Saturday, February 12, 2011

വല്ലാര്‍പാടം ടെര്‍മിനല്‍ രാജ്യത്തിനു സമര്‍പ്പിച്ചു

കൊച്ചി: ഇന്ത്യയുടെ തുറമുഖ-ചരക്കുനീക്ക വ്യവസായത്തിന് ഇനി കവാടം കൊച്ചി. കേരളത്തിന്റെ സാമ്പത്തിക, വ്യവസായ വികസനത്തിന് വന്‍ മുതല്‍ക്കൂട്ടാകുന്ന വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജ്യത്തിനു സമര്‍പ്പിച്ചു. ഇതോടെ കൊളംബോ, ദുബായ്, സിംഗപ്പുര്‍, ഹോങ്കോങ് തുടങ്ങിയ രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനലുകളോടു കിടപിടിക്കുന്ന തുറമുഖമായി കൊച്ചി മാറി. വന്‍കിട കപ്പലുകള്‍(മദര്‍ഷിപ്പ്) അടുക്കുന്ന ടെര്‍മിനലിനൊപ്പം ദേശീയപാതയിലേക്കും റെയില്‍വേ ശൃംഖലയിലേക്കുമുള്ള ലിങ്കുകളും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. മൂന്നു ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണ് പൂര്‍ത്തിയായത്. വല്ലാര്‍പാടം പ്രത്യേക സാമ്പത്തികമേഖലയിലെ ടെര്‍മിനല്‍ അങ്കണത്തില്‍ നടന്ന പ്രൌഢഗംഭീര ചടങ്ങിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, ഗവര്‍ണര്‍ ആര്‍ എസ് ഗവായി, കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, സി പി ജോഷി, സഹമന്ത്രിമാരായ കെ വി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ്, കെ സി വേണുഗോപാല്‍, മുകുള്‍ റോയ്, സംസ്ഥാനമന്ത്രിമാരായ എസ് ശര്‍മ, ജോസ് തെറ്റയില്‍ തുടങ്ങിയവര്‍ സാക്ഷിയായി.

ദുബായ് എക്സിക്യൂട്ടീവ് കൌണ്‍സില്‍ അംഗം ഷെയ്ഖ് സയ്യിദ് അഹമ്മദ് ബിന്‍ അല്‍ മഖ്തൂംഗ, ദുബായ് വേള്‍ഡിന് നേതൃത്വം നല്‍കുന്ന രാജകുടുംബാംഗങ്ങള്‍, കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, വ്യവസായരംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ക്കു പുറമെ കൊച്ചിയിലെ ജനസമൂഹവും വല്ലാര്‍പാടത്തെത്തി. അതേസമയം, സംസ്ഥാന മന്ത്രിമാരെ വേദിയിലേക്കു ക്ഷണിക്കാതിരുന്നതും മുഖ്യമന്ത്രിയുടെ പേര് ഫലകത്തില്‍ ഉള്‍പ്പെടുത്താതിരുന്നതും ചടങ്ങിന്റെ പൊലിമയ്ക്ക് മങ്ങലായി. 3,600 കോടി ചെലവിട്ട് 60 മാസംകൊണ്ടാണ് ടെര്‍മിനല്‍ പൂര്‍ത്തിയായത്. പൂര്‍ത്തിയായ 600 മീറ്റര്‍ ടെര്‍മിനലില്‍ മൂന്ന് മദര്‍ഷിപ്പുകള്‍ക്കും എട്ട് ചെറുകപ്പലുകള്‍ക്കും ഒരേസമയം അടുക്കാം. നാല് കീ ക്രെയിന്‍, രണ്ട് മൊബൈല്‍ ക്രെയിന്‍, 12 റബര്‍ ടയേര്‍ഡ് ഗ്യാന്‍ട്രി ക്രെയിന്‍ തുടങ്ങിയവയും ഉണ്ട്. വല്ലാര്‍പാടത്തെ പ്രധാന റെയില്‍വേപാളവുമായി ബന്ധിപ്പിക്കാന്‍ 8.5 കിലോമീറ്റര്‍ നീളത്തില്‍ പാളം തീര്‍ത്തു. ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന നാലുവരിപ്പാതയില്‍ രണ്ടുവരി പൂര്‍ത്തിയായി. കേന്ദ്ര ഷിപ്പിങ് മന്ത്രി ജി കെ വാസന്‍ സ്വാഗതം പറഞ്ഞു.

