Thursday, July 5, 2012

പത്താംക്ലാസ് ചരിത്രപുസ്തകത്തില്‍ കത്തോലിക്ക സഭയെ യൂറോപ്യന്‍ സഭയാക്കി


പത്താംക്ലാസിലെ ചരിത്ര പുസ്തകത്തില്‍ കത്തോലിക്കസഭയെ യൂറോപ്യന്‍ സഭയാക്കി വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്നു. "ആധുനിക ലോകത്തിന്റെ ഉദയം" എന്ന പാഠഭാഗത്തിലാണ് വിവാദ പരിഷ്കാരം. ആധുനിക ലോകത്തിന്റെ ഉത്ഭവത്തെയും ചരിത്ര പശ്ചാത്തലത്തെയും കുറിച്ച് വിദ്യാര്‍ഥികളില്‍ സമഗ്രധാരണ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന പാഠഭാഗത്തിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. ഈ പാഠമനുസരിച്ച് പോപ്പ് യൂറോപ്യന്‍ സഭയുടെ തലവനാണോ, പ്രൊട്ടസ്റ്റന്റുകള്‍ യൂറോപ്യന്‍ സഭയെ ചോദ്യംചെയ്ത് രൂപപ്പെട്ടതാണോ എന്നതുള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ് അധ്യാപകര്‍.

കത്തോലിക്കസഭയ്ക്ക് പകരം പുസ്തകത്തില്‍ ചേര്‍ത്ത യൂറോപ്യന്‍സഭ ചരിത്രത്തിലില്ലാത്ത ഒന്നാണ്. കത്തോലിക്ക സഭയെ ചോദ്യം ചെയ്ത് ഇംഗ്ലണ്ടില്‍ ആംഗ്ലിക്കന്‍ സഭയും പ്യൂരിറ്റന്‍ സഭയും രൂപംകൊണ്ടതായി ചരിത്രം പറയുന്നുണ്ട്. ജര്‍മനിയില്‍ റോമന്‍ കത്തോലിക്കസഭ പണ സമാഹരണത്തിന് പാപവിമുക്തി പത്രം വില്‍പ്പന നടത്തിയതുള്‍പ്പെടെയുള്ള തെറ്റായ നടപടികളാണ് അന്ന് ചോദ്യം ചെയ്യപ്പെട്ടത്. ഇത്തരം കാര്യങ്ങള്‍ പ്രതിപാദ്യ വിഷയമാക്കി ധാരാളം ഗ്രന്ഥങ്ങളും അന്ന് വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയിരുന്നു. 14, 15 നൂറ്റാണ്ടുകളിലെ നവോത്ഥാന ആശയങ്ങളായ മാനവികതയും യുക്തിചിന്തയും വിമര്‍ശന ബുദ്ധിയും ജര്‍മനിയില്‍ റോമന്‍ കത്തോലിക്ക സഭയ്ക്കകത്തെ തെറ്റുകളെ ചോദ്യം ചെയ്യാന്‍ വിശ്വാസികളില്‍ സ്വാധീനം ചെലുത്തിയതും ഇതിന് നേതൃത്വം നല്‍കിയ മതപണ്ഡിതന്‍ മാര്‍ട്ടിന്‍ ലൂഥറെ സഭയില്‍നിന്ന് പുറത്തക്കിയതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പാഠപുസ്തകത്തിന്റെ ഒന്നാം അധ്യായത്തില്‍ പ്രതിപാദിക്കുന്നത്. മാര്‍ട്ടിന്‍ ലൂഥറെ അംഗീകരിക്കുന്നവര്‍ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരായി മാറി മതനവീകരണ പ്രസ്ഥാനവും പ്രതിമത നവീകരണ പ്രസ്ഥാനവും രൂപപ്പെടുത്തുന്നതും മതദ്രോഹ വിചാരണകോടതികളിലൂടെ കത്തോലിക്കസഭ നൂതന ആശയഗതിയെയും പുരോഗമന ശക്തിയെയും നേരിടുന്നതും തുടര്‍ന്ന് പ്രതിപാദിക്കുന്നു. മത നവീകരണ പ്രസ്ഥാനത്തിന്റെ അല യൂറോപ്പിലാകെ വ്യാപിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കത്തോലിക്ക സഭ പ്രതിമത നവീകരണ പ്രസ്ഥാനത്തിന് രൂപം നല്‍കി. മത നവീകരണ പ്രസ്ഥാനത്തെയും നൂതന ശാസ്ത്ര-സാഹിത്യ ആശയഗതികളെയും നേരിടാന്‍ മതദ്രോഹ വിചാരണ കോടതി സ്ഥാപിച്ച് ശാസ്ത്രകാരന്മാരെയും എഴുത്തുകാരെയും മതനിന്ദാ കുറ്റം ചുമത്തി ക്രൂരമായ വധശിക്ഷയ്ക്ക് വിധേയരാക്കിയതും ചരിത്രസത്യങ്ങളാണ്. പുതിയ പാഠഭാഗമനുസരിച്ച് അതൊക്കെ ചെയ്തത് കത്തോലിക്കസഭയല്ല, യൂറോപ്യന്‍ സഭയാണെന്ന് വിദ്യാര്‍ഥികള്‍ പഠിക്കേണ്ടിവരും.
(കെ സുരേഷ്കുമാര്‍)

