കവിയൂര്‍ കേസില്‍ സിപിഐ എം നേതാക്കളെ ഉള്‍പ്പെടെ കുടുക്കാന്‍ പ്രതി ലതാനായര്‍ക്ക് അശ്ലീലവാരികയായ ക്രൈമിന്റെ എഡിറ്റര്‍ ടി പി നന്ദകുമാര്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി സിബിഐ റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്ന് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. കേസില്‍ രാഷ്ട്രീയനേതാക്കള്‍ക്ക് ഒരു പങ്കുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേസില്‍ ലതാനായര്‍ക്കല്ലാതെ മറ്റാര്‍ക്കും പങ്കില്ലാത്തതിനാല്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് സിബിഐ അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാര്‍നായര്‍ ഫയല്‍ചെയ്ത റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കേസിന്റെ വിസ്താരം നീട്ടുന്നതിനും അട്ടിമറിക്കുന്നതിനുമാണ് ആറ് വര്‍ഷമായി നന്ദകുമാര്‍ ശ്രമിക്കുന്നത്. അനാവശ്യമായി രാഷ്ട്രീയപ്രവര്‍ത്തകരെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതിനും ലതാനായരെ ഭീഷണിപ്പെടുത്തിയതിനും അനഘയുടെ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിച്ചതിനും നന്ദകുമാറിനെതിരെ നടപടി വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കിളിരൂര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലില്‍ കഴിയുന്ന ലതാനായരെ കഴിഞ്ഞ മാര്‍ച്ച് 24നാണ് നന്ദകുമാര്‍ വാഗ്ദാനവുമായി സമീപിച്ചതെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു. വനിതാജയില്‍ സൂപ്രണ്ട് എ നസീറാബീവിയുടെ സാന്നിധ്യത്തിലായിരുന്നു ലതാനായരെ കണ്ടത്. മറ്റൊരു കേസില്‍ നേരത്തെ ജയില്‍ശിക്ഷ അനുഭവിച്ച സിന്ധുവും നന്ദകുമാറിനൊപ്പം ഉണ്ടായിരുന്നു.
സിപിഐ എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, പി കെ ശ്രീമതി, ബേബിയുടെയും കോടിയേരിയുടെയും മക്കള്‍ എന്നിവര്‍ക്ക് കവിയൂര്‍ കേസില്‍ പങ്കുണ്ടെന്ന് പറയണമെന്നാണ് ലതാനായരോട് നന്ദകുമാര്‍ ആവശ്യപ്പെട്ടത്. കെ പി മോഹനന്‍, തോമസ് ചാണ്ടി, സജി നന്ത്യത്ത് എന്നിവരുടെ പേര് പറയാനും ആവശ്യപ്പെട്ടു. ഇക്കാര്യം ഒരു കടലാസില്‍ എഴുതി മാര്‍ച്ച് 30ന് മുമ്പ് ജയിലിലെ പരാതിപ്പെട്ടിയില്‍ ഇടാനാണ് ആവശ്യപ്പെട്ടത്. ഇതിന് പ്രതിഫലമായി അമ്പത് ലക്ഷം മുതല്‍ ഒരുകോടി രൂപവരെ പ്രതിഫലമായിരുന്നു വാഗ്ദാനം. കൂടാതെ കവിയൂര്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നും അല്ലെങ്കില്‍ കിളിരൂര്‍ കേസിലെ പോലെ പത്തുകൊല്ലം ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിയും ഉയര്‍ത്തി. എന്നാല്‍, കേസുമായി ഒരു ബന്ധവുമില്ലാത്തവരുടെ പേരുപറയാന്‍ തയ്യാറല്ലെന്ന് ലതാനായര്‍ സൂപ്രണ്ടിന്റെ മുന്നില്‍വച്ച് മറുപടി നല്‍കി. ഈ സംഭാഷണം തന്റെ സാന്നിധ്യത്തിലായിരുന്നെന്നും നന്ദകുമാര്‍ പറഞ്ഞതെല്ലാം താന്‍ കേട്ടതാണെന്നും സൂപ്രണ്ട് നസീറബീവി സിബിഐക്ക് മൊഴിനല്‍കി. ലതാനായരെ സ്വാധീനിക്കാന്‍ ശ്രമിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടതായും സൂപ്രണ്ട് മൊഴി നല്‍കി. എന്നാല്‍, അത് നിരസിച്ചു. പിന്നീട് മാര്‍ച്ച് 30ന് നന്ദകുമാര്‍ സൂപ്രണ്ടിനെ വിളിച്ചു. പരാതിപ്പെട്ടിയില്‍ കത്തുണ്ടോ എന്ന് അന്വേഷിച്ചു. തുടരന്വേഷണത്തിന്റെ ഭാഗമായി ലതാനായരെ ചോദ്യംചെയ്യാന്‍ മെയ് 22ന്് സിബിഐ ഉദ്യോഗസ്ഥര്‍ ജയിലിലെത്തിയപ്പോഴാണ് ലതാനായരും സൂപ്രണ്ട് നസീറബീവിയും ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ലതാനായരെ ഭീഷണിപ്പെടുത്തി തെളിവുകള്‍ കെട്ടിച്ചമച്ച് രാഷ്ട്രീയക്കാരുടെ തലയില്‍വയ്ക്കാന്‍ നന്ദകുമാര്‍ ശ്രമിക്കുകയായിരുന്നെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു. നന്ദകുമാര്‍ ക്രൈം വാരികയിലൂടെ കവിയൂര്‍ കേസില്‍ രാഷ്ട്രീയക്കാര്‍ക്ക് പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കുകയാണെന്നും നിരന്തരം റിപ്പോര്‍ട്ടുചെയ്തു. ഈ റിപ്പോര്‍ട്ടുകള്‍ നിയമവിരുദ്ധമാണ്. ജനങ്ങള്‍ വികാരപരമായി എടുക്കുന്ന ഇത്തരം വിഷയം തെറ്റായ ദിശയിലേക്ക് തിരിച്ചുവിട്ട് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേസ് ആഗസ്ത് 16ന് കോടതി പരിഗണിക്കും.
ആ ഒരു കോടി ആരുടേത്
കിളിരൂര്‍-കവിയൂര്‍ കേസുകളിലെ പ്രതി ലതാനായര്‍ക്ക് അശ്ലീല വാരിക നടത്തിപ്പുകാരന്‍ ക്രൈം നന്ദകുമാര്‍ വാഗ്ദാനം ചെയ്ത ഒരു കോടി രൂപ ആരുടേത്. അശ്ലീല വാരികയുടെ മറവില്‍ ബ്ലാക്ക്മെയിലിങ്ങും ബിനാമി കോടതി വ്യവഹാരവും തൊഴിലാക്കിയ ഇയാള്‍ ചെലവഴിക്കുന്ന ഭീമമായ പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ബാധ്യത ഇനി സിബിഐക്കുമാത്രമല്ല, സംസ്ഥാന സര്‍ക്കാരിനും പൊലീസിനുമുണ്ട്. പൊതുതാല്‍പ്പര്യ ഹര്‍ജിയുടെ മറവില്‍ കള്ളക്കേസുകള്‍ നല്‍കിയശേഷം കള്ളസാക്ഷികളെ സൃഷ്ടിക്കുകയെന്നത് ഇയാളുടെ പതിവ് രീതിയാണ്.