വികസനകവാടം തുറന്നു

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ (ഐസിടിടി) കേരളത്തിന് വികസനത്തിന്റെ കവാടം തീര്‍ക്കും. അനുബന്ധവ്യവസായങ്ങളുടെ പെരുമഴയാണ് ഇതോടൊപ്പം കേരളത്തിലേക്കെത്തുക. ഒപ്പം കയറ്റുമതിമേഖലയ്ക്ക് സാമ്പത്തികനേട്ടവും സമയലാഭവും കിട്ടും. നിലവില്‍ 400-500 കണ്ടെയ്നറുകള്‍ കൊള്ളുന്ന ചെറിയ കപ്പലുകളില്‍ കൊളംബോയിലും സിംഗപ്പുരിലും എത്തിച്ച് അവിടെനിന്ന് 13000 കണ്ടെയ്നര്‍ശേഷിയുള്ള അമ്മക്കപ്പലുകളിലേക്കു മാറ്റിയാണ് ചരക്കുകള്‍ യൂറോപ്യന്‍രാജ്യങ്ങളിലേക്കും മറ്റും കൊണ്ടുപോകുന്നത്. ഒരു കണ്ടെയ്നറിന് 14,000 രൂപയും 10 ദിവസവും അധികമായി വേണ്ടിവരും. അമ്മക്കപ്പലുകള്‍ വല്ലാര്‍പാടത്തെത്തുന്നതോടെ ഇത് ഒഴിവാക്കാനാകും.

വല്ലാര്‍പാടത്തിന്റെ പിറകേ വന്‍ പദ്ധതികളാണ് മേഖലയില്‍ വരുന്നത്. പ്രത്യേക സാമ്പത്തികമേഖലയില്‍ 1,150 കോടി രൂപയുടെ വികസനമാണ് നടക്കുക. കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റേഷനുകള്‍, ഇംപ്ടി കണ്ടെയ്നര്‍ പാര്‍ക്ക്, ലോജിസ്റ്റിക് പാര്‍ക്ക്, വെയര്‍ഹൌസുകള്‍, 1,600 കോടി രൂപയുടെ എല്‍എന്‍ജി ടെര്‍മിനല്‍, രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണിശാല, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പെട്രോ കെമിക്കല്‍ കോംപ്ളക്സ് എന്നിവ നിര്‍മാണത്തിലാണ്. അനുബന്ധമായി 7500 കോടിയുടെ വികസനവും വരും. 60,000 തൊഴിലവസരവും പുതുതായി സൃഷ്ടിക്കപ്പെടും. ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷനുകള്‍ ഉയരും. ഉള്‍നാടന്‍ ജലഗതാഗതവും വികസിക്കും. വല്ലാര്‍പാടത്തിനൊപ്പം ഇ-പോര്‍ട്ട് സംവിധാനം നിലവില്‍വന്നു. 110 കെവി സബ്സ്റ്റേഷന്‍, റഡാര്‍ അടിസ്ഥാനപ്പെടുത്തിയ വെസല്‍ ട്രാഫിക് മാനേജ്മെന്റ് സംവിധാനം, 45 ടണ്ണിന്റെ രണ്ടു പുതിയ ബോളാര്‍ഡ് പുള്‍ ടഗ്ഗുകള്‍, പുതുവൈപ്പില്‍ ക്രൂഡ് ഓയില്‍ സ്റ്റേഷന്‍ എന്നിവയും ലഭിച്ചു.

കൈപിടിച്ചുനടത്തിയത് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: എതിര്‍പ്പും സമരങ്ങളും പരിഹരിച്ച് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കാട്ടിയ ഇച്ഛാശക്തിയാണ് വല്ലാര്‍പാടം പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കി. രാജ്യത്തിനാകെ മാതൃകയായ പുനരധിവാസപദ്ധതിയും നടപ്പാക്കി. ഏറെനാള്‍ ഫയലില്‍ ഉറങ്ങിയ പദ്ധതിക്ക് 2000ത്തോടെയാണ് ജീവന്‍വച്ചത്.

