Saturday, February 12, 2011

പ്രധാനമന്ത്രി കാര്യാലയത്തിനെതിരെ കൂടുതല്‍ തെളിവ്

ന്യൂഡല്‍ഹി: വിവാദമായ എസ് ബാന്‍ഡ് കരാറുമായി മുന്നോട്ടുപോകുന്നതിന് പ്രധാനമന്ത്രി കാര്യാലയം രണ്ടുമാസംമുമ്പുവരെ ദേവാസ് മേധാവികളുമായി ചര്‍ച്ച നടത്തിയതായി തെളിഞ്ഞു. ദേവാസ് മേധാവി രാമചന്ദ്രന്‍ വിശ്വനാഥനാണ് പ്രധാനമന്ത്രി കാര്യാലയവുമായി ചര്‍ച്ച നടത്തിയെന്ന് വെളിപ്പെടുത്തിയത്. കരാര്‍ നേരത്തെതന്നെ റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നെന്ന കേന്ദ്രസര്‍ക്കാര്‍ വാദം ഇതോടെ പൊളിഞ്ഞു.

ഐഎസ്ആര്‍ഒ വിക്ഷേപിക്കാനിരിക്കുന്ന ജിസാറ്റ് 6, 6എ ഉപഗ്രഹങ്ങളില്‍ എസ് ബാന്‍ഡ് സ്പെക്ട്രമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പോണ്ടറുകള്‍ അനുവദിക്കുന്നതിനാണ് ആന്‍ഡ്രിക്സും ദേവാസുമായി 2005ല്‍ കരാറില്‍ എത്തിയത്. 2009ല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായിരുന്നു ധാരണ. എന്നാല്‍, സാങ്കേതികകാരണങ്ങളാല്‍ വിക്ഷേപണം നടന്നില്ല. എസ് ബാന്‍ഡ് സ്പെക്ട്രം സൌജന്യമായി നല്‍കി സ്വകാര്യകമ്പനിക്കുവേണ്ടി നടത്തുന്ന ഉപഗ്രഹ വിക്ഷേപണം ഖജനാവിന് രണ്ടുലക്ഷം കോടിയുടെ നഷ്ടം വരുത്തുമെന്ന മാധ്യമവാര്‍ത്തയോടെയാണ് കരാര്‍ വിവാദമായത്. കരാര്‍ പുനഃപരിശോധിക്കാന്‍ 2009 ഡിസംബറില്‍ത്തന്നെ തീരുമാനിച്ചെന്നും 2010 ജൂലൈയില്‍ ബഹിരാകാശ കമീഷന്‍ റദ്ദാക്കല്‍ ശുപാര്‍ശ മുന്നേട്ടുവച്ചെന്നുമാണ് ഐഎസ്ആര്‍ഒയുടെയും കേന്ദ്രത്തിന്റെയും അവകാശവാദം.

ഇത് തെറ്റെന്നു തെളിയിക്കുന്നതാണ് ദേവാസ് മേധാവിയുടെ വെളിപ്പെടുത്തല്‍. ബഹിരാകാശ കമീഷന്റെ ശുപാര്‍ശ വന്നതിനുശേഷവും പ്രധാനമന്ത്രി കാര്യാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്ന് രാമചന്ദ്രന്‍ വിശ്വനാഥന്‍ പറഞ്ഞു. കരാറിന്റെ ഭാവി സംബന്ധിച്ചായിരുന്നു ചര്‍ച്ചകള്‍. കരാര്‍ മുന്നോട്ടുപോകുമെന്ന ഉറപ്പാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയത്. 2010 ഡിസംബര്‍വരെ ചര്‍ച്ച തുടര്‍ന്നു. രണ്ടാഴ്ചമുമ്പുവരെ കരാര്‍ മുന്നോട്ടുപോകുമെന്ന ഉറപ്പായിരുന്നു ലഭിച്ചത്. ആരൊക്കെയാണ് ചര്‍ച്ചകളില്‍ പങ്കെടുത്തതെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല- രാമചന്ദ്രന്‍ പറഞ്ഞു.
കരാറുമായി മുന്നോട്ടുപോകരുതെന്ന് നിയമമന്ത്രാലയത്തിന്റെ ഉപദേശംകൂടി ലഭിച്ചശേഷമാണ് പിഎംഒ- ദേവാസ് ചര്‍ച്ചകള്‍ നടന്നത് എന്നതും ശ്രദ്ധേയമാണ്. ബഹിരാകാശ കമീഷന്‍ അംഗങ്ങള്‍കൂടിയായ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍, ദേശീയസുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, ഐഎസ്ആര്‍ഒ പ്രതിനിധികള്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നാണ് സൂചന.

ആന്‍ഡ്രിക്സ്- ദേവാസ് കരാര്‍ പരിശോധിക്കുന്നതിന് പ്രധാനമന്ത്രി ചുമതലപ്പെടുത്തിയ രണ്ടംഗ സമിതിയിലെ അംഗമായ റോദ്ദം നരസിംഹയുമായും ദേവാസ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. കരാറിനെക്കുറിച്ച് പ്രധാനമന്ത്രിക്ക് വ്യക്തമായി അറിയാമായിരുന്നെന്ന വെളിപ്പെടുത്തലും രാമചന്ദ്രന്‍ നടത്തി. 2010 ഒക്ടോബറില്‍ ജര്‍മന്‍ വിദേശമന്ത്രി ഗുയിഡൊ വെസ്റര്‍വെല്ലെ മന്‍മോഹന്‍സിങ്ങുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ആന്‍ഡ്രിക്സ് കരാറും ചര്‍ച്ചചെയ്തു. അമേരിക്കന്‍ വിദേശവകുപ്പും കരാര്‍വിഷയം പിഎംഒയുമായി ചര്‍ച്ചചെയ്തു. കരാര്‍ റദ്ദാക്കാന്‍ നേരത്തെ തീരുമാനിച്ചെന്ന സര്‍ക്കാര്‍ വാദം വിചിത്രമാണ്. വിദേശ ഏജന്‍സിയുടെ സഹായത്തോടെ ഉപഗ്രഹം വിക്ഷേപിക്കുന്ന കാര്യം രണ്ടാഴ്ചമുമ്പുവരെ ഐഎസ്ആര്‍ഒയുമായി ചര്‍ച്ചചെയ്തിരുന്നു. ജിഎസ്എല്‍വി വിക്ഷേപണത്തിന്റെ കാര്യത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് ചില ബുദ്ധിമുട്ട് നേരിട്ടതോടെയാണ് വിദേശ ബഹിരാകാശ ഏജന്‍സിയുടെ കാര്യം ചര്‍ച്ചചെയ്തത്. കരാറിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഒരിക്കല്‍പ്പോലും ഐഎസ്ആര്‍ഒയോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളോ അറിയിച്ചിട്ടില്ല- രാമചന്ദ്രന്‍ പറഞ്ഞു.
(എം പ്രശാന്ത്)

എസ് ബാന്‍ഡ് അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണം- സിപിഐ എം

ന്യൂഡല്‍ഹി: എസ് ബാന്‍ഡ് സ്പെക്ട്രം അഴിമതി സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം ഉറപ്പുവരുത്താനും സര്‍ക്കാര്‍ തയ്യാറാകണം. കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖയും പരിശോധിക്കാന്‍ സിഎജിക്ക് അവസരമൊരുക്കണമെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കരാര്‍ പരിശോധിക്കുന്നതില്‍ പല തടസ്സവും സിഎജി അഭിമുഖീകരിക്കുന്നതായി മാധ്യമറിപ്പോര്‍ട്ടുണ്ട്. ദുരൂഹമായ കരാറിലെ വസ്തുത പൂര്‍ണമായി പുറത്തുവരികയും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുകയും വേണം. പ്രധാനമന്ത്രിയുടെ കീഴിലുള്ള ബഹിരാകാശവകുപ്പ് എസ് ബാന്‍ഡ് കരാര്‍ പുനഃപരിശോധിക്കുന്ന ഘട്ടത്തിലും കരാര്‍ സംബന്ധിച്ച പല ചോദ്യങ്ങള്‍ക്കും മറുപടിയില്ല. സ്വകാര്യകമ്പനിയുടെ ആവശ്യത്തിനു മാത്രമായുള്ള ഉപഗ്രഹ വിക്ഷേപണത്തിന് 2005 ഡിസംബറില്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയത് എങ്ങനെയെന്ന് വ്യക്തമാക്കണം. സ്വകാര്യ കമ്പനിയുമായുള്ള കരാര്‍ അനുചിതമെന്നു കണ്ടെത്തി കരാര്‍ റദ്ദാക്കാന്‍ 2010 ജൂലൈയില്‍ ബഹിരാകാശ കമീഷന്‍ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ടാണ് കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്. കരാര്‍ റദ്ദാക്കല്‍ സര്‍ക്കാരിന്റെ തീരുമാനമായിത്തന്നെ വരണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ നടപടിക്ക് മടിക്കുന്നതിലും ദുരൂഹതയുണ്ട്. ആന്‍ഡ്രിക്സ്- ദേവാസ് ഇടപാടിലൂടെ സര്‍ക്കാരിന് രണ്ടുലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടാവുക. ഇടപാട് പുറത്തുവന്നതോടെ യുപിഎ സര്‍ക്കാര്‍ പതിവുപോലെ അഴിമതി കുറച്ചുകാട്ടാനുള്ള ശ്രമത്തിലാണ്. കരാര്‍ നടപ്പായിട്ടില്ലെന്ന വാദമാണ് ഉയര്‍ത്തുന്നത്.

