Monday, July 8, 2013

തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ വനിതകളെ വളഞ്ഞിട്ട് തല്ലി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് മാര്‍ച്ചുചെയ്ത എഐവൈഎഫ് പ്രവര്‍ത്തകരെ പൊലീസ് സാന്നിധ്യത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ക്രൂരമായി തല്ലിച്ചതച്ചു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് ഉള്‍പ്പെടെയുള്ളവരെ മസ്കറ്റ് ഹോട്ടലിനുസമീപത്തുവച്ചാണ് ആക്രമിച്ചത്. മാര്‍ച്ചിലുണ്ടായിരുന്ന വനിതാ പ്രവര്‍ത്തകരെ അക്രമിസംഘം വളഞ്ഞിട്ട് മര്‍ദിച്ചു. ഡിസിസി ട്രഷറര്‍ എം എ ലത്തീഫ് കഴക്കൂട്ടത്തുനിന്ന് ഇറക്കിയ ഗുണ്ടകളും പുതുപ്പള്ളിയില്‍നിന്ന് എത്തിയവരും ഉള്‍പ്പെടെയാണ് നിയമസഭയ്ക്കുസമീപം കല്ലും വടികളുമായി അഴിഞ്ഞാടിയത്.

അക്രമം തടയാന്‍ ശ്രമിച്ച എആര്‍ ക്യാമ്പിലെ എസ് പ്രവീണ്‍ എന്ന പൊലീസുകാരനെ തലയ്ക്കടിച്ചുവീഴ്ത്തി. പ്രവീണിന് നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും സ്ഥലത്തുണ്ടായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃഷ്ണപ്രസാദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഐവൈഎഫ് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി അംഗം ബിന്ദുരാജ്, നെടുമങ്ങാട് മണ്ഡലം നേതാക്കളായ അല്‍ത്താഫ്, അന്‍വര്‍, മൂന്നാംമൂട് ലോക്കല്‍ സെക്രട്ടറി ബിനു എന്നിവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

യൂത്ത് കോണ്‍ഗ്രസുകാരുടെ കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. സിറ്റി പൊലീസ് കമീഷണറെ വാഹനം തടഞ്ഞ് ആക്രമിക്കാനും ശ്രമിച്ചു. എംജി റോഡിലൂടെ ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കോലവുമായി നിയമസഭയിലേക്ക് നീങ്ങുകയായിരുന്നു എഐവൈഎഫ് പ്രവര്‍ത്തകര്‍. ഇതേസമയം, നൂറോളം യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിപക്ഷനേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് മാര്‍ച്ചുമായെത്തി. കല്ലും കമ്പുകളും പട്ടികക്കഷണവുമായി അക്രമാസക്തരായി എത്തിയ ഇവരെ മസ്കറ്റ് ഹോട്ടലിനുമുന്നില്‍ ബാരിക്കേഡുയര്‍ത്തി പൊലീസ് തടഞ്ഞു. ഈ സമയത്താണ് എഐവൈഎഫ് പ്രകടനം എത്തിയത്. അതോടെ യൂത്ത് കോണ്‍ഗ്രസുകാര്‍ കല്ലും കട്ടകളും അവര്‍ക്കുനേരെ എറിഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കുനേരെ പാഞ്ഞടുത്തു. വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ചവിട്ടിവീഴ്ത്തി തല്ലിച്ചതച്ചു. വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി അംഗം ബിന്ദുരാജിനെ വടി ഒടിയുന്നതുവരെ തല്ലി. പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് തല്ലിച്ചതയ്ക്കുന്നത് കണ്ടിട്ടും പൊലീസ് സംഘം അനങ്ങിയില്ല. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദിനെ വളഞ്ഞിട്ട് മര്‍ദിച്ച് തല അടിച്ചുപൊട്ടിച്ചു.

കല്ലേറില്‍ എസ്എപിയിലെ കോണ്‍സ്റ്റബിള്‍ ആര്‍ കെ രാഹുലിനും പരിക്കേറ്റു. പരിക്കേറ്റ എഐവൈഎഫ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് തയ്യാറായില്ല. സ്ഥലത്തേക്കെത്തിയ എംഎല്‍എമാരായ വി എസ് സുനില്‍കുമാര്‍, എ പ്രദീപ്കുമാര്‍ എന്നിവരെ തടയാനും പൊലീസ് ശ്രമിച്ചു. ഒടുവില്‍ എംഎല്‍എമാര്‍ ഇടപെട്ടാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജലപീരങ്കിയും ടിയര്‍ഗ്യാസും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നിട്ടും യൂത്ത് കോണ്‍ഗ്രസുകാരെ പിരിച്ചുവിടാന്‍ പൊലീസ് മെനക്കെട്ടില്ല. ഈ സമയത്ത് അവിടെയെത്തിയ സിറ്റി പൊലീസ് കമീഷണര്‍ പി വിജയനെ കാറില്‍നിന്ന് പുറത്തേക്കിറങ്ങാന്‍ സമ്മതിച്ചില്ല. അദ്ദേഹത്തെ നേരിടാനുള്ള ശ്രമം കൂടുതല്‍ പൊലീസുകാരെത്തിയതോടെയാണ് അക്രമികള്‍ ഉപേക്ഷിച്ചത്.

deshabhimani

No comments:

Post a Comment