ലീഗ് മാനേജ്മെന്റ് സ്കൂളില്‍ വീണ്ടും "മതമില്ലാത്ത ജീവന്‍"

കൊണ്ടോട്ടി: ലീഗ് മാനേജ്മെന്റിന് കീഴിലുള്ള സ്കൂളില്‍ "മതമില്ലാത്ത ജീവന്‍" പാഠഭാഗം ഉള്‍പ്പെട്ട പുസ്തകം വീണ്ടും വിതരണം ചെയ്തു. ചെറുകാവ് പഞ്ചായത്തിലെ പേങ്ങാട് ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ എയുപി സ്കൂളിലാണ് പുസ്തകം വിതരണം ചെയ്തത്. മാനേജരുടെ അടുത്ത ബന്ധുകൂടിയായ അധ്യാപകനായിരുന്നു പുസ്തക വിതരണത്തിന്റെ ചുമതല. ഏഴാംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഘട്ടം ഘട്ടമായാണ് പുസ്തകം വിതരണം ചെയ്തത്. "മതമില്ലാത്ത ജീവന്‍" പാഠഭാഗം വിവാദമാക്കി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലീഗ് സമരം നടത്തിയിരുന്നു. സമരത്തിന്റെ മറവില്‍ പുസ്തകം കത്തിക്കാനും ക്ലസ്റ്റര്‍ പരിശീലനക്ലാസ് കൈയേറി അധ്യാപകനെ ചവിട്ടിക്കൊല്ലാനുംവരെ ലീഗുകാര്‍ മുതിരുകയുണ്ടായി. അരീക്കോട് മുണ്ടമ്പ്ര ജിഎംയുപി സ്കൂളിലും ഇക്കുറി ഇതേ പുസ്തകം വിതരണം ചെയ്തിരുന്നു. ഇത് അധികൃതരെ അറിയിച്ചതിന് രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.അതിനിടെയാണ് ജില്ലയില്‍ വീണ്ടും വിവാദ പാഠപുസ്തകം വിതരണം ചെയ്തതായി കണ്ടെത്തിയത്.

deshabhimani 040712

1 comment:

  1. പത്താംക്ലാസിലെ ചരിത്ര പുസ്തകത്തില്‍ കത്തോലിക്കസഭയെ യൂറോപ്യന്‍ സഭയാക്കി വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്നു. "ആധുനിക ലോകത്തിന്റെ ഉദയം" എന്ന പാഠഭാഗത്തിലാണ് വിവാദ പരിഷ്കാരം. ആധുനിക ലോകത്തിന്റെ ഉത്ഭവത്തെയും ചരിത്ര പശ്ചാത്തലത്തെയും കുറിച്ച് വിദ്യാര്‍ഥികളില്‍ സമഗ്രധാരണ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന പാഠഭാഗത്തിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. ഈ പാഠമനുസരിച്ച് പോപ്പ് യൂറോപ്യന്‍ സഭയുടെ തലവനാണോ, പ്രൊട്ടസ്റ്റന്റുകള്‍ യൂറോപ്യന്‍ സഭയെ ചോദ്യംചെയ്ത് രൂപപ്പെട്ടതാണോ എന്നതുള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ് അധ്യാപകര്‍.

    ReplyDelete