Wednesday, September 14, 2011

റെയില്‍വേ യാത്രക്കാരെ പട്ടിണിക്കിടരുത്

റെയില്‍വേ പ്ലാറ്റ്ഫോമുകളിലും തീവണ്ടികളിലും ഭക്ഷണപദാര്‍ഥങ്ങള്‍ നടന്നു വിതരണംചെയ്യുന്നത് (വെണ്ടിങ്) നിരോധിച്ച റെയില്‍വേ വകുപ്പിന്റെ നടപടി ഫലത്തില്‍ യാത്രക്കാരെയും തൊഴിലാളികളെയും പട്ടിണിക്കിടുന്നതും കഷ്ടപ്പെടുത്തുന്നതുമാണ്. ദീര്‍ഘദൂര തീവണ്ടികളില്‍ മാത്രമേ കാറ്ററിങ് സംവിധാനമുള്ളൂ. ഈ സൗകര്യമുള്ള തീവണ്ടികളില്‍ത്തന്നെ ആവശ്യമുള്ള ഭക്ഷണം യാത്രക്കാര്‍ക്ക് ലഭിക്കാറില്ല. ഉദാഹരണത്തിന് രാവിലെ 10 മണിക്ക് കോഴിക്കോട്ടുനിന്ന് വണ്ടിയില്‍ കയറിയ ഒരു യാത്രക്കാരന് ഷൊര്‍ണൂരില്‍ ഇറങ്ങുന്നതിനുമുമ്പ് കുടിവെള്ളംപോലും ലഭിക്കുന്നില്ല. ഉച്ചഭക്ഷണമായി നല്‍കുന്നത് ബിരിയാണിയാണ്. അത് കഴിക്കാത്ത യാത്രക്കാരന്‍ പട്ടിണി കിടക്കണം. വെണ്ടിങ് തൊഴിലാളികള്‍ ഭക്ഷണവും കുടിവെള്ളവും നല്‍കുന്നില്ലെങ്കില്‍ യാത്രക്കാരന്‍ വലഞ്ഞതുതന്നെ. രാവിലെ പുറപ്പെടുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ എറണാകുളത്തേക്കോ ആലപ്പുഴയിലേക്കോ യാത്രചെയ്യുന്നവര്‍ ഷൊര്‍ണൂരില്‍ എത്തിയാണ് പ്രഭാതഭക്ഷണം കഴിക്കുന്നത്. വെണ്ടിങ് ഇല്ലെങ്കില്‍ യാത്രക്കാര്‍ ഉച്ചവരെ ഉപവസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല.

തീവണ്ടിയാത്രക്കാര്‍ ഭൂരിപക്ഷവും പ്ലാറ്റ്ഫോമിലും വണ്ടിക്കകത്തും നടന്ന് വില്‍പ്പന നടത്തുന്ന ലൈസന്‍സുള്ള വെണ്ടര്‍മാരെയാണ് ആശ്രയിക്കുന്നത്. നടന്നുവില്‍പ്പന നടത്തുന്ന തൊഴിലാളികളുടെ നില ഇതിലും ദയനീയമാണ്. ഏഴായിരത്തോളം രജിസ്റ്റര്‍ ചെയ്ത വെണ്ടര്‍മാര്‍ കേരളത്തിലുണ്ട്. ഈ നയം നടപ്പാക്കുന്നതോടെ അവര്‍ക്ക് തൊഴില്‍ നഷ്ടമാകും. കുടുംബം പട്ടിണിയിലാകും. യാത്രക്കാരെയും തൊഴിലാളികളെയും കഷ്ടപ്പെടുത്തുന്ന ഈ നടപടി യാത്രക്കാര്‍ക്ക് വേണ്ടിയല്ലെന്ന് വ്യക്തം. റെയില്‍വേയിലെ ഭക്ഷണവിതരണം കൈക്കൂലി വാങ്ങാനുള്ള മേഖലയായി അധഃപതിപ്പിക്കാന്‍ മുമ്പും നീക്കം നടന്നിട്ടുണ്ട്. റെയില്‍വേ ക്യാന്റീന്‍ കരാര്‍ കൊടുക്കുന്നതിലും തീവണ്ടിയിലെ ഭക്ഷണവിതരണത്തിനുള്ള കരാര്‍ കൊടുക്കുന്നതിലും അഴിമതി പുതിയ സംഭവമല്ല. എന്നാല്‍ , പ്ലാറ്റ്ഫോമിലും തീവണ്ടിക്കകത്തും നടന്നുവില്‍പ്പന തടയാന്‍ ഇതേവരെ ആരും ഒരുമ്പെട്ടിട്ടില്ല. റിലയന്‍സ് പോലുള്ള കുത്തക കമ്പനികള്‍ക്ക് ഈ മേഖലയിലും കണ്ണുണ്ടെന്ന് കേള്‍ക്കുന്നു. വാള്‍മാര്‍ട്ട് പോലുള്ള വിദേശ കുത്തകകള്‍ ചില്ലറ വ്യാപാരമേഖല കൈയടക്കാന്‍ ശ്രമിക്കുന്നതുപോലെ ഈ മേഖലയും കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഇത് അഴിമതിയുടെ മാത്രം പ്രശ്നമല്ല. യാത്രക്കാരെ പട്ടിണിക്കിടുന്നതും തൊഴിലാളികളെ തെരുവിലേക്ക് വലിച്ചെറിയുന്നതുമായ പ്രശ്നം കൂടിയാണ്. വെണ്ടിങ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പിന്‍വലിക്കാനും ഈ നീക്കത്തില്‍നിന്ന് പിന്തിരിയാനും റെയില്‍വേ വകുപ്പും ബന്ധപ്പെട്ട അധികാരികളും തയ്യാറായേ മതിയാകൂ.

deshabhimani editorial 140911

No comments:

Post a Comment