Wednesday, September 14, 2011

ദുഷ്കര്‍മങ്ങളുടെ നൂറുദിനങ്ങള്‍

യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനകര്‍മപരിപാടിയില്‍ മുന്നിട്ടുനില്‍ക്കുന്നത് ഭരണമുന്നണിയുടെ ദുഷ്ചെയ്തികള്‍ . ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ സത്യപ്രതിജ്ഞചെയ്തത് മെയ് 18നാണെങ്കിലും ദുഷ്ചെയ്തികള്‍ക്ക് മെയ് 13നേ തുടക്കംകുറിച്ചു. 13ന് തെരഞ്ഞെടുപ്പുഫലം വന്ന ഉടനെ പാമൊലിന്‍ അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് എസ്പി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോടതി ഉത്തരവുപ്രകാരം തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസം ബാക്കിനില്‍ക്കെയായിരുന്നു തിരക്കിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തൊട്ടുപിന്നാലെ ഇതേഡയറക്ടര്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ വ്യാജരേഖകള്‍ സൃഷ്ടിച്ചു. ഉമ്മന്‍ചാണ്ടിയാകട്ടെ ജിജി തോംസനെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി തേടി എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ കത്ത് പിന്‍വലിച്ചു. ദുഷ്ചെയ്തികളില്‍ റെക്കോഡ് സൃഷ്ടിക്കുകയാണ് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ സര്‍ക്കാരും.

മുന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളും 2011 ജനുവരിമുതലുള്ള നിയമനങ്ങളും പുനഃപരിശോധിക്കുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആദ്യപ്രഖ്യാപനം. യുഡിഎഫ് സര്‍ക്കാരിന്റെ ദുഷ്കര്‍മകളിലൂടെ: അധികാരമേറ്റ് രണ്ടാംദിവസം ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം. കോണ്‍ഗ്രസ് സര്‍വീസ് സംഘടനയുടെ കത്തില്‍ വകുപ്പുമേധാവികള്‍ക്ക് സ്ഥലംമാറ്റം. പൊലീസുകാര്‍ക്കും കൂട്ടസ്ഥലംമാറ്റം. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയ പൊലീസ് സ്ഥലംമാറ്റങ്ങള്‍ ഹൈക്കോടതി സ്റ്റേചെയ്തു. ഡിവൈഎസ്പി, സിഐ സ്ഥലംമാറ്റത്തിന് ലേലംവിളി. അടൂര്‍ പ്രകാശിനെതിരായ റേഷന്‍ഡിപ്പോ അഴിമതിക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ് അട്ടിമറിക്കല്‍ ലക്ഷ്യം.

തദ്ദേശസ്വയംഭരണവകുപ്പ് മൂന്നായി വെട്ടിമുറിച്ചു. മൂന്ന് വകുപ്പിനുംകൂടി ഒരു സെക്രട്ടറി. മൂന്നാക്കിയ വകുപ്പ് ഭരിക്കാന്‍ നാലംഗ ഉപസമിതി. ക്ഷീരവികസനം മൃഗസംരക്ഷണവകുപ്പില്‍നിന്ന് അടര്‍ത്തിമാറ്റി. തിരുവനന്തപുരം നഗരറോഡ് വികസനപദ്ധതി കരാറെടുത്ത കമ്പനിക്ക് 125 കോടി രൂപ നഷ്ടപരിഹാരം നല്‍കിയതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് മുഖ്യമന്ത്രി നേരിട്ടിടപെട്ട് റദ്ദാക്കി. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതടക്കം എം കെ മുനീറിനെതിരായ അഴിമതിക്കേസുകളിലും തുടരന്വേഷണത്തിന് തീരുമാനം. വിദ്യാര്‍ഥി- യുവജനസമരങ്ങള്‍ക്കുനേരെ പൊലീസ് ഗ്രനേഡ്- ടിയര്‍ഗ്യാസ്- ലാത്തിപ്രയോഗവും. ഉരുട്ടിക്കൊലയിലൂടെ കുപ്രസിദ്ധി നേടിയ തിരുവനന്തപുരം ഫോര്‍ട്ടടക്കമുള്ള ഒട്ടേറെ പൊലീസ് സ്റ്റേഷനില്‍ മൂന്നാംമുറ പുനരാരംഭിച്ചു. ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ ആരോപണവിധേയനായ പി സി ഐപ്പ് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ .

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് പുനരാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി. ബിവറേജസ് കോര്‍പറേഷന്‍ ആരംഭിക്കാനിരുന്ന 15 വില്‍പ്പനശാല ഉപേക്ഷിച്ചു. സ്വാശ്രയ മെഡിക്കല്‍ പിജി സീറ്റ് വില്‍പ്പനയ്ക്ക് ഒത്തുകളി. മന്ത്രിമാരുടെ മക്കളും പിജി സീറ്റ് നേടി. ഒട്ടേറെ സ്ഥാപനങ്ങളില്‍ പിന്‍വാതില്‍നിയമനം. നോര്‍ക്ക റൂട്ട്സില്‍ മുന്‍ എംഎല്‍എയുടെ കത്തില്‍ നിയമനത്തിന് മന്ത്രിയുടെ ഉത്തരവ്. മുമ്പ് ഡയറക്ടറായിരിക്കെ കൈപ്പറ്റിയ 8.15 ലക്ഷം രൂപ തിരിച്ചടയ്ക്കാത്തതിന് നടപടി നേരിടുന്ന എം ആര്‍ തമ്പാനെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാക്കി. നീര റാഡിയ ടേപ്പ് വിവാദത്തിലുള്‍പ്പെട്ട കോര്‍പറേറ്റ് ദല്ലാളും കൊക്ക കോള കമ്പനി ഉപദേശകനുമായ തരുണ്‍ദാസിനെ ആസൂത്രണബോര്‍ഡ് അംഗമാക്കി. സര്‍വകലാശാലകളുടെ ഭരണം പിടിക്കാന്‍ ഓര്‍ഡിനന്‍സ്. കേരള സര്‍വകലാശാല സിന്‍ഡിക്കറ്റില്‍ നാലംഗങ്ങളെ ഒഴിവാക്കി യുഡിഎഫ് പക്ഷപാതികളെ തിരുകിക്കയറ്റി. റിട്ടയേഡ് സ്കൂള്‍ അധ്യാപകനെ കലിക്കറ്റ് വിസിയാക്കാന്‍ നീക്കം, നാണംകെട്ട് പിന്മാറ്റം. സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളയാളെയേ സെക്രട്ടറിയാക്കാവൂ എന്ന ചട്ടം ലംഘിച്ച് വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ സെക്രട്ടറിനിയമനം. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റൂബിന്‍ ഡിക്രൂസിനെ ചട്ടങ്ങള്‍ ലംഘിച്ച് നീക്കി.

അപേക്ഷിച്ചവര്‍ക്കെല്ലാം പ്ലസ്ടു കോഴ്സ്. 540 സ്കൂളില്‍ 570 കോഴ്സ്. ഇതില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ 181 മാത്രം. 500 സിബിഎസ്ഇ സ്കൂളുകള്‍ക്ക് മാനദണ്ഡം ലംഘിച്ച് എന്‍ഒസി. ഭൂരിപക്ഷസമുദായാംഗങ്ങള്‍ നടത്തുന്ന അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ഫീസ് നിയന്ത്രണം നീക്കി. ചട്ടം ലംഘിച്ച് പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയും വിദഗ്ധ വിലയിരുത്തല്‍സമിതിയും. വന്‍കെട്ടിടങ്ങളടക്കമുള്ള പദ്ധതികള്‍ക്ക് വേഗത്തില്‍ അനുമതി നേടല്‍ ലക്ഷ്യം. സ്കൂളുകള്‍ തുടങ്ങാന്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളെ കൊണ്ടുവന്നു. വിഴിഞ്ഞം തുറമുഖപദ്ധതിക്ക് വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാന്‍ തീരുമാനം- ഷിപ്പിങ് കോര്‍പറേഷനെ ഉള്‍പ്പെടുത്താനെന്ന വ്യാജേന സ്വകാര്യകമ്പനികള്‍ക്കായുള്ള നടപടി. സ്മാര്‍ട്ട് സിറ്റിക്ക് കേന്ദ്രസെസ് ബാധകമാക്കി- റിയല്‍ എസ്റ്റേറ്റ് കച്ചവടം ലക്ഷ്യം. റിയല്‍ എസ്റ്റേറ്റ് കച്ചവടം കൊഴുപ്പിക്കാന്‍ ലക്ഷ്യമിട്ട് ഐടി നയം. കായലും കുളങ്ങളും പാട്ടത്തിന് നല്‍കുമെന്ന് നയപ്രഖ്യാപനം. റോഡുകളില്‍ സ്വകാര്യപങ്കാളിത്തം. തോട്ടങ്ങളുടെ അഞ്ചുശതമാനം ടൂറിസത്തിന് നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം.

