കേരളത്തിലെ അസംഘടിത മേഖലയിലെ പരമ്പരാഗത കൈത്തറി തൊഴിലാളികളെ സംരക്ഷിക്കുന്നതിനും കൈത്തറി മേഖലയെ പുനരുദ്ധരിക്കുന്നതിനും വേണ്ടി സ്ഥാപിതമായ കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷ(ഹാന്‍വീവ്)നെ തകര്‍ക്കാന്‍ ഉന്നതതല നീക്കം. ഇതിന്റെ ഭാഗമായി 15 ഷോറൂമുകളും രണ്ട് റീജ്യനല്‍ ഓഫീസുകളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനും തസ്തികകള്‍ നിര്‍ത്തലാക്കാനും നീക്കമുണ്ട്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന കാരണം പറഞ്ഞാണ് ഇപ്പോഴും ലോകോത്തരമായ കൈത്തറി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഹാന്‍വീവിന്റെ നിലനില്‍പിനെ തന്നെ ബാധിക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഒത്താശയോടെ മാനേജ്‌മെന്റ് കൈക്കൊള്ളുന്നത്. സ്ഥാപനം നിലനിര്‍ത്താനും ലാഭകരമാക്കാനും ജീവനക്കാരും തൊഴിലാളികളും സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് ഇപ്പോഴത്തെ മാനേജ്‌മെന്റ് മുന്നോട്ടുപോകുന്നത്.
കേരളത്തിലെ പ്രധാനപ്പെട്ട പരമ്പരാഗത തൊഴില്‍ മേഖലയായ കൈത്തറിയുടെ പ്രോല്‍സാഹനത്തിനും വികസനത്തിനുമായി 1968 ലാണ് കൈത്തറിയുടെ ഈറ്റില്ലമായ കണ്ണൂര്‍ ആസ്ഥാനമായി കേരള ഹാന്റ്‌ലൂം ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്ന പേരിലുള്ള സ്ഥാപനം ആരംഭിക്കുന്നത്. 1968 ജൂണ്‍ 24 ന് രജിസ്റ്റര്‍ ചെയ്ത സ്ഥാപനം ആ വര്‍ഷം ഓഗസ്റ്റ്് 7 ന് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ടി വി തോമസാണ് ഉദ്ഘാടനം ചെയ്തത്. ആദ്യകാലത്ത് നെയ്ത്തുകാര്‍ക്ക് ലോണ്‍ കൊടുത്തിരുന്ന സ്ഥാപനം കൈത്തറി ഉല്‍പ്പന്നങ്ങളുടെ സംഭരണവും കൂടി നടത്താന്‍ തീരുമാനിക്കുകയും കേരള ഹാന്റ്‌ലൂം ട്രേഡിങ്ങ് കോര്‍പ്പറേഷന്‍ എന്ന് പേരുമാറ്റുകയും ചെയ്തു. സ്വന്തമായി സ്ഥലവും കെട്ടിടവും വാങ്ങി വളര്‍ച്ചയുടെ പടവുകള്‍ കറിയ സ്ഥാപനം 1977 ലാണ് കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ എന്ന പേരു സ്വീകരിക്കുകയും ഇന്നത്തെ അവസ്ഥയിലേക്ക് ഉയരുകയും ചെയ്തത്.
കൈത്തറി എന്ന കുലത്തൊഴില്‍ മേഖലയെ വ്യവസായാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കുകയും ആഗോളതലത്തില്‍ കൈത്തറിയുടെ പെരുമ ഉയര്‍ത്തുകയും ചെയ്യുന്നതില്‍ ഹാന്‍വീവ് വലിയ പങ്കാണ് വഹിച്ചിരുന്നത്. സംസ്ഥാനത്താകെ പടര്‍ന്നു പന്തലിച്ച സ്ഥാപനമായി ഹാന്‍വീവ് വളര്‍ന്നു. 6500 ഓളം തൊഴിലാളികളും അഞ്ഞൂറോളം ജീവനക്കാരുമുള്ള പ്രമുഖ പൊതുമേഖലാസ്ഥാപനമായി മാറിയ ഹാന്‍വീവിന്റെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് ലോക വിപണിയില്‍ പ്രിയമേറി. കേരളത്തിലുടനീളം 57 ഷോറൂമുകളും 7 ഏജന്‍സികളുമുള്ള വിപുലമായ വിപണന ശൃംഖലയാണ് ഈ പൊതുമേഖലാ സ്ഥാപനത്തിനുള്ളത്.
