പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയിലെ സോളാര്‍ കേസ് പുതിയ വഴിത്തിരിവിലെത്തിയതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ഉടനെ ഉണ്ടാകും. രാജി അല്ലെങ്കില്‍ മുഖ്യമന്ത്രിസ്ഥാനത്തിരുന്നുള്ള അറസ്റ്റ്- ഇതാണ് ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത്. ഇത്രയും അപമാനകരമായൊരു സ്ഥിതി കേരളചരിത്രത്തില്‍ ആദ്യം.
തട്ടിപ്പിനിരയായ ശ്രീധരന്‍നായര്‍ 164-ാം വകുപ്പുപ്രകാരം റാന്നി മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി പത്തനംതിട്ട രണ്ടാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മുഹമ്മദ് റെയ്സിന്റെ മുമ്പാകെ തിങ്കളാഴ്ച ലഭിച്ചു. അതിന്റെ പകര്‍പ്പ് ചെങ്ങന്നൂര്‍ ഡിവൈഎസ്പി പ്രസന്നന്‍നായര്‍ക്ക് വൈകിട്ട് കോടതി കൈമാറി. രഹസ്യമൊഴി പൊലീസിനെയും ഭരണകേന്ദ്രങ്ങളെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. കേസില്‍ 48 മണിക്കൂറിനുള്ളില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കേണ്ട കടമ പൊലീസിനുണ്ട്.
മൂന്നുകാര്യങ്ങളാണ് പൊലീസ് ചെയ്യേണ്ടിവരുക. ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ത്ത് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കുക എന്നതാണ് ആദ്യത്തേത്. അല്ലെങ്കില്‍ പൊലീസിന്റെ ഭാഗത്തുനിന്നുള്ള കുറ്റകരമായ കൃത്യവിലോപമാകും. മുഖ്യമന്ത്രിയെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യലാണ് രണ്ടാമതായി പൊലീസ് ചെയ്യേണ്ടത്. അറസ്റ്റ് ചെയ്ത പ്രതിയെ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കുക എന്നതാണ് മൂന്നാമതായി ചെയ്യേണ്ടത്. ഈ വഴികളടയ്ക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാം എന്നുമാത്രം.
തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി പ്രതിയാകുന്നതിന്റെ ഗൗരവം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും ബോധ്യപ്പെട്ടുകഴിഞ്ഞു. നേതൃമാറ്റത്തിലേക്കാണ് ഭരണരാഷ്ട്രീയം നീങ്ങുന്നത്. ഉമ്മന്‍ചാണ്ടിയുടെ രാജിയോടെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയാകും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആദ്യം പരിഗണിക്കുക. പക്ഷേ, അതിനെതിരായ നീക്കം ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാം.
(ആര്‍ എസ് ബാബു)
deshabhimani
No comments:
Post a Comment