സിസി ടിവി ദൃശ്യങ്ങള്‍ക്ക് 14 ദിവസത്തെ ആയുസ്സേയുള്ളൂ എന്നാണ് മുഖ്യമന്ത്രി വ്യാഴാഴ്ചവരെ വാദിച്ചത്. എന്നാല്‍, വൈകിട്ട് പരിശോധനാസംഘമെന്ന വെളിപാടുമായി രംഗത്തിറങ്ങി. പ്രത്യേക പൊലീസ് സംഘം ശരിയായ നിലയില്‍ അന്വേഷണം നടത്തുന്നു എന്നവകാശപ്പെട്ടുകൊണ്ടിരിക്കെയാണ് മുഖ്യമന്ത്രി നേരിട്ട് അന്വേഷണത്തില്‍ ഇടപെട്ട് സമാന്തരസംഘത്തെ നിയോഗിച്ചത്. പ്രതിയാക്കപ്പെടേണ്ട വ്യക്തി അന്വേഷണത്തിന്റെ ഗതി നിശ്ചയിക്കുന്നത് കേസ് അട്ടിമറിക്കുന്നതിന് തുല്യമാണെന്ന് പരാതി ഉയര്‍ന്നുകഴിഞ്ഞു. പ്രതിയാകുന്നത് ഒഴിവാക്കാന്‍ തെളിവുകള്‍ കൈക്കലാക്കി നശിപ്പിക്കുകയാണ് സമാന്തരസംഘത്തിന്റെ ദൗത്യം. പൊലീസ് അന്വേഷണം മരവിപ്പിച്ചിരിക്കുകയുമാണ്. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളാതിരിക്കാന്‍ പ്രത്യേകസംഘം കിണഞ്ഞുശ്രമിക്കുന്നു. അന്വേഷണത്തിനായി കസ്റ്റഡിയിലെടുക്കേണ്ട സിസിടിവി ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്ക് തന്ത്രപൂര്‍വം കൈക്കലാക്കി തെളിവുകള്‍ നശിപ്പിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം.
ഇത്തരം പരിശോധന ഐടി വിദഗ്ധരുടെ ചുമതലയില്‍ വരുന്നതേയല്ല എന്ന വിമര്‍ശവുമുണ്ട്. മുഖ്യമന്ത്രി രൂപം നല്‍കിയ സമാന്തരപരിശോധനയ്ക്ക് കൂട്ടുനില്‍ക്കുന്നതും കുറ്റകൃത്യമായി വിലയിരുത്തേണ്ടിവരും. മുഖ്യമന്ത്രി പരിശോധനയ്ക്ക് അധികാരപ്പെടുത്തിയ ജി വിജയരാഘവനും ഡോ. അച്യുത് ശങ്കറിനും കുറ്റാന്വേഷണരംഗത്തെ വൈദഗ്ധ്യവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പൊലീസ് അന്വേഷണത്തിലിരിക്കുന്ന വിഷയത്തില്‍ സിസി ടിവി ദൃശ്യപരിശോധന നടത്തുന്ന പക്ഷം ഇവര്‍ നിയമനടപടി അഭിമുഖീകരിക്കേണ്ടിവരുമെന്നും സൂചനയുണ്ട്. സിഡിറ്റ്, കെല്‍ട്രോണ്‍, സി-ഡാക് എന്നീ സ്ഥാപനങ്ങളെയും മുഖ്യമന്ത്രി ഇതിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്. സിസി ടിവി ഹാര്‍ഡ് ഡിസ്ക് കസ്റ്റഡിയില്‍ എടുക്കാത്തതെന്തെന്ന ചോദ്യവും ഉയരുന്നു. ഇതിനകം ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞില്ലെന്ന് എങ്ങിനെ തെളിയിക്കുമെന്ന സംശയവും ബലപ്പെടുന്നു. പൊലീസ് അന്വേഷണം മുഖ്യമന്ത്രിക്കു മുന്നില്‍ എത്തിയ ഘട്ടത്തിലാണ് ഒരു തെളിവും അവശേഷിപ്പിക്കരുതെന്ന ലക്ഷ്യത്തോടെയുള്ള സമാന്തരഅന്വേഷണം.
deshabhimani
No comments:
Post a Comment