നൂറുകണക്കിന് കോടി രൂപ കടബാധ്യതയുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ സംസ്ഥാനത്ത് നിലവിലുള്ളപ്പോള്‍ 45 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഹാന്‍വീവിന് സര്‍ക്കാര്‍ നല്‍കിയ വായ്പകളും മറ്റുമായി 15 കോടിയില്‍ താഴെ മാത്രമേ ബാധ്യത നിലനില്‍ക്കുന്നുള്ളൂ. മറ്റ് ധനകാര്യ സ്ഥാപനങ്ങളിലൊന്നും ബാധ്യത നിലവിലില്ലതാനും. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു പൊതുമേഖലാസ്ഥാപനങ്ങള്‍ക്കുള്ളതുപോലെ എല്‍ ഐ സി, ഇ പി എഫ്, ഇ എസ് ഐ എന്നിവയിലും ഹാന്‍വീവിന് ബാധ്യതകള്‍ നില നില്‍ക്കുന്നില്ല. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക പാക്കേജിന്റെ ഫലമായാണ് നഷ്ടം ഗണ്യമായി കുറഞ്ഞത്. ചില പ്രത്യേക കാലയളവില്‍ സ്ഥാപനം വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത് എന്തുകൊണ്ട് എന്ന പരിശോധനക്ക് തുനിയാതെയാണ് സ്ഥാപനത്തെ തന്നെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഭാഗത്തു നിന്ന് നീക്കം നടത്തുന്നത്.
ഇപ്പോള്‍ നിര്‍ത്തലാക്കാനുദ്ദേശിക്കുന്ന രണ്ട് ഷോറൂമുകളും അമിതമായ വാടക കാരണവും വാണിജ്യ പ്രാധാന്യമില്ലാത്ത സ്ഥലങ്ങളിലാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാലുമാണ് നഷ്ടത്തിലായത്. കൈത്തറിക്ക് നല്ല ഡിമാന്റുള്ള തലശ്ശേരി, തളിപ്പറമ്പ് എന്നീ പ്രധാന നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ ഷോറൂമുകള്‍ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റുന്നതിന് പകരം നിര്‍ത്തലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതുപോലെ തന്നെ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ആകര്‍ഷണീയമായ വേതന വ്യവസ്ഥകള്‍ ഇല്ലാത്തതും കാരണം പുതിയ തൊഴിലാളികള്‍ കടന്നുവരുന്നില്ല എന്നതും ഈ മേഖല നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. അതുകൊണ്ടുതന്നെ 6500 ലധികം തൊഴിലാളികള്‍ ഉണ്ടായിരുന്ന സ്ഥാപനത്തില്‍ ഇന്ന് 1200 ഓളം പേരാണുള്ളത്. ഈ മേഖലയിലേക്ക് പുതിയ തൊഴിലാളികളെ ആകര്‍ഷിക്കും വിധം സേവന - വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാനോ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനോ തുനിയാതെ സ്ഥാപനത്തെ തന്നെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
ഉല്‍സവകാലങ്ങളില്‍ കൈത്തറിക്ക് സംസ്ഥാന സര്‍ക്കാര്‍ 20 ശതമാനവും കേന്ദ്രസര്‍ക്കാര്‍ 10 ശതമാനവും പ്രത്യേക റിബേറ്റ് അനുവദിക്കാറുണ്ടായിരുന്നു. എന്നാല്‍ ആഗോളവല്‍ക്കരണ സാമ്പത്തിക നയത്തിന്റെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ ഈ ആനുകൂല്യം നിര്‍ത്തലാക്കിയത് ഹാന്‍വീവ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് വന്‍ തിരിച്ചടിയുണ്ടാക്കി.
വര്‍ഷങ്ങളായി ജോലിയെടുക്കുന്ന ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും തുഛമായ വേതന വ്യവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ വേതന പരിഷ്‌കരണത്തിന്റെ ഭാഗമായാണ് നേരിയ വര്‍ധന വേതനത്തില്‍ ഉണ്ടായത്. പുതിയ വേതന പരിഷ്‌കരണത്തിന് സമയമായെങ്കിലും അതിന് തയ്യാറാകാതെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനാണ് നീക്കം. 465 ജീവനക്കാര്‍ ഉണ്ടായിരുന്ന സ്ഥാപനത്തില്‍ ഒഴിവുകളിലേക്ക് നിയമനം നടത്താതിരുന്നതിനാല്‍ ഇപ്പോള്‍ 300 ഓളം പേരാണ് നിലവിലുള്ളത്. അത് 200 ഓളമാക്കി കുറക്കാനും നീക്കം നടക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ നിലവിലുള്ള മിക്കവാറും ഷോറൂമുകള്‍ അടച്ചുപൂട്ടേണ്ടി വരുന്ന സ്ഥിതിയാണുണ്ടാകുക. ഫലത്തില്‍ ലോകവ്യാപാരഭൂപടത്തില്‍ കേരളത്തിന് പ്രമുഖ സ്ഥാനം നേടിത്തന്ന ഹാന്‍വീവിന്റെ മരണത്തിന് വഴിവെക്കുന്ന തീരുമാനങ്ങളാണ് സര്‍ക്കാരിന്റെ ഒത്താശയോടെ കൈക്കൊള്ളുന്നത്. സ്ഥാപനത്തിന്റെ നിലനില്‍പിനെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ തൊഴിലാളികളും ജീവനക്കാരും കക്ഷിഭേദമന്യേ സംയുക്തമായി സമരരംഗത്തിറങ്ങിയിരിക്കുകയാണ്.
അബ്ദുള്‍ ഗഫൂര്‍ janayugom
No comments:
Post a Comment