ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി ഭീകരതയും ഇടതുതീവ്രവാദവുമാണെന്ന് പതിനഞ്ചാമത് ദേശീയോദ്ഗ്രഥനസമിതി യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം പരിഗണന അര്‍ഹിക്കുന്നതാണ്. 1962ലാണ് ദേശീയോദ്ഗ്രഥനസമിതി രൂപീകരിച്ചത്. രാജ്യം നേരിടുന്ന വിഘടനവാദത്തിന്റെയും ശിഥിലീകരണപ്രവണതകളുടെയും ഭീഷണി ഫലപ്രദമായി നേരിടുന്നതിന് ദേശീയ ഐക്യം അനിവാര്യമാണെന്ന ചിന്താഗതിയാണ് ഈ സമിതിയുടെ രൂപീകരണത്തിന് പ്രേരണയായത്. "വര്‍ഗീയത, ജാതീയത, പ്രാദേശികവാദം, ഭാഷാവാദം, സങ്കുചിത മനസ്ഥിതി തുടങ്ങിയവയെ എതിരിടാനാണ് ജവാഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ദേശീയോദ്ഗ്രഥനസമിതി രൂപീകരിച്ചത്" എന്ന് ഒരു പ്രമുഖപത്രം ഓര്‍മിപ്പിക്കുകയും ചെയ്തിരിക്കുന്നു. നെഹ്റു മനസ്സില്‍ സൂക്ഷിച്ച ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ അദ്ദേഹത്തിന്റെ അനുയായികളെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വം തെല്ലെങ്കിലും ശ്രമിച്ചിട്ടുണ്ടോയെന്ന ചോദ്യം വളരെ പ്രസക്തമാണ്. ശ്രമിച്ചിട്ടില്ലെന്ന് മാത്രമല്ല, വര്‍ഗീയത അടക്കമുള്ളവയെ തരംപോലെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.
സ്വതന്ത്ര ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹിന്ദുവര്‍ഗീയവാദികളുടെ ആവശ്യം. ഇന്നും അവര്‍ ആ വാദഗതിയില്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ , നമ്മുടേത് ഒരു മതനിരപേക്ഷരാഷ്ട്രമാണെന്ന് ഉറപ്പിച്ചുപറയാനും അത് ഭരണഘടനയില്‍ ആലേഖനംചെയ്യാന്‍ തയ്യാറായി എന്നതും സ്വാഗതാര്‍ഹമാണ്. ശിഥിലീകരണപ്രവണത നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യ ഇന്നും ഒരൊറ്റ രാഷ്ട്രമായി തുടരുന്നത് മതേതര രാഷ്ട്രമായതുകൊണ്ടുതന്നെയാണ്. പാകിസ്ഥാന് ഒരു മതാധിഷ്ഠിത ഇസ്ലാമികരാജ്യമായിട്ടാണ് പ്രഖ്യാപിച്ചത്. അതിന്റെ തിക്തഫലം അവര്‍ അനുഭവിച്ചറിയുകയും ചെയ്തു. ഇന്ത്യയില്‍ ഹിന്ദുവര്ഗീയവാദത്തിന്റെ ഭീഷണി ഇപ്പോഴും തുടരുകയാണ്. തങ്ങളുടെ ദുര്‍ഭരണത്തില്‍നിന്ന് മുതലെടുക്കാനുള്ള അവസരം വര്‍ഗീയവാദികള്‍ക്ക് ഒരുക്കിക്കൊടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത് എന്ന വസ്തുത കാണാതിരുന്നുകൂടാ. ഭീകരതയുടെ ഭീഷണിയും വര്‍ധിച്ചുവരികയാണ്. ഭരണ സിരാകേന്ദ്രമായ ഡല്‍ഹി തന്നെയാണ് ഭീകരവാദികള്‍ നോട്ടമിട്ടിരിക്കുന്നത്. ഭീകരപ്രവര്‍ത്തനം മുന്‍കൂട്ടി മനസ്സിലാക്കി പ്രതിരോധിക്കുന്നതില്‍ കേന്ദ്ര ഭരണാധികാരികള്‍ പൂര്‍ണപരാജയമാണെന്ന് നാം കണ്ടുകഴിഞ്ഞു. രഹസ്യാന്വേഷണവിഭാഗത്തിന് മുന്നറിയിപ്പ് ലഭിച്ചാല്‍പോലും ജാഗ്രത കാണിക്കുന്നതില്‍ വീഴ്ച വരുന്നു. മുംബൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും നടന്ന ഭീകരാക്രമണങ്ങള്‍ ഒരുദാഹരണം മാത്രമാണ്. ഇടതുപക്ഷ തീവ്രവാദത്തെ നേരിടുന്നതില്‍ മറ്റ് പലതിലുമെന്നപോലെ ഇരട്ടനയമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മാവോയിസ്റ്റുകളെ കൂട്ടുപിടിച്ചാണ് ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ഇക്കൂട്ടര്‍ക്ക് സകലവിധ പ്രോത്സാഹനവും സഹായവും നല്കുന്നു. അധികാരം കൈക്കലാക്കാന്‍ ഏത് ഹീനമാര്‍ഗവും സ്വീകരിക്കുന്നതിനും അവര്‍ക്ക് വൈമനസ്യമില്ല. ബംഗാളില്‍ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം 388 ഇടതുപക്ഷപ്രവര്ത്തകരെയും അനുഭാവികളെയുമാണ് കൊലപ്പെടുത്തിയത്. മെയ് 13ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം മുപ്പതിലധികം ഇടതുപക്ഷപ്രവര്‍ത്തകരെ കൊലപ്പെടുത്തി. കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് അവരെ ആട്ടിയോടിക്കുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആക്രമണമാണ് പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് ഇടതുപക്ഷത്തിനെതിരെ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
ഐഎന്ടിയുസിക്കുപോലും പ്രവര്‍ത്തനം നടത്താന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടത് ആ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് സഞ്ജീവറെഡ്ഡി തന്നെയാണ്. കോണ്‍ഗ്രസ് നേതൃത്വമാകട്ടെ തൃണമൂലിനു കീഴടങ്ങിയാണ് ഭരണത്തില്‍ തുടരുന്നത്. അതുകൊണ്ടുതന്നെ ഇടതുതീവ്രവാദികളുടെ ആക്രമണത്തെ വാക്കുകൊണ്ട് അപലപിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. ദേശീയോദ്ഗ്രഥന സമിതിയോഗം തന്നെ ഗൗരവബോധത്തോടെയല്ല പ്രധാനമന്ത്രി വിളിച്ചുകൂട്ടിയത്. കോണ്‍ഗ്രസുകാരനായ കേരള മുഖ്യമന്ത്രി ഉള്‍പ്പെടെ ആറ് മുഖ്യമന്ത്രിമാര്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു. 2008നു ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് യോഗം വിളിച്ചുചേര്‍ത്തത്. അതൊരു വഴിപാടായി മാറി. വര്‍ഗീയത, ജാതീയത, പ്രാദേശികവാദം തുടങ്ങിയ വിപത്തുകളെ നേരിടാനാണ് നെഹ്റു ദേശീയോദ്ഗ്രഥന സമിതിക്ക് രൂപം നല്കിയതെങ്കില് ഇതെല്ലാം അധികാരം കൈക്കലാക്കുന്നതിന് ഉപയോഗപ്പെടുത്തുന്നതാണ് കോണ്‍ഗ്രസിന്റെ നയം. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന ദേശീയോദ്ഗ്രഥന സമിതിയോഗം പോലും വലതുപക്ഷമാധ്യമങ്ങളുടെ ശ്രദ്ധയില്‍പെടാതെ കടന്നുപോയത് യാദൃച്ഛികമാണെന്ന് കരുതാന്‍ കഴിയില്ല. സമിതി യോഗത്തിന്റെ പ്രവര്‍ത്തനം ഗൗരവമായ ചര്‍ച്ചയ്ക്ക് വിഷയമാക്കേണ്ടതാണ്.
deshabhimani editorial 140911

ReplyDelete