Friday, July 12, 2013

കൃഷ്ണപ്രസാദിനു മര്‍ദ്ദനം: കുറ്റക്കാര്‍ പൊലീസെന്ന് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരത്ത് എ ഐ വൈ എഫ് -യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം സൃഷ്ടിക്കുന്നതിന് സാഹചര്യമുണ്ടാക്കിയതിനു പിന്നില്‍ ഒരു പൊലീസ് ഓഫീസറുടെ മനപൂര്‍വ്വമായ ഇടപെടലാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷനേതാവിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന്റെ റൂട്ട് അന്ന് രാവിലെ പൊലീസ് മാറ്റിനിശ്ചയിക്കുകയായിരുന്നു. എ ഐ വൈ എഫ് ഉള്‍പ്പടെ ഇടതുപക്ഷസംഘടനകള്‍ മാര്‍ച്ച് നടത്തിയത് നിയമസഭയിലേക്കായിരുന്നു. ആശാന്‍ സ്‌ക്വയറില്‍ നിന്ന് നിശ്ചയിച്ചിരുന്ന മാര്‍ച്ചിന്റെ റൂട്ട് രാവിലെ മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇത് മൂലം രണ്ട് മാര്‍ച്ചുകളും ഒരേ സ്ഥലത്ത് കേന്ദ്രീകരിക്കാനുള്ള സാഹചര്യം പൊലീസ് സൃഷ്ടിക്കുകയായിരുന്നു. ഇത്തരത്തില്‍ സംഘര്‍ഷത്തിന് സാഹചര്യം സൃഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് അഭ്യന്തരമന്ത്രിയോട് പരാതിപ്പെട്ടിട്ടുണ്ട്.

എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദിനെ ആക്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സന്തോഷിനെ സംഘടനയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഇടതു യുവജനസംഘടനകളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘട്ടനം നടന്ന സ്ഥലങ്ങളില്‍ പൊലീസ് വേണ്ടത്ര മുന്‍കരുതല്‍ എടുക്കേണ്ടതായിരുന്നുവെന്നും ഡീന്‍ കുര്യക്കോസ് പറഞ്ഞു.

janayugom

No comments:

Post a Comment