Tuesday, July 9, 2013

അയ്യോ അച്ഛാ പോകല്ലേ...

"ചട്ടങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും അടിസ്ഥാനത്തില്‍മാത്രം പ്രവര്‍ത്തിക്കുന്ന ചെയറിന്റെ നിഷ്പക്ഷതയെ സഭയ്ക്കകത്തും പുറത്തും ചോദ്യംചെയ്യുന്ന തരത്തിലേക്കുവരെ സംഘര്‍ഷം എത്തുന്നത് ജനാധിപത്യത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ആലോചിക്കേണ്ടതാണ്"- പതിമൂന്നാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിന്റെ അവലോകനക്കുറിപ്പില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ നടത്തിയ പരാമര്‍ശമാണിത്.

ഈ അവലോകന റിപ്പോര്‍ട്ട് വായിക്കുന്നതിന് തൊട്ടുമുമ്പ് സ്പീക്കര്‍ സഭയില്‍ മറ്റൊരു റൂളിങ് വായിച്ചു. തിങ്കളാഴ്ച ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ ഒരു പത്രപ്പരസ്യത്തെ ആസ്പദമാക്കി നടത്തിയ പരാമര്‍ശത്തിന്മേലാണ് റൂളിങ്. ആഭ്യന്തരമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ച കാര്യം അക്കമിട്ട് നിരത്തിയാണ് വി എസ് സുനില്‍കുമാര്‍ അവകാശലംഘന നോട്ടീസ് നല്‍കിയത്. ആഭ്യന്തരമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ച കാര്യം തിങ്കളാഴ്ചതന്നെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, സ്പീക്കര്‍ നല്‍കിയ റൂളിങ്ങില്‍ പറഞ്ഞത് പരസ്യം തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഇടയുണ്ടെന്നാണ്. ഒരു പത്രം സ്വന്തം നിലയില്‍ നല്‍കിയ പരസ്യത്തെ സര്‍ക്കാര്‍പരസ്യമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും സര്‍ക്കാര്‍ എംബ്ലം ദുരുപയോഗംചെയ്തുവെന്ന് പറഞ്ഞതും തെറ്റായിപ്പോയെന്ന് പറയാന്‍പോലും സ്പീക്കര്‍ തയ്യാറായില്ല. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ടീം സോളാറിനെ അഭിനന്ദിച്ചുവെന്ന വ്യാജപ്രസ്താവന ശരിയായില്ലെന്നുപോലും പറയാന്‍ സ്പീക്കര്‍ തയ്യാറായില്ല. ചെയറിന്റെ നിഷ്പക്ഷതയെ എന്തുകൊണ്ട് പ്രതിപക്ഷവും മാധ്യമങ്ങളും ചോദ്യംചെയ്യുന്നു? ഈ ഒരു റൂളിങ് മാത്രംമതി. ജൂണ്‍ 10ന് ആരംഭിച്ച ഒമ്പതാം സമ്മേളനത്തിന്റെ നടപടികള്‍ പത്തുദിവസം കഴിയുമ്പോഴേക്കും പ്രതിപക്ഷ പ്രതിഷേധം നേരിടാനാകാതെ നിര്‍ത്തിവച്ചിരുന്നു. തിങ്കളാഴ്ച വീണ്ടും ആരംഭിച്ചുവെങ്കിലും രണ്ടു ദിവസംകൊണ്ട് അവസാനിപ്പിക്കേണ്ടി വന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍പോലും അനുവദിക്കാതെ ഭരണപക്ഷത്തിന്റെ ചട്ടുകമായി സ്പീക്കര്‍ മാറുന്ന ദയനീയകാഴ്ചയ്ക്കു കൂടി ഒമ്പതാം സമ്മേളനം സാക്ഷ്യം വഹിച്ചു. 45 ധനാഭ്യര്‍ഥന ചര്‍ച്ചകളില്‍ 40ഉം ചര്‍ച്ചകൂടാതെ പാസാക്കി സ്പീക്കര്‍ റെക്കോഡിട്ടു. ധനവിനിയോഗ ബില്ലും ധനകാര്യബില്ലും ചര്‍ച്ച കൂടാതെ പാസാക്കി. നിയമനിര്‍മാണ ചര്‍ച്ചകളും നടന്നില്ല. സൗരോര്‍ജ പാനല്‍ തട്ടിപ്പില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സര്‍ക്കാരിനെയാകെയും രക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്നു സ്പീക്കര്‍. കഴിഞ്ഞ 11 ദിവസത്തെപ്പോലെ ചൊവ്വാഴ്ചയും പ്രതിപക്ഷത്തെ അഭിമുഖീകരിക്കാനാകാതെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒളിച്ചോടുകയായിരുന്നു. സിപിഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നല്‍കിയ നോട്ടീസിന് മുഖ്യമന്ത്രിക്കും തിരുവഞ്ചൂരിനും വ്യക്തമായ മറുപടി പോലും ഉണ്ടായില്ല. റാന്നി സ്വദേശി ശ്രീധരന്‍നായര്‍ 164-ാം വകുപ്പ് പ്രകാരം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലംപോലും അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് തിരുവഞ്ചൂര്‍ സ്വീകരിച്ചത്. ഇദ്ദേഹം ഇടയ്ക്കിടെ മൊഴിമാറ്റുന്നുവെന്നാണ് ഇതിന് തിരുവഞ്ചൂര്‍ പറഞ്ഞ ന്യായം. ശ്രീധരന്‍നായരുടെ സത്യവാങ്മൂലം പരിഗണിക്കരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തരമന്ത്രി നല്‍കിയ പരസ്യമായ നിര്‍ദേശമാണിതെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. വെറും ഭാരത പൗരന്റെ അവകാശങ്ങള്‍മാത്രം തനിക്ക് മതിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ചയും ആവര്‍ത്തിച്ചു. അങ്ങനെയെങ്കില്‍ ഭാരത പൗരനായ ജോപ്പന്റെ കാര്യത്തില്‍ പ്രയോഗിച്ച അവകാശമെങ്കിലും മുഖ്യമന്ത്രിക്ക് ബാധകമല്ലേ എന്ന് കോടിയേരി ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ എല്ലാം സുതാര്യമാക്കുന്നതിനാണ് സിസിടിവി ക്യാമറ സ്ഥാപിച്ചതെന്നായിരുന്നു ഇതുവരെ അവകാശപ്പെട്ടിരുന്നത്്. എന്നാല്‍, അത് റെക്കോഡ് ചെയ്യുന്നില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. എല്ലാം ലൈവ് മാത്രമാണത്രെ. ശ്രീധരന്‍ നായര്‍ വന്ന ജൂലൈ 9ന് സരിത നായര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്നോ എന്ന് അറിയാന്‍ സിസിടിവി പരിശോധിക്കാന്‍ തയ്യാറുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മലക്കംമറിച്ചില്‍. എങ്കില്‍ സരിതയുടെ മൊബൈല്‍ ഫോണ്‍ അപ്പോള്‍ സെക്രട്ടറിയറ്റില്‍ ഉണ്ടായിരുന്നോ എന്ന് ടവര്‍ നോക്കി പരിശോധിക്കാമോ എന്നായി കോടിയേരി. എല്ലാം ടവര്‍ നോക്കി തെളിയിക്കാമെന്നു പറയുന്ന തിരുവഞ്ചൂര്‍ മിണ്ടിയില്ല. ചട്ടങ്ങളും ഉദ്ധരണികളും പറഞ്ഞ് നിയമവൈദഗ്ധ്യം പ്രകടിപ്പിക്കുന്ന നിയമമന്ത്രി കെ എം മാണിയെത്തന്നെ രംഗത്തിറക്കിയെങ്കിലും അതും ഏശിയില്ല.

