തിരു: പൊലീസിന്റെ ഗ്രനേഡ് ആക്രമണത്തില്‍ ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഉള്ളൂരിലെ എസ്യുടി റോയല്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
നിയമസഭ പിരിഞ്ഞശേഷം സെക്രട്ടറിയറ്റിനുമുന്നില്‍ പ്രതിപക്ഷനേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ഉപരോധം ഉദ്ഘാടനംചെയ്യുന്നതിനിടെയാണ് വി എസിനുസമീപത്തേക്ക് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചത്. ഉപരോധസ്ഥലത്ത് പൊലീസ് മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. ഗ്രനേഡ് പ്രയോഗത്തെതുടര്‍ന്ന് വി എസിനെ സഹായികള്‍ ഉടന്‍ സമീപത്തുണ്ടായിരുന്ന കാറില്‍ കയറ്റിയിരുത്തി. ഗ്രനേഡ് പ്രയോഗത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന സിപിഐ നിയമസഭാകക്ഷിനേതാവ് സി ദിവാകരനെയും സന്ദര്‍ശിച്ച് കന്റോണ്‍മെന്റ് ഹൗസില്‍ തിരികെ എത്തിയശേഷമാണ് വി എസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ എസ്യുടി റോയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കന്റോണ്‍മെന്റ് ഹൗസിലെത്തി അദ്ദേഹത്തെ പരിശോധിച്ചു. ഇസിജി അടക്കമുള്ള പരിശോധന നടത്തി വിശ്രമം നിര്‍ദേശിച്ചു. വീണ്ടും പരിശോധന നടത്തിയശേഷമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിച്ചത്.
വിവരമറിഞ്ഞ് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, മുന്‍ മന്ത്രിമാരായ എം വിജയകുമാര്‍, എന്‍ കെ പ്രേമചന്ദ്രന്‍, ബിനോയ് വിശ്വം, എംഎല്‍എമാരായ എ കെ ശശീന്ദ്രന്‍, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ കന്റോണ്‍മെന്റ് ഹൗസില്‍ വി എസിനെ സന്ദര്‍ശിച്ചു.
ഉമ്മന്‍ചാണ്ടി രാജിവയ്ക്കുംവരെ ശക്തമായ പ്രക്ഷോഭം: പിണറായി
സോളാര്‍ തട്ടിപ്പുകേസിലെ കൂട്ടുപ്രതിയായി മാറിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി കണ്ടേ സമരകേരളം അടങ്ങൂ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ഗ്രനേഡ് എറിഞ്ഞ് അപായപ്പെടുത്താന്‍ പൊലീസിനെ കയറൂരിവിട്ട സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പിണറായി പ്രസ്താവനയില്‍ പറഞ്ഞു.
ജനപ്രതിനിധികളെ ഗ്രനേഡ് എറിഞ്ഞത് പ്രാകൃതമാണ്. പ്രതിപക്ഷനേതാവ്, ഉപനേതാവ്, കക്ഷിനേതാക്കള്‍ എന്നിവരെയെല്ലാം അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവം കേരളചരിത്രത്തിലില്ല. തിരുവനന്തപുരം ജില്ലയിലെ എല്‍ഡിഎഫ് നേതാക്കള്‍ നയിച്ച മാര്‍ച്ചിലും പൊലീസ് അതിക്രമമുണ്ടായി. വി എസ് അച്യുതാനന്ദന്‍, സി ദിവാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, വി സുരേന്ദ്രന്‍പിള്ള എന്നീ നേതാക്കളെല്ലാം പരിക്കേറ്റ് ആശുപത്രിയിലായി. പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് ജനകീയപ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് പിണറായി ഓര്‍മിപ്പിച്ചു.
സോളാര്‍ തട്ടിപ്പുകേസില്‍ ആരും നിയമത്തിന് അതീതരല്ലെ ന്നാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭരണസംവിധാനം ദുരുപയോഗിച്ച് കേസില്‍നിന്ന് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലെ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നിയമാനുസൃത നടപടിയെടുക്കുന്നതിനുള്ള പൊലീസിന്റെ സ്വാതന്ത്ര്യത്തെ ഉമ്മന്‍ചാണ്ടി വിലക്കി. ഇതിന് തെളിവാണ് 164 പ്രകാരം കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ സ്വീകരിക്കേണ്ട നടപടി വീണ്ടുമൊരു പരിശോധനയ്ക്കുശേഷമേ പൊലീസ് ചെയ്യൂ എന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിയമസഭയിലെ പ്രഖ്യാപനം.
