Wednesday, July 25, 2012
അരങ്ങേറിയത് "മാണിവധം"
ധനമന്ത്രി കെ എം മാണിയും മുന്‍ ധനമന്ത്രി തോമസ് ഐസക്കും തമ്മിലുള്ള മല്‍പ്പിടിത്തത്തോടെയാണ് ഉപധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് തിരശ്ശീല വീണത്. ചൈനാ പര്യടനത്തിലായിരുന്നതിനാല്‍ ധനാഭ്യര്‍ഥന ചര്‍ച്ചയിലും മറ്റും സഭയില്‍ ഹാജരില്ലാതിരുന്ന ഐസക്, അതിന്റെ വാട്ടം തീര്‍ക്കാന്‍ ഉറച്ചുതന്നെയാണ് വന്നത്. ധവളപത്രത്തിന് പിന്നിലെ കുതന്ത്രം മുതല്‍ തോട്ടംഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കിയത് വരെയുള്ള വിഷയങ്ങള്‍ എടുത്തിട്ട് ഐസക് വരിഞ്ഞുമുറുക്കി. പെന്‍ഷന്‍പ്രായം ഏകീകരണത്തിലും മറ്റും ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും അദ്ദേഹം മറന്നില്ല. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ ബാബു, ചീഫ് വിപ്പ് പി സി ജോര്‍ജ് തുടങ്ങിയവരൊക്കെ മാണിക്ക് തുണയേകാന്‍ അണിനിരന്നു. പൊരുതി മുന്നേറിയ തോമസ് ഐസക് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ സമരത്തിന് വഴിയൊരുങ്ങുകയാണെന്ന മുന്നറിയിപ്പോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്.
തോട്ടംഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കുന്നതിനെതിരെ വിമര്‍ശനം അഴിച്ചുവിട്ട വി ഡി സതീശന്‍, കെ എം മാണിയെയാണ് ലക്ഷ്യമിട്ടത്. സതീശന്റെ വിമര്‍ശനത്തോട് തോമസ് ഐസക്കും യോജിച്ചു. പക്ഷേ പി സി ജോര്‍ജിനും കൂട്ടര്‍ക്കും അത് സഹിച്ചില്ല. ഈ നയരൂപീകരണത്തില്‍നിന്ന് മാറ്റാന്‍ നിലപാട് എടുക്കാന്‍ സതീശന്‍ തയ്യാറുണ്ടോയെന്നാണ് ഐസക്കിന് അറിയേണ്ടിയിരുന്നത്. ധവളപത്രം എന്തായിരിക്കരുത് എന്നതിന്റെ മികച്ച ഉദാഹരണമായി കെ എം മാണിയുടെ ധവളപത്രത്തെ കണക്കിലെടുക്കാമെന്നാണ് തോമസ് ഐസക്കിന്റെ നിലപാട്. സാമ്പത്തികപ്രതിസന്ധിയില്ലെന്ന് മാണിയുടെ കണക്കുകള്‍തന്നെ തെളിയിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വിരമിക്കല്‍ പ്രായം ഉയര്‍ത്തില്ലെന്ന നിലപാടാണ് മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഐസക് പറഞ്ഞു. പ്രതിക്കൂട്ടിലായെങ്കിലും ഐസക്കിന്റെ വിമര്‍ശനങ്ങളില്‍നിന്ന് കുതറിമാറാനായിരുന്നു മാണിയുടെ ശ്രമം. വീണത് വിദ്യയാക്കാന്‍ ബഹുകേമനാണ് മാണി. മാത്യു ടി തോമസിനെ "പ്രൊഫസര്‍" എന്ന് വിശേഷിപ്പിച്ച മാണിയുടെ നാക്ക് പിണഞ്ഞു. പ്രൊഫസര്‍ അല്ല അഡ്വക്കറ്റ് ആണെന്ന് സ്പീക്കര്‍ തിരുത്തിയെങ്കിലും മാണി അംഗീകരിച്ചില്ല. "ലേണ്‍ അറ്റ് പേര്‍സണ്‍" എന്ന അര്‍ഥത്തിലാണ് താന്‍ പ്രൊഫസര്‍ എന്ന് വിളിച്ചതെന്നായി അദ്ദേഹം. മാണിയില്‍നിന്ന് എന്തെല്ലാം പഠിക്കാന്‍ ബാക്കിയെന്ന് സ്പീക്കറും കരുതിയിരിക്കണം.
