ടി വില ഈടാക്കാമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ശുപാര്‍ശ. ഇത് മൊബൈല്‍ സേവനത്തിന്റെ ചെലവുവര്‍ധിപ്പിക്കുമെന്ന് ആരോപണമുണ്ട്. 6.2 മെഗാഹെട്സ് സ്പെക്ട്രം ലൈസന്‍സിന് 10,972.45 കോടിരൂപ ഈടാക്കാമെന്നാണ് ശുപാര്‍ശ. നിലവില്‍ 1658 കോടിയാണ് ഈടാക്കിയിരുന്നത്. ഓരോ അധിക മെഗാഹെട്സിനും 4571.87 കോടിരൂപ ഈടാക്കാം. ആറു ലൈസന്‍സുകള്‍ അനുവദിച്ചാല്‍ 65,834 കോടിരൂപ സര്‍ക്കാരിനുലഭിക്കും
ReplyDelete