ഭീകരാക്രമണം നേരിടാനുള്ള കനത്ത പൊലീസ് വലയത്തിലാണ് നിയമസഭാ സമ്മേളനം നടത്തിയത്. നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത് ജനാധിപത്യവിരുദ്ധമാണ്. പ്രതിപക്ഷപ്രതിഷേധത്തിന് ക്രിയാത്മക പരിഹാരം കാണാനുള്ള ഉത്തരവാദിത്തമായിരുന്നു ഭരണപക്ഷം കാട്ടേണ്ടിയിരുന്നത്. സോളാര്‍ തട്ടിപ്പ് തലവനായി അധഃപതിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതികള്‍ക്ക് കൂട്ടായ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും പദവികളില്‍നിന്ന് മാറ്റിനിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണത്തിന് അമാന്തിക്കരുത്. സരിത നായര്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ഈ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് 40 ലക്ഷം രൂപയുടെ പണം ബാങ്കില്‍നിന്ന് മാറ്റുന്നതിനുള്ള അനുമതി നല്‍കിയതെന്നും പരാതിക്കാരനായ ശ്രീധരന്‍നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റവാളിയായ ഉമ്മന്‍ചാണ്ടിയുടെ നിഷേധം മുഖവിലയ്ക്കെടുക്കാവുന്നതല്ല. പ്രക്ഷോഭം ഇനിയും ശക്തിപ്പെടും. പൊലീസിനെയും ഗുണ്ടകളെയും കയറൂരിവിട്ടതിനെതിരെ അതിശക്തമായ പ്രതിഷേധമുയര്‍ത്താന്‍ പിണറായി എല്ലാ ജനാധിപത്യവിശ്വാസികളോടും അഭ്യര്‍ഥിച്ചു.
മുഖ്യമന്ത്രി കറക്കുകമ്പനിക്കാരന്റെ അവസ്ഥയില്‍: വി എസ്
കറക്കുകമ്പനിക്കാരന്റെ അവസ്ഥയിലേക്ക് മുഖ്യമന്ത്രി തരം താണതായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ശ്രീധരന്‍നായര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയിരിക്കയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിത എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ വിനയാന്വിതരായി എഴുന്നേറ്റ് സ്വീകരിച്ചു. അതിലേറെ സന്തോഷത്തോടെ പണവും ഏറ്റുവാങ്ങി. ക്വാറി അസോസിയേഷന്റെ കാര്യത്തിനാണ് ശ്രീധരന്‍നായര്‍ കാണാന്‍ വന്നതെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. "ചിന്താവിഷ്ടയായ ശ്യാമള" എന്ന സിനിമയില്‍ നടന്‍ ശ്രീനിവാസന്‍ മക്കളെ ഉപയോഗിച്ച് നിര്‍ബന്ധിച്ച് "അയ്യോ അച്ഛാ പോകല്ലേ" എന്ന് പറയിക്കുന്നതു പോലെയുള്ള നാടകമാണ് മന്ത്രിമാരെ ഉപയോഗിച്ച് മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി നടത്തുന്നത്. മുഖ്യമന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങാന്‍ മുഖ്യമന്ത്രി നുണ ആവര്‍ത്തിക്കുകയാണ്. എത്രവലിയ സുഗന്ധലേപനം പൂശിയാലും ഈ പാപത്തിന്റെ ദുര്‍ഗന്ധം നിലനില്‍ക്കും. സോളാര്‍ തട്ടിപ്പുകേസിലെ ആരോപണങ്ങള്‍ നേരിടാന്‍ കെല്‍പ്പില്ലാതെയാണ് യുഡിഎഫ് സര്‍ക്കാര്‍ നിയമസഭാസമ്മേളനം നിര്‍ത്തി ഒളിച്ചോടിയതെന്ന് പിന്നീട് നിയമസഭാമന്ദിരത്തിന് മുമ്പില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ധര്‍ണ ഉദ്ഘാടനം ചെയ്ത് വി എസ് പറഞ്ഞു. ഒന്നര മാസംകൊണ്ട് തീര്‍ക്കേണ്ട