Tuesday, July 9, 2013

സപ്ലൈകോ ഉപഭോക്താക്കളെ പിഴിയുന്നു

സംസ്ഥാനത്തെ മാവേലി സ്റ്റോറുകളില്‍നിന്നും സബ്സിഡി അരി ലഭിക്കാതെ ജനങ്ങള്‍ വലയുന്നു. സ്വകാര്യ മില്ലുകളെ സഹായിക്കാനായി കൂടിയ വിലയുള്ള കുത്തരി നല്‍കി സപ്ലൈകോ ഉപഭോക്താക്കളെ പിഴിയുകയാണ്. 16 രൂപയുടെ സബ്സിഡി അരിക്കുപകരം സബ്സിഡിയില്ലാത്ത 29 രൂപയുടെ കുത്തരിയാണ് മാവേലി സ്റ്റോറുകളില്‍ വിറ്റഴിക്കുന്നത്. സബ്സിഡി നിരക്കില്‍ 16 രൂപയുടെ മട്ട, 21 രൂപയുടെ ജയ, 19 രൂപയുടെ കുറുവ, 21 രൂപയുടെ പച്ചരി എന്നിവയാണ് മാവേലി സ്റ്റോറുകള്‍വഴി നല്‍കിയിരുന്നത്. ഇപ്പോള്‍ പച്ചരി കാണാനേയില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സബ്സിഡി അരിയുടെ വില്‍പ്പന കുറയ്ക്കുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒമ്പതു രൂപയ്ക്ക് വിറ്റ അരി യുഡിഎഫ് വന്നതോടെ 16 രൂപയായി. അളവിലും മാറ്റംവന്നു. 10 കിലോവരെ കൊടുത്തിരുന്നത് അഞ്ചു കിലോയാക്കി. ഒരുരൂപയുടെ അരി അന്ത്യോദയ, അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്ക് മാത്രമാക്കി ബിപിഎല്‍ വിഭാഗത്തെ തഴയുകയുംചെയ്തു.

എഫ്സിഐ, സപ്ലൈകോ സംഭരണം, ഓപ്പണ്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍നിന്നാണ് സബ്സിഡി അരി വാങ്ങിയിരുന്നത്. ഇവിടെനിന്നുള്ള വാങ്ങല്‍ കുറച്ചതോടെയാണ് അരിലഭ്യത കുറഞ്ഞത്. താലൂക്കുകളിലെ പ്രധാന മാവേലി സ്റ്റോറുകളില്‍ മാത്രമാണ് സബ്സിഡി അരി പേരിന് എത്തിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുവര്‍ഷം 150 കോടി രൂപയാണ് സപ്ലൈകോയ്ക്ക് നല്‍കിയിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയതാകട്ടെ 50 കോടിയും. 70 ലക്ഷം റേഷന്‍കാര്‍ഡുടമകളുള്ള സംസ്ഥാനത്ത് ഈ തുക അപര്യാപ്തമാണ്. നെല്ലുസംഭരണ ഇനത്തില്‍ 100 കോടിയോളം രൂപ കുടിശ്ശിക നല്‍കാനുണ്ട്. അതിനാല്‍ കര്‍ഷകരില്‍നിന്ന് നേരിട്ടു നെല്ല് സംഭരിക്കാനും സപ്ലൈകോയ്ക്ക് സാധിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അരി എത്തിച്ച് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചിരുന്നു. സപ്ലൈകോയുടെ 366 സൂപ്പര്‍മാര്‍ക്കറ്റുകളിലും 19 പീപ്പിള്‍സ് ബസാറുകളിലും സബ്സിഡി ലഭ്യത കുറഞ്ഞു. നാലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും സ്ഥിതി വ്യത്യസ്തമല്ല. കുറഞ്ഞ വിലയ്ക്കുള്ള അരി കിട്ടാതായതോടെ മാവേലി സ്റ്റോറുകളിലെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. 13 ഉല്‍പ്പന്നങ്ങള്‍ സബ്സിഡിയിനത്തില്‍ വിറ്റിരുന്ന മാവേലി സ്റ്റോറുകളില്‍ പൊതുവിപണിയിലെ വിലയ്ക്കാണ് ഇപ്പോള്‍ വില്‍പ്പന. പഞ്ചസാര, ഉഴുന്നുപയര്‍ എന്നിവ പേരിനെത്തിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്് സപ്ലൈകോ അധികൃതര്‍.
(സി എന്‍ റെജി)

deshabhimani

No comments:

Post a Comment