Friday, July 12, 2013

സലിംരാജ്, ജിക്കു, കുരുവിള എവിടെ?

സൗരോര്‍ജ പാനല്‍ തട്ടിപ്പുകേസിന്റെ അന്വേഷണം പ്രത്യേക സംഘം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും വാദങ്ങള്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമായി സലിംരാജ്, ജിക്കുമോന്‍, കുരുവിള. തട്ടിപ്പു സംഘത്തിലെ പ്രധാനികളായ സരിതയും ബിജു രാധാകൃഷ്ണനുമായി ഉറ്റബന്ധം പുലര്‍ത്തിയ ഈ മൂന്ന് പേരും അപ്രത്യക്ഷരാണ്. കേസില്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ട മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസിനെ ഒളിവില്‍ പോകാന്‍ സഹായിച്ച ഉന്നതര്‍ മൂവര്‍ സംഘത്തെ ചോദ്യം ചെയ്യാന്‍പോലും അന്വേഷണസംഘത്തെ അനുവദിച്ചിട്ടില്ല.

ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ സാഹചര്യം ഇനി ആവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. മുഖ്യമന്ത്രിയെ അറിയിക്കാതെയാണ് ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തത്. ഇത് മുഖ്യമന്ത്രി തന്നെ പ്രതിയാകുന്നതിന് തുല്യമായി. ഇതിന്റെ തുടര്‍ച്ചയായി ഒരു വിശ്വസ്തനെക്കൂടി അറസ്റ്റ് ചെയ്താല്‍ ഉമ്മന്‍ചാണ്ടിക്കും പ്രതിപ്പട്ടികയില്‍ സ്ഥാനം പിടിക്കേണ്ടിവരും. ഇതൊഴിവാക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജിനെ സസ്പെന്‍ഡ് ചെയ്തെങ്കിലും ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. സസ്പെന്‍ഷന് മുമ്പ് ഒരുതവണ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വിളിച്ചുവരുത്തി വിവരം ആരാഞ്ഞതല്ലാതെ തുടര്‍നടപടി ഒന്നുമുണ്ടായില്ല.

മുഖ്യമന്ത്രിയുടെ പിഎ ആയിരുന്ന ജിക്കുമോന്‍ ജേക്കബ്ബിന്റെ കാര്യത്തിലും ഇതേ നിലപാടാണ് അന്വേഷണസംഘം സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ വലംകൈ ആയിരുന്ന തോമസ് കുരുവിള സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ഡല്‍ഹിയിലെ അനൗദ്യോഗിക അംബാസഡറായാണ് പ്രവര്‍ത്തിച്ചത്. ഡല്‍ഹിയിലെ ടീം സോളാറിന്റെ ഓഫീസ് നടത്തിപ്പിലും തോമസ് കുരുവിളയുടെ പങ്ക് വ്യക്തമാണ്. കുരുവിളയെ ചോദ്യംചെയ്യാന്‍ പോലും അന്വേഷണസംഘം ഇനിയും തയ്യാറായിട്ടില്ല. തട്ടിപ്പിന്റെ പ്രധാന കേന്ദ്രമായ ഡല്‍ഹിയിലേക്ക് സരിതയെയും ബിജു രാധാകൃഷ്ണനെയും കൊണ്ടുപോയി തെളിവെടുക്കാന്‍പോലും തയ്യാറായിട്ടില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതര്‍ക്കും തട്ടിപ്പ് സംഘവുമായി നേരിട്ട് ബന്ധമുണ്ട്. അതും അന്വേഷിക്കുന്നില്ല. ഒരു മിസ്ഡ് കോള്‍ കണ്ടിട്ടാണ് സരിതയെ വിളിച്ചതെന്നാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ടി കെ രവീന്ദ്രന്റെ ഫോണില്‍ 30 തവണയാണ് ബന്ധപ്പെട്ടത്. അറസ്റ്റ് ചെയ്യുന്നതിന് രണ്ടുദിവസം മുമ്പുപോലും രവീന്ദ്രന്റെ ഫോണില്‍ സരിതയെ ബന്ധപ്പെട്ടു. ഇതൊന്നും അന്വേഷിക്കുന്നില്ല. രവീന്ദ്രനെ സ്റ്റാഫില്‍നിന്ന് മാറ്റാനും തയ്യാറായിട്ടില്ല.