നിയമസഭാസമ്മേളനം ഒന്നര ആഴ്ചകൊണ്ട് സര്‍ക്കാര്‍ അവസാനിപ്പിച്ചു. അധികാരത്തിലിരിക്കുമ്പോള്‍ത്തന്നെ കല്‍ത്തുറുങ്കില്‍ അടയ്ക്കുമെന്ന് ഭയന്നാണ് നിയമസഭാനടപടികള്‍ അവസാനിപ്പിച്ച് ഉമ്മന്‍ചാണ്ടിയും സംഘവും മന്ത്രിമന്ദിരങ്ങളിലേക്ക് പോയത്. ശ്രീധരന്‍നായര്‍ നല്‍കിയ പരാതി ശരിയായ നിലയില്‍ കൈകാര്യം ചെയ്താല്‍ ഉമ്മന്‍ചാണ്ടിയുടെ കൈകളില്‍ വിലങ്ങുവീഴുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രനേഡ്, ടിയര്‍ഗ്യാസ് വര്‍ഷം; വിഷപ്പുകമൂടി നഗരം
തിരു: സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച നടന്ന സമരങ്ങളെ നേരിടാന്‍ പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചത് അഞ്ഞൂറോളം തവണ. 168 തവണ ഗ്രനേഡുകള്‍ പ്രയോഗിച്ചപ്പോള്‍ അതിലിരട്ടിയിലേറെ കണ്ണീര്‍വാതക ഷെല്ലുകളാണ് നഗരവീഥികളില്‍ വിഷപ്പുക നിറച്ചത്. തീവ്രവാദികളുടെ ഒളിസങ്കേതങ്ങളിലേക്കുള്ള സൈനിക നടപടിയെപ്പോലും പിന്നിലാക്കും വിധമായിരുന്നു നഗരവീഥികളിലും യൂണിവേഴ്സിറ്റി കോളേജ് അങ്കണത്തിലും ഗ്രനേഡ്, കണ്ണീര്‍വാതക ഷെല്ലുകള്‍ കൊണ്ടുള്ള പൊലീസ് അതിക്രമം. രാവിലെ പത്തോടെ ആരംഭിച്ച ഷെല്‍ പ്രയോഗം പകല്‍ ഒന്നരയോടെയാണ് അവസാനിപ്പിച്ചത്. നിയമസഭ, പാളയം രക്തസാക്ഷിമണ്ഡപം, യൂണിവേഴ്സിറ്റി കോളേജ്, സെക്രട്ടറിയറ്റ് പരിസരം എന്നിവിടങ്ങളില്‍ ഇടതടവില്ലാതെയാണ് മാരകശേഷിയുള്ള ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചുകൊണ്ടിരുന്നത്.
ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിനു സമീപം ജനങ്ങള്‍ തിങ്ങിനിറഞ്ഞിടത്തേക്കാണ് തുരുതുരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ വന്നുവീണത്. ശ്വാസതടസ്സം അനുഭവപ്പെട്ട് ചിലര്‍ വഴിയില്‍ വീണു. യൂണിവേഴ്സിറ്റി കോളേജിനു സമീപം ഒരു വൃദ്ധന്‍ അവശനിലയില്‍ തളര്‍ന്നുവീണത് ഏറെ നേരത്തിനുശേഷമാണ് ശ്രദ്ധയില്‍പ്പെട്ടത്. ഇദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. കോളേജിനകത്ത് ഗ്രനേഡ് വര്‍ഷമായിരുന്നു. പെണ്‍കുട്ടികള്‍ അടക്കമുള്ള കോളേജിലേക്ക് പ്രയോഗിച്ച കണ്ണീര്‍വാതക ഷെല്ലുകള്‍ക്ക് കണക്കുണ്ടായിരുന്നില്ല. മൂന്ന് തവണ വാഹനത്തില്‍ എത്തിച്ച ഷെല്ലുകള്‍ മുഴുവന്‍ പൊലീസ് ജനങ്ങള്‍ക്കുനേരെ എറിഞ്ഞുതീര്‍ത്തു. എന്നിട്ടും അരിശംതീരാതെ ചില പൊലീസുകാര്‍ കല്ലെറിയുന്നതും കാണാമായിരുന്നു. സെക്രട്ടറിയറ്റിനു മുന്നില്‍ കുത്തിയിരുന്ന പ്രതിപക്ഷ എംഎല്‍എമാരുടെ പത്തുമീറ്റര്‍ അടുത്ത് ഗ്രനേഡ് പൊട്ടിച്ചപ്പോള്‍ പൊലീസുകാര്‍പോലും ഭയപ്പെട്ടു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. സി ദിവാകരന്‍ എംഎല്‍എ തല്‍ക്ഷണം തളര്‍ന്നുവീണു. ഇദ്ദേഹത്തെ പ്രതിപക്ഷ നേതാവിന്റെ വാഹനത്തിലാണ് ഉടന്‍ ആശുപത്രിയിലെത്തിച്ചത്. വിഷപ്പുകയേറ്റ് അസ്വസ്ഥനായ വി എസിനെ വൈകിട്ടോടെ ആശുപത്രിയിലേക്ക് മാറ്റി.
deshabhimani
No comments:
Post a Comment