2005ല്‍ പ്രധാനമന്ത്രി പദ്ധതിക്ക് ശിലയിട്ടെങ്കിലും പരിസ്ഥിതിയനുമതി ലഭിച്ചിരുന്നില്ല. റെയില്‍, റോഡ് മാര്‍ഗത്തിനുള്ള ഭൂമിയും ഏറ്റെടുത്തിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരാണ് അതിന് നടപടി ആരംഭിച്ചത്. ഭൂമിക്ക് വന്‍ വിലയുള്ള എറണാകുളം നഗരത്തോട് ചേര്‍ന്നുകിടക്കുന്ന ഹെക്ടര്‍ കണക്കിനു ഭൂമിയാണ് ഏറ്റെടുത്തത്. ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. റവന്യുമന്ത്രി കെ പി രാജേന്ദ്രന്‍, അന്നത്തെ തുറമുഖമന്ത്രി എം വിജയകുമാര്‍, ജില്ലയുടെ ചുമതലയുള്ള മന്ത്രി എസ് ശര്‍മ എന്നിവരായിരുന്നു ഉപസമിതി അംഗങ്ങള്‍. സമിതി നിരന്തരം അവലോകനം നടത്തി സ്ഥലം ഏറ്റടുത്തു. മുളവുകാട്ടുനിന്ന് കളമശേരിവരെ റോഡിനും ഇടപ്പള്ളിവരെ റെയില്‍വേയ്ക്കും സ്ഥലമെടുത്തു നല്‍കേണ്ടിവന്നു. തൃപ്തികരമായ പുനരധിവാസ പാക്കേജ് നടപ്പാക്കിയാണ് ഭൂമി ഏറ്റെടുത്തത്. ഭൂമിയേറ്റെടുക്കല്‍ സമാധാനപരമായും തൃപ്തികരമായും സമയബന്ധിതമായും പൂര്‍ത്തീകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു. പദ്ധതിപ്രദേശത്തും അനുബന്ധ നിര്‍മാണ മേഖലയിലും തൊഴില്‍പ്രശ്നങ്ങളും സ്തംഭനങ്ങളുമില്ലാതെ നിര്‍മാണം പൂര്‍ത്തീകരിക്കാനും കഴിഞ്ഞു.

വല്ലാര്‍പാടത്തിന്റെ സാധ്യത കണക്കിലെടുത്ത് നിരവധി പദ്ധതികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ രൂപംനല്‍കി. കൊച്ചിമുതല്‍ കോയമ്പത്തൂര്‍വരെ വ്യവസായ ഇടനാഴിയായി പ്രഖ്യാപിച്ച് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും. പൊതുമേഖലയിലും സംയുക്ത സംരംഭമായും കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷനുകള്‍ നിര്‍മാണത്തിലാണ്. ഇടപ്പള്ളി ട്രക്ക് ടെര്‍മിനല്‍ സ്ഥാപിക്കാനും നടപടിയായി. വല്ലാര്‍പാടം ഉണ്ടാക്കുന്ന ഗതാഗതത്തിരക്ക് പരിഹരിക്കാന്‍ റോഡ്, മേല്‍പ്പാലം പദ്ധതികള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ തുടക്കമിട്ടു.

ലക്ഷ്യം ദീര്‍ഘകാല നിക്ഷേപം

രാജീവ്ഗാന്ധി ടെര്‍മിനല്‍ മൂന്നാഴ്ചയ്ക്കകം നിര്‍ത്തും: ദുബായ് പോര്‍ട്ട് വേള്‍ഡ് കൊച്ചി: വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍ഷിപ്മെന്റ് ടെര്‍മിനല്‍ യാഥാര്‍ഥ്യമായതോടെ കൊച്ചി തുറമുഖത്തെ രാജീവ്ഗാന്ധി ടെര്‍മിനല്‍ മൂന്നാഴ്ചയ്ക്കകം നിര്‍ത്തലാക്കുമെന്ന് വല്ലാര്‍പാടം ടെര്‍മിനലിന്റെ പങ്കാളിത്ത കമ്പനിയായ ദുബായ് പോര്‍ട്ട് വേള്‍ഡ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴിലാളികളുടെ പ്രക്ഷോഭഫലമായി ഹൈക്കോടതി മൂന്നു മാസത്തേക്കു കൂടി നിലനിര്‍ത്തണമെന്ന് ഉത്തരവിട്ട ടെര്‍മിനലാണ് നിര്‍ത്തലാക്കുമെന്ന് ദുബായ് പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയത്.
അതേസമയം ഇക്കാര്യത്തില്‍ കോടതിവിധി നിലനില്‍ക്കുന്നതിനാല്‍ ഇപ്പോഴൊന്നും പറയുന്നില്ലെന്നാണ് ഇതേ വാര്‍ത്താസമ്മേളനത്തില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയത്.