ശ്രീധരന്‍നായര്‍ ടീം സോളാറിനെതിരെ നല്‍കിയ ആര്‍ബിട്രേഷന്‍ നോട്ടീസില്‍ മുഖ്യമന്ത്രിയെക്കുറിച്ച് പറയുന്നില്ലെന്നും അതില്‍ പറയുന്ന തീയതിക്ക് ശേഷമാണ് മുഖ്യമന്ത്രിയെ കണ്ടതായി പറയുന്നതെന്നുമാണ് മാണിയുടെ അവകാശവാദം. എന്നാല്‍, സരിതക്കയച്ച ഈ നോട്ടീസ് മാണിക്കെങ്ങനെ കിട്ടിയെന്നത് സര്‍ക്കാരും പ്രതികളും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതായി. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഗതികേടിനോടാണ് മാണിയുടെ വരവിനെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉപമിച്ചത്. സ്വന്തം വീട്ടില്‍നിന്ന് പുറത്ത് പോകേണ്ടിവന്ന ഘട്ടത്തില്‍ മക്കളെ ഉപയോഗിച്ച് "അയ്യോ അച്ഛാ പോകല്ലേ, അയ്യോ അച്ഛാ പോകല്ലേ" എന്ന് പറയിക്കുംപോലെ ഉമ്മന്‍ചാണ്ടി മന്ത്രിമാരെയും മറ്റുള്ളവരെയും ഇറക്കുകയാണെന്ന് പരിഹസിച്ചപ്പോള്‍ ഭരണപക്ഷത്തുപോലും ചിരി പടര്‍ന്നു.

ഇന്ന് ജൂലൈ ഒമ്പത്. ശ്രീധരന്‍നായരെയും കൂട്ടി സരിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നതിന്റെ ഒന്നാം വാര്‍ഷികം. ഇത് മധുരപലഹാരം വിതരണംചെയ്ത് ആഘോഷിക്കണമെന്നായി സി ദിവാകരന്‍. തിരുവഞ്ചൂരിന്റെ പൊലീസിനെ വിശ്വാസമില്ലാത്തതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍നിന്ന് ഗുണ്ടകളെ ഇറക്കിവിട്ട് സമരക്കാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടതെന്നും ദിവാകരന്‍ പറഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രി പൊലീസ് തനിക്കും ആര്‍ രാജേഷ് എംഎല്‍എയ്ക്കും നേരെ നടത്തിയ അക്രമത്തെക്കുറിച്ച് ടി വി രാജേഷ് വിശദീകരിച്ചു. സഭയ്ക്കകത്തു നിന്ന് ഭരണപക്ഷം ഒളിച്ചോടിയാലും പുറത്ത് സമരം തുടരുമെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷം സെക്രട്ടറിയറ്റ് പരിസരത്തേക്ക് മാര്‍ച്ച് ചെയ്തു. സെക്രട്ടറിയറ്റിനു മുന്നില്‍ കുത്തിയിരുന്ന എംഎല്‍എമാരെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അഭിസംബോധനചെയ്യവെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചത് സഭയ്ക്ക് പുറത്തും ഭരണപക്ഷത്തിന്റെ നിലപാട് പ്രഖ്യാപിക്കുന്നതാണ്; എത്ര നാണംകെട്ടാലും അധികാരത്തില്‍ തുടരുകയെന്ന്.

എം രഘുനാഥ് deshabhimani

No comments:

Post a Comment