Wednesday, July 25, 2012
ഇംപ്ലാന്റ് മാഫിയ കോടികളുടെ കോഴക്കൊയ്ത്ത് തുടങ്ങി
രോഗികളുടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങളുടെ ഇടപാടില്‍ കോടികളുടെ കോഴയെന്ന് ആരോപണം. മരുന്ന് മാഫിയകളെപോലും വെല്ലുന്ന ഉപകരണ കച്ചവടത്തിലാണ് സര്‍ക്കാരിനേയും രോഗികളേയും ഒരുപോലെ കൊള്ളയടിക്കുന്ന ഈ പുതിയ അഴിമതി അരങ്ങേറിയിരിക്കുന്നത്.
മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന ഇംപ്ലാന്റുകള്‍ പത്തിരിട്ടിയലധികം വിലവിര്‍ധിപ്പിച്ച് വില്‍ക്കുന്നു. ഓര്‍ത്തോ വിഭാഗത്തിലെ ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന കെ നെയില്‍, ഇന്റര്‍ലോക്കിംഗ് നെയില്‍, ഇന്റര്‍ കോണ്ടയിലാര്‍ നെയില്‍, സ്റ്റീല്‍ പ്ലേറ്റ്, സ്റ്റീല്‍ റോഡ് തുടങ്ങിയ സാധനങ്ങളാണ് പത്തിരട്ടിയിലധികം വിലവര്‍ധിപ്പിച്ച് നിര്‍ദ്ധനരായ രോഗികളെ പിഴിയുന്നത്. പോളി ആക്‌സിസ് ലോക്കിംഗ്, ഫെര്‍മെറല്‍ നെയില്‍, എല്‍ പ്ലേറ്റ്, ആന്റീരിയര്‍ സെര്‍വിക്കല്‍ വെര്‍ട്രിബ്രേ പ്‌ളേറ്റ് തുടങ്ങിയ ഉപകരണങ്ങളും വന്‍വില കൂട്ടിയാണ് വില്‍ക്കുന്നത്. ഇതിനൊക്കെ തടയിടേണ്ട ആരോഗ്യ വകുപ്പ് അധികൃതര്‍ ഇതൊക്കെ അറിഞ്ഞിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഇംപ്ലാന്റുകളില്‍ എണ്‍പത് ശതമാനത്തിലധികവും നിലവാരമില്ലാത്തതെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ള അധികൃതര്‍ക്ക് നല്‍കിയെങ്കിലും നാളിതുവരെ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് അനധികൃതമായി വില്‍ക്കുന്ന ഇംപ്ലാന്റുകളില്‍ ഭൂരിഭാഗവും പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവയാണ്. വ്യാജ ഉകരണ നിര്‍മ്മാണത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പഞ്ചാബിലെ ലുധിയാന, ജലന്ധര്‍, ഹരിയാനയിലെ കര്‍ണാല്‍, മുംബെയിലെ യു എസ് എ എന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഉല്ലാസ് നഗര്‍ സിന്ധു ആവാസ് കോളനി എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ കമ്പനികളുടെ ഊരോ പേരോ വ്യക്തമായി ലഭ്യമല്ല. ഉപയോഗ കാലാവധിപോലും വ്യക്തമായി രേഖപ്പെടുത്താറില്ല. കുടില്‍ വ്യവസായമായ വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍പോലും ഇംപ്ലാന്റുകള്‍ നിര്‍മ്മിച്ച് കേരളത്തില്‍ വിതരണം ചെയ്യുന്നു. ഇത്തരത്തിലുള്ള നിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ വാങ്ങാനാണ് ഡോക്ടര്‍മാര്‍ രോഗികളെ പ്രേരിപ്പിക്കുന്നത്. വന്‍തുക കമ്മിഷന്‍ ലാക്കാക്കിയാണ് നിലവാരം കുറഞ്ഞ ഉപകരണ മാഫികളുമായി ഡോക്ടര്‍മാര്‍ അവിഹിത ബന്ധം പുലര്‍ത്തുന്നത്. ഇതോടെ ഇത്തരം വ്യാജ ഉപകരണങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയായി മാറിയിരിക്കുന്നു കേരളമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സംസ്ഥാനത്തെ ഇംപ്ലാന്റ് ശസ്ത്രക്രിയക്ക് വിധേയമാകുന്ന രോഗികളില്‍ 65 ശതമാനം പേര്‍ക്കും അണുബാധയുണ്ടാകുന്നതായി ആരോഗ്യ വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞാലുണ്ടാകുന്ന വേദന , നീര്‍ക്കെട്ട് തുടങ്ങിയ വ്യഥകള്‍ ഉണ്ടാകുന്നത് സാധാരണ സംഭവമായി മാറി. ഇക്കാര്യങ്ങള്‍ ഡോക്ടറോട് പറഞ്ഞാലും ഫലമില്ലാത്ത അവസ്ഥയാണ്. നിലവാരമില്ലാത്ത കമ്പികള്‍ ശരീരത്തില്‍ ഘടിപ്പിക്കുന്നതിന്റെ ഭാഗമായി അണുബാധയുണ്ടായി മരണംവരെ സംഭവിക്കുന്നതും വിരളമല്ല.
സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ഇംപ്ലാന്റ് മാഫിയ പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാര്‍ ഇംപ്ലാന്റ് വാങ്ങുന്നതിനുള്ള കുറിപ്പ് നല്‍കുന്നതിനൊപ്പം ഇവ വില്‍ക്കുന്ന ഏജന്റുമാരുടെ ഫോണ്‍ നമ്പരും കുറിച്ച് നല്‍കും. ഇങ്ങനെ വാങ്ങിപ്പിക്കുന്ന ഉപകരണങ്ങള്‍ മറ്റ് രോഗികളില്‍ ഘടിപ്പിച്ചും. ഡോക്ടര്‍മാര്‍ ലക്ഷങ്ങള്‍ കൊള്ളയടിക്കുന്നു. രോഗികളെകൊണ്ട് വാങ്ങിപ്പിക്കുന്ന ഇംപ്ലാന്റുകള്‍ ഏജന്റുമാര്‍ക്ക് തിരികെ വിറ്റ് കാശാക്കുന്ന സംഭവങ്ങളും വിരളമല്ല.
സര്‍ക്കാര്‍ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ന്യായവില മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഇംപ്ലാന്റുകള്‍ വാങ്ങാന്‍ ഡോക്ടര്‍മാര്‍ രോഗികളെ അനുവദിക്കാറില്ല. ഇവിടെ ലഭ്യമാകുന്ന ഉപകരണങ്ങള്‍ നിലവാരമില്ലെന്ന് പറഞ്ഞാണ് രോഗികളുടെ അജ്ഞത മുതലെടുത്ത് ലക്ഷങ്ങളുടെ ചാകരകൊയ്ത്ത്. എന്നാല്‍ കൂണുകള്‍പോലെ മുളച്ചുവരുന്ന സ്ഥാപനങ്ങളില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങിപ്പിച്ച് രോഗികളെ ചതിക്കുന്ന ഡോക്ടര്‍മാരുടെ നെറികെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഒരു പരിപാടിയുമില്ല.
(കെ ആര്‍ ഹരി)
janayugom 250712
Labels:
ആരോഗ്യരംഗം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
രോഗികളുടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങളുടെ ഇടപാടില്‍ കോടികളുടെ കോഴയെന്ന് ആരോപണം. മരുന്ന് മാഫിയകളെപോലും വെല്ലുന്ന ഉപകരണ കച്ചവടത്തിലാണ് സര്‍ക്കാരിനേയും രോഗികളേയും ഒരുപോലെ കൊള്ളയടിക്കുന്ന ഈ പുതിയ അഴിമതി അരങ്ങേറിയിരിക്കുന്നത്
ReplyDelete