വല്ലാര്‍പാടം ടെര്‍മിനല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് പോര്‍ട്ട് ട്രസ്റ്റുമായി ഉണ്ടാക്കിയ കരാര്‍പ്രകാരം വല്ലാര്‍പാടം യാഥാര്‍ഥ്യമാകുന്നതോടെ തങ്ങള്‍തന്നെ പ്രവര്‍ത്തിപ്പിച്ചിരുന്ന രാജീവ്ഗാന്ധി ടെര്‍മിനല്‍ നിര്‍ത്തലാക്കി ഉപകരണങ്ങള്‍ അങ്ങോട്ട് മാറ്റുമെന്നാണ് വ്യവസ്ഥ. ഇതുപ്രകാരം മാറ്റാനുള്ള കാലാവധിയെന്ന നിലയിലാണ് മൂന്ന് ആഴ്ചകൂടി രാജീവ്ഗാന്ധി ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കുക. അതേസമയം ഇതുസംബന്ധിച്ച് ഉണ്ടായിട്ടുള്ള കോടതിവിധി പരിശോധിക്കുമെന്നും ദുബായ് പോര്‍ട്ട് സബ്കോടിനെന്റല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അനില്‍ സിങ് വ്യക്തമാക്കി. അതേസമയം കോടതിവിധി മാനിക്കുന്നുവെന്നായിരുന്നു കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എന്‍ രാമചന്ദ്രന്റെ പ്രതികരണം. വിധി അംഗീകരിക്കുന്നു. എന്നാല്‍ പ്രതികൂലവിധി ലഭിച്ചവര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാന്‍ അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ ദീര്‍ഘകാല നിക്ഷേപമാണ് ലക്ഷ്യമിടുന്നതെന്ന് ദുബായ് പോര്‍ട്ട് വേള്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലായേം പറഞ്ഞു. വല്ലാര്‍പാടം ടെര്‍മിനല്‍ യാഥാര്‍ഥ്യമായത് ഈ പദ്ധതികള്‍ക്ക് ആക്കം കൂട്ടുമെന്നും ഇദ്ദേഹം വ്യക്തമാക്കി. രണ്ടരമാസങ്ങള്‍ക്കകം വല്ലാര്‍പാടം ബര്‍ത്ത് ബെയ്സിനിലെ 600 മീറ്റര്‍ ഭാഗത്തും മതിയായ ആഴം കൈവരിക്കാനാകും. നിലവില്‍ 350 മീറ്റര്‍ പ്രദേശത്താണ് വേണ്ടത്ര ആഴമായ 14.5 മീറ്റര്‍ ഉള്ളൂ. ഒന്നാംഘട്ടത്തില്‍ 600 മീറ്റര്‍ ആഴം പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 10 ലക്ഷം ടിഇയു കണ്ടെയ്നര്‍ കൈകാര്യംചെയ്യാനാകും. മൂന്നുഘട്ട വികസനവും പൂര്‍ത്തിയാകുന്നതോടെ ഇത് 40 ലക്ഷം ടിഇയു ആയി വര്‍ധിക്കും. അതേസമയം ടെര്‍മിനല്‍ ട്രാന്‍ഷിപ്മെന്റ് ടെര്‍മിനലായി ഉയരണമെങ്കില്‍ കബോട്ടേജ് നിയമഭേദഗതി ആവശ്യമായുണ്ട്. ഇത് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ദുബായ് പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. ദുബായ് വേള്‍ഡ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജമാല്‍ മജിദ് ബിന്‍ തനിയാഹ്, ദുബായ് പോര്‍ട്ട് വേള്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ഷറഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി 120211

1 comment:

  1. എതിര്‍പ്പും സമരങ്ങളും പരിഹരിച്ച് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കാട്ടിയ ഇച്ഛാശക്തിയാണ് വല്ലാര്‍പാടം പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കി. രാജ്യത്തിനാകെ മാതൃകയായ പുനരധിവാസപദ്ധതിയും നടപ്പാക്കി. ഏറെനാള്‍ ഫയലില്‍ ഉറങ്ങിയ പദ്ധതിക്ക് 2000ത്തോടെയാണ് ജീവന്‍വച്ചത്.

    ReplyDelete