കോണ്‍ഗ്രസും യുഡിഎഫും പൂര്‍ണമായും പ്രതിരോധത്തിലാണെന്ന് ആന്റണി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ചില മന്ത്രിമാരും തട്ടിപ്പുകാരുടെ പ്രലോഭനങ്ങളില്‍ കുരുങ്ങി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. നേതാക്കള്‍ക്കിടയിലെ പടലപ്പിണക്കങ്ങളാണ് സര്‍ക്കാരിനുള്ളില്‍ നില്‍ക്കേണ്ടിയിരുന്ന പല കാര്യങ്ങളും പുറത്താകാനിടയാക്കിയത്. സ്ഥിതിഗതികള്‍ നേരെയാക്കാന്‍ നേതൃത്വത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്. അഴിച്ചുപണി അനിവാര്യമാണ്.
എന്നാല്‍,തെരഞ്ഞെടുപ്പിന് മുമ്പായി ഭരണനേതൃത്വത്തെ അപ്പാടെ മാറ്റുന്നത് ഗുണംചെയ്യില്ലെന്ന നിലപാടിലാണ് ആന്റണി. ശനിയാഴ്ച ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ എത്തുമ്പോള്‍ സോളാര്‍ വിഷയത്തില്‍ സോണിയ വിശദീകരണം തേടും. അതിന് ശേഷമായിരിക്കും ഇടപെടല്‍ ഏതുവിധത്തില്‍ വേണമെന്ന തീരുമാനം. സര്‍ക്കാരിന്റെ ഇപ്പോഴത്തെ പോക്കില്‍ അതൃപ്തി അറിയിക്കാനെത്തിയ "ഹരിത" എംഎല്‍എമാര്‍ക്ക് വ്യാഴാഴ്ചയും സോണിയയെ കാണാനായില്ല. ആന്റണിയുടെ വിശദീകരണം കേട്ട സോണിയ ഇനി ഉമ്മന്‍ചാണ്ടിക്ക് പറയാനുള്ളത് കൂടി കേട്ടശേഷം മ മറ്റ് നേതാക്കളെ കണ്ടാല്‍മതിയെന്ന നിലപാടിലാണ്.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അപക്വമായ ചില തീരുമാനങ്ങളാണ് സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിച്ഛായ പൂര്‍ണമായും കളഞ്ഞുകുളിച്ചതെന്ന നിലപാടാണ് ആന്റണിക്കുള്ളത്. ആന്റണിയുടെ വിശ്വസ്തനായ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവഞ്ചൂരിനെതിരെ പരസ്യമായി രംഗത്തുവന്നത് ഈയൊരു നിലപാടിന്റെ പശ്ചാത്തലത്തിലാണ്. സ്വന്തം തടി രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ തിരുവഞ്ചൂര്‍ സര്‍ക്കാരിന്റെ ഐക്യം കളഞ്ഞുകുളിച്ചെന്ന് ആന്റണിയുമായി അടുപ്പമുള്ളവര്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഫലം കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 16 സീറ്റ് യുഡിഎഫിന് ലഭിച്ചെവങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ 2004ലെ ഫലം ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണ് കേന്ദ്രനേതൃത്വം. സോളാര്‍ അഴിമതിയും അനുബന്ധപ്രശ്നങ്ങളും ഇതിന് വഴിയൊരുക്കിയതായി നേതൃത്വം വിലയിരുത്തുന്നു. സരിതയുമായി സംസ്ഥാനമന്ത്രിമാരും കേന്ദ്രമന്ത്രിമാരും മറ്റ് കോണ്‍ഗ്രസ് നേതാക്കളും നിരന്തരം ബന്ധപ്പെട്ടതിന്റെ ഫോണ്‍ രേഖകള്‍ അപ്പാടെ ചോര്‍ന്നതിന് പിന്നില്‍ തിരുവഞ്ചൂരാണെന്ന റിപ്പോര്‍ട്ടാണ് കേന്ദ്രനേതൃത്വത്തിന് കിട്ടിയിട്ടുള്ളത്. അഴിച്ചുപണിയുണ്ടായാല്‍ ആദ്യം തെറിക്കുന്നത് തിരുവഞ്ചൂരാകും. തിരുവഞ്ചൂരിനെ മാത്രം ബലിയാടാക്കി എ-ഐ ഗ്രൂപ്പുകളെ യോജിപ്പിച്ച് തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള സാധ്യത ഏറെയാണ്.
deshabhimani
No comments:
Post a Comment