സംസ്ഥാനത്തെ പൊലീസ് സഹകരണസംഘങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഡിജിപിയുടെ ഉത്തരവ്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വകുപ്പുതല ഓഡിറ്റ് കമ്മിറ്റി രൂപീകരിച്ച് സംഘങ്ങളുടെ ഓഡിറ്റ് നടത്തണമെന്നാണ് ഉത്തരവ്. സഹകരണസംഘങ്ങളുടെ നിയന്ത്രണവും ഓഡിറ്റ് പരിശോധന ഉള്‍പ്പെടെയുള്ളവയും സഹകരണവകുപ്പിന്റെ മാത്രം അധികാരമാണെന്ന് 1969ലെ സഹകരണനിയമം വ്യക്തമാക്കുന്നു. പുറം ഏജന്‍സിക്ക് സംഘത്തിന്റെ കണക്കു പരിശോധിക്കാന്‍ നല്‍കിയാല്‍ ഭരണസമിതി പിരിച്ചുവിടാന്‍ സഹകരണവകുപ്പിന് അധികാരമുണ്ടെന്നിരിക്കെയാണ് ഡിജിപിയുടെ നിയമവിരുദ്ധ ഉത്തരവ്. ജെ2-56342/2013/പിഎച്ച്ക്യു നമ്പറില്‍ ജൂലൈ ഒന്നിന് ഇറക്കിയ ഉത്തരവുപ്രകാരം എല്ലാ റേഞ്ച് ഐജിമാരും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ടീം രൂപീകരിച്ച് റേഞ്ചിലെ സിറ്റി, റൂറല്‍ ജില്ലാ പൊലീസ് സഹകരണസംഘങ്ങളുടെ ഇന്റേണല്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുന്നു. ഓഡിറ്റില്‍ കണ്ടെത്തിയ വിവരങ്ങള്‍ മേഖലാ എഡിജിപിമാര്‍ മുഖേന പൊലീസ് ആസ്ഥാനത്തേക്കു നല്‍കണം. ഐജിമാര്‍ സഹകരണസംഘങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവിലുണ്ട്.
സഹകരണ നിയമം അനുസരിച്ച് രജിസ്റ്റര്‍ചെയ്ത സഹകരണസംഘങ്ങളില്‍ മറ്റൊരു ഏജന്‍സിക്കും ഓഡിറ്റിന് അധികാരമില്ല. ഇതേ നിയമം അനുസരിച്ച് രജിസ്റ്റര്‍ചെയ്താണ് പൊലീസിന്റേതുള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണസംഘങ്ങളും ഇതര സഹകരണ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. പൊലീസ്മേധാവിക്ക് ഓഡിറ്റിന് നിര്‍ദേശം നല്‍കാന്‍ അധികാരമില്ല. കേട്ടുകേള്‍വിയില്ലാത്ത ഈ ഉത്തരവ് നിയമവിരുദ്ധമാണെന്ന് സഹകരണമേഖലയിലെ വിദഗ്ധര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ ഭരണസമിതികളെ അട്ടിമറിച്ച് പൊലീസ് സഹകരണ സംഘങ്ങള്‍ കൈയടക്കാനുള്ള യുഡിഎഫ് അനുകൂല ഉദ്യോഗസ്ഥരുടെ സമ്മര്‍ദമാണ് ഉത്തരവിന് പിന്നില്‍. സോളാര്‍ പ്രതി സരിത എസ് നായരില്‍നിന്ന് പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിന് പണം കൈപ്പറ്റിയെന്ന ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനും ഉത്തരവിനു പിന്നിലുണ്ട്. പൊതുയോഗ നടത്തിപ്പ് അട്ടിമറിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് സഹകരണസംഘത്തിന്റെയും തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കാതെ കണ്ണൂര്‍ ജില്ലാ പൊലീസ് സഹകരണസംഘത്തിന്റെയും ഭരണസമിതികള്‍ പിരിച്ചുവിട്ടതിനു പിന്നാലെയാണ് ഈ ഉത്തരവുമിറക്കിയിരിക്കുന്നത്.
(ആനന്ദ് ശിവന്‍)
deshabhimani
No comments:
Post a Comment