Tuesday, July 9, 2013

"ഭരണമാറ്റ"വും നേതൃമാറ്റവും

താങ്കളാണ് മുഖ്യമന്ത്രിയെങ്കില്‍ ഇത്തരമൊരു സാഹചര്യത്തില്‍ എന്തുചെയ്യും എന്ന ചോദ്യം എ കെ ആന്റണിയോട് ആരും ചോദിച്ചില്ല. അഥവാ ചോദിച്ചെങ്കില്‍ പഴയ മൗനത്തിന്റെ ആയുധംതന്നെ ആന്റണി ഉപയോഗിക്കേണ്ടിവന്നേനേ. പഞ്ചസാര കുംഭകോണം എന്ന് കേട്ടപ്പോള്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രിപദവി വലിച്ചെറിഞ്ഞ ആന്റണിക്ക്, അഴിമതിയുടെയും തട്ടിപ്പിന്റെയും നുണകളുടെയും ഓടയില്‍ കൈകാലിട്ടടിച്ചിട്ടും സ്ഥാനംവിടാത്ത ഉമ്മന്‍ചാണ്ടിക്കുവേണ്ടി വാദിക്കാനാവില്ല. ആന്റണി പക്ഷേ, ഒരുകാര്യം വ്യക്തമാക്കി- ഭരണമാറ്റമുണ്ടാകില്ല എന്ന്. നേതൃമാറ്റമുണ്ടാകില്ല എന്നല്ല പറഞ്ഞത്. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും മന്ത്രിസ്ഥാനത്തുനിന്ന് പോയാലും യുഡിഎഫിന്റെ നേരിയ ഭൂരിപക്ഷം തുടരുമെന്നതുകൊണ്ട് "ഭരണമാറ്റമുണ്ടാകില്ല" എന്ന് ആര്‍ക്കും പറയാം.

എന്തിനാണ് ഇങ്ങനെയൊരു ഭരണം കേരളത്തിന്? എന്തുകൊണ്ട് ഈ മുഖ്യമന്ത്രിയെ ഇനിയും സഹിക്കണം? അതിനുള്ള ഉത്തരമാണ് ആന്റണി നല്‍കേണ്ടിയിരുന്നത്. പതിനൊന്ന് മുഖ്യമന്ത്രിമാരെ കേരളം കണ്ടു. ഉമ്മന്‍ചാണ്ടിയെപ്പോലെ ജനങ്ങള്‍ക്കുമുന്നില്‍ ഇത്രയും തരംതാണ ഒരാളുമുണ്ടായിട്ടില്ല. ഒരു സാധാരണ പൗരനുള്ള അവകാശം തനിക്ക് തരണമെന്നാണ് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പ്രതിപക്ഷത്തോടാവശ്യപ്പെട്ടത്. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കിയാല്‍, ടെന്നി ജോപ്പനും സരിത നായര്‍ക്കുമൊപ്പം പൊലീസ് ജീപ്പില്‍ കയറി കോടതിയിലും ജയിലിലുമായി ഷട്ടില്‍ സര്‍വീസടിക്കുന്ന പ്രതിയായി ഇന്ന് ഉമ്മന്‍ചാണ്ടി മാറുമായിരുന്നു. മറ്റാര്‍ക്കുമെന്നപോലെ നിയമം ഉമ്മന്‍ചാണ്ടിക്കും ബാധകമാക്കണം എന്ന ന്യായമായ ഒരേയൊരാവശ്യമേ പ്രതിപക്ഷം ഉയര്‍ത്തുന്നുള്ളൂ.

"എന്നെ നുണപരിശോധനയ്ക്ക് വിധേയനാക്കൂ" എന്നാണ് കല്ലേലില്‍ ശ്രീധരന്‍നായര്‍ വെല്ലുവിളിക്കുന്നത്. ശ്രീധരന്‍നായര്‍ കോണ്‍ഗ്രസുകാരനാണ്. വ്യവസായിയുമാണ്. ഇംഗ്ലണ്ട് കേന്ദ്രമായ ടീം സോളാര്‍ പദ്ധതിയുടെ "കേരള യൂണിറ്റിന്റെ പ്രതിനിധി"കളായി എത്തിയ ലക്ഷ്മി നായര്‍, ആര്‍ ഡി നായര്‍ എന്നിവരെ വിശ്വസിച്ച് നാല്‍പ്പതു ലക്ഷം രൂപ കൊടുത്തു എന്നതാണദ്ദേഹം ചെയ്ത കുറ്റം. അത്രയും വലിയ തുക കൊടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ആ കമ്പനിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള ബന്ധമാണ്. നിശ്ചിതസമയത്ത് പദ്ധതി തുടങ്ങിയില്ല; പണം തിരിച്ചുകിട്ടിയുമില്ല. നിയമനടപടിക്ക് ആലോചിക്കുമ്പോഴാണ്, ലക്ഷ്മി നായര്‍ എന്ന പേരില്‍ തന്നില്‍നിന്ന് പണംവാങ്ങിയ സരിത നായര്‍ പിടിക്കപ്പെട്ട വാര്‍ത്ത ശ്രീധരന്‍നായര്‍ കാണുന്നത്. സ്വാഭാവികമായും തന്റെ പണം നഷ്ടപ്പെടാതിരിക്കാന്‍ കോടതിയില്‍ അന്യായം ബോധിപ്പിച്ചു. സ്വന്തം പണം വീണ്ടെടുക്കാന്‍ നിയമത്തിന്റെ വഴിയില്‍ ശ്രമിച്ച ആ മനുഷ്യനെയാണ്, വിശ്വസിക്കാന്‍ കൊള്ളാത്തവനെന്ന് കേരളത്തിന്റെ ആഭ്യന്തരമന്ത്രി ആക്ഷേപിച്ചത്.