ലാവ്ലിന്‍ കേസില്‍ ദീപക്കുമാര്‍ എന്ന കള്ളസാക്ഷിയെ കൊണ്ടുവന്നത് നന്ദകുമാറാണ്. പരസ്പര വിരുദ്ധമായി സംസാരിച്ച ദീപക്കുമാറിനെ ചെന്നൈയിലെ വ്യവസായി എന്ന പേരില്‍ ലാവ്ലിന്‍ കേസില്‍ "സാക്ഷി"യാക്കി എഴുന്നള്ളിക്കാന്‍ എത്ര തുക നന്ദകുമാര്‍ ചെലവഴിച്ചുവെന്നന്വേഷിക്കാനുള്ള ബാധ്യതയില്‍നിന്നും സിബിഐക്ക് ഒഴിഞ്ഞുമാറാനാകില്ല.
സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഭാര്യയുടെ പേരില്‍ സിംഗപ്പൂരില്‍ കമല ഇന്റര്‍ നാഷണല്‍ എന്ന ഹോട്ടലുണ്ടെന്നും കോടികളുടെ സമ്പാദ്യമുണ്ടെന്നും കാണിച്ചും ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആ പരാതിയിലും അടിസ്ഥാനമില്ലെന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗവും ആദായനികുതിവകുപ്പും ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍തന്നെ ഹൈക്കോടതിയെ അറിയിച്ചു. ഈ രീതിയില്‍ സിപിഐ എമ്മിനും നേതാക്കള്‍ക്കുമെതിരെ ചില ഗൂഢ കേന്ദ്രങ്ങളുടെ പിന്തുണയോടെ വന്‍തുക ചെലവഴിച്ച് ഇയാള്‍ നടത്തുന്ന "വ്യവഹാരങ്ങള്‍"ക്ക് കൈയും കണക്കുമില്ല.
ഇതില്‍പ്പെട്ടതാണ് കിളിരൂര്‍, കവിയൂര്‍ കേസുകളുടെ പേരില്‍ സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചില കേന്ദ്രങ്ങളുടെ സംഘടിതമായ പിന്തുണയോടെ ഇയാള്‍ നടത്തിയ നീക്കം. സിപിഐ എം വിരുദ്ധമാധ്യമങ്ങളൊന്നാകെ ഇയാള്‍ക്കൊപ്പം കച്ചകെട്ടിയിറങ്ങി. ഇവര്‍ തമ്മില്‍ ഗൂഢമായ കൂട്ടുകെട്ട് രൂപപ്പെട്ടു. അശ്ലീലവാരികക്കാരനെ വിശുദ്ധമുഖംമൂടിമണിയിച്ച് അവതരിപ്പിച്ചു. ഇയാളുടെ ജല്‍പ്പനങ്ങള്‍ വന്‍പ്രാധാന്യത്തോടെ ആഘോഷമാക്കി മാറ്റി. മാതൃഭൂമി പത്രം സ്വന്തം പത്രാധിപര്‍ക്കു സമാനമായ പ്രാധാന്യമാണ് ഈ അശ്ലീല വാരികക്കാരന് കല്‍പ്പിച്ചുകൊടുത്തത്. ചൊവ്വാഴ്ച സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെ വര്‍ഷങ്ങളായി ഇയാള്‍ നടത്തുന്ന അവിഹിത പ്രവര്‍ത്തനങ്ങളുടെ നേരിയ അംശം മാത്രമാണ് തുറന്നുകാട്ടപ്പെട്ടത്.
എന്നാല്‍, ഈ വാര്‍ത്ത പോലും നല്‍കാതെ മാധ്യമ-നന്ദകുമാര്‍ കൂട്ടുകെട്ട് വീണ്ടും മറനീക്കി പുറത്തുവന്നു. നന്ദകുമാറിനെതിരെ കേസെടുക്കണമെന്ന സിബിഐയുടെ ആവശ്യം അറിയാത്ത ഭാവത്തിലായിരുന്നു മാധ്യമങ്ങള്‍. ലതാനായരെ ജയിലില്‍ ചെന്നുകണ്ട് ഇയാള്‍ ഒരു കോടി രൂപ വാഗ്ദാനംചെയ്തെന്ന് സിബിഐ പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് തലസ്ഥാനത്തെ "ബ്രേക്കിങ് ന്യൂസുകാര്‍, അറിഞ്ഞതേയില്ല.
കോഴിക്കോട്ട് നഗരത്തില്‍ വെറും അശ്ലീല വാരിക വിറ്റുനടക്കുകയും അതിലൂടെ "മാധ്യമപ്രവര്‍ത്തക"നും അധികം വൈകാതെ "പത്രാധിപരും" ആയി രൂപാന്തരപ്പെടുകയും ചെയ്ത നന്ദകുമാര്‍ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരികാന്തരീക്ഷം മലീമസമാക്കിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ടവരെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ആയുധമാണ് ഇയാളുടെ അശ്ലീലവാരിക. ഈ വാരികയിലൂടെ പലരെയും മാനംകെടുത്തിയതിന്റെ പേരില്‍ കോടതി പലപ്പോഴായി ഇയാളെ ശിക്ഷിച്ചു. വാരികവഴിയുള്ള മലിനീകരണത്തിനു പിന്നാലെയാണ് ചിലകേന്ദ്രങ്ങളുടെ ബിനാമിയായി വ്യവഹാര രംഗത്തേക്കും കടന്നത്. ക്രൈമില്‍ പടവും വാര്‍ത്തയും വരുമെന്ന പലരെയും ഭീഷണിപ്പെടുത്തുന്നതും പതിവാണ്. അടുത്തലക്കത്തില്‍ വായിക്കുക എന്ന ഭീഷണിയോടെ ചില യുഡിഎഫ് ഉന്നതരുടെ ഉള്‍പ്പെടെ പടം സഹിതം മുന്‍കൂര്‍ അറിയിപ്പ് വരികയും പിന്നീടിത് അപ്രത്യക്ഷമാകുകയും ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
യുഡിഎഫുകാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഇയാളെ തെരഞ്ഞെടുപ്പ് വേളകളിലും അവര്‍ നല്ലവണ്ണം ഉപയോഗപ്പെടുത്തുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ തേജോവധം ചെയ്യുന്ന പ്രത്യേക പതിപ്പുകള്‍ തയ്യാറാക്കി അവ, യുഡിഎഫുകാര്‍ വീടുകളിലും മറ്റും വിതരണം ചെയ്യാറാണ് പതിവ്. യുഡിഎഫുകാരെ ഈ അശ്ലീലവാരിക സഹിതം പലയിടത്തും പിടികൂടുകയും ചെയ്തിരുന്നു.സിപിഐ എം നേതാക്കളെ തേജോവധം ചെയ്യുന്ന ദൗത്യനിര്‍വഹണത്തിന് അജ്ഞാതകേന്ദ്രങ്ങളില്‍നിന്ന് ഇയാള്‍ക്ക് പണം എത്തുന്നതായി വ്യക്തമായ സൂചനയുണ്ട്. കേരളപൊലീസിനും ഇതേക്കുറിച്ച് വിവരമുണ്ടെങ്കിലും സംരക്ഷണം നല്‍കാനാണ് ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശം.
(കെ എം മോഹന്‍ദാസ്)
deshabhimani 250712
കവിയൂര്‍ കേസില്‍ സിപിഐ എം നേതാക്കളെ ഉള്‍പ്പെടെ കുടുക്കാന്‍ പ്രതി ലതാനായര്‍ക്ക് അശ്ലീലവാരികയായ ക്രൈമിന്റെ എഡിറ്റര്‍ ടി പി നന്ദകുമാര്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി സിബിഐ റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്ന് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. കേസില്‍ രാഷ്ട്രീയനേതാക്കള്‍ക്ക് ഒരു പങ്കുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേസില്‍ ലതാനായര്‍ക്കല്ലാതെ മറ്റാര്‍ക്കും പങ്കില്ലാത്തതിനാല്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് സിബിഐ അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാര്‍നായര്‍ ഫയല്‍ചെയ്ത റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ReplyDelete