Friday, February 4, 2011

ഗുജറാത്ത് വംശഹത്യ മോഡി കുറ്റക്കാരനെന്ന് എസ്ഐടി റിപ്പോര്‍ട്ട്

ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി കുറ്റക്കാരനാണെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള സംഘം മെയ് 14ന് മുദ്രവച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മുസ്ളിങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ആസൂത്രണംചെയ്ത വംശഹത്യയില്‍ മോഡിയെ രൂക്ഷമായി കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടിലെ ഉള്ളടക്കം തെഹല്‍ക്കയും ഹെഡ്ലൈന്‍സ് ടുഡേയുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ പരിപൂര്‍ണമായ പിന്തുണയോടെയും ഒത്താശയോടെയുമാണ് സംഘപരിവാര്‍ വംശഹത്യ നടപ്പാക്കിയതെന്ന് 600 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ വിവേചനരഹിതമായി നടപടിയെടുക്കുന്നതില്‍ മോഡി പരാജയപ്പെട്ടു. ആക്രമണം തടയുന്നതിനുപകരം എല്ലാ പ്രവൃത്തിക്കും തുല്യമായ പ്രത്യാഘാതമുണ്ടാകുമെന്ന പരാമര്‍ശമാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്. തികച്ചും വിവേചനപരമായാണ് വംശഹത്യാവേളയില്‍ മോഡി പെരുമാറിയത്. നിരവധി മുസ്ളിങ്ങള്‍ കൊല്ലപ്പെട്ട അഹമ്മദാബാദിലെ ആക്രമണസ്ഥലങ്ങള്‍ മോഡി സന്ദര്‍ശിച്ചില്ല. വംശഹത്യാകേസില്‍ രാഷ്ട്രീയപരിഗണന മുന്‍നിര്‍ത്തിയാണ് പബ്ളിക് പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ചതെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം തടയാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. അതേസമയം, ഇക്കാലയളവില്‍ പൊലീസും ഉദ്യോഗസ്ഥരും സ്വീകരിച്ച നടപടികളില്‍ ദുരൂഹതയുണ്ട്. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട് ഈ ദിവസങ്ങളില്‍ ചേര്‍ന്ന നിര്‍ണായകയോഗങ്ങളുടെയൊന്നും മിനിറ്റ്സോ മറ്റ് രേഖകളോ സൂക്ഷിച്ചിട്ടില്ലെന്നും എസ്ഐടി വ്യക്തമാക്കി.

ദേശാഭിമാനി 040211

1 comment:

  1. ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി കുറ്റക്കാരനാണെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള സംഘം മെയ് 14ന് മുദ്രവച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

    ReplyDelete