Saturday, July 13, 2013

ഫിറോസിനെ പിടിക്കാന്‍ എം എം ഹസനെ ചോദ്യംചെയ്താല്‍ മതി: ഡിവൈഎഫ്ഐ

സോളാര്‍ തട്ടിപ്പുകേസില്‍ മുങ്ങിയ മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസിനെ സംരക്ഷിക്കുന്നത് തട്ടിപ്പുകളുടെമാത്രം ഭൂതകാലമുള്ള കോണ്‍ഗ്രസ് നേതാവ് എം എം ഹസനാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഫിറോസിനെ പിടിക്കാന്‍ ഹസനെ ചോദ്യംചെയ്താല്‍ മതി. ജനശ്രീയില്‍ ഉള്‍പ്പെടെ മുമ്പു നടത്തിയ തട്ടിപ്പുകളില്‍നിന്ന് സംരക്ഷിച്ചതിന്റെ പ്രത്യുപകാരമായാണ് സോളാര്‍ തട്ടിപ്പില്‍ കുരുക്കുമുറുകിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുവേണ്ടി ഹസന്‍ രംഗത്തിറങ്ങിയിട്ടുള്ളത്. സോളാര്‍ കേസില്‍ പ്രതിപക്ഷത്തിനുനേരെ പൊയ്വെടി പൊട്ടിക്കുകയാണ് ഹസന്‍. ധൈര്യമുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനാണ് തയ്യാറാകേണ്ടത്. ജനമനസ്സുകളില്‍ എന്നും ഹസന്‍ തട്ടിപ്പുകാരനാണ്. ജന്മനാ തട്ടിപ്പുകാരനായാണ് ഹസന്‍ അറിയപ്പെട്ടിട്ടുള്ളത്. ഹസന്‍ മന്ത്രിയായിരിക്കുമ്പോള്‍ ഫിറോസിനെ ഡല്‍ഹിയില്‍ ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചു. ഫിറോസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അദ്ദേഹത്തെ രാജ്യ തലസ്ഥാനത്ത് നിയോഗിക്കാന്‍ പറ്റിയ ഉദ്യോഗസ്ഥനല്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. അന്നും ഹസന്‍ സംരക്ഷകനായി. എ കെ ആന്റണിയാണ് ഫിറോസിനെ ഡല്‍ഹിയില്‍നിന്ന് തിരിച്ചയച്ചത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തട്ടിപ്പ് നടത്തി പിടിക്കപ്പെട്ടിട്ടുള്ള ആളാണ് ഹസന്‍. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പിലെ ചന്ദ്രമതിയുടെ രക്ഷാകര്‍ത്താവുമാണ്. അവരെ സംരക്ഷിക്കുന്നത് ഹസനാണ്. മസ്കറ്റ് ഹോട്ടലില്‍ വാടകയില്ലാതെ ചന്ദ്രമതിക്ക് ഹാള്‍ അനുവദിച്ചത് കെടിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസിനെ ഹസന്‍ സ്വാധീനിച്ചതിന്റെ ഫലമാണ്.

ഹസന്‍ ജനശ്രീയിലൂടെ നടത്തിയ തട്ടിപ്പുകള്‍ കുപ്രസിദ്ധമാണ്. അതിന്റെ 99 ശതമാനം ഓഹരികളും അദ്ദേഹത്തിന്റെ പേരിലാണ്. അതിനുള്ള പണംമാത്രം എവിടെനിന്ന് കിട്ടിയെന്ന് വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. സത്യസന്ധരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജനശ്രീയുടെ നിര്‍ണായകസ്ഥാനത്ത് അവരോധിക്കാന്‍ തയ്യാറാകാത്ത ഹസന്‍ തട്ടിപ്പുകേസില്‍ കുറ്റവാളിയായ ബി എസ് ബാലചന്ദ്രനെയാണ് ഭാരവാഹിയാക്കിയത്. കൃഷിമന്ത്രാലയത്തിന്റെ കോടിക്കണക്കിന് രൂപയാണ് ജനശ്രീയിലൂടെ തട്ടിയെടുക്കുന്നത്.

ആര് വിചാരിച്ചാലും രക്ഷിക്കാനാകാത്ത നിലയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ തട്ടിപ്പില്‍ പങ്കാളിത്തം തെളിഞ്ഞതിന്റെ പേരില്‍ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെ മ്ലേച്ഛമായാണ് മുഖ്യമന്ത്രി കാണുന്നത്. കരിങ്കൊടിപ്രതിഷേധങ്ങളെ ബന്ധുക്കളെയും ഗുണ്ടകളെയും ഉപയോഗിച്ച് നേരിടുന്നു. പുതുപ്പള്ളിയില്‍നിന്ന് ക്രിമിനലുകളെ തലസ്ഥാനത്ത് ഇറക്കുന്നു. ബന്ധുവായ സഹകരണ പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ കുഞ്ഞ് ഇല്ലംപള്ളിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കുചുറ്റും ക്രിമിനല്‍വലയം തീര്‍ക്കുന്നു. കറുത്തകൊടി കാണിക്കുന്നവര്‍ക്കുനേരെ ഗൗരവമേറിയ വകുപ്പ് ചുമത്തി കള്ളക്കേസെടുത്ത് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട സ്ഥിതിക്ക് രാജിവയ്ക്കാതെ പ്രതിഷേധം തീരില്ലെന്നും എം സ്വരാജ് പറഞ്ഞു. സംസ്ഥാന ട്രഷറര്‍ കെ എസ് സുനില്‍കുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രത്യേകസംഘം അന്വേഷിക്കാത്തത് എന്തുകൊണ്ടെന്ന് കോടതി

കൊച്ചി: പിആര്‍ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ ഫിറോസ് പ്രതിയായ എഡിബി വായ്പ വഞ്ചനാകേസ് സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേകസംഘം അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ് നായരും ഉള്‍പ്പെട്ട വായ്പാ തട്ടിപ്പുകേസില്‍ ഫിറോസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എസ് എസ് സതീശചന്ദ്രന്‍.

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഫിറോസാണ് പരാതിക്കാരനെ ബിജുവും സരിതയുമായി പരിചയപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫ് അലി കോടതിയെ ബോധിപ്പിച്ചു. ഏഷ്യന്‍ വികസന ബാങ്കിന്റെ ഏഷ്യന്‍ മേഖലയിലെ തലവനാണ് ബിജുവെന്നും സരിത ചാര്‍ട്ടേഡ് അക്കൗണ്ടന്റാണെന്നും പറഞ്ഞാണ് തിരുവനന്തപുരം സ്വദേശിയില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയതെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള ബിജുവിനും സരിതയ്ക്കും ഒപ്പം ഗൂഢാലോചനയില്‍ ഫിറോസിന് പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന കാര്യം മറച്ചുവച്ചാണ് ഫിറോസ് പ്രൊമോഷന്‍ നേടിയതെന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഇതുവരെ പൂഴ്ത്തിവച്ചിരിക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ വാദിച്ചു. തട്ടിപ്പില്‍ പങ്കാളിയായതിന് ഫിറോസിന് ഏഴുലഷം രൂപയും രണ്ട് സ്വര്‍ണവളകളും കാറും ലഭിച്ചതായും ആസഫ് അലി വിശദീകരിച്ചു.

അതേസമയം പരാതിക്കാരനെ ബിജുവും സരിതയുമായി പരിചയപ്പെടുത്തിയതല്ലാതെ കേസുമായി ഒരു ബന്ധവുമില്ലെന്നും 2009ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപ്പോള്‍ മാത്രമാണ് ആരോപണങ്ങള്‍ ഉയര്‍ന്നതെന്നും പ്രതിഭാഗം അഭിഭാഷകന്‍ ശാസ്തമംഗലം എസ് അജിത് വാദിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നിരവധി തവണ ഫിറോസിനെ ചോദ്യംചെയ്തിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പ്രതിഭാഗം കോടതിയില്‍ ബോധിപ്പിച്ചു. കേസ് വിശദമായ വാദത്തിനായി ജസ്റ്റിസ് എസ് എസ് സതീശചന്ദ്രന്‍ തിങ്കളാഴ്ചത്തേക്കു മാറ്റി. ബിജു രാധാകൃഷ്ണനും സരിത എസ് നായരും പ്രതികളായ സോളാര്‍ തട്ടിപ്പുകേസുകളുടെ വിശദാംശങ്ങള്‍ നല്‍കാനും കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി.

deshabhimani

No comments:

Post a Comment