മുഖ്യമന്ത്രിയുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ തിരുവഞ്ചൂര്‍ പുറത്തുവിട്ട രേഖ അനുസരിച്ചുതന്നെ നിരവധി മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണപക്ഷത്തെ പല പ്രമുഖരുമായും സരിത അടുത്തബന്ധം പുലര്‍ത്തിയിട്ടുണ്ട്. ഇതൊന്നും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തുന്നേയില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസില്‍ പലതവണ പോയെന്ന് സരിത മൊഴി നല്‍കിയിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ഉറ്റ ബന്ധുക്കളുമായുള്ള അടുപ്പവും പുറത്തുവന്നു. മുഖ്യമന്ത്രിയോട് പരാതി പറഞ്ഞ കാര്യം പിറ്റേന്നു തന്നെ സരിത അറിഞ്ഞുവെന്നും അതിന്റെ പേരില്‍ സരിത ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരനായ ടി സി മാത്യു വെളിപ്പെടുത്തിയിരുന്നു.പൊലീസ് കസ്റ്റഡിയില്‍പ്പോലും സരിത മാത്യുവിനെ ഫോണില്‍ വിളിച്ചു. പൊലീസ് കസ്റ്റഡിയില്‍ സരിത ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതൊന്നും അന്വേഷണസംഘം ഗൗനിക്കുന്നില്ല. ശ്രീധരന്‍നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിപോലും മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നാണ് ആഭ്യന്തര മന്ത്രി പരസ്യമായി നല്‍കിയ നിര്‍ദേശം.
(എം രഘുനാഥ്)

ബലിയാടാക്കാന്‍ ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നെന്ന് ഐജി

തന്നെ ബലിയാടാക്കി ശിക്ഷിക്കാന്‍ ആഭ്യന്തരവകുപ്പ് നീക്കം നടത്തുകയാണെന്ന് ക്രൈംറെക്കോഡ്സ് ഐജി ടി ജെ ജോസ് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ ഫോണ്‍വിവരങ്ങള്‍ പുറത്തുവിട്ടത് താനല്ലെന്ന് ഐജി മുഖ്യമന്ത്രിയെ അറിയിച്ചു. ഫോണ്‍ രേഖകള്‍ ശേഖരിക്കാന്‍ അധികാരമുണ്ട്. എന്നാല്‍, ഇവ ആര്‍ക്കും ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും ഐജി മുഖ്യമന്ത്രിയോട് വ്യക്തമാക്കി. മന്ത്രിമാരുടെ ഫോണ്‍വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് മന്ത്രിസഭയിലും യുഡിഎഫിലും വിവാദം പൊട്ടിത്തെറിയിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ വ്യാഴാഴ്ച ഐജിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഫോണ്‍ചോര്‍ത്തി പുറത്താക്കിയത് ഐജി ജോസാണെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ ഓഫീസിന്റെ ആരോപണം. ഐജിക്കെതിരായുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാര്‍ മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. ഐജിക്കെതിരെനടപടിക്കും ശുപാര്‍ശചെയ്തിരുന്നു. സോളാര്‍തട്ടിപ്പില്‍ കുരുങ്ങി മുഖം വികൃതമായ മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫീസുകള്‍ മത്സരിച്ച് മന്ത്രിമാരുടെ ഫോണ്‍രേഖകള്‍ പുറത്തു വിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു.

എന്നെ വിലക്കാന്‍ ആര്‍ക്കും "ആംപിയറില്ല": പി സി ജോര്‍ജ്

കൊച്ചി: പ്രസ്താവനകള്‍ പാടില്ലെന്ന് തന്നെ ആരും വിലക്കിയിട്ടില്ലെന്നും അതിനുള്ള ആംപിയര്‍ ആര്‍ക്കും ഇല്ലെന്നും ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. തന്നെ നിശബ്ദനാക്കാന്‍ പാര്‍ടി തയ്യാറാകില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ക്രിമിനല്‍ക്കേസില്‍ കോടതി ശിക്ഷിച്ചാല്‍ അപ്പോള്‍മുതല്‍ എംപിയോ എംഎല്‍എയോ അയോഗ്യരാകുമെന്ന സുപ്രീം കോടതി വിധി ഭരണഘടനാ വിരുദ്ധമാണ്. ഈ വിധി ജുഡീഷ്യല്‍ ആക്ടീവിസം മാത്രമല്ല, ജുഡീഷ്യല്‍ ടെററിസവുമാണ്. മജിസ്ട്രേട്ട് കോടതി ശിക്ഷിച്ച് സ്ഥാനംപോയ എംഎല്‍എ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ അപ്പീല്‍ പോയി കീഴ്ക്കോടതിവിധി തെറ്റെന്നുവന്നാല്‍ സ്ഥാനം എങ്ങനെ തിരിച്ചുകൊടുക്കും.സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോടാനുകോടി രൂപ തട്ടിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. മാണിസാര്‍ മുഖ്യമന്ത്രിയാകാന്‍ സര്‍വഥാ യോഗ്യതയുള്ള ആളാണ്. പ്രതിപക്ഷത്തിന്റെ ഈ അഭിപ്രായത്തില്‍ സന്തോഷം തോന്നുന്നു. യുഡിഎഫ് ആ തീരുമാനം എടുത്താല്‍ കേരള കോണ്‍ഗ്രസ് എം അത് സന്തോഷത്തോടെ സ്വീകരിക്കും.

deshabhimani

No comments:

Post a Comment