സ്വാശ്രയ കോളേജ് കുടുംബ ബന്ധങ്ങളില്‍ വരുത്തിയ മാറ്റത്തിന് സാക്ഷ്യപത്രമായി ഒരു അച്ഛന്റെയും മകന്റെയും കഥയാണ് കെ ടി ജലീല്‍ പറഞ്ഞത്. സ്വാശ്രയ കോളേജില്‍ പഠിച്ച മകന് ജോലി കിട്ടിയപ്പോള്‍ ആദ്യ ശമ്പളത്തില്‍നിന്ന് ഒരു തുക അച്ഛന് അയച്ചുകൊടുത്തു. കൂടെ ഒരു കത്തും. അതിലിങ്ങനെ: "എന്റെ വിദ്യാഭ്യാസച്ചെലവിനായി അങ്ങ് കടമായി നിക്ഷേപിച്ച തുകയുടെ ആദ്യ ഗഡുവാണ് ഇതിനൊപ്പം" പിതൃ- പുത്രബന്ധം പോലും പണത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്നുവെന്നാണ് ജലീലിന്റെ നിലപാട്. പ്രവാസികളോട് എം എ യൂസഫലി കാണിച്ച ആത്മാര്‍ഥത പോലും സര്‍ക്കാരിനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രസംഗം എഴുതിവായിക്കുന്നത് ചട്ടലംഘനമാണെന്നായി എ പി അബ്ദുള്ളക്കുട്ടി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സന്റ് ചര്‍ച്ചലിന്റെ വിഖ്യാത വാക്കുകളായിരുന്നു ജലീലിന്റെ പ്രതികരണം. "നിങ്ങള്‍ രണ്ട് മണിക്കൂര്‍ പ്രസംഗത്തിന് വിളിച്ചാല്‍ ഞാന്‍ വെറുംകൈയോടെ വരാം. പത്ത് മിനിറ്റ് ആണെങ്കില്‍ എനിക്ക് ഒരു ദിവസത്തെ തയ്യാറെടുപ്പ് വേണം" ഇതൊന്നും അബ്ദുള്ളക്കുട്ടി കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകില്ലെന്ന് ജലീല്‍ കൂട്ടിച്ചേര്‍ത്തു.
സിപിഐ എമ്മിന്റെ കഴകക്കാരായി സിപിഐക്കാര്‍ മാറിയിരിക്കുന്നുവെന്നായിരുന്നു സി പി മുഹമ്മദിന്റെ കണ്ടെത്തല്‍. സാമ്പത്തിക കാര്യത്തില്‍ സ്വയം മാര്‍ക്കിടലാണ് മാണിയുടെ രീതിയെന്ന് ഇ എസ് ബിജിമോള്‍. അരിയും തുണിയും പണിയും സര്‍ക്കാര്‍ കൊടുക്കണമെന്ന ടെന്റന്‍സിയാണ് നിലനില്‍ക്കുന്നതെന്ന് കെ എന്‍ എ ഖാദര്‍ പരാതിപ്പെട്ടു. ഒഞ്ചിയം ഇല്ലാതിരുന്നെങ്കില്‍ സര്‍ക്കാരിന്റെ സ്ഥിതി എന്താകുമായിരുന്നെന്ന് എം ഹംസ ചോദിച്ചു. അഹല്യയെ പോലെ ശിലാരൂപം പൂണ്ട ധനസ്ഥിതിക്ക് ശീതള സ്പര്‍ശം വഴി കെ എം മാണി പുതുജീവന്‍ നല്‍കിയെന്നാണ് പ്രൊഫ. എന്‍ ജയരാജിന്റെ പക്ഷം. യുഡിഎഫിലെ എല്ലാ കക്ഷികളിലും ഭിന്നതയാണെന്ന് ബാബു എം പാലിശേരി ചൂണ്ടിക്കാട്ടി. തര്‍ക്കമില്ലാത്തത് ഷിബു ബേബിജോണിന്റെ പാര്‍ടിയില്‍ മാത്രം. അവിടെ ആര് ആരോട് വഴക്കിടാനാണെന്ന് അദ്ദേഹം