കരാര്‍ പുനഃപരിശോധിക്കുന്നതിന് രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയ പ്രധാനമന്ത്രിയുടെ നടപടിയും സംശയകരമാണ്. കരാര്‍ ന്യായീകരിക്കാനാകാത്തതും റദ്ദാക്കേണ്ടതുമാണെന്നു തെളിഞ്ഞ സാഹചര്യത്തില്‍ പുനഃപരിശോധനയുടെ ആവശ്യമെന്തെന്ന് വ്യക്തമല്ല. രണ്ടംഗസമിതിയിലുള്ള മുന്‍ ക്യാബിനറ്റ് സെക്രട്ടറിയും ബഹിരാകാശ കമീഷന്‍ അംഗവും നേരത്തെ ദേവാസുമായി കരാറില്‍ എത്തുന്നതിന് പ്രവര്‍ത്തിച്ചവരാണ്. സര്‍ക്കാര്‍ തലത്തില്‍ പ്രശ്നം ഒത്തുതീര്‍ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് രണ്ടംഗ സമിതി രൂപീകരണമെന്നു കരുതേണ്ടിയിരിക്കുന്നു- പിബി പ്രസ്താവനയില്‍ പറഞ്ഞു.

നിയമനടപടിക്ക് ഒരുങ്ങി ദേവാസ്

ന്യൂഡല്‍ഹി: എസ് ബാന്‍ഡ് അഴിമതി വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഭാവിനടപടി ചര്‍ച്ചചെയ്യാന്‍ ബഹിരാകാശ കമീഷന്‍ ശനിയാഴ്ച യോഗം ചേരും. ഐഎസ്ആര്‍ഓയുമായുള്ള കരാര്‍ നിയമപരമായി നിലനില്‍ക്കുന്നതാണെന്ന വിശദീകരണവുമായി ദേവാസ് മള്‍ട്ടിമീഡിയ കമ്പനി രംഗത്തുവന്നതോടെ പ്രധാനമന്ത്രി കാര്യാലയവും ബഹിരാകാശ കമീഷനും ആശങ്കയിലാണ്. കരാര്‍ റദ്ദാക്കിയാല്‍തന്നെ നിയമനടപടി തുടരുമെന്ന സൂചനയാണ് ദേവാസ് മേധാവികള്‍ നല്‍കുന്നത്.

ബഹിരാകാശ കമീഷന്റെ സമ്പൂര്‍ണയോഗമാണ് ശനിയാഴ്ച ചേരുന്നത്. ആന്‍ഡ്രിക്സ്- ദേവാസ് കരാര്‍ റദ്ദാക്കാനുള്ള തീരുമാനം അംഗീകരിക്കാനാണ് യോഗമെന്ന്് സൂചനയുണ്ട്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കൂടിയായ ബഹിരാകാശ വകുപ്പ് സെക്രട്ടറി ഡോ. കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിലാണ് യോഗം. ബഹിരാകാശ കമീഷന്‍ അംഗങ്ങളായ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍, കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖരന്‍, ദേശീയ സുരക്ഷാഉപദേഷ്ടാവ് ശിവശങ്കര്‍മേനോന്‍, ധനസെക്രട്ടറി സുഷമനാഥ്, സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി ആര്‍ ഗോപാലന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സിന്റെ ഘടനയില്‍ വരുത്തേണ്ട അഴിച്ചുപണിയും കമീഷന്‍ ചര്‍ച്ചചെയ്യും.

ദേശാഭിമാനി 120211

2 comments:

  1. വിവാദമായ എസ് ബാന്‍ഡ് കരാറുമായി മുന്നോട്ടുപോകുന്നതിന് പ്രധാനമന്ത്രി കാര്യാലയം രണ്ടുമാസംമുമ്പുവരെ ദേവാസ് മേധാവികളുമായി ചര്‍ച്ച നടത്തിയതായി തെളിഞ്ഞു. ദേവാസ് മേധാവി രാമചന്ദ്രന്‍ വിശ്വനാഥനാണ് പ്രധാനമന്ത്രി കാര്യാലയവുമായി ചര്‍ച്ച നടത്തിയെന്ന് വെളിപ്പെടുത്തിയത്. കരാര്‍ നേരത്തെതന്നെ റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നെന്ന കേന്ദ്രസര്‍ക്കാര്‍ വാദം ഇതോടെ പൊളിഞ്ഞു.

    ReplyDelete
  2. പ്രധാനമന്ത്രി കാര്യാലയം പ്രതിക്കൂട്ടിലായ വിവാദ എസ് ബാന്‍ഡ് കരാര്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗം ആന്‍ഡ്രിക്സും സ്വകാര്യ മള്‍ട്ടിമീഡിയ കമ്പനിയായ ദേവാസും തമ്മിലുള്ള കരാറാണ് റദ്ദാക്കുന്നത്.

    ReplyDelete