ശ്രീധരന്‍നായര്‍ മജിസ്ട്രേട്ട് മുമ്പാകെയാണ് മൊഴി നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തട്ടിപ്പിലുള്ള പങ്കാളിത്തം ആ മൊഴിയില്‍ വ്യക്തമായി പറയുന്നു. മൊഴി രേഖപ്പെടുത്തിയത്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന പൊലീസിന്റെ താല്‍പ്പര്യപ്രകാരമാണ്. സോളാര്‍ തട്ടിപ്പുകേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ എഡിജിപി ഹേമചന്ദ്രനാണ് അതിന് നിര്‍ദേശം നല്‍കിയത്. ""ഈ മൊഴി രേഖപ്പെടുത്താനുള്ള സാഹചര്യമൊരുക്കിയത് പൊലീസാണ്. സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ല"" എന്ന് ഉമ്മന്‍ചാണ്ടിതന്നെ തിങ്കളാഴ്ച നിയമസഭയില്‍ സമ്മതിച്ചു. ഇപ്പോള്‍, ശ്രീധരന്‍നായരുടെ വിശ്വാസ്യത ചോദ്യംചെയ്യുന്നു. അദ്ദേഹം അതു തെളിയിക്കാന്‍ നുണപരിശോധനയ്ക്ക് തയ്യാര്‍. മുഖ്യമന്ത്രിയോ? സരിതാ സന്ദര്‍ശനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍പോലും നശിപ്പിച്ചുകളഞ്ഞു.

"ജോപ്പന്‍ ഇടപെട്ടത് നാല്‍പ്പത് കോടിയുടെ പദ്ധതിക്ക്" എന്ന ശീര്‍ഷകത്തില്‍ മാതൃഭൂമി ജൂണ്‍ മുപ്പതിന് നല്‍കിയ വാര്‍ത്ത ഇങ്ങനെയാണ്: ""അഞ്ചുകോടി രൂപയുടെ ആദ്യ ഗഡുവായാണ് നാല്‍പ്പത് ലക്ഷം രൂപ ശ്രീധരന്‍നായര്‍ സരിതയുടെ കമ്പനിക്ക് കൈമാറിയത്. ഇതിനായുള്ള ആദ്യത്തെ ചര്‍ച്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്നതിന്റെ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തനിക്ക് നല്‍കിയിട്ടുള്ള കസേരയില്‍ ജോപ്പനും അഭിമുഖമായി സരിത എസ്.നായരും ശ്രീധരന്‍ നായരും ഇരുന്ന് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു. ഈ വീഡിയോയുമായാണ് അന്വേഷണ സംഘം വെള്ളിയാഴ്ച രാവിലെ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ഓഫീസില്‍ ജോപ്പനെ ചോദ്യം ചെയ്യാനെത്തിയത്. അഞ്ചര മണിക്കൂറോളം ചോദ്യംചെയ്യല്‍ നീണ്ടു. തുടക്കത്തില്‍ സഹകരിക്കാതെ പലപ്പോഴും തട്ടിക്കയറിയെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയപ്പോള്‍ ജോപ്പന് പലകാര്യങ്ങളും സമ്മതിക്കേണ്ടിവന്നു."" മറ്റുപല മാധ്യമങ്ങളും ഈ വാര്‍ത്ത ഇതുപോലെ റിപ്പോര്‍ട്ട് ചെയ്തു. ആരും നിഷേധിച്ചിട്ടില്ല.