ചോദിച്ചു. നാട്ടിന്‍പുറത്തെ ദരിദ്രവാസികളെ പോലെ ഇല്ലായ്മ പറച്ചിലാണ് ധനമന്ത്രിയുടെ പതിവെന്ന് മാത്യു ടി തോമസ്. തോട്ടംഭൂമി വകമാറ്റാന്‍ അനുവദിക്കുന്നത് ശരിയായ പഠനം നടത്താതെയാണെന്ന് മുല്ലക്കര രത്നാകരന്‍ ആരോപിച്ചു. തെരുവുനായ്ക്കളുടെ ശല്യത്തെ കുറിച്ചായിരുന്നു രാജു എബ്രഹാമിന്റെ ഉപക്ഷേപം. എംഎല്‍എ ക്വാര്‍ട്ടേഴ്സിലും നിയമസഭാമന്ദിരത്തിലും നിറയെ നായ്ക്കളാണെന്ന് അദ്ദേഹം പരാതിപ്പെട്ടപ്പോള്‍, തന്നെയും നായ കടിക്കാന്‍ വന്നുവെന്നായി മറുപടി പറഞ്ഞ മന്ത്രി എം കെ മുനീര്‍. എംഎല്‍എയാണ് മന്ത്രിയാണ് എന്നൊന്നും നായക്കറിയില്ലല്ലോയെന്ന് മന്ത്രിയുടെ നിസ്സഹായത. സഹകരണ ആര്‍ബിട്രേഷന്‍ കോടതിയിലെ പ്രിസൈഡിങ് ഓഫീസര്‍ നിയമനത്തിനുള്ള യോഗ്യത സംബന്ധിച്ച ചട്ടഭേദഗതി തള്ളണമെന്ന എ കെ ബാലന്റെ ക്രമപ്രശ്നം ഓര്‍ക്കാപ്പുറത്ത് വോട്ടെടുപ്പിന് വഴിയൊരുക്കി.
കുഞ്ഞാലിക്കുട്ടിയിലെ പ്രകൃതിസ്നേഹിയും വിക്ടോറിയന്‍ കാലവും
മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഉള്ളിന്റെയുള്ളില്‍ ഒരു പ്രകൃതി സ്നേഹി ഒളിഞ്ഞിരിപ്പുള്ള കാര്യം അങ്ങനെ വെളിച്ചത്തായി. തണ്ണീര്‍ത്തടങ്ങളും പൈതൃകവും കളഞ്ഞിട്ട് എന്തു വ്യവസായം? എന്തു ടൂറിസം? പ്രകൃതി സമ്പത്ത് സംരക്ഷിക്കാത്ത വ്യവസായവല്‍ക്കരണം വേണ്ടേ വേണ്ട-അദ്ദേഹം ഉദ്ഘോഷിച്ചു. കേട്ട മാത്രയില്‍ തന്നെ പലരും ഞെട്ടിത്തരിച്ചു. വ്യവസായ മന്ത്രിയുടെ ഇരിപ്പിടത്തില്‍ കുഞ്ഞാലിക്കുട്ടി തന്നെയാണോയെന്ന് ശങ്കിച്ചവരും കുറവല്ല. കോഴിക്കോട് മാനാഞ്ചിറയിലെ കോംട്രസ്റ്റ് വക ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കല്‍ ബില്‍ പരിഗണിക്കവെയാണ് കുഞ്ഞാലിക്കുട്ടി പരിസ്ഥിതി വാദിയുടെ വേഷപകര്‍ച്ച പുറത്തെടുത്തത്. കുഞ്ഞാലിക്കുട്ടിയില്‍ ഒരു "അക്കാഡമിക് പൊളിറ്റിഷ്യനെ"യാണ് ടി എന്‍ പ്രതാപന്‍ കണ്ടെത്തിയിരിക്കുന്നത്. ആ "നാച്വറല്‍ സ്റ്റൈല്‍" കണ്ടാലറിയില്ലേ? കുഞ്ഞാലിക്കുട്ടി ഒരു സാധാരണ പൊളിറ്റിഷ്യന്‍ അല്ലെന്ന് ബാക്ക്ഗ്രൗണ്ട് പരിശോധിച്ചാല്‍ മനസ്സിലാകും-പ്രതാപന്‍ എന്താണ് ഉന്നം വച്ചിരിക്കുന്നതെന്ന് മന്ത്രിക്ക് പിടികിട്ടാനിരിക്കുന്നതേയുള്ളൂ.
വിക്ടോറിയ രാജ്ഞിയുടെ ഉടയാടകളെ പറ്റി ജോസഫ് വാഴയ്ക്കന് ഇത്രയേറെ "അവഗാഹ"മുണ്ടെന്ന് ആരും നിനച്ചില്ല. കോംട്രസ്റ്റ് കെട്ടിടങ്ങള്‍ക്ക് വിക്ടോറിയന്‍ കാലഘട്ടത്തിലെ ശില്‍പ്പ ചാതുരിയാണെന്ന് എ പ്രദീപ്കുമാര്‍ പറഞ്ഞപ്പോള്‍ വാഴയ്ക്കന്‍ വിക്ടോറിയന്‍ കാലഘട്ടത്തിലേക്കാണ് കടന്നത്. കോംട്രസ്റ്റില്‍ നെയ്ത വസ്ത്രങ്ങളാണ് വിക്ടോറിയ രാജ്ഞി ധരിച്ചിരുന്നതെന്ന് പ്രദീപ്കുമാര്‍ പറഞ്ഞുവെന്നായി വാഴക്കന്‍. താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് പ്രദീപ്കുമാര്‍ ആണയിട്ടു. പക്ഷെ വാഴയ്ക്കന്‍ വിടില്ല. പ്രദീപിന് അറിയില്ലെങ്കിലും തനിക്ക് നല്ല തിട്ടമാണെന്നും ചരിത്ര ഗ്രന്ഥങ്ങളില്‍ ഇക്കാര്യം വായിച്ചിട്ടുണ്ടെന്നും വാഴയ്ക്കന്‍. കോംട്രസ്റ്റില്‍ കര്‍ട്ടനും കുഷ്യനും കിടക്കവിരിയും ഒക്കെയാണ് നെയ്തിരിന്നുന്നതെന്ന് കോഴിക്കോട്ടുകാര്‍ക്കല്ലേ അറിയൂ. കോംട്രസ്റ്റ് മന്ദിരത്തിന് ഹജൂര്‍കച്ചേരി കെട്ടിടങ്ങളുടെ സ്ഥിതിയുണ്ടാകരുതെന്ന് എ പ്രദീപ്കുമാര്‍ ആവശ്യപ്പെട്ടു. കോഴിക്കോട്ടെ ഹജൂര്‍കച്ചേരി കെട്ടിടം പൊളിച്ചുകളഞ്ഞപ്പോള്‍ അതിന്റെ പൗരാണിക പ്രൗഢി തിരിച്ചറിഞ്ഞില്ലെന്ന് പ്രദീപ് ചൂണ്ടിക്കാട്ടി. കോംട്രസ്റ്റില്‍നിന്നു വിറ്റ ഭൂമിയും ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിയുടെ മറുപടിയ്ക്ക് ശേഷം ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
സംസ്ഥാന സേവനാവകാശ ബില്‍ ചര്‍ച്ച അതിര്‍ത്തികള്‍ താണ്ടി ചൈന വരെ ചെന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നുള്ള സേവനത്തിന് സമയപരിധി നിശ്ചയിക്കുന്നതാണ് ബില്‍. വില്ലേജ് ഓഫീസിനെയും പഞ്ചായത്തിനെയും ഉള്‍പ്പെടുത്തിയപ്പോള്‍ സെക്രട്ടറിയറ്റിനെ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഭേദഗതി അവതരിപ്പിച്ച കെ സുരേഷ്കുറുപ്പ് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഓഫീസില്‍ ചെന്നാല്‍ ഇന്നുവാ, നാളെ വാ എന്നുപറഞ്ഞ് ജനങ്ങളെ ജീവനക്കാര്‍ ബുദ്ധിമുട്ടിക്കുകയാണെന്ന് എം ഉമ്മര്‍. സേവനാവകാശത്തെ എതിര്‍ക്കുന്ന ഏക ആള്‍ അണ്ണാഹസ്സാരെയാണെന്ന് പറഞ്ഞ ബെന്നി ബഹനാന്‍, കുറുപ്പിന്റെ വാക്കുകളിലും ഹസ്സാരെയുടെ ലാഞ്ചനയാണ് കണ്ടത്. ചൈന, ശാസന, സിപിഐ ബന്ധം ഇങ്ങനെ ചര്‍ച്ച പരിധി കടന്നു. കമ്യൂണിസ്റ്റ് ചൈനയ്ക്ക് സ്വപ്നം കാണാന്‍ കഴിയാത്തതാണ് ബില്ലെന്നാണ് ബെന്നിയുടെ നിലപാട്. നിയമങ്ങളുടെ അഭാവമല്ല, നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് പ്രധാനമെന്ന് എ എം ആരിഫ് പറഞ്ഞു.
