Thursday, July 11, 2013

വര്‍ധിപ്പിച്ച പെന്‍ഷന്‍ അടുത്തവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍: മുഖ്യമന്ത്രി

സാമൂഹ്യക്ഷേമ പെന്‍ഷനുകളിലെ വര്‍ധന അടുത്തവര്‍ഷം ഏപ്രില്‍ ഒന്നിന് നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, ചെറുകിട നാമമാത്ര കര്‍ഷകപെന്‍ഷന്‍, കയര്‍, കശുവണ്ടി, കൈത്തറി, മത്സ്യത്തൊഴിലാളി, ഈറ്റ-കാട്ടുവള്ളി-തഴപ്പായ തൊഴിലാളിക്ഷേമനിധി, തയ്യല്‍ത്തൊഴിലാളി ക്ഷേമനിധി, ബീഡി-സിഗാര്‍, ബാര്‍ബര്‍ തൊഴിലാളി, അലക്കു തൊഴിലാളി, അസംഘടിത തൊഴിലാളി, മരംകയറ്റ തൊഴിലാളി, വ്യാപാരിവ്യവസായി ക്ഷേമനിധി എന്നീ പെന്‍ഷനുകള്‍ 400ല്‍ നിന്ന് 500 രൂപയാക്കി. മറ്റ് പെന്‍ഷനൊന്നും ലഭിക്കാത്ത 60 വയസ്സ് കഴിഞ്ഞ ബിപിഎല്‍ ലിസ്റ്റിലുള്ള പരമ്പരാഗത വിശ്വകര്‍മവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 500 രൂപ പെന്‍ഷന്‍ നല്‍കും. ഖാദി പെന്‍ഷന്‍ 300ല്‍ നിന്ന് 500 ആയി. ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍ 400ല്‍ നിന്ന് 500 ആക്കി. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് 900 രൂപയില്‍ നിന്ന് 1,100 ആയി ഉയര്‍ത്തി. അഗതി, വിധവാ പെന്‍ഷനും വികലാംഗ പെന്‍ഷനും 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷനും 525ല്‍ നിന്ന് 700 ആകും. 80 ശതമാനത്തിനു മേല്‍ വൈകല്യമുള്ളവര്‍ക്ക് ആയിരം രൂപ പെന്‍ഷന്‍ ലഭിക്കും.

വൃക്കതകരാറുമൂലം സ്ഥിരമായി ഡയാലിസിസ് വേണ്ടിവരുന്ന ബിപിഎല്‍ വൃക്കരോഗികള്‍ക്ക് നല്‍കുന്ന പ്രതിമാസ പെന്‍ഷന്‍ 525ല്‍നിന്ന് 900 ആയി വര്‍ധിപ്പിച്ചു. അവശകലാകാര പെന്‍ഷന്‍ 650ഉം സര്‍ക്കസ് കലാകാരന്‍മാരുടെ പെന്‍ഷന്‍ 1,100 ഉം ക്ഷീരകര്‍ഷക പെന്‍ഷന്‍ 500ഉം 70 വയസ്സിനു മേല്‍ പ്രായമുള്ള അവശതയനുഭിവിക്കുന്ന കായിക താരങ്ങളുടെ പെന്‍ഷന്‍ 1,100ഉം 60 വയസ്സിനു മേല്‍ പ്രായമുള്ള അവശതയനുഭവിക്കുന്ന കായിക താരങ്ങളുടെ പെന്‍ഷന്‍ 850ഉം രൂപയാകും. പത്രപ്രവര്‍ത്തക പെന്‍ഷന്‍ 4500ല്‍ നിന്ന് 7000ഉം നോണ്‍ജേര്‍ണലിസ്റ്റ് പെന്‍ഷന്‍ 2,500ല്‍ നിന്ന് 4000ഉം ആകും. വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിനുള്ള ധനസഹായം 20,000 ല്‍നിന്ന് 30,000 രൂപയാക്കി. ക്ഷയം, കുഷ്ഠം, അര്‍ബുദം എന്നീ രോഗികള്‍ക്കുള്ള ധനസഹായം 525ല്‍ നിന്ന് 800 രൂപയാകും. വൃദ്ധസദനങ്ങള്‍, യാചക മന്ദിരങ്ങള്‍, വികലാംഗര്‍ക്കുവേണ്ടിയുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് നല്‍കുന്ന പ്രതിമാസ ഗ്രാന്റ് 700 ഉം സര്‍ക്കാര്‍എയ്ഡഡ് അന്ധ-ബധിര വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഭഭക്ഷണത്തിന് പ്രതിമാസഗ്രാന്റ് 900 രൂപയുമാക്കും. ബിപിഎല്‍ വിഭാഗക്കാര്‍ക്കു മാത്രമാണ് ഇപ്പോള്‍ വിധവ-വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കുന്നത്. മൂന്നു ലക്ഷം രൂപ വരെ വാര്‍ഷികവരുമാനപരിധിയിലുള്ള എല്ലാ വിഭാഗക്കാര്‍ക്കും ഈ പെന്‍ഷന്‍ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. വിധവകള്‍ക്ക് പ്രായപരിധിയില്ലാതെ പെന്‍ഷന്‍ നല്‍കും. പെന്‍ഷന്‍ കുടിശ്ശിക ഓണത്തിനു മുമ്പ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

deshabhimani

No comments:

Post a Comment