മുമ്പ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഡെപ്യൂട്ടേഷന്‍ ജീവനക്കാരെ ഒഴിവാക്കിയത് കൈക്കൂലി വാങ്ങുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞപ്പോഴാണ്. സെക്രട്ടറിയറ്റിന്റെ പ്രധാന കേന്ദ്രങ്ങളിലാകെ ക്യാമറകളുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലും ചേമ്പറിലും അതിനു പുറമെ വെബ് ടെലികാസ്റ്റിങ്ങുമുണ്ട്. നോര്‍ത്ത് ബ്ലോക്കിലെ ഇടനാഴിയില്‍ പതിഞ്ഞ ക്യാമറാദൃശ്യങ്ങള്‍ നിശ്ചിത കാലയളവിലേത് എടുത്തു പരിശോധിച്ചാല്‍തന്നെ സരിതയുടെ വരവും പോക്കും കൃത്യമായി തെളിയും. എന്നിട്ടും "റെക്കോഡ് ചെയ്യുന്നില്ല" എന്ന് ഉമ്മന്‍ചാണ്ടി പറയുമ്പോള്‍ ഏതു പരമനുണയനും തലതാഴ്ത്തിപ്പോകും. ശ്രീധരന്‍നായരോടൊപ്പം നുണപരിശോധനയ്ക്ക് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും തയ്യാറായാലുണ്ടാകാവുന്ന "അപകട"ത്തിന്റെ തോത് ഭയാനകമാകും എന്നര്‍ഥം. ശ്രീധരന്‍നായര്‍ കോടതിമുമ്പാകെ നല്‍കിയ മൊഴി നിസ്സാരമല്ല. താന്‍മൂലം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നാല്‍ ദുഃഖമുണ്ട്, കുറ്റബോധമില്ല എന്നാണദ്ദേഹം പറയുന്നത്.

ടെന്നി ജോപ്പന്റെ പേര് ശ്രീധരന്‍നായരുടെ ഹര്‍ജിയിലില്ല. എന്നിട്ടും ജോപ്പന്‍ ജയിലിലാണ്. മുഖ്യമന്ത്രിയെ നേരിട്ട് പരാമര്‍ശിക്കുന്നുണ്ട്. പൊലീസിന് ഭരണാധികാരികള്‍ക്ക് അനുകൂലമായ പലതും ചെയ്യാനാവും. എന്നാല്‍, ഈ കേസില്‍ ആ പരിധിക്കപ്പുറത്താണ് കാര്യങ്ങള്‍. ആരു വിചാരിച്ചാലും ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാനാവില്ല. സാങ്കേതിക ന്യായങ്ങള്‍പോലും ഉയര്‍ത്താന്‍ കഴിയില്ല. രാഷ്ട്രീയവും ധാര്‍മികതയും നിയമവും സാങ്കേതികതയുമെല്ലാം ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിക്ക് മുഖ്യപ്രതിസ്ഥാനം ഉറപ്പിക്കുന്നു. അത് കോണ്‍ഗ്രസ് നേതൃത്വത്തിനും ഉമ്മന്‍ചാണ്ടിക്കുതന്നെയും ബോധ്യമായ വസ്തുതയാണ്. അതുകൊണ്ടാണിത്ര വെപ്രാളവും വെറിയും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുനേരെപോലും ഗ്രനേഡ് എറിയാന്‍ പൊലീസുകാരെ വിട്ടത് ആ വെപ്രാളത്തിന്റെ ഉപോല്‍പ്പന്നമായ വിവരക്കേടുകൊണ്ടാണ്്. പ്രതിപക്ഷ സമരത്തെ അടിച്ചൊതുക്കാന്‍ ഒരുക്കി അയക്കുന്ന പൊലീസ്പടയില്‍ നിന്ന് ഒരാളെ നിയോഗിച്ചിരുന്നുവെങ്കില്‍ സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന കുറ്റവാളികളിലൊരാളായ എ ഫിറോസ് ആശുപത്രിയില്‍നിന്ന് ചാടി ഒളിവില്‍ പോകുമായിരുന്നില്ല. പത്താം ദിവസമാണ് സോളാര്‍ കാര്യം പറയുന്നതെന്നും അന്നുപറഞ്ഞതില്‍തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ഒളിച്ചോട്ടത്തിന് തൊട്ടുമുമ്പ് പറഞ്ഞത്. അതുതന്നെയാണ് പ്രശ്നം. ഉമ്മന്‍ചാണ്ടി ഒരേ നുണതന്നെ ആവര്‍ത്തിക്കുന്നു. അദ്ദേഹത്തിനെതിരായ തെളിവുകള്‍ ഒന്നൊന്നായി ഓരോ നിമിഷവും പുറത്തുവരുമ്പോള്‍ അവയ്ക്കുള്ള മറുപടിയല്ല, പഴയ പല്ലവിമാത്രമാണ് പാടുന്നത്. ഒരു പഴുതും അവശേഷിപ്പിക്കാത്തവണ്ണം തെളിവുകളാല്‍ വരിഞ്ഞുമുറുക്കപ്പെട്ട കുറ്റവാളിയായി മാറിക്കഴിഞ്ഞ ഒരാള്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നതെങ്ങനെ എന്ന ചോദ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മനസിലാകണമെന്നില്ല. പക്ഷേ, യുഡിഎഫിന് വോട്ടുചെയ്തവരുള്‍പ്പെടെയുള്ള കേരള ജനതയ്ക്ക് അത് മനസിലാക്കാന്‍ പ്രയാസമില്ല.