മുന്‍ സര്‍ക്കാര്‍ തയ്യാറാക്കി വച്ച റേഷന്‍ കാര്‍ഡാണ് ഈ സര്‍ക്കാര്‍ കൊടുത്തതെന്ന് പി ടി എ റഹീം ചൂണ്ടിക്കാട്ടി. ഈ സര്‍ക്കാര്‍ വന്നശേഷം അനുമതി നല്‍കി പൂര്‍ത്തിയാക്കിയ ഒരു റോഡ് ചൂണ്ടിക്കാണിക്കാമോയെന്ന് ആരിഫും വെല്ലുവിളിച്ചു. 25 കിലോ അരി 18 ആയതുപോലെ പുറത്താക്കല്‍ ശാസനയില്‍ ഒതുങ്ങിയെന്ന് സി പി മുഹമ്മദ്. പണ്ട് ഇന്ദിരാഗാന്ധിയെ എതിര്‍ത്ത സി പി മുഹമ്മദ് ഇടതുപക്ഷത്ത് ഉണ്ടായിരുന്നുവെന്ന് എ കെ ബാലന്‍ തിരിച്ചടിച്ചു. സേവനം പൗരന്റെ അവകാശമാണെന്ന നില വരണമെന്നാണ് ടി എ അഹമ്മദ് കബീറിന്റെ നിലപാട്. വീഴ്ച വരുത്തിയാല്‍ സര്‍വീസ് രേഖകളില്‍ കാണിക്കണം, നിരപരാധിയായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടാനും പാടില്ല-കബീര്‍ വ്യക്തമാക്കി. സേവനാവകാശ ബില്‍ ജനങ്ങളുടെ മാഗ്നാകാര്‍ട്ടയാണെന്നാണ് മുഖ്യമന്ത്രിയുടെ മനസ്സിലിരിപ്പ്. നിയമത്തിന്റെ പരിധിയില്‍ സെക്രട്ടറിയറ്റ് മാത്രമല്ല, മുഖ്യമന്ത്രിയും വരണമെന്നാണ് അദ്ദേഹത്തിന്റെ സ്വപ്നം. വില്ലേജ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന മട്ടില്‍ സെക്രട്ടറിയറ്റില്‍ കിട്ടുന്ന പെറ്റീഷന്‍ തീര്‍പ്പാക്കാന്‍ പറ്റുമോയെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം.
(കെ ശ്രീകണ്ഠന്‍)
deshabhimani 24-250712
Labels:
നിയമസഭ
Subscribe to:
Post Comments (Atom)
ധനമന്ത്രി കെ എം മാണിയും മുന്‍ ധനമന്ത്രി തോമസ് ഐസക്കും തമ്മിലുള്ള മല്‍പ്പിടിത്തത്തോടെയാണ് ഉപധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് തിരശ്ശീല വീണത്. ചൈനാ പര്യടനത്തിലായിരുന്നതിനാല്‍ ധനാഭ്യര്‍ഥന ചര്‍ച്ചയിലും മറ്റും സഭയില്‍ ഹാജരില്ലാതിരുന്ന ഐസക്, അതിന്റെ വാട്ടം തീര്‍ക്കാന്‍ ഉറച്ചുതന്നെയാണ് വന്നത്. ധവളപത്രത്തിന് പിന്നിലെ കുതന്ത്രം മുതല്‍ തോട്ടംഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കിയത് വരെയുള്ള വിഷയങ്ങള്‍ എടുത്തിട്ട് ഐസക് വരിഞ്ഞുമുറുക്കി. പെന്‍ഷന്‍പ്രായം ഏകീകരണത്തിലും മറ്റും ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും അദ്ദേഹം മറന്നില്ല. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ ബാബു, ചീഫ് വിപ്പ് പി സി ജോര്‍ജ് തുടങ്ങിയവരൊക്കെ മാണിക്ക് തുണയേകാന്‍ അണിനിരന്നു. പൊരുതി മുന്നേറിയ തോമസ് ഐസക് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ സമരത്തിന് വഴിയൊരുങ്ങുകയാണെന്ന മുന്നറിയിപ്പോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്.
ReplyDelete