മിച്ചഭൂമി വില്‍പ്പനയ്ക്ക് നിയമസാധുത നല്‍കാന്‍ നീക്കം. ഭൂപരിഷ്കരണം അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് മാണി. കാര്‍ഷികവികസന ബാങ്കുകളുടെ ഭരണം പിടിക്കാന്‍ ഓര്‍ഡിനന്‍സ്. ഒട്ടേറെ ഭരണസമിതി പിരിച്ചുവിട്ടു. ബാലകൃഷ്ണപിള്ളയെ ചികിത്സയുടെ പേരില്‍ പഞ്ചനക്ഷത്ര ആശുപത്രി സ്യൂട്ടില്‍ സുഖവാസത്തിനെത്തിച്ചു. ബസ്യാത്ര നിരക്ക് ഭീമമായി വര്‍ധിപ്പിച്ചു. വിദ്യാര്‍ഥികളുടെ നിരക്കും കൂട്ടി. പാല്‍ ലിറ്ററിന് ഒറ്റയടിക്ക് അഞ്ചു രൂപ വര്‍ധിപ്പിച്ച് ഓണനാളില്‍ ഇരുട്ടടി. യൂണിറ്റിന് 25 പൈസവീതം വൈദ്യുതി സര്‍ചാര്‍ജ്. കുടിയേറ്റകര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍നടപടി അട്ടിമറിച്ചു. മെഡിക്കല്‍ - എന്‍ജി. മേഖലയില്‍ അനിശ്ചിതത്വം. എന്‍ജി. മെറിറ്റ് സീറ്റില്‍ കാല്‍ലക്ഷം രൂപ ഫീസ് വര്‍ധന. വെറ്ററിനറി സര്‍വകലാശാല സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം. കോഴ്സ് ഫീസ് 2500ല്‍നിന്ന് 15,000 രൂപയാക്കി.

കുരിയാര്‍കുറ്റി- കാരപ്പാറ അഴിമതിക്കേസില്‍ ടി എം ജേക്കബ്ബിനെ രക്ഷിക്കാന്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ഒത്തുകളി. ജേക്കബ്ബിനും മറ്റുമെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് മറച്ചുവച്ചു. 108 ആംബുലന്‍സ് പദ്ധതി അനിശ്ചിതത്വത്തില്‍ . അഴിമതിക്കേസില്‍ തരംതാഴ്ത്തിയ എന്‍ജിനിയറെ വെയര്‍ഹൗസിങ് കോര്‍പറേഷന്‍ എംഡിയാക്കി. സപ്ലൈകോ ഇ-ടെന്‍ഡര്‍ അട്ടിമറിച്ചു. കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയെ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുപ്പിക്കാന്‍ വിസമ്മതിച്ച സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയെ തെറിപ്പിച്ചു. കാസര്‍കോട് കലാപം അന്വേഷിക്കാന്‍ നിയമിച്ച ജുഡീഷ്യല്‍ കമീഷനെ പിരിച്ചുവിട്ടു. മദ്യലോബിയുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി മദ്യനയം.

മെഡിക്കല്‍ കോളേജടക്കം സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ നോക്കുകുത്തിയാക്കി. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 120 കോടി രൂപ വകമാറ്റി. ദേശീയ ഗ്രാമീണാരോഗ്യപദ്ധതി തകര്‍ച്ചയില്‍ . പലയിടത്തും ഡോക്ടര്‍മാരെയും നേഴ്സുമാരെയും പിന്‍വലിച്ചു. രണ്ടു രൂപ അരി പദ്ധതി അട്ടിമറിച്ചു. ഒരു രൂപ അരി പദ്ധതിയില്‍നിന്ന് 16 ലക്ഷം കുടുംബം പുറത്ത്. ഓണനാളുകളില്‍ ക്ഷേമപെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിച്ചു. ബിപിഎല്‍ വിഭാഗത്തിനുള്ള സൗജന്യ ഓണക്കിറ്റ് പേരിനുമാത്രം.

deshabhimani 140911

1 comment:

  1. യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനകര്‍മപരിപാടിയില്‍ മുന്നിട്ടുനില്‍ക്കുന്നത് ഭരണമുന്നണിയുടെ ദുഷ്ചെയ്തികള്‍ . ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ സത്യപ്രതിജ്ഞചെയ്തത് മെയ് 18നാണെങ്കിലും ദുഷ്ചെയ്തികള്‍ക്ക് മെയ് 13നേ തുടക്കംകുറിച്ചു. 13ന് തെരഞ്ഞെടുപ്പുഫലം വന്ന ഉടനെ പാമൊലിന്‍ അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് എസ്പി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോടതി ഉത്തരവുപ്രകാരം തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസം ബാക്കിനില്‍ക്കെയായിരുന്നു തിരക്കിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തൊട്ടുപിന്നാലെ ഇതേഡയറക്ടര്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ വ്യാജരേഖകള്‍ സൃഷ്ടിച്ചു. ഉമ്മന്‍ചാണ്ടിയാകട്ടെ ജിജി തോംസനെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി തേടി എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ കത്ത് പിന്‍വലിച്ചു. ദുഷ്ചെയ്തികളില്‍ റെക്കോഡ് സൃഷ്ടിക്കുകയാണ് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ സര്‍ക്കാരും.

    ReplyDelete