മറിയം റഷീദ, ഫൗസിയ ഹസ്സന്‍ എന്നീ രണ്ട് മാലി വനിതകളെ കഥാപാത്രങ്ങളാക്കി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കിയ ഉപജാപത്തിന്റെ അപമാനഭാരം കെ കരുണാകരനെ മരണംവരെ അലട്ടിയിരുന്നു. ഇന്ന് രണ്ടു സ്ത്രീകള്‍തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ അധഃപതനത്തിന്റെ വഴിയോരത്ത് നില്‍ക്കുന്നത്. കരുണാകരനെതിരെ വ്യക്തിപരമായ ആരോപണമുണ്ടായിരുന്നില്ല- എന്നിട്ടും പ്രതിച്ഛായ ചര്‍ച്ചയ്ക്ക് ഉമ്മന്‍ചാണ്ടി-തിരുവഞ്ചൂര്‍ പ്രഭൃതികള്‍ എണ്ണയൊഴിച്ച് കത്തിച്ചു. ഇന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ നേരിട്ടാണ് ആരോപണം-തെളിവുകളും. ഉമ്മന്‍ചാണ്ടി ചെല്ലുന്നിടത്തെല്ലാം തട്ടിപ്പുകാരി യുവതി ചെല്ലുന്നു എന്നാണ് തെളിവ്. ആരുടേതാണ് സോളാര്‍ കമ്പനി എന്നും പിടിയിലായ ജോപ്പനും സരിതയുമെല്ലാം അതിലെ ജീവനക്കാര്‍ മാത്രമായിരുന്നുവോ എന്നും പറയാന്‍ കഴിയുന്ന ആള്‍ ഉമ്മന്‍ചാണ്ടിമാത്രമാണ്. അദ്ദേഹത്തിന്റെ നഗ്നത മറയ്ക്കാനുള്ള ഉപാധികളൊന്നും എവിടെയും കാണുന്നില്ല. ഇത്തരമൊരു മുഖ്യമന്ത്രിയെ ഈ നാടിന് വേണ്ട എന്ന് പറയാനുള്ള ജനാധിപത്യപരമായ അവകാശമാണ് ജനങ്ങള്‍ പ്രതിഷേധ സമരരൂപത്തില്‍ വിനിയോഗിക്കുന്നത്. ആ അവകാശത്തെ ചോരയില്‍ മുക്കിക്കളയാം എന്ന് കരുതിയാല്‍ യുഡിഎഫും കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വവും വലിയ വില ഒടുക്കേണ്ടിവരും. ആത്മാഭിമാനമുള്ള കേരളീയര്‍ക്ക് ഈ അപമാനത്തെ കുടഞ്ഞെറിയാതെ ജീവിക്കാനാവില്ല. അതുകൊണ്ടുതന്നെ അന്യായമര്‍ദനത്തിന് ഒരുങ്ങുന്ന പൊലീസുകാരും സമരങ്ങള്‍ക്കുനേരെ ഗുണ്ടായിസത്തിനൊരുങ്ങുന്നവരും അതിന്റെ പിന്നില്‍ ചരടുവലിക്കുന്നവരും ജനങ്ങളില്‍നിന്ന് ഉചിതമായ മറുപടിയും പ്രതീക്ഷിക്കേണ്ടിവരും. മുളവടിയും ചൂരലുമെല്ലാം തല്ല് കൊടുക്കാന്‍ മാത്രമല്ല, വാങ്ങാനുമുള്ളതാണ്. അത് തിരിച്ചറിയാത്തതാണ് ചിലരുടെ പ്രശ്നം. ആന്റണി അതു മനസിലാക്കുന്നതുകൊണ്ടാകാം, രാഷ്ട്രീയ പ്രതിസന്ധിയില്ല; ഭരണമാറ്റം പ്രതീക്ഷിക്കേണ്ട എന്നു പറഞ്ഞത്. ഉമ്മന്‍ചാണ്ടി മാറുന്നത് രാഷ്ട്രീയ പ്രതിസന്ധിയുമല്ല; ഭരണമാറ്റവുമല്ല.

പി എം മനോജ് deshabhimani

No comments:

Post a Comment