Thursday, July 5, 2012

കൊച്ചി മെട്രോ : ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും ഒഴിവാക്കാന്‍ വീണ്ടും നീക്കം


ഡല്‍ഹി മെട്രോ യാഥാര്‍ഥ്യമാക്കിയ ഇ ശ്രീധരനെയും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി)യും കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് പുറന്തള്ളാനുള്ള നീക്കം വീണ്ടും ശക്തമായി. പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) തീരുമാനിക്കുമെന്ന കേന്ദ്ര നഗരവികസന സെക്രട്ടറി ഡോ. സുധീര്‍ കൃഷ്ണയുടെ പ്രസ്താവനയും ഡിഎംആര്‍സിയെ ചുമതലയേല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങാത്തതുമാണ് സംശയം ബലപ്പെടുത്തുന്നത്.

ഇതിനിടെ ഡിഎംആര്‍സിയെ നിര്‍മാണം ഏല്‍പ്പിച്ചില്ലെങ്കില്‍ കൊച്ചി മെട്രോയുമായി സഹകരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി കെ വി തോമസിനെ ഇ ശ്രീധരന്‍ അറിയിച്ചു. നിര്‍മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഉത്തരവിറങ്ങാത്ത സാഹചര്യത്തിലാണ് ശ്രീധരന്‍ നിലപാട് ആവര്‍ത്തിച്ചത്. പദ്ധതിയുടെ ഉപദേശകരായോ ഭാഗിക അധികാരമുള്ള നിര്‍മാണച്ചുമതലക്കാരായോ ഡിഎംആര്‍സിയെ ഒതുക്കാനാണ് ശ്രമം. ടെന്‍ഡര്‍ നടപടികളും വിദേശത്തുനിന്ന് കോടികളുടെ സാമഗ്രികള്‍ വാങ്ങാനുള്ള അധികാരവും സ്വയം കൈകാര്യംചെയ്യാനാണ് കെഎംആര്‍എല്‍ നീക്കം. പദ്ധതിയില്‍നിന്ന് ശ്രീധരനെ പരമാവധി അകറ്റുകയെന്ന ലക്ഷ്യം യുഡിഎഫ് നേതൃത്വത്തില്‍ ഒരു വിഭാഗത്തിനും ചില ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. അയ്യായിരം കോടിയിലേറെ രൂപ മുതല്‍മുടക്കുള്ള പദ്ധതിയില്‍ വലിയതോതില്‍ കമീഷന്‍ സാധ്യതകളുണ്ട്. ശ്രീധരനെ അകറ്റിനിര്‍ത്താനുള്ള താല്‍പ്പര്യത്തിന് മുഖ്യകാരണവും ഇതുതന്നെ. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനുവേണ്ടി പുതിയതായി രൂപീകരിക്കുന്ന പത്തംഗ ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍സ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയെന്ന നിലയില്‍ കേന്ദ്ര നഗരവികസന സെക്രട്ടറി നിയമിക്കപ്പെടും. നിലവില്‍ പന്ത്രണ്ടംഗ ബോര്‍ഡിന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എംഡി സ്ഥാനത്ത് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ ടോം ജോസുമാണ്.&ാറമവെ;കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അഞ്ച് പ്രതിനിധികള്‍വീതം പുതിയ ഡയറക്ടര്‍ ബോര്‍ഡ് വരുമ്പോഴും ശ്രീധരന്റെ പദവി എന്തായിരിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണ്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെങ്കില്‍ ഡിഎംആര്‍സിയെത്തന്നെ ഏല്‍പ്പിക്കണമെന്ന് ശ്രീധരന്‍ വ്യക്തമാക്കി. പൂര്‍ണ ചുമതലയോടെമാത്രമേ പദ്ധതിനിര്‍മാണം ഏറ്റെടുക്കൂ എന്നാണ് ഡിഎംആര്‍സി നിലപാട്.

പദ്ധതി വേഗത്തിലാക്കാനുള്ള നോഡല്‍ ഓഫീസറുടെ ചുമതല മാത്രം കെഎംആര്‍എല്‍ വഹിച്ചാല്‍ മതിയെന്ന് ഇ ശ്രീധരന്‍ മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. പദ്ധതി സുതാര്യമായും കാര്യക്ഷമമായും പൂര്‍ത്തിയാക്കാന്‍ ഇ ശ്രീധരന്റെയും ഡിഎംആര്‍സിയുടെയും നേതൃത്വം ഉറപ്പാക്കണമെന്ന് പി രാജീവ് എംപി ആവശ്യപ്പെട്ടു. ശ്രീധരനെയും ഡിഎംആര്‍സിയെയും ഒഴിവാക്കാന്‍ നേരത്തെയും ശ്രമമുണ്ടായിരുന്നു. പൊതു നിക്ഷേപ ബോര്‍ഡിന്റെ അനുമതിക്കുശേഷം കേന്ദ്ര മന്ത്രിസഭയുടെ അന്തിമ അംഗീകാരം തേടിയ ഘട്ടത്തിലായിരുന്നു ഇത്. ഇതിനിടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിച്ച പദ്ധതി കേന്ദ്രസര്‍ക്കാര്‍ അന്ന് അംഗീകരിക്കാതിരുന്നത് രാഷ്ട്രീയതാല്‍പ്പര്യങ്ങളാലാണെന്ന ആക്ഷേപം ആഭ്യന്തരമന്ത്രി പി ചിദംബരം പരോക്ഷമായി ശരിവച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതി മൂന്നുവര്‍ഷം വൈകി ഇപ്പോള്‍ അതേപടി അംഗീകരിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ധനമന്ത്രാലയവും ആസൂത്രണകമീഷനുമൊക്കെ അനുകൂല നിലപാടിലെത്തിയത് ഇപ്പോള്‍ മാത്രമാണെന്നായിരുന്നു ചിദംബരത്തിന്റെ മറുപടി. പദ്ധതി നേടിയെടുത്തതിന്റെ ക്രെഡിറ്റ് എല്‍ഡിഎഫിന് വരാതിരിക്കാനല്ലേ അനുമതി വൈകിപ്പിച്ചതെന്ന ചോദ്യത്തിന് സമയബന്ധിതമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാരിനും ക്രെഡിറ്റ് കിട്ടില്ലെന്ന് ചിദംബരം പറഞ്ഞു.

deshabhimani 050712

1 comment:

  1. ഡല്‍ഹി മെട്രോ യാഥാര്‍ഥ്യമാക്കിയ ഇ ശ്രീധരനെയും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി)യും കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് പുറന്തള്ളാനുള്ള നീക്കം വീണ്ടും ശക്തമായി. പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) തീരുമാനിക്കുമെന്ന കേന്ദ്ര നഗരവികസന സെക്രട്ടറി ഡോ. സുധീര്‍ കൃഷ്ണയുടെ പ്രസ്താവനയും ഡിഎംആര്‍സിയെ ചുമതലയേല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങാത്തതുമാണ് സംശയം ബലപ്പെടുത്തുന്നത്.

    ReplyDelete