Saturday, July 13, 2013

മുല്ലപ്പള്ളിയുടെ കത്ത് സ്വീകരിക്കരുത്: എ കെ ബാലന്‍

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശം തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അയച്ച കത്ത് സ്വീകരിക്കരുതെന്ന് സിപിഐ എം പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി എ കെ ബാലന്‍ സ്പീക്കറോട് അഭ്യര്‍ഥിച്ചു. മന്ത്രിയുടെ പരാമര്‍ശം സഭാരേഖകളില്‍നിന്ന് നീക്കരുത്. "ടി പി ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികള്‍ ഇന്ന ഇന്ന ആളുകളാണെന്നും ഈ കേസില്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയിലെ കുറെ ആള്‍ക്കാരുടെ പേര് ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്" എന്നും ജൂലൈ ഒമ്പതിന് തിരുവഞ്ചൂര്‍ സഭയില്‍ പ്രസ്താവിച്ചിരുന്നു. ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്പീക്കര്‍ക്ക് കത്തയച്ചു. കത്ത് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചതായി മനസിലാക്കുന്നു.

അപകീര്‍ത്തികരമോ അസഭ്യമോ സഭ്യേതരമോ അന്തസ്സില്ലാത്തതോ ആയ വാക്കോ വാക്കുകളോ ചര്‍ച്ചാ വേളയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ച് അവ സഭാനടപടികളില്‍ നിന്ന് നീക്കംചെയ്യാന്‍ ഉത്തരവ് നല്‍കാമെന്നാണ് കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 307 അനുശാസിക്കുന്നത്. ഇത്തരത്തിലല്ലാതെ, സഭാംഗമല്ലാത്ത ഒരാളുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സഭാരേഖകളില്‍നിന്ന് വാക്കുകള്‍ നീക്കംചെയ്യാന്‍ ചട്ടങ്ങള്‍ സ്പീക്കര്‍ക്ക് അധികാരം നല്‍കുന്നതായി കാണുന്നില്ലെന്നും ബാലന്‍ സ്പീക്കര്‍ക്കുള്ള കത്തില്‍ ചൂണ്ടിക്കാട്ടി.

മുല്ലപ്പള്ളിയുടെ പരാതി ലഭിച്ചെന്ന് കാര്‍ത്തികേയന്‍

കൊച്ചി: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തനിക്കെതിരെ നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ രേഖകളില്‍ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയ പരാതി ഇ-മെയില്‍ വഴി ലഭിച്ചതായി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിചേര്‍ക്കാന്‍ സിപിഐ എം നേതാക്കളുടെ പേരുകള്‍ മുല്ലപ്പള്ളി നല്‍കിയെന്നാണ് തിരുവഞ്ചൂര്‍ നിയമസഭയില്‍ പറഞ്ഞത്.

തിരുവഞ്ചൂരിന്റെ പരാമര്‍ശങ്ങള്‍ നിയമസഭാരേഖകളില്‍ നിന്ന് നീക്കണമെങ്കില്‍ കീഴ്വഴക്കങ്ങളും ചട്ടങ്ങളും പരിശോധിക്കേണ്ടതുണ്ട്. മുല്ലപ്പള്ളിയുടെ പരാതി പരിശോധിക്കും. തുടര്‍ച്ചയായി നിയമസഭ സ്തംഭനം നടക്കുന്നത് ഗുണകരമല്ല. പ്രശ്നങ്ങളില്ലാതെ സഭ മുന്നോട്ട് പോകാന്‍ വിവിധ കക്ഷിനേതാക്കളുമായി സംസാരിക്കുമെന്നും ജി കാര്‍ത്തികേയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സഭാ സമ്മേളനം സുഗമമാക്കുന്നതില്‍ സ്പീക്കര്‍ പരാജയമാണോ എന്ന ചോദ്യത്തിന് താനല്ലല്ലോ അതിന് മറുപടി പറയേണ്ടതെന്നും ജനങ്ങള്‍ തന്റെ പ്രകടനം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment