Saturday, November 19, 2011

ആരോപണത്തിന്റെ പേരില്‍ തച്ചങ്കരിയെ മാറ്റിനിര്‍ത്താനാവില്ല: മുഖ്യമന്ത്രി

ടോമിന്‍ തച്ചങ്കരിയെ മാര്‍ക്കറ്റ്ഫെഡ് എംഡിയാക്കി

വിവാദത്തില്‍പെട്ട് സസ്പെന്‍ഷനിലായിരുന്ന ഐജി ടോമിന്‍ ജെ തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എംഡിയാക്കി. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിനാല്‍ തച്ചങ്കരിക്ക് പകരം നിയമനം നല്‍കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. കഴിഞ്ഞ ജൂണില്‍ സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ തച്ചങ്കരി തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെത്തി സര്‍വീസില്‍ പുനപ്രവേശിച്ചെങ്കിലും അദ്ദേഹത്തിന് ചുമതലയൊന്നും നല്‍കിയിരുന്നില്ല.

കണ്ണൂര്‍ റേഞ്ച് ഐജിയായിരിക്കെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്തത്. പിന്നീട് വിദേശ യാത്രയ്ക്കിടെ തീവ്രവാദ ബന്ധമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയെന്ന് കാണിച്ച് ദേശീയ അന്വേഷണ ഏജന്‍സി തച്ചങ്കരിക്കെതിരെ അന്വേഷണം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ കാലാവധി കൂട്ടുകയായിരുന്നു.

ആരോപണത്തിന്റെ പേരില്‍ തച്ചങ്കരിയെ മാറ്റിനിര്‍ത്താനാവില്ല: മുഖ്യമന്ത്രി

തച്ചങ്കരിയെ തിരിച്ചെടുത്തത് നിയമാനുസൃതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവിധത്തിലും നിയമപരമായാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞപ്പോള്‍ കേസ് അന്വേഷിച്ച എന്‍ഐഎയുടെ അനുമതിയോടെയാണ് നിയമനം കൊടുത്തത്്. കുറ്റാരോപിതനെന്നതുകൊണ്ട് ഒരാളെ ഗവണ്‍മെന്റിന് മാറ്റിനിര്‍ത്താന്‍ കഴിയില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വയം നിയന്ത്രണം വേണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തച്ചങ്കരിയെ തിരിച്ചെടുത്ത സര്‍ക്കാര്‍ നടപടി ശരിയല്ലെന്ന വി എം സുധീരന്റെ വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം ഇതുപറഞ്ഞത്. കൂടുതല്‍ കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ ക്യാമറ ഓഫ് ചെയ്താല്‍ പറയാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മെട്രോ റെയിലിന് കേന്ദ്രത്തില്‍ നിന്നും അനുമതി നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അനുബന്ധ പ്രവൃത്തികള്‍ നടത്തുന്നത്. നഗരവികസനമന്ത്രി പദ്ധതിക്ക് വാക്കാല്‍ അനുവാദം നല്‍കിയിട്ടുണ്ട്. മെച്ചപ്പെട്ട സേവനം കിട്ടേണ്ടത് ജനങ്ങളുടെ അവകാശമാണ്. പക്ഷേ സ്വകാര്യ മേഖലക്ക് പൂര്‍ണ്ണമായി വിട്ടുകൊടുക്കില്ല. 26 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നാല്‍ മുന്‍ഗണന നല്‍കും. സര്‍ക്കാരിന്റെ ഒരിഞ്ചുപോലും കൈയ്യേറാന്‍ അനുവദിക്കില്ല. മൂന്നാറിലും മറ്റും കയ്യേറിയ സ്ഥലങ്ങള്‍ തിരിച്ചുപിടിക്കും. ഉദ്യോഗസ്ഥതലത്തില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ ജനസമ്പര്‍ക്കപരിപാടികളുടെ പേരിലാക്കാന്‍ നീട്ടിവെക്കുന്നതായ പരാതികള്‍ കിട്ടിയിട്ടുണ്ട്. അത് പരിഹരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വീഴ്ചകളുടെ പേരില്‍ വിജിലന്‍സ് കേസെടുക്കരുത്. ഡിപ്പാര്‍ട്ട്മെന്റല്‍ നടപടികളാവാം. മുഖ്യമന്ത്രി പറഞ്ഞു.

deshabhimani 191111

1 comment:

  1. വിവാദത്തില്‍പെട്ട് സസ്പെന്‍ഷനിലായിരുന്ന ഐജി ടോമിന്‍ ജെ തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എംഡിയാക്കി. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിനാല്‍ തച്ചങ്കരിക്ക് പകരം നിയമനം നല്‍കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. കഴിഞ്ഞ ജൂണില്‍ സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ തച്ചങ്കരി തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെത്തി സര്‍വീസില്‍ പുനപ്രവേശിച്ചെങ്കിലും അദ്ദേഹത്തിന് ചുമതലയൊന്നും നല്‍കിയിരുന്നില്